നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയിട്ട് അഞ്ച് വര്‍ഷം തികയുന്നു. 2011 നവംബര്‍ 26ന് ഫ്‌ളോറിഡയിലെ കേപ് കനവറില്‍ നിന്നും വിക്ഷേപിച്ച ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങിയത്. 

എട്ടരമാസം കൊണ്ട് 57 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഒരു ടണ്‍ ഭാരമുള്ള വാഹനം ഇന്ത്യന്‍സമയം 11.02-ന് ചൊവ്വയിലെ മൗണ്ട് ഷാര്‍പ് പര്‍വതമേഖലയിലെ 'ഗേല്‍ ക്രേറ്റര്‍' എന്ന ഗര്‍ത്തത്തില്‍ ചെന്നിറങ്ങിയത്. ചൊവ്വയെ വലംവെക്കുന്ന ഒഡീസി എന്ന ഉപഗ്രഹം വഴിയാണ് ക്യൂരിയോസിറ്റിയില്‍നിന്നുള്ള ആദ്യ സിഗ്നലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തിയത്.

ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ചരിത്രവും ജീവസാന്നിധ്യത്തിന്റെ സാധ്യതകളും അന്വേഷിക്കുക എന്നതായിരുന്നു ക്യൂരിയോസിറ്റിയുടെ പ്രധാന ദൗത്യം. 2013ല്‍ ചൊവ്വയുടെ പ്രതലത്തില്‍ രണ്ടു ശതമാനം ജലാംശമുണ്ടെന്ന് ക്യൂരിയോസിറ്റി കണ്ടെത്തി. ഇറങ്ങിയ സ്ഥലത്തുനിന്ന് 400 മീറ്റര്‍ അകലെ കാറ്റിലുലഞ്ഞ മണല്‍ത്തിട്ടകളുള്ള 'റോക്ക്നെസ്റ്റ്' ( Rocknest ) എന്ന സ്ഥലത്തുനിന്ന് ക്യൂരിയോസിറ്റി ശേഖരിച്ച സാമ്പിള്‍ വിശകലനം ചെയ്താണ് വെള്ളത്തിന്റെ തോത് പേടകം മനസിലാക്കിയത്. 

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ എജന്‍സിയായ നാസ ചൊവ്വയിലിറക്കുന്ന നാലാമത്ത പേടകമാണ് ക്യൂരിയോസിറ്റി. ഭൂമിയ്ക്കപ്പുറത്ത് ജീവനെ സഹായിക്കുന്ന ഘടകങ്ങള്‍ക്കായുള്ള മനുഷ്യന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണ് ക്യൂരിയോസിറ്റി. 

ചൊവ്വയില്‍ ജീവ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുന്നതിനേക്കാളുപരി ഭാവിയില്‍ ജിവനെ സഹായിക്കുന്ന എന്തെങ്കിലും ഘടകങ്ങള്‍ ചൊവ്വയുടെ പ്രതലത്തില്‍ അടങ്ങിയിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് ക്യൂരിയോസിറ്റിയെന്ന് നാസ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

ദൗത്യം തുടങ്ങി അഞ്ച് വര്‍ഷം തികയുന്ന ഈ വേളയില്‍, വലിയ ലക്ഷ്യങ്ങളുമായി ക്യൂരിയോസിറ്റി പ്രയാണം തുടരുമെന്ന് നാസ വ്യക്തമാക്കി.