നാലര പതിറ്റാണ്ടിന് ശേഷം അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാന്‍ ആലോചിക്കുമ്പോള്‍, പത്തുവര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് രണ്ടാംപേടകം അയയ്ക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇന്ത്യ.

Apollo 17
1972 ഡിസംബറില്‍ അപ്പോളോ 17 നില്‍ ചന്ദ്രനിലിറങ്ങിയ യൂജിന്‍ സെര്‍നാന്റെ ചിത്രം സഹസഞ്ചാരിയായ ഹാരിസണ്‍ ഷിമിറ്റ് പകര്‍ത്തിയത്. ഏറ്റവുമൊടുവില്‍ ചന്ദ്രനില്‍ കാലുകുത്തിയത് സെര്‍നാനും ഷിമിറ്റുമാണ്. ചിത്രം കടപ്പാട്: നാസ

 

ന്ത്രണ്ട് പേരാണ് ഇതുവരെ ചന്ദ്രനില്‍ കാല്‍കുത്തിയത്-അമേരിക്കയുടെ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി 1969 മുതല്‍ 1972 വരെയുള്ള കാലത്ത്. അതില്‍ നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ 'ബുസ്' ആല്‍ഡ്രിനും ആദ്യം ചന്ദ്രനിലിറങ്ങിയ ബഹിരാകാശ സഞ്ചാരികളെന്ന നിലയ്ക്ക് ഏറെ പ്രശസ്തി നേടി. 1969 ജൂലൈ 20നാണ് ഇരുവരും ചന്ദ്രനിലിറങ്ങിയത്. അതിന് ശേഷം അവിടെയെത്തിയ പത്തുപേര്‍ക്കും അത്ര പ്രശസ്തി കിട്ടിയില്ല. അതിനാല്‍ ആംസ്‌ട്രോങും ആല്‍ഡ്രിനും മാത്രമാണ് ചന്ദ്രനിലിറങ്ങിയതെന്ന് ചിലരെങ്കിലും കരുതുന്നു! 

ആദ്യം ചന്ദ്രനിലിറങ്ങിയ രണ്ടുപേരും ചന്ദ്രന്റെ പ്രതലത്തില്‍ 21 മണിക്കൂറും 31 മിനിറ്റുമാണ് തങ്ങിയത്. ഏറ്റവുമൊടുവില്‍ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി (1972 ഡിസംബര്‍ 11) എത്തിയ യൂജിന്‍ സെര്‍നാന്‍, ഹാരിസണ്‍ 'ജാക്ക്' ഷിമിറ്റ് എന്നിവര്‍ മൂന്നു ദിവസവും മൂന്നു മണിക്കൂറും 59 മിനിറ്റും ചാന്ദ്രപ്രതലത്തില്‍ ചെലവിട്ടു. 

ഭൂമിയിലല്ലാതെ മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യനെ അയയ്ക്കുക എന്ന ലക്ഷ്യമാണ് അപ്പോളോ ദൗത്യം വഴി അമേരിക്ക സാക്ഷാത്ക്കരിച്ചത്. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ 45 വര്‍ഷമാകുന്നു. ഈ അവസരത്തില്‍ ചന്ദ്രനിലേക്ക് വീണ്ടും സഞ്ചാരികളെ അയയ്ക്കാനും, ബഹിരാകാശ രംഗത്ത് അമേരിക്കയുടെ മേല്‍ക്കൈ പുനസ്ഥാപിക്കാനും ട്രംപ് ഭരണകൂടം ഒരുങ്ങുന്നു എന്നതാണ് പുതിയ വര്‍ത്തമാനം. അടുത്തയിടെ അമേരിക്കയുടെ 'നാഷണല്‍ സ്‌പേസ് കൗണ്‍സിലി'നെ (NSC) അഭിസംബോധന ചെയ്യുമ്പോള്‍, യു.എസ്.വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നത്, അപ്പോളോ ദൗത്യത്തില്‍ നിന്ന് വ്യത്യസ്തമായ ചില ലക്ഷ്യങ്ങളോടെയാണ്. അക്കാര്യം പെന്‍സ് ഇങ്ങനെ വ്യക്തമാക്കി: 'നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഞങ്ങള്‍ ചന്ദ്രനിലേക്ക് വീണ്ടുമയ്ക്കും. ഏതാനും കാല്‍പ്പാടുകളോ പതാകകളോ അവിടെ അവശേഷിപ്പിക്കാന്‍ മാത്രമല്ല, അമേരിക്കക്കാരെ ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും അയയ്ക്കാനുള്ള താവളം ചന്ദ്രനിലൊരുക്കാനാണ്'. 

