ഹസ്യങ്ങളുടെയും അത്ഭുതക്കാഴ്ചകളുടെയും കലവറകളാണ് ഈജിപ്തിലെ ശവക്കല്ലറകള്‍. പുരാതനനാഗരികതയുടെ ശേഷിപ്പുകളായി അവ ഈ നൂറ്റാണ്ടിലും നിലനില്‍ക്കുന്നു. പുരാതന ഈജിപ്തില്‍ സംസ്‌കരിക്കപ്പെട്ട പലരുടെയും ശവക്കല്ലറകളില്‍ ഇന്ന് പുരാവസ്തുഗവേഷകര്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പല നിര്‍മിതികള്‍ക്കും കാലത്തിന്റേതായ പഴമ ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ 4000 വര്‍ഷം പഴക്കമുണ്ടായിട്ടും പുതുപുത്തനായി നിലനില്‍ക്കുന്ന ശവക്കല്ലറ അടുത്തിടെ ഗവേഷകര്‍ കണ്ടെത്തി. 

കെയ്‌റോയുടെ തെക്കുഭാഗത്തുള്ള സഖറയില്‍ കണ്ടെത്തിയ വലിയൊരു ശവക്കല്ലറയിലാണ് ഗവേഷകര്‍ അങ്ങനെ ഒരു കാഴ്ചകണ്ടത്. 'ഖുവി' (Khuwy) എന്ന് പേരുള്ള ഒരാളുടെ ശവക്കല്ലറയാണിത് എന്നാണ് അധികൃതര്‍ പറയുന്നത്. ബിസി 25-24 കാലത്ത് നിലനിന്ന അഞ്ചാം രാജവംശകാലത്തെ പ്രമുഖ വ്യക്തികളിലൊരാളാണ്‌ ഇദ്ദേഹം എന്നും കരുതപ്പെടുന്നു. 

egypt
Image: twitter.com/AntiquitiesOf

കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് ഈ ശവക്കല്ലറയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്. രാജകീയ വര്‍ണങ്ങളായി പരിഗണിക്കപ്പെട്ട നിറങ്ങളാണ് ശവക്കല്ലറയ്ക്കകത്തെ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് പുരാവസ്തുവകുപ്പ് പറയുന്നു. 

ഇക്കാരണത്താല്‍ തന്നെ ഖുവി രാജവംശവുമായി അടുത്ത ബന്ധമുള്ളയാളായിരിക്കണം എന്ന സൂചന ഉയര്‍ത്തുന്നു. അഞ്ചാം രാജവംശകാലത്ത് പുരാതന ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ ജെഡ്കരെ ഇസേസി (Djedkare Isesi)യുമായി ഇദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധവും ഖുവിയുടെ സ്വാധീനമെന്തായിരുന്നു എന്നതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇസേസിയുടെ ശവകുടീരം ഖുവിയുടെതില്‍ നിന്നും അധികം അകലെയല്ല. ഇക്കാരണവും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടാകാനിടയുണ്ടെന്ന സൂചന ഉയര്‍ത്തുന്നു.

Egypt
Image: twitter.com/AntiquitiesOf

ഖുവിയുടെ മമ്മിയും എംബാം ചെയ്ത ശരീരത്തില്‍ നിന്നും എടുത്തുമാറ്റിയ ആന്തരികാവയവങ്ങള്‍ സൂക്ഷിക്കുന്ന കുടങ്ങളും ശവക്കല്ലറയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഖുവിയുടെ ശവക്കല്ലറയിലെ കണ്ടെത്തലുകള്‍ ഫറവോ ഇസേസിയെ കുറിച്ചുള്ള തെളിവുകള്‍ തരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇംഗ്ലീള് അക്ഷരം 'എല്‍' ആകൃതിയിലാണ് ശവക്കല്ലറയുടെ നിര്‍മാണം. അകത്തെ മുറിയിലേക്ക് നയിക്കുന്ന ചെറിയ ഇടനാഴിയും ഇതിലുണ്ട്. ആ മുറിയിലാണ് രാജകീയ വര്‍ണങ്ങളില്‍ തീര്‍ത്ത മനോഹരമായ ചിത്രങ്ങള്‍ ഉള്ളത്. ഉപഹാരങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ഖുവിയുടെ ചിത്രമാണ് ഇതിലുള്ളത്. ശവക്കല്ലറയുടെ നിര്‍മിതിയില്‍ കൊണ്ടുവന്ന പുതുമ പ്രതിഫലിക്കുന്നതാണ് ഇതിന്റെ നിര്‍മിതിയെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഗവേഷകരുടെ ഈ പുതിയ കണ്ടെത്തലിന് ഈജിപ്ത് സര്‍ക്കാര്‍ മികച്ചരീതിയില്‍ പ്രചാരം നല്‍കുന്നുണ്ട്. അതുവഴി ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമം. 

Content Highlights: more than 4,000 years old,  newly discovered tomb in Egypt is looks like new one