വടക്കന്‍ ബോട്‌സ്വാനയിലെ മാക്ഗഡിഗാദി പ്രദേശമായിരുന്നു ഹോമോ സാപ്പിയന്‍സിന്റെ ആദിഗേഹമെന്ന് പുതിയ പഠനം. ചുറ്റും വിശാലമായ മരുപ്രദേശം ആയിരുന്നതിനാല്‍ 70,000 വര്‍ഷത്തോളം നമ്മുടെ പൂര്‍വികര്‍ ആ പ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞു
------------------
സമീപകാല ശാസ്ത്രചരിത്രത്തില്‍ ഏറ്റവും ആകാംക്ഷയുണര്‍ത്തിയ ഒന്നാകണം, നമ്മുടെയെല്ലാം 'ആദിമാതാവ്' ആഫ്രിക്കയില്‍ ജീവിച്ചിരുന്നു എന്ന നിഗമനം! ജനിതകശാസ്ത്രമാണ് ഈ വസ്തുതയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത്.
തലമുറ തലമുറയായി അമ്മ വഴി മാത്രം മാറ്റമില്ലാതെ പകര്‍ന്നു കിട്ടുന്നതാണ് 'മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ' അഥവാ 'മൈറ്റോജിനോം' (Mitogenome). മൈറ്റോജിനോമിന്റെ സഹായത്തോടെ, ജനിതകവഴികളിലൂടെ പിന്നോട്ട് സഞ്ചരിച്ചാല്‍ നാമെത്തുക ആഫ്രിക്കയിലെ ആദിമാതാവിലേക്ക് ആയിരിക്കുമെന്ന്, അമേരിക്കന്‍ ഗവേഷകന്‍ അലന്‍ വില്‍സണ്‍ (Allan Wilson) ആണ് കണ്ടെത്തിയത്.
യുഎസിലെ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായിരുന്നു വില്‍സണ്‍. ഭൂമുഖത്തെ അഞ്ചു വ്യത്യസ്ത ജനതകളില്‍പെട്ട 147 പേരില്‍ നിന്ന് ശേഖരിച്ച മൈറ്റോജിനോം അദ്ദേഹം വിശകലനം ചെയ്തു. അവയിലെ മ്യൂട്ടേഷനുകള്‍ അഥവാ ജനിതക അക്ഷരത്തെറ്റുകള്‍ ആധാരമാക്കി ഒരു 'വംശവൃക്ഷ'ത്തിന് രൂപംനല്‍കിയപ്പോള്‍, അതിന്റെ ശാഖകള്‍ ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ചായുന്നതായി കണ്ടു. പക്ഷേ, തായ്ത്തടി ആഫ്രിക്കയിലേക്കാണ് നീളുന്നത്.

Jane Scherr photo/UC Berkeley
ഭൂമിയില്‍ ഇന്നുള്ളവരെല്ലാം, രണ്ടുലക്ഷം വര്‍ഷംമുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഒരു പ്രാചീനസ്ത്രീയുടെ വംശാവലിയില്‍ പെട്ടവരാണെന്ന് വില്‍സണ്‍ നിഗമനത്തിലെത്തി. ആഫ്രിക്കന്‍ ആദിമാതാവിന് 'മൈറ്റോകോണ്‍ഡ്രിയല്‍ ഹൗവ്വ' (Mitