ചൊവ്വയില്‍ ഇതുവരെ നിരീക്ഷിച്ചിട്ടില്ലാത്ത കാന്തിക സ്പന്ദനം തിരിച്ചറിഞ്ഞു. ചൊവ്വയുടെ കാന്തിക മണ്ഡലത്തില്‍ അര്‍ധരാത്രിയിലാണ് ഇത്തരം സ്പന്ദനമുണ്ടാകുന്നത്. ഇതിന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാസയുടെ ഇന്‍സൈറ്റ് ലാന്ററിന്റെ ആദ്യ കണ്ടെത്തലുകളില്‍ ഒന്നാണിത്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൊവ്വാഗ്രഹത്തില്‍ ഇറങ്ങിയതിന് ശേഷം ശാസ്ത്ര ലോകത്തിന് ഗുണകരമായ നിരവധി വിവരങ്ങള്‍ ഇന്‍സൈറ്റ് ലാന്റര്‍ ശേഖരിക്കുന്നുണ്ട്. ചൊവ്വയുടെ ആന്തരിക മേഖലകളെ കുറിച്ചും അതിന്റെ രൂപീകരണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 

ചൊവ്വാഗ്രഹത്തില്‍ കണ്ടെത്തിയ കാന്തിക സ്പന്ദനം ഒറ്റപ്പെട്ടതാണെന്നും വിചിത്രമാണെന്നും യൂറോപ്യന്‍ പ്ലാനറ്ററി സയന്‍സ് കോണ്‍ഗ്രസും അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയും നിരീക്ഷിക്കുന്നു. ചൊവ്വയുടെ ഉപരിതലത്തിന്റെ ബാഹ്യപാളി കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ കാന്തികതയുള്ളതാണ് എന്ന സൂചനയും ഇത് നല്‍കുന്നു. 

ഒരു വിചിത്രമായ വൈദ്യുതചാലക പാളിയും ഇന്‍സൈറ്റ് ലാന്റര്‍ കണ്ടെത്തി. ചൊവ്വാ ഉപരിതലത്തിന് താഴേക്ക് 62 മൈല്‍ കനമുണ്ട് ഈ പാളിക്ക്. ഈ പാളിയ്ക്കടിയില്‍ ദ്രാവക ജലശേഖരം ഉണ്ടാവാനിടയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. 

ചൊവ്വിയില്‍ കണ്ടെത്തിയതിന് സമാനമായ വൈദ്യുതചാലക പാളിയാണ് ഭൂമിയ്ക്കുള്ളത്. ഈ പാളിയ്ക്കടിയിലാണ് ജലമുള്ളത്. ഭൂമിയില്‍ മണ്ണിന്റേയും പാറയുടെയും പാളിയ്ക്കടിയിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു ജലശേഖരം ചൊവ്വയില്‍ കണ്ടെത്താനായാല്‍ അത് വലിയ നേട്ടമായിമാറും. അങ്ങനെ ഒരു ജലശേഖരം കണ്ടെത്തിയാല്‍ ചൊവ്വയിലെ ജീവ സാധ്യത സംബന്ധിച്ച കൂടുതല്‍ തെളിവുകളും ലഭിക്കും. 

എന്തായാലും ഇന്‍സൈറ്റ് ലാന്റര്‍ ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച പ്രാഥമിക സൂചനകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ചൊവ്വയുടെ പ്രതലത്തില്‍ നിന്നും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുന്ന ആദ്യ ഗവേഷണ പദ്ധതിയായ ഇന്‍സൈറ്റിന് നാസ അടുത്തിടെ എമ്മി പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

Content Highlights: mysterious magnetic signs of groundwater discovered on Mars