ന്യൂയോര്‍ക്ക്: സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനൊരുങ്ങി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ആന്‍ മക്ലൈനും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുന്നത്. മാര്‍ച്ച് 29 നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങുക.
കഴിഞ്ഞ വേനലില്‍ സ്ഥാപിച്ച ബാറ്ററികള്‍ മാറ്റുകയാണ് ഇരുവരുടേയും ചുമതല. ഇത് ഏഴ് മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ളൈറ്റ് ഡയറക്ടര്‍ മേരി ലോറന്‍സും ക്രിസ്റ്റീന്‍ ഫാക്സിയോളുമാണ് ടെക്സാസിലുള്ള നാസയുടെ ജോണ്സണ് സ്പേസ് സെന്ററില്‍ നിന്നും ബഹിരാകാശ നടത്തം നിന്നും നിയന്ത്രിക്കുക. അങ്ങനെ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലും പങ്കാളിത്തത്തിലുമാണ് ഈ ബഹിരാകാശ നടത്തം.
1984 ജൂലായ് 25 നാണ് ആദ്യമായി ഒരു വനിത ബഹിരാകാശ നടത്തം നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ സ്വെറ്റ്ലാനാ സാവിറ്റ്സ്കായയാണ് ആദ്യ ബഹിരാകാശ നടത്തം നടത്തുന്ന വനിതയെന്ന നേട്ടത്തിന് അര്‍ഹയായത്. സാലി റൈഡ് ആണ് ബഹിരാകാശ നടത്തത്തിനിറങ്ങുന്ന ആദ്യ അമേരിക്കന്‍ വനിത.
നാസ മാര്‍ച്ച് മാസം വനിതാ ചരിത്ര മാസമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നാസയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളുടെ വിവരങ്ങള്‍ നല്കുന്ന പ്രത്യേക വെബ് പേജ് നാസ തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് മുഴുവന്‍ വനിതാ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ നടത്തം എന്ന പദ്ധതി നാസ പ്രഖ്യാപിക്കുന്നത്.
1998 ഡിസംബര്‍ മുതല്‍ ഇതുവരെ 213 ബഹിരാകാശ നടത്തങ്ങള്‍ ബഹിരാകാശ നിലയത്തില്‍ നടത്തിട്ടുണ്ട്. വനിതകളുടെ മാത്രം ബഹിരാകാശ നടത്തത്തിന് മുമ്പ് മാര്‍ച്ച് 22 ന് ആന്‍ മക്ലൈനും നാസാ ഗവേഷകനായ നിക്ക് ബേഗും എട്ട് മണിക്കൂറിലധികം നേരത്തേക്ക് ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തിറങ്ങുന്നുണ്ട്.
Content Highlights: NASA first all-female spacewalk on March 29