വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ( Chandrayaan 1) ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തല്‍. ഇന്റര്‍പ്ലാനറ്ററി റഡാര്‍ ( Interplanetary Radar ) വഴിയാണ് നാസ ചന്ദ്രയാന്‍ 1 കണ്ടെത്തിയത്.
2008 ഒക്ടോബര്‍ 22 നാണ് ചാന്ദ്രയാന്‍ ഒന്ന് ദൗത്യം ഇന്ത്യ വിക്ഷേപിക്കുന്നത്. 2009 ഓഗസ്റ്റ് 29ന് ഐഎസ്ആര്‍ഒയ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാല്‍, ചന്ദ്രയാന്‍ ഒന്ന് പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളില്‍ ഒന്നായാണ് ചന്ദ്രയാന്‍-1 വിലയിരുത്തപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍ 1 നടത്തിയ നിരീക്ഷണത്തിലാണ്. ചന്ദ്രയാന്‍ രണ്ട് ( Chandrayaan 2) ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ ഇപ്പോള്‍.
ചാന്ദ്രയാന്‍-1ന് പുറമേ നാസയുടെ തന്നെ ലൂണാര്‍ റികൊനൈസന്‍സ് ഓര്‍ബിറ്ററും ( Lunar Reconnaissance Orbiter -LRO ) ഇന്റര്‍പ്ലാനറ്ററി റഡാര്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരമുള്ളതിനാല്‍ എല്‍ആര്‍ഒ കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നെന്നും എന്നാല്‍ 2009ല്‍ ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നും നാസ പത്രക്കുറിപ്പില്‍ പറയുന്നു.
ചന്ദ്രനെ ചുറ്റുന്ന നഷ്ടമായ പേടകങ്ങളും ബഹിരാകാശ വസ്തുക്കളും കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍ ഇന്റര്‍പ്ലാനറ്ററി റഡാറിന്റെ പുതിയ ആപ്ലിക്കേഷന്‍ ഈ സാങ്കേതിക പരിമിതി മറികടന്നതായാണ് നാസയുടെ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.