ന്യഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകളന്വേഷിച്ചുള്ള മനുഷ്യന്റെ സഞ്ചാരത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഇപ്പോഴിതാ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അന്യഗ്രഹ ജീവന്‍ യാഥാര്‍ത്ഥ്യമാണെന്ന വിപ്ലവകരമായ പ്രഖ്യാപനത്തിനരികെയെത്തിയിരിക്കുന്നതായി വാര്‍ത്തകള്‍. 

ചൊവ്വയിലെ ജീവ സാധ്യത കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങള്‍ക്കരികെയാണ് ഏജന്‍സിയെന്ന് നാസയുടെ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഡോ. ജിം ഗ്രീന്‍ പറഞ്ഞു. 

വളരെ കുറച്ചു വര്‍ഷങ്ങള്‍ കൂടിയേ അതിനായി കാത്തിരിക്കേണ്ടി വരികയുള്ളൂ. ആ പ്രഖ്യാപനം തീര്‍ത്തും വിപ്ലവകരമായിരിക്കും. പുതിയ ചിന്താരീതികള്‍ക്ക് തുടക്കം കുറിക്കും. മറ്റൊരു ഗ്രഹത്തില്‍ ജീവനുണ്ടെന്ന വിപ്ലവകരമായ പ്രഖ്യാപനത്തിനായി ലോകം ഇനിയും തയ്യാറെടുത്തിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത് അദ്ദേഹം പറഞ്ഞു. 

ചൊവ്വയില്‍ ജീവനുണ്ടെന്ന പ്രഖ്യാപനത്തിനരികെയാണ് നാസയെന്നും ആ കണ്ടെത്തല്‍ പ്രഖ്യാപിക്കപ്പെട്ടാലുണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്തായിരിക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയത് ഈ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനം സംബന്ധിച്ച നമ്മുടെയെല്ലാം പൊതുധാരണകളെല്ലാം മാറ്റി. മറ്റൊരിടത്ത് ജീവനുണ്ടന്ന കണ്ടെത്തലും മനുഷ്യ സംസ്‌കാരത്തെ മുഴുവന്‍ മാറ്റിമറിയ്ക്കുന്ന കണ്ടെത്തലാവും.

2020 ജൂലായ് 17 ന് ചൊവ്വയിലേക്ക് മാര്‍സ് 2020 റോവര്‍ വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. 2021 ഫെബ്രുവരി 18ന് ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തിലാണ് റോവര്‍ ഇറങ്ങുക. ചൊവ്വയിലെ വാസയോഗ്യത, മുന്‍കാല ജീവസാധ്യത, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവ അന്വേഷിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍.

Content Highlights: Life on Mars, Nasa Mars 2020, Announcement about Life on another planet