മേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ ചൊവ്വാ ദൗത്യമായ പെര്‍സിവറന്‍സ് ചൊവ്വയിലിറങ്ങാന്‍ തയ്യാറെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാവും ലാന്റിങ് പൂർത്തിയാവുക. ആറര മാസം നീണ്ട യാത്രയക്കൊടുവിലാണ് റോവര്‍ ചൊവ്വയിലെത്തുന്നത്. ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുക. 

മലഞ്ചെരിവുകളും മണല്‍ക്കൂനകളും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ജസെറോ ഗര്‍ത്ത മേഖല. അതുകൊണ്ടുതന്നെ ഇവിടെ ലാന്റ് ചെയ്യുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. വിജയകരമായി ലാന്റ് ചെയ്യാനായാല്‍ ഏഴ് മിനിറ്റുകൊണ്ട് സ്ഥിരീകരണം ഭൂമിയിലെത്തും. ഭീകരതയുടെ ഏഴ് മിനിറ്റുകള്‍ എന്നാണ് ഈ സമയത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. 

മണിക്കൂറില്‍ 19,500 കി.മി. വേഗതയിലാണ് പേടകം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കുതിക്കുക. ഈ സമയം 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് ചൂടാവും. നിശ്ചിത അകലത്തില്‍ പാരച്യൂട്ട് വിടരും. പാരച്യൂട്ട് പുറത്തുവന്ന് 20 സെക്കന്റിനോടടുത്ത് പേടകത്തിന്റെ താഴ്ഭാഗം വേര്‍പെടും. ശേഷം റോവറിലെ ടെറൈന്‍ റിലേറ്റീവ് നാവിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുന്ന സ്ഥലം കണ്ടെത്തും. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ റോവര്‍ പാരച്യൂട്ടില്‍നിന്ന് വേര്‍പെട്ട് റെട്രോ റോക്കറ്റുകളുടെ സഹായത്തോടെ പറക്കുകയും മണിക്കൂറില്‍ 2.7 കി.മീ. വേഗതയില്‍ ഉപരിതലത്തിലിറങ്ങുകയും ചെയ്യും. 

മുന്‍കൂട്ടി നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് റോവര്‍ ലാന്റ് ചെയ്യുക. ഇതിനിടയില്‍ ഭൂമിയില്‍നിന്ന് നിയന്ത്രണം സാധിക്കില്ല. പദ്ധതി അനുസരിച്ച് 687 ദിവസം വരെയാണ് പേടകം ചൊവ്വയില്‍ കഴിയുക. ജസേറോ ഗര്‍ത്തത്തെ കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍ജെനുയിറ്റി മാര്‍സ് ഹെലിക്കോപ്ടര്‍ റോവറിന് എത്താന്‍ കഴിയാത്ത ഇടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

പെർസിവറൻസ് റോവറിന്‍റെ ലാന്റിങ് എങ്ങനെ കാണാം

പതിവ് പോലെ പെർസിവറൻസ് റോവറിന്റെ ലാന്റിങ് നിമിഷങ്ങൾ യൂട്യൂബ് വഴി നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അർധരാത്രി 12 മണിക്ക് ശേഷമാണ് ലൈവ് സ്ട്രീം ആരംഭിക്കുന്നത്. നാസയുടെ യൂട്യൂബ് ചാനലിൽ ഇതിനോടകം ലൈവ് സ്ട്രീം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാവും ലാന്റിങ് പൂർത്തിയാവുക. ലൈവ് സ്ട്രീം സബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കുവാൻ. മുകളിൽ നൽകിയിരിക്കുന്ന വീഡിയോയിൽ റിമൈന്റർ ഓൺ ചെയ്താൽ മതി. എന്തായാലും ഇന്ന് രാത്രി ഉറക്കം കളഞ്ഞിരുന്നാലെ ലാന്റിങ് കാണാൻ സാധിക്കൂ. 

ലൈവ് സ്ട്രീം ചെയ്യുന്നതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലാന്റിങ് ശേഷം പുനഃസംപ്രേഷണം സംബന്ധിച്ച വിവരങ്ങളും നാസയുടെ ഈ ലിങ്കിൽ സന്ദർശിച്ചാൽ അറിയാം. 

https://mars.nasa.gov/mars2020/timeline/landing/watch-online/

Content  Highlights: NASA’s Perseverance mars rover ready for a difficult landing