ചൊവ്വയിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമം, യു.എസ്.സ്‌പേസ് ഏജന്‍സിയായ നാസ 2010 മുതല്‍ ആരംഭിച്ചിരുന്നു. അക്കാര്യത്തില്‍ ചന്ദ്രനെ ഇടത്താവളമാക്കാന്‍ നാസ ആലോചിച്ചിരുന്നില്ല. എന്നാല്‍, വൈസ് പ്രസിഡന്റ് പെന്‍സിന്റെ പ്രസ്താവനയോടെ, നാസയ്ക്ക് അവരുടെ പദ്ധതി പുനരവലോകനം നടത്തേണ്ടി വരും. ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യനെ എത്തിക്കാന്‍ പുതിയ റോക്കറ്റായ 'സ്‌പേസ് ലോഞ്ച് സിസ്റ്റം' (Space Launch System - SLS ), ബഹിരാകാശ പേടകമായ 'ഒറായണ്‍' (Orion) എന്നിവ വികസിപ്പിക്കാന്‍ നാസ തുടങ്ങിയിട്ടുണ്ട്. ഈ റോക്കറ്റും പേടകവും ചന്ദ്രനില്‍ വീണ്ടും സഞ്ചാരികളെ എത്തിക്കാന്‍ ഉപയോഗിക്കാനാകും.

യാദൃശ്ചികമാകാം, ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-2' വിക്ഷേപിക്കാന്‍ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന വേളയിലാണ് അമേരിക്ക വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-1' വിക്ഷേപിച്ചത് 2008 ലാണ്. അതു കഴിഞ്ഞ് പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രണ്ടാംദൗത്യവുമായി ഇന്ത്യ രംഗത്തെത്തുന്നത്. 2018 മര്‍ച്ചില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് 'ജിഎസ്എല്‍വി മാര്‍ക്ക്-II റോക്കറ്റില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. 

Chandrayaan 1
ചന്ദ്രയാന്‍-1, ചിത്രകാരന്റെ ഭാവന. ഇതിന്റെ തുടര്‍ച്ചയായി ചന്ദ്രയാന്‍-2 അടുത്ത മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ചിത്രം കടപ്പാട്: ഐഎസ്ആര്‍ഒ 

 

ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതിലത്തില്‍ പര്യവേക്ഷണം നടത്തുന്ന ആറുചക്രമുള്ള റോവര്‍ -ഈ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍-2. റോവറിന്റെ അവസാനഘട്ട പരീക്ഷണം ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അകാലത്തില്‍ അവസാനിച്ചെങ്കിലും, അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം വിക്ഷേപിച്ചവയില്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്ന ഖ്യാതി നേടാന്‍ ചന്ദ്രയാന്‍-1 ന് കഴിഞ്ഞിരുന്നു. ചാന്ദ്രപ്രതലത്തിലെ ജലസാന്നിധ്യം സ്ഥിരീകരിച്ചത് ഇന്ത്യന്‍ പേടകമാണ്. 

