ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ഒഴുകുന്ന വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസ. വേനല്‍ക്കാലത്ത് ഉപരിതലത്തിലെ ചൂടുകൂടുമ്പോള്‍ ചൊവ്വയുടെ മധ്യരേഖാ പ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായി കണ്ടെത്തി. നൂറുമീറ്റര്‍വരെ നീളത്തില്‍ നേര്‍ത്ത ഇരുണ്ടപാടുകളായാണ് ചിത്രത്തില്‍ ഇവ കാണുന്നത്.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണിതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.തണുപ്പുകൂടുമ്പോള്‍ ഈ പാടുകള്‍ അപ്രത്യക്ഷമാകും. ലവണാംശമുള്ള ജലമായതിനാലാകാം ഇത്. ലവണാംശം വെള്ളത്തിന്റെ ദ്രവണാങ്കം കുറയാനിടയാക്കും. മണ്ണിനടിയിലെ ഐസ് ഉരുകിയോ ലവണാംശമുള്ള പാറകള്‍ക്കുള്ളില്‍നിന്നോ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ഘനീഭവിച്ചുണ്ടാകുന്നതോ ആകാം വെള്ളമെന്നാണ് കരുതുന്നത് - പര്യവേക്ഷണത്തിന് നേതൃത്വം നല്‍കുന്ന നാസയിലെ മൈക്കല്‍ മേയര്‍ പറഞ്ഞു.

water flows on Mars

നാസയുടെ മാര്‍സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ( Mars Reconnaissance Orbiter - MRO ) നടത്തിയ നിരീക്ഷണങ്ങളാണ് ചൊവ്വയില്‍ ഒഴുകുന്ന രൂപത്തില്‍ ജലമുള്ള കാര്യം കണ്ടെത്താന്‍ ഗവേഷകരെ സഹായിച്ചത്. എംആര്‍ഒ യിലെ ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ ശേഖരിച്ച ഡേറ്റയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് നാസയുടെ പസദേനയിലെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ( JPL ) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.

'ഇന്നും ചൊവ്വയിലൂടെ വെള്ളമൊഴുകുന്നു എന്ന് ഏതാണ്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ മുന്നേറ്റമെന്ന്, നാസയിലെ ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ ജോണ്‍ ഗ്രുന്‍സ്‌ഫെല്‍ഡ് പറഞ്ഞു. 

ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം ജീവന്‍ കണ്ടെത്താനുള്ള സാധ്യതകൂടിയ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കും. ഭാവിയില്‍ നാസയും മറ്റ് ഏജന്‍സികളും മനുഷ്യരെ അയയ്ക്കുകയാണെങ്കില്‍ എവിടെ ഇറങ്ങണമെന്ന് തീരുമാനിക്കാനും ഇത് സഹായിക്കും.

ചൊവ്വയില്‍ വെള്ളം ഒഴുകിയിരുന്നതായി മുമ്പുനടന്ന പര്യവേക്ഷണങ്ങളില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. 1970കളില്‍ എടുത്ത ചിത്രങ്ങളില്‍ ചൊവ്വയില്‍ വരണ്ടുപോയ പുഴയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചൊവ്വയുടെ വടക്കേ പകുതിയില്‍ പകുതിഭാഗവും മൂടിയനിലയില്‍ സമുദ്രം ഉണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. 

2006 മുതല്‍ ചൊവ്വയെ പരിക്രമണം ചെയ്ത് നിരീക്ഷണം നടത്തുന്ന പേടകമാണ് മാര്‍സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (ചിത്രങ്ങള്‍ കടപ്പാട്: NASA ).