രു പക്ഷെ, മനുഷ്യനിര്‍മിതമായ ഒരു പേടകം ഒരു അന്യഗ്രഹത്തില്‍ ഇറങ്ങുന്നതിന്റെ ഇത്രയും ഗുണമേന്മയുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണുന്നത് ആദ്യമാവും. നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഏജന്‍സി. കൂടാതെ ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോര്‍ഡുകളുംം പെര്‍സിവിയറന്‍സ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. 

നേരത്തെ പെര്‍സിവിയറന്‍സ് ലാന്റിങിന്റെ വിവിധ ഘട്ടങ്ങള്‍ നാസ ഗ്രാഫിക്‌സിലൂടെ വിശദീകരിച്ചിരുന്നു. ഫെബ്രുവരി 18-ന് പേടകം ചൊവ്വയിലിറങ്ങുന്നതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെ ടൈം ലാപ്‌സ് വീഡിയോയാണ് നാസ യൂട്യൂബിലും ട്വിറ്ററിലുമെല്ലാം പങ്കുവെച്ചത്. എച്ച്ഡി ക്വാളിറ്റിയിലുള്ള ഇത്തരത്തില്‍ ഒരു വീഡിയോ ആദ്യമായാണ് ലോകം കാണുന്നത്. 

19 ക്യാമറകളാണ് പെര്‍സിവിയറന്‍സിലുള്ളത്. ഇത് കൂടാതെ ലാന്റിങിന്റെ വിവിധ ഘട്ടങ്ങളിലായി നാല് ക്യാമറകള്‍ വേറെയും ഉണ്ടായിരുന്നു. ഈ ക്യാമറകളില്‍നിന്ന് പകര്‍ത്തിയ ആയിരക്കണക്കിന് പുതിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. 

ചൊവ്വയില്‍നിന്ന് ആദ്യമായി ശേഖരിച്ച രണ്ട് ശബ്ദ റെക്കോര്‍ഡും നാസ ലോകത്തിനെ കേള്‍പ്പിക്കുന്നു. റോവറിന്റെ ശബ്ദവും ഉള്‍പ്പെടുന്ന ശബ്ദ റെക്കോര്‍ഡില്‍ കാറ്റ് വീശുന്ന ശബ്ദം കേള്‍ക്കാം. 

പെര്‍സിവിയറന്‍സില്‍ ഘടിപ്പിച്ച ഇന്‍ജെന്യൂയിറ്റി ഹെലികോപ്ടര്‍ കൂടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ ചൊവ്വയുടെ ഇതുവരെ കാണാത്ത ആകാശദൃശ്യങ്ങളും ഭൂമിയിലെത്തിയേക്കും.

ചിത്രങ്ങള്‍ കാണാൻ ഈ വെബ് പേജ് സന്ദർശിക്കുക- https://mars.nasa.gov/mars2020/multimedia/raw-images/

Content Highlights: NASA's Mars Perseverance Rover first audio video more images from red planet