വാഷിങ്ടൺ: ചൊവ്വയിലെ വെര റൂബിന്‍ റിഡ്ജില്‍ (vera rubin) നിന്നും അവസാനസെല്‍ഫിയെടുത്ത് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. കഴിഞ്ഞ ഒരു വര്‍ഷമായി ക്യൂരിയോസിറ്റി ഈ മേഖലയില്‍ പര്യവേക്ഷണം നടത്തിവരികയായിരുന്നു. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഷാര്‍പ്പ് പര്‍വത പ്രദേശത്തെ (mount sharp) കളിമണ്‍ പ്രദേശത്തേക്ക് ഇറങ്ങുമെന്ന് നാസ വ്യക്തമാക്കി. 

കഴിഞ്ഞ ഡിസംബറില്‍ റിഡ്ജിലെ റോക്ക് ഹാള്‍ എന്ന സ്ഥലം തുളച്ച് ക്യൂരിയോസിറ്റി 19 മത് സാമ്പിള്‍ ശേഖരിച്ചിരുന്നു. ജനുവരി 15ന്  ക്യൂരിയോസിറ്റിയുടെ മാര്‍സ് ഹാന്റ് ലെന്‍സ് ഇമേജര്‍ ക്യാമറ ഉപയോഗിച്ച് 57 ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സെല്‍ഫി ചിത്രം നിര്‍മിച്ചത്. 

റോക്ക് ഹാളില്‍ സാമ്പിള്‍ ശേഖരണത്തിനായി തുളച്ച ദ്വാരം ചിത്രത്തില്‍ ക്യൂരിയോസിറ്റി റോവറിന് ഇടത് വശത്ത് താഴെയായി കാണാം. ചൊവ്വയിലെ പൊടിക്കാറ്റ് മൂലം ഈ മേഖലയില്‍ പതിവില്‍ കവിഞ്ഞ് പൊടി നിറഞ്ഞിട്ടുണ്ട്. 

2017 സെപ്റ്റംബറിലാണ് ക്യൂരിയോസിറ്റി ട്വിസ്റ്റിങ് റിഡ്ജിലെത്തിയത്. ഈ മേഖലയുടെ തെക്ക് ഭാഗത്ത് താഴേക്കാണ് ക്യൂരിയോസിറ്റി ഇനി സഞ്ചരിക്കുന്നത്. ഭൂതകാലത്തില്‍ സ്ഥിതി ചെയ്തിരുന്ന തടാകങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ഷാര്‍പ്പ് പര്‍വതത്തിന് താഴെയുള്ള കളിമണ്ണ് നിറഞ്ഞ ഈ മേഖലയില്‍ നിന്നും ലഭിച്ചേക്കാം.

2012 ലാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തിയത്. ജീവന്റെ നിലനിന്നിരുന്ന അന്തരീക്ഷം എപ്പോഴെങ്കിലും ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ചുമതല.

Content Highlights: NASA’s Curiosity rover clicks last selfie on vera rubin ridge