അമേരിക്കയിലെ മനുഷ്യകുടിയേറ്റ ചരിത്രം തിരുത്തിയെഴുതാന്‍ പ്രേരിപ്പിച്ച ഫോസിലാണ് 'ലൂസിയ'. ബ്രസീലിലെ നാഷണല്‍ മ്യൂസിയം അടുത്തയിടെ തീപ്പിടിച്ച് നശിച്ചപ്പോള്‍ ആ വിലപ്പെട്ട ഫോസിലും നഷ്ടമായി എന്നു കരുതുന്നു

Luzia, Paleoindian Woman
ലൂസിയയുടെ തലയോട്ടി. ചിത്രം കടപ്പാട്: Cicero Moraes /Wikimedia

 

താണ്ട് രണ്ടായിരം വര്‍ഷം മുമ്പാണത് സംഭവിച്ചത്. പ്രാചീനകാലത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായ അലക്‌സാന്ധ്രിയയിലെ ലൈബ്രറി അഗ്നിക്കിരയായി. വടക്കന്‍ ഈജിപ്തിലെ ആ ലൈബ്രറിയില്‍ ഹോമര്‍, പ്ലേറ്റോ, സോക്രട്ടീസ് എന്നിങ്ങനെ പ്രാചീന ലോകം കണ്ട മഹാരഥന്‍മാരായ ചിന്തകരുടെയും ദാര്‍ശനികരുടെയും കൃതികള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പാപ്പായ്‌റസ് ചരുളുകളുടെ (papyrus scrolles) രൂപത്തില്‍ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ അവിടെ ശേഖരിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ വൈജ്ഞാനിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി അലക്‌സാന്ധ്രിയ ലൈബ്രറിയുടെ നാശം വിലയിരുത്തപ്പെടുന്നു. 

അത്രയുമൊന്നും വരില്ലെങ്കിലും, കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ബ്രസീലില്‍ റിയോ ഡി ജനീറോയിലെ 200 വര്‍ഷം പഴക്കമുള്ള നാഷണല്‍ മ്യൂസിയം തീപ്പിടിച്ചു നശിച്ചപ്പോള്‍ വിജ്ഞാനത്തിന്റെയും പ്രാചീന ശേഷിപ്പുകളുടെയും വലിയൊരു ശേഖരം ലോകത്തിന് നഷ്ടമായി. നാച്ചുറല്‍ ഹിസ്റ്ററി, നരവംശശാസ്ത്രം എന്നിവയില്‍ അമേരിക്കന്‍ മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായിരുന്നു അത്. പുരാവസ്തുക്കളും ഫോസിലുകളും ഉള്‍പ്പടെ ഏതാണ്ട് രണ്ടുകോടി സ്മാരകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയം. 

അവിടുത്തെ ചരിത്രാവശിഷ്ടങ്ങളില്‍ 90 ശതമാനവും തീപ്പിടുത്തത്തില്‍ നശിച്ചു എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. നശിച്ചവയില്‍ ഒരെണ്ണത്തിന്റെ കാര്യം ഹൃദയവേദനയോടെയാണ് മ്യൂസിയം അധികൃതരും നരവംശശാസ്ത്രജ്ഞരും പരാമര്‍ശിക്കുന്നത്. 'ലൂസിയ' (Luzia) എന്ന് പേരിട്ട 11,500 വര്‍ഷം പഴക്കമുള്ള ഒരു പ്രാചീനസ്ത്രീയുടെ ഫോസിലാണത്. അമേരിക്കന്‍ മേഖലയിലെ മനുഷ്യകുടിയേറ്റ ചരിത്രം തന്നെ തിരുത്തിയെഴുതാന്‍ ഗവേഷകരെ പ്രേരിപ്പിച്ച അമൂല്യമായ ഫോസില്‍! 