സ്വാഭാവികമായും ചന്ദ്രയാന്‍-1 ന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2 ദൗത്യം. 603 കോടി രൂപയാണ് മതിപ്പ് ചെലവ്. ഇന്ത്യയുടെ സ്‌പേസ് സങ്കേതങ്ങള്‍ പരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അവസരം ആ ദൗത്യം ഒരുക്കിത്തരും. ഒപ്പം ചന്ദ്രനിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും ചന്ദ്രയാന്‍-2 ന്റെ ലക്ഷ്യമാണ്. ചന്ദ്രനിലെ പരിസ്ഥിതി സംബന്ധിച്ച് ഇനിയും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലാത്ത ഒരു മേഖല, ചാന്ദ്രപ്രതലത്തില്‍ തറയില്‍ നിന്ന് ഏതാനും സെന്റീമീറ്റര്‍ ഉയരത്തില്‍ പൊങ്ങിപ്പരക്കുന്ന ധൂളീപടലങ്ങള്‍ (floating lunar dust) ആണ്. 

ഭൂമിയിലേതു പോലെ അന്തരീക്ഷം ചന്ദ്രനിലില്ല. സൗരവാതവും അള്‍ട്രാവയലറ്റ് റേഡിയേഷനും ചേര്‍ന്ന് ഒരു പ്ലാസ്മാ പാളി ചാന്ദ്രപ്രതലത്തില്‍ സൃഷ്ടിക്കപ്പെടുന്നു. അതിലാണ് ധൂളീപടലങ്ങള്‍ പൊങ്ങിപ്പരക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്‍ സ്ഥിരതാമസമാക്കുന്നു എങ്കില്‍, പ്രധാന വെല്ലുവിളികളില്‍ ഒന്ന് ഈ ധൂളീപടലമായിരിക്കും. ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടുകളില്‍ മുതല്‍ യന്ത്രങ്ങളിലും ഉപകരണങ്ങളിലുമെല്ലാം ഈ ധൂളീപടലം കടന്നുകയറി തകരാറുകള്‍ സൃഷ്ടിക്കും. 

ചന്ദ്രനില്‍ സ്ഥിരം താവളമൊരുക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആലോചിക്കുന്ന സമയത്ത് ഈ വിചിത്ര പൊടിപടലത്തെക്കുറിച്ച് പഠിക്കുക എന്നത് വളരെ പ്രധാനമാണ്. 'റേഡിയോ അനാറ്റമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെന്‍സിറ്റീവ് അയണോസ്ഫിയര്‍ ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍' ('രംഭ' - RAMBHA) എന്നൊരു പരീക്ഷണോപകരണം ചന്ദ്രയാന്‍-2 ലുണ്ട്. ചാന്ദ്രപ്രതലത്തിലെ പ്ലാസ്മയുടെ സാന്ദ്രതയും, അത് ചാന്ദ്രപ്രതലത്തില്‍ പരക്കുന്നതിന്റെ തോതും കണ്ടെത്താനുള്ളതാണ് ഈ ഉപകരണം. ചന്ദ്രനിലെ നിലവിലെ പരിസ്ഥിതി എങ്ങനെ ഉരുത്തിരിഞ്ഞു എന്നറിയാന്‍ സഹായിക്കുന്നവയാണ് ചന്ദ്രയാന്‍ 2 ലെ മറ്റ് പരീക്ഷണോപകരണങ്ങള്‍. 

എന്നുവെച്ചാല്‍, ചന്ദ്രയാന്‍-2 നടത്തുന്ന അന്വേഷണങ്ങള്‍ ചന്ദ്രനില്‍ സ്ഥിരംതാവളമൊരുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായിരിക്കും എന്നര്‍ഥം.

അവലംബം-

1.  NASA will put humans on the Moon again, Mike Pence tells space council, by Loren Grush. The Verge, Oct 5, 2017.  
2. India gears up for second Moon mission, by T. V. Padma. Nature, 24 October 2017.
3. Dust 'Floats' Above Lunar Surface: Electrostatic Dust Transport Reshapes Surfaces of Airless Planetary Bodies, Nasa 

* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Chandrayaan 2, Moon Mission, Luanar Mission, humans on the Moon again, NASA, ISRO, Indian Space Programme, Mars Journey