വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് 'ഡാര്‍ട്ട്' ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമത്.

ലക്ഷ്യം: ഡിമോര്‍ഫോസ് ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കല്‍ (ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ഡിമോര്‍ഫോസ് ഭൂമിയുടെ ശത്രു ഗ്രഹമല്ല. പരിശീലനാര്‍ഥം മാത്രമാണ് ഇത് തിരഞ്ഞെടുത്തത്)

ഡിമോര്‍ഫോസിന്റെ വലുപ്പം: 160 മീറ്റര്‍

ഒരുകൊല്ലത്തോളം സഞ്ചരിച്ചാണ് ഡാര്‍ട്ട്, ഛിന്നഗ്രഹത്തിന് അരികിലെത്തുക.

ദൗത്യം വിജയിച്ചാല്‍: സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ വേഗത്തില്‍ ഡാര്‍ട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ച് അതിന്റെ ഭ്രമണപഥത്തില്‍ മാറ്റംവരുത്തും. ഇടിയുടെ ആഘാതത്തില്‍ ഡിമോര്‍ഫോസിന്റെ ഭ്രമണപഥം ചുരുങ്ങും. ഡിഡിമോസിനെ 73 സെക്കന്‍ഡ് അധികം വേഗത്തില്‍ വലയംചെയ്യും. ഭൂമിയില്‍നിന്ന് 1.1 കോടി കിലോമീറ്റര്‍ അകലെയാകും കൂട്ടിയിടി. കൂട്ടിയിടിക്കുപിന്നാലെ പൊടിപടലം വ്യാപിക്കും

നിരീക്ഷിക്കാന്‍ ഉപഗ്രഹം: ഇടിയുടെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയുടെ ലിസിയക്യൂബ് ഉപഗ്രഹം പകര്‍ത്തി ഭൂമിയിലേക്കയക്കും. ഡാര്‍ട്ട് പേടകമാണ് ലിസിയ ബഹിരാകാശത്തെത്തിക്കുക. കൂട്ടിയിടിയുടെ പത്തുദിവസംമുമ്പേ ഉപഗ്രഹം പേടകവുമായി വേര്‍പെട്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ തയ്യാറായി ഡിമോര്‍ഫോസില്‍നിന്ന് 55 കിലോമീറ്റര്‍ മാറി നിലകൊള്ളും. ഭൂമിയില്‍നിന്ന് ടെലിസ്‌കോപ്പ് ഉപയോഗിച്ചും നിരീക്ഷിക്കും. 2026-ല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെറ മിഷന്‍ ഡിമോര്‍ഫോസിന് സമീപംചെന്ന് സഞ്ചാരപാതയുടെ വിശദമായ ചിത്രം പകര്‍ത്തി സ്ഥിതി വിലയിരുത്തും


സൗരോര്‍ജ പാനലുകള്‍ ഊര്‍ജം നല്‍കുന്ന ഡാര്‍ട്ടിന് ഒന്നര മീറ്റര്‍ നീളവും 610 കിലോ ഭാരവുമുണ്ട്.

ഛിന്നഗ്രഹം എപ്പോഴെത്തും: അപകടമുണ്ടാക്കുന്ന തരത്തില്‍ ഭൂമിയില്‍ അടുത്തകാലത്തൊന്നും ഛിന്നഗ്രഹങ്ങള്‍ പതിക്കാനിടയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഛിന്നഗ്രഹങ്ങളേറെ: ചെറു ഛിന്നഗ്രഹങ്ങളും അതിന്റെ അവശിഷ്ടങ്ങളും നമ്മളറിയാതെ എപ്പോഴും ഭൂമിയില്‍ പതിക്കുന്നുണ്ട്. അവയിലേറെയും അന്തരീക്ഷത്തില്‍വെച്ചുതന്നെ കത്തിനശിക്കും. ചിലത് ഉല്‍ക്കാശിലകളായി നിലത്തുവീഴും. ഇവയൊന്നും അപകടകാരികളല്ല. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇതൊന്നും ഭീഷണിയില്ല. എന്നാല്‍, ഭാവിയില്‍ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാല്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

അടുത്തിടെ ചില ഛിന്നഗ്രഹങ്ങള്‍ ഭൂമി തൊടുകയുണ്ടായി. 2013-ല്‍ റഷ്യയിലെ ചെലിയാബിന്‍സ്‌ക് നഗരത്തിനുമുകളില്‍ ഛിന്നഗ്രഹം പതിച്ച് സ്‌ഫോടനമുണ്ടായിരുന്നു. ഒക്ടോബറിലാണ്  ഫ്രിഡ്ജിന്റെ വലുപ്പമുള്ള ഒന്ന് ഭൂമിക്കരികിലൂടെ കടന്നുപോയത്.

Content Highlights: NASA launches 'DART' to prevent asteroid attacking earth