ചൊവ്വാഗ്രഹത്തിലെ കുത്തനെയുള്ള പാറക്കെട്ടുകളുടെ മുകളില്‍നിന്നു സെല്‍ഫി ചിത്രങ്ങളെടുത്ത് നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി. 360 ഡിഗ്രി പനോരമയില്‍ പകര്‍ത്തിയ സെല്‍ഫിയില്‍ 86 ചിത്രങ്ങള്‍ ഉള്‍പ്പെട്ടതായി നാസ വ്യക്തമാക്കി. 2014-മുതല്‍ ക്യൂരിയോസിറ്റി ഗെയില്‍ അഗ്‌നിപര്‍വതത്തിലെ അഞ്ചു കിലോമീറ്ററോളം ഉയരമുള്ള മൗണ്ട് ഷാര്‍പ്പ് പര്‍വതത്തിനു മുകളിലെത്താനുള്ള ശ്രമത്തിലായിരുന്നു.

തെക്കന്‍ കാലിഫോര്‍ണിയയിലെ ജെറ്റ് പോപ്പുലേഷന്‍ ലബോറട്ടറി ക്യൂരിയോസിറ്റിയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പേടകം സുരക്ഷിതമാണെന്നും നാസ അധികൃതര്‍ അറിയിച്ചു. കയറ്റത്തിനുമുന്‍പ് പേടകം നാവിഗേഷന്‍ ക്യാമറകളും മാസ്റ്റ് ക്യാമറകളും ഉപയോഗിച്ച് ഹ്രസ്വചിത്രം ചിത്രീകരിച്ചിരുന്നു.

പേടകത്തിന്റെ കാഴ്ചപ്പാടില്‍ ദൗത്യത്തിന്റെ ഫലങ്ങളെ അവതരിപ്പിക്കാനാണ് സെല്‍ഫി എടുത്തതെന്നു ക്യൂരിയോസിറ്റിയുടെ ക്യാമറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഡഫ് എലിസണ്‍ പറഞ്ഞു. ചൊവ്വയുടെ പരിസ്ഥിതി സൂക്ഷ്മജീവികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ നിലവിലുണ്ടായിരുന്നോയെന്നു കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം.

Content Highlights: NASA's Curiosity Rover selfie from top of Mars mountain