കാലിഫോർണിയ; സൗരയൂഥത്തിന്റെ അവശിഷ്ടങ്ങള്‍ എന്നു വിളിക്കുന്ന ഛിന്നഗ്രഹക്കൂട്ടങ്ങളെ കുറിച്ച് പഠിക്കാന്‍ നാസയുടെ ലൂസി പേടകം വിക്ഷേപിച്ചു. വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ കൂട്ടങ്ങളെ ലക്ഷ്യമിട്ടാണ് ലൂസി പുറപ്പെട്ടത്.

ശനിയാഴ്ച ഇന്ത്യന്‍ സമയം 3.03 ന് ഫ്‌ളോറിഡയിലെ കേപ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് അറ്റലസ്-വി റോക്കറ്റിലായിരുന്നു വിക്ഷേപണം. പേടകം 12 വര്‍ഷത്തിലേറെ കാലം പര്യവേക്ഷണത്തിലേര്‍പ്പെടും. ഇക്കാലയളവില്‍ ഏഴ് ട്രൊജനുകളിലാണ് പേടകം സന്ദര്‍ശനം നടത്തുക. 

സൗരയൂഥത്തിലെ ഗ്രഹരൂപീകരണ കാലത്തുണ്ടായ അവശിഷ്ടങ്ങളാണ് ഈ പാറക്കൂട്ടങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ട്രൊജനുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. സൗരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണു ശാസ്ത്രലോകം കരുതുന്നത്. 

മനുഷ്യവംശത്തിന്റെ പരിണാമം സംബന്ധിച്ച വഴിത്തിരിവാകുന്ന തെളിവുകള്‍ നല്‍കിയ മനുഷ്യ ഫോസിലായ ലൂസിയുടെ പേരാണ് ഈ ഉദ്യമത്തിന് നല്‍കിയിരിക്കുന്നത്. സൂര്യന്റെ ഇരു ഭാഗങ്ങളിലുമായി വ്യാഴത്തിന്റെ ഭ്രമണ പഥത്തില്‍ സ്ഥിതി ചെയ്യുന്ന ട്രൊജനുകളെ പഠിക്കാന്‍ 65 ലക്ഷം കിലോ മീറ്ററിലേറെ ലൂസിക്ക് സഞ്ചരിക്കേണ്ടിവരും. 

ട്രൊജനുകളുടെ ഉപരിതലം, അതിന്റെ ഘടന, സവിശേഷതകള്‍, ആകൃതി, ഉപരിതലത്തിലെ വസ്തുക്കള്‍ തുടങ്ങിയവയെ കുറിച്ച് ലൂസി വിവരങ്ങള്‍ ശേഖരിക്കും.