ലോസ് ആഞ്ചലിസ്: നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ പെര്‍സെവിറന്‍സ് ഏഴ് മാസങ്ങള്‍ യാത്രയുടെ അവസാന ഘട്ടത്തിലെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്നതിനിടെയുള്ള റേഡിയോ സന്ദേശം അയക്കാന്‍ ഇത് തയ്യാറായിട്ടുണ്ട്. ഈ സന്ദേശം 20.4 കോടി കിലോമീറ്റര്‍ ദൂരെ ലോസ് ആഞ്ചലിസിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോററ്റിയില്‍ എത്തുമ്പോഴേക്കും പെര്‍സവിറന്‍സ്  ചൊവ്വാ ഗ്രഹത്തില്‍ ഇറങ്ങിയിരിക്കും. 

ഏഴ് മിനിറ്റുകൊണ്ട് പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ഉപരിതലത്തില്‍ ഇറങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടയില്‍ അയക്കുന്ന റേഡിയോ സന്ദേശം ഭൂമിയിലെത്താന്‍ 11 മിനിറ്റ് വേണ്ടിവരും. 

പൂര്‍ണമായും പെര്‍സവിറന്‍സ് പേടകം സ്വയം ചെയ്യുന്ന ഈ ലാന്റിങ് പ്രക്രിയയെ 'ഭീകരതയുടെ ഏഴ് മിനിറ്റുകള്‍' എന്നാണ് എഞ്ചിനീയര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 270 കോടി ചിലവാക്കിയുള്ള ഈ പദ്ധതിയുടെ ഏറ്റവും അപകടകരമായതും നിര്‍ണായകവുമായ ഘട്ടമാണിതെന്നും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി മേധാവി അല്‍ ചെന്‍ പറഞ്ഞു. 

നാസ നിര്‍മിച്ചതില്‍ ഏറ്റവും സങ്കീര്‍ണമായതും വലുതും ഭാരമേറിയതുമായ പേടകമാണ് ചൊവ്വയിലെ അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കാന്‍ ശ്രമിക്കുന്നത്. വിജയം ഒരിക്കലും ഉറപ്പിക്കാനാവില്ല എന്ന് ചെന്‍ അടുത്തിടെ ഒരു പത്രസമ്മേളത്തില്‍ പറഞ്ഞിരുന്നു. 

READ MORE: 12 വര്‍ഷമായി ശ്രദ്ധയില്‍പ്പെടാതെ പോയത് വിന്‍ഡോസ് ഡിഫന്‍ഡറിലെ അപകടകരമായ സുരക്ഷാ വീഴ്ച

ചൊവ്വയിലെ ജീവ സാന്നിധ്യത്തെകുറിച്ചുള്ള ആഴത്തിലുള്ള വിവര ശേഖരണത്തിന് വഴിയൊരുക്കുന്ന ശാസ്ത്ര ദൗത്യമാണ പെര്‍സെവിറന്‍സ്. ഇത് മനുഷ്യന്റെ ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്ക് വഴിപാകും. എന്നാല്‍ അതിനെല്ലാം സുരക്ഷിതമായ ലാന്റിങ് എന്ന കടമ്പ കടക്കേണ്ടതുണ്ട്. 

എല്ലാം ആസൂത്രണം ചെയ്ത പോലെ സംഭവിച്ചാല്‍, നാസയുടെ ടീമിന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് തൊട്ടുമുമ്പ് ഒരു റേഡിയോ സിഗ്‌നല്‍ ലഭിക്കും. അപ്പോള്‍ പെര്‍സെവിറന്‍സ് ചൊവ്വയുടെ മണ്ണില്‍ ഇറങ്ങിയിരിക്കും. 

Content Highlights: NASA Rover Faces Seven Minutes Of Terror Before Landing On Mars