നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ ഇറങ്ങിയിട്ട് ഏഴ് വര്‍ഷം. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന് ശേഷമുള്ള ശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. 2011 നവംബര്‍ 26 ന് കേപ് കനവെറലിലെ വ്യോമസേന ആസ്ഥാനത്തെ വിക്ഷേപണത്തറയില്‍ നിന്നും അറ്റ്‌ലസ് വി 541 വിക്ഷേപണ വാഹനത്തില്‍ വിക്ഷേപിച്ച ക്യൂരിയോസിറ്റി എട്ടര മാസത്തിന് ശേഷമാണ് 2012 ഓഗസ്റ്റ് അഞ്ചിന് ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തില്‍ ചെന്നിറങ്ങിയത്. 

ചൊവ്വയിലെ പ്രാചീനകാല പ്രകൃതിയെ കുറിച്ചും ജീവന് അനുകൂലമായ സാഹചര്യത്തെകുറിച്ചും പഠിക്കുന്നതുള്‍പ്പടെ നിരവധി ചുമതലകളുമായാണ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നതിനുള്ള നിരവധി സൂചനകള്‍ ക്യൂരിയോസിറ്റി കണ്ടെത്തിയിട്ടുണ്ട്. 

ചൊവ്വയില്‍ നിലവില്‍ 21 കിലോമീറ്റര്‍ ദൂരം ക്യൂരിയോസിറ്റി താണ്ടി. 368 മീറ്റര്‍ ഉയരത്തിലേക്ക് കയറിയാണ് ക്യൂരിയോസിറ്റി ഇപ്പോള്‍ ഗെയ്ല്‍ ഗര്‍ത്തത്തിനടുത്തുള്ള മണ്ണ് നിറഞ്ഞ ' ക്ലേ ബെയറിങ് യൂണിറ്റില്‍' എത്തിയിരിക്കുന്നത്. 

Curiosity Mars Photo
ഗെയ്ല്‍ ഗര്‍ത്തത്തിന് സമീപത്ത് നിന്നും ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രം. Photo Credit:NASA

ക്യൂരിയോസിറ്റിയ്ക്ക് മുമ്പ് നാസ വിക്ഷേപിച്ച മാര്‍സ് റിക്കൊനൈസന്‍സ് ഓര്‍ബിറ്ററിന്റെ (എംആര്‍ഓ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്യൂരിയോസിറ്റി റോവറിനെ ഗെയ്ല്‍ ഗര്‍ത്തത്തിലിറക്കിയത്. ഈ പ്രദേശത്ത് കളിമണ്‍ നിക്ഷേപമുള്ളളതായി എംആര്‍ഓ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഏറെനാള്‍ പഠന വിധേമാക്കിയതിന് ശേഷമാണ് ക്യൂരിയോസിറ്റി റോവറിനെ പ്രദേശത്തിറക്കി നാസ വിശദ പഠനം ആരംഭിച്ചത്. 

ഗെയ്ല്‍ ഗര്‍ത്തത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തടാകങ്ങളും അരുവികളും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ക്യൂരിയോസിറ്റി കണ്ടെത്തി. ഈ പ്രദേശത്ത് പാറകളെ അപേക്ഷിച്ച് കളിമണ്‍ നിക്ഷേപമുള്ളത് ഇതിന്റെ സൂചനയാണ്.  

നേരത്തെ ' സ്ട്രാത്ഡണ്‍' എന്ന് വിളിക്കുന്ന പാറയുടെ ചിത്രം ക്യൂരിയോസിറ്റി പകര്‍ത്തിയിരുന്നു. അവസാദ ശിലകള്‍ പാളികളായി നില്‍ക്കുന്നതാണ് ഈ ചിത്രത്തിലുള്ളത്. മുമ്പ് ഇവിടെയുണ്ടായിരുന്ന ജലാശയത്തില്‍ എക്കല്‍ ഒഴുകി വന്നടിഞ്ഞ് ഉണ്ടായതാവാം ഇവ എന്ന് കരുതപ്പെടുന്നു. ഇവയുടെ ആകൃതി വെള്ളം ഒഴുകിയതിന്റേയോ, കാറ്റിന്റേയോ സ്വാധീനത്തില്‍ രൂപപ്പെട്ടതാവാം എന്നും കണക്കാക്കുന്നു. 

ചൊവ്വയിലെ പ്രതലം തുളച്ച് ഇതിനോടകം 22 സാമ്പിളുകള്‍ റോവര്‍ ശേഖരിച്ചു. ഇതിന്റെ ന്യൂക്ലിയര്‍ ഊര്‍ജ സംവിധാനത്തിന്റെ ശക്തികുറയുന്നതുവരെ കുറച്ചുനാള്‍ കൂടി ക്യൂരിയോസിറ്റിയ്ക്ക് ഇത്തരം പരിശോധനകളില്‍ ഏര്‍പ്പെടാനാവുമെന്ന് നാസ പറഞ്ഞു. അതിന് ശേഷം ഊര്‍ജ ഉപയോഗം നിയന്ത്രിച്ച് പ്രവര്‍ത്തനം തുടരും. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വര്‍ഷം ഊര്‍ജ്ജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്.

Content Highlights: Nasa curiosity rover completed seven years on mars