Brazil National Museum Fire
ബ്രസീലിലെ നാഷണല്‍ മ്യൂസിയത്തിന്റെ തീപ്പിടുത്തത്തിന് ശേഷമുള്ള ആകാശദൃശ്യം. ചിത്രം കടപ്പാട്: AP

 

തീപ്പിടുത്തത്തില്‍ ലൂസിയ നശിച്ചിരിക്കാനാണ് എല്ലാ സാധ്യതയുമെന്ന് അധികൃതര്‍ പറയുന്നു. ലൂസിയയുടേതായി തലയോട്ടിയും മറ്റ് ഏതാനും അസ്ഥിക്കഷണങ്ങളും മാത്രമാണുണ്ടായിരുന്നത്. പൂര്‍ണമായി നശിച്ചില്ലെങ്കില്‍ തന്നെ, എത്രത്തോളം തീപ്പിടുത്തത്തെ അവശേഷിച്ചിരിക്കും എന്ന കാര്യവും ആശങ്കാജനകമാണ്. 'മനുഷ്യസംസ്‌കാരത്തില്‍ താത്പര്യമുള്ള ഏവരെയും സംബന്ധിച്ച് ലൂസിയ വിലമതിക്കാനാകാത്ത നഷ്ടമാണ്'-ബ്രസീലിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡയറക്ടര്‍ പൗലോ നൗസ് ഖേദത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. 

ബ്രസീലില്‍ ലാപ വെര്‍മെല്‍ഹ (Lapa Vermelha) യിലെ പാറമടയില്‍ നിന്ന് 1975 ലാണ് ലൂസിയയെ കണ്ടെത്തിയത്. ഫ്രഞ്ച് പുരാവസ്തു ഗവേഷക ആനെറ്റ് ലാമിങ്-എംപരായര്‍ ആണ്, പാറമടയില്‍ 40 അടി ധാതുശേഖരത്തിന് കീഴെ നിന്ന് ഒരു തലയോട്ടിയും ഇടുപ്പെല്ലും കാലിലെ അസ്ഥിയുടെ ചെറുഭാഗങ്ങളും കണ്ടെത്തിയത്. രണ്ടാംലോകമഹായുദ്ധ കാലത്ത് നാസികള്‍ക്കെതിരെ ഫ്രാന്‍സില്‍ നടന്ന ചെറുത്തുനില്‍പ്പില്‍ (French Resistance) സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു ആനെറ്റ്. ബ്രസീലില്‍ നിന്നുള്ള തന്റെ ആ കണ്ടുപിടുത്തം നരവംശശാസ്ത്രത്തിന് എത്രവലിയ സംഭാവന നല്‍കി എന്ന് മനസിലാക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. കാരണം, ലൂസിയയെ കണ്ടെത്തിയ ശേഷം അധികകാലം അവര്‍ ജീവിച്ചില്ല. 1977 ല്‍ ഒരു അപകടത്തില്‍ മരിച്ചു. 

Luzia Face
ലൂസിയയുടെ മുഖം പുനസൃഷ്ടിച്ചപ്പോള്‍.
ചിത്രം കടപ്പാട്: Dornicke / Wikimedia. 

 ആനെറ്റ് കണ്ടെത്തിയ ഫോസില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പതിറ്റാണ്ടുകളോളം മ്യൂസിയത്തില്‍ പൊടിപിടിച്ചിരുന്നു. ഒടുവില്‍, ആധുനിക കാലഗണനാവിദ്യകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ്, ലൂസിയ ആരാണെന്ന് ഗവേഷകര്‍ അത്ഭുതത്തോടെ മനസിലാക്കിയത്. പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും പഴക്കമുള്ള മനുഷ്യഫോസിലാണത്! ഇരുപതാം വയസ്സില്‍ അപകടത്തിലോ മൃഗത്തിന്റെ ആക്രമണത്തിലോ മരിച്ച 20 വയസ്സുകാരിയുടെ ഫോസില്‍. അഞ്ചടി ഉയരമുള്ള അവള്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പ്രായം 11,500 വര്‍ഷമാകുമായിരുന്നു! 

