സ്റ്റാര്‍ഷിപ്പ് വിക്ഷേപണങ്ങള്‍ നിര്‍ത്തിവെച്ചതിന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സ്വന്തം മണ്ണില്‍ നിന്നും ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങുകയാണ്. മേയ് 27ന് സ്വകാര്യ കമ്പനിയായ സ്‌പേയ്‌സ് എക്‌സ് വികസിപ്പിച്ച ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂളില്‍ ആദ്യമായി അമേരിക്കന്‍ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പുറപ്പെടുകയാണ്. 

വലിയ പ്രാധാന്യമാണ് ഈ വിക്ഷേപണത്തിന് അമേരിക്ക നല്‍കുന്നത്. 2011 ന് ശേഷം  റഷ്യന്‍ വിക്ഷേപണ വാഹനമായ സോയൂസിലാണ് അമേരിക്കന്‍ ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്. ഈ രംഗത്ത് വീണ്ടും സ്വാശ്രയത്വം കൈവരിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്ക്. ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള അമേരിക്കയുടെ പദ്ധതികളുടെ മുന്നോടിയാണിത്. 

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ  ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്‌പേയ്‌സ് എക്‌സ്. കമ്പനിയുടെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഗവേഷകരെ വഹിച്ചുള്ള ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ വിക്ഷേപിക്കുന്നത്. 

വിക്ഷേപിച്ച റോക്കറ്റുകള്‍ തിരിച്ചിറക്കി വിപ്ലവം സൃഷ്ടിച്ച സ്‌പേയ്‌സ് എക്‌സിന്റെ വലിയൊരു സാന്നിധ്യം ഇത്തവണത്തെ നാസയുടെ വിക്ഷേപണത്തിലുണ്ട്. അതുകൊണ്ടുതന്നെ അത് വലിയ സംഭവമാക്കാന്‍ ഇലോണ്‍ മസ്‌കും ശ്രമിക്കുന്നുണ്ട്. 

അതിന്റെ ഭാഗമായി ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂളില്‍ ആദ്യമായി സഞ്ചരിക്കുന്ന നാസ ഗവേഷകരെ ലോഞ്ചിങ് പാഡിലേക്ക് എത്തിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ തന്നെ വാഹന നിര്‍മാണ കമ്പനിയായ ടെസ് ലയുടെ മോഡല്‍ എക്‌സ് കാറും ഒരുക്കിയിരിക്കുകയാണ്.

നാസ അഡ്മിനിസ്‌ട്രേറ്ററായ ജിം ബ്രൈഡന്‍സ്റ്റീന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. കാറിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിക്ഷേപണത്തിനായി നാസ ഗവേഷകരെ ഒരു കാറിലെത്തിക്കുന്നത് ഇത് ആദ്യമാണ്. 

വെള്ള നിറത്തിലുള്ള കാറിന്റെ രണ്ട് വശങ്ങളിലായി നാസയുടെ ലോഗോയും പിന്നില്‍ ചുവന്ന വലിയ അക്ഷരത്തില്‍ നാസയനുടെ പേരും പതിച്ച ടെസ്ലാ കാര്‍ ഓടിച്ചാണ് ഗവേഷകരായ ബോബ് ബെങ്കനും, ഡഗ് ഹര്‍ലിയും നാസയുടെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിങ് പാഡിലെത്തുക. 

Content Highlights: Nasa reveals custom Tesla sports car  that will carry astronauts to launch pad