ഒറ്റനോട്ടത്തിൽ മേഘങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യവെളിച്ചം പോലെയെ തോന്നൂ. സമാനമായ പ്രതിഭാസമാണെങ്കിലും ഇത് ബഹിരാകാശത്ത് നിന്നുള്ള ഭീമവും മനോഹരവുമായ ഒരു കാഴ്ചയാണ്.
വലിയൊരു ബ്ലാക്ക്ഹോളിന്റെ പൊടിപടല വലയത്തിനുള്ളിലൂടെ ഊർന്നുവരുന്ന പ്രകാശമാണ് ഈ ദൃശ്യ പ്രതിഭാസത്തിന് വഴിവെക്കുന്നത്.
നാസയുടെ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ബഹിരാകാശ ശാസ്ത്രജ്ഞർ ഈ ദൃശ്യം പകർത്തിയത്. ഈ പ്രകാശം ഭൂമിയിൽ നിന്നും 15.6 കോടി പ്രകാശ വർഷം അകലെയുള്ള ഐസി 5063 ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്നും ഏകദേശം 36000 പ്രകാശ വർഷം ദൂരേയ്ക്ക് എല്ലാ ദിക്കുകളിലേക്കും വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.
ഗാലക്സിയുടെ സജീവമായ ന്യൂക്ലിയസിലെ ബ്ലാക്ക് ഹോളിൽ നിന്നുള്ള പ്രകാശം ഗാലക്സിയിലാകമാനം വ്യാപിച്ചുകിടക്കുന്ന പൊടിപടലങ്ങളിൽ തട്ടി ചിതറുകയാണ് എന്നതിന്റെ തെളിവുകളാണിതെന്ന് ഹാർവാർഡ് സ്മിത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിക്സിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ പീറ്റർ മാക്സിം പറഞ്ഞു. ഈ പ്രകാശത്തിന് ഏകദേശം മുഴുവൻ ഗാലക്സിയേയും പ്രകാശിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗാലക്സിയെ പ്രകാശിപ്പിക്കുന്ന വെളിച്ചം അതിശക്തമായ ബ്ലാക്ക് ഹോളിന്റെ ജ്വലിക്കുന്ന ഉൾഭാഗത്തിന്റെ ഫലമാണ്. അതിന് ചുറ്റുമുള്ള പൊടി വലയത്തിലെ ചില വിടവുകളിലൂടെ പ്രകാശം ചോർന്നു പോവുകയും ബാക്കിയുള്ള പ്രകാശത്തെ പൊടി വലയം തടയുകയുമാണ് ചെയ്യുന്നത്.
അടുത്തിടെ ഈ ഗാലക്സി മറ്റൊരു ഗാലക്സിയുമായി ലയിച്ചിരുന്നു. അതിന്റെ ഫലമായാണ് ഗാലക്സിയിൽ പൊടിപടലങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ബ്ലാക്ക് ഹോളും പൊടിപടലത്തിന്റെ വർധനവിനിടയാക്കുന്നുണ്ടാവാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
2019 നവംബർ 24 നാണ് ഹബ്ബിൾ ടെലിസ്കോപ്പ് ഈ ചിത്രങ്ങൾ പകർത്തിയത്. ഡിസംബറിൽ ജ്യോതിശാസ്ത്രജ്ഞനും ആർട്ടിസ്റ്റുമായ ജൂഡി ഷ്മിട്ട് ആണ് ചിത്രങ്ങളിലെ ഭീമൻ നിഴൽ കണ്ടെത്തിയത്. അവരാണ് ഈ ചിത്രം വികസിപ്പിച്ചെടുത്തത്.
Content Highlights:Nasa Hubble telescope captured large shadows created by blackhole