ആഫ്രിക്കയിലെ എത്യോപ്പ്യയില്‍ നിന്ന് 1950 കളില്‍ കണ്ടെത്തിയ പ്രശസ്തമായ ഒരു നരവംശ ഫോസിലുണ്ട്-'ലൂസി' (Lucy). 32 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 'ആസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്' (Australopithecus afarensis)  എന്ന നരവംശത്തിന്റെ ഫോസിലാണത്. ലൂസിയോടുള്ള ബഹുമാനസൂചകമായാണ് ബ്രസീലില്‍ നിന്ന് കണ്ടെടുത്ത പ്രാചീനസ്ത്രീയുടെ ഫോസിലിന് ഗവേഷകര്‍ 'ലൂസിയ' എന്ന പേരിട്ടത്.

ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ആഫ്രിക്കയ്ക്ക് വെളിയിലെത്തിയ ആധുനിക മനുഷ്യന്‍ (Homo sapiens), ഭൂമിയുടെ വിവിധകോണുകളിലേക്ക് നടത്തിയ കുടിയേറ്റം വ്യാപകമായി പഠനവിധേയമായിട്ടുള്ള വിഷയമാണ്. പുതിയ ഡിഎന്‍എ സങ്കേതങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ആ പഠനത്തിന് കൂടുതല്‍ ദൃഢത വരുത്തുകയാണ് ഗവേഷകര്‍. നിലവിലെ നിഗമനങ്ങള്‍ പ്രകാരം, ആഫ്രിക്കയ്ക്ക് വെളിയിലെത്തിയ മനുഷ്യന്‍ ഏറ്റവുമൊടുവില്‍ കുടിയേറിയ പ്രദേശം അമേരിക്കയാണ്. 

Luzia
ലൂസിയ ഫോസില്‍ കണ്ടെത്തിയ ബ്രസീലിലെ ലാപ വെര്‍മെല്‍ഹ പ്രദേശം. ചിത്രം കടപ്പാട്:  Marcelo Albuquerque

ഓസ്‌ട്രേലിയയില്‍ മനുഷ്യനെത്തിയിട്ട് 40,000 വര്‍ഷമായെങ്കില്‍, അമേരിക്കയില്‍ എത്തിയിട്ട് 15000 വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളൂ. അമേരിക്കന്‍ ആദിമനിവാസികളുടെ നേര്‍പൂര്‍വികരെന്ന് കരുതുന്നത് യൂറേഷ്യക്കാരാണ്. ഉത്തരധ്രുവത്തിനരികെ, വടക്കേഅമേരിക്കയും റഷ്യയും ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന 'ബേറിങ് കടലിടുക്ക്' (Bering Strait) കടന്ന് അവര്‍ അമേരിക്കയിലെത്തി എന്നാണ് കരുതുന്നത്. 

ഫോസിലിന്റെ സഹായത്തോടെ ലൂസിയയുടെ ത്രിമാനരൂപം സൃഷ്ടിച്ച ഗവേഷകര്‍ പക്ഷേ, അമ്പരന്നു. പ്രാചീന അമേരിക്കന്‍ ഇന്ത്യക്കാരോടല്ല അവള്‍ക്ക് സാമ്യം; പകരം, ഓസ്‌ട്രേലിയ, പപ്പുവ ന്യൂഗിനി, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആദിമനിവാസികളോടാണ്!  'ഇത്രകാലവും കരുതിയ പോലെ, വടക്കന്‍ ഏഷ്യയില്‍ നിന്നാണ് അമേരിക്കയിലെ ആദ്യ കുടിയേറ്റക്കാര്‍ എത്തിയതെന്ന് ഇനി നമുക്ക് പറയാനാവില്ല'- ലൂസിയയെക്കുറിച്ച് പഠിച്ച നരവംശശാസ്ത്രജ്ഞന്‍ വാള്‍ട്ടര്‍ നേവിസ് 1999 ല്‍ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു. തെക്കുകിഴക്കനേഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് മനുഷ്യകുടിയേറ്റം നടന്നിട്ടുള്ളതിന് തെളിവാണ് ലൂസിയയെന്ന് അദ്ദേഹം പറഞ്ഞു.

Anet
ലൂസിയയെ കണ്ടുപിടിച്ച ആനെറ്റ് ലാമിങ്-എംപരായര്‍.
ചിത്രം കടപ്പാട്: morwennatower

ആധുനിക മനുഷ്യന്‍ ഒറ്റ ഘട്ടമായി കുടിയേറി അമേരിക്കന്‍ വന്‍കരയിലാകെ പാര്‍പ്പുറപ്പിച്ചു എന്ന നിഗമനത്തിന് ഇളക്കം തട്ടിയത് ലൂസിയയുടെ രംഗപ്രവേശത്തോടെയാണ്. പ്രാചീന ഡിഎന്‍എ ഉപയോഗിച്ച് മനുഷ്യകുടിയേറ്റ ചരിത്രം മാറ്റിയെഴുതുന്ന ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഡേവിഡ് റൈഷ്ച്ച് തന്റെ പുതിയ ഗ്രന്ഥത്തില്‍ പറയുന്നത്, ലൂസിയ ഉള്‍പ്പെടുന്ന ഒരു 'പ്രേത ജനത' ('ghost population') പ്രധാന കുടിയേറ്റം നടക്കുന്നതിന് മുമ്പ് അമേരിക്കയില്‍ ഉണ്ടായിരുന്നു എന്നാണ്. കലര്‍പ്പില്ലാത്ത രൂപത്തില്‍ ഇപ്പോള്‍ നിലനില്‍ക്കാത്ത പ്രാചീന ജനസമൂഹത്തെയാണ് 'പ്രേത ജനത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴും തെക്കേഅമേരിക്കയില്‍ ആമസോണിയ മേഖലയിലുള്ളവരുടെ ഡിഎന്‍എ യില്‍ ലൂസിയ ഉള്‍പ്പെട്ട പ്രാചീന കുടിയേറ്റക്കാരുടെ ജനിതക അവശേഷിപ്പുണ്ടെന്ന് റൈഷ്ച്ച് പറയുന്നു.

ഇക്കാര്യങ്ങളൊക്കെ കൂടുതല്‍ മനസിലാക്കാന്‍ ലൂസിയ ഫോസില്‍ സഹായിക്കുമായിരുന്നു. എന്നാല്‍, മ്യൂസിയത്തിലെ തീപ്പിടുത്തം കാര്യങ്ങളെയാകെ അവതാളത്തിലാക്കിയിരിക്കുന്നു. ബ്രസീലില്‍ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹിസ്റ്റോറിക് ആന്‍ഡ് ആര്‍ട്ടിസ്റ്റിക് ഹെറിറ്റേജി'ന്റെ പ്രസിഡന്റ് കത്യ ബൊഗിയ നിരാശയോടെ പറഞ്ഞത് ഇങ്ങനെ: 'ലൂസിയ തീപ്പിടുത്തത്തില്‍ മരിച്ചു!' 

അവലംബം -

* 'Brazil National Museum: as much as 90% of collection destroyed in fire'. By Dom Phillips. The Guradian, Sept 4, 2018.
* 'New Radiocarbon Ages of Luzia Woman, Lapa Vermelha IV Site, Lagoa Santa, Minas Gerais, Brazil'. By Michel Fontugne. Volume 55, Issue 3 (Proceedings of the 21st International Radiocarbon Conference (Part 2 of 2)) 2013 , pp. 1187-1190.   
* 'An Ancient Skull Challenges Long-Held Theories'. By Larry Rohter. NewYork Times Archives, 1999. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്. 

Content Highlights: Luzia, paleoindian Woman, Early Humans, Anthropology, Museum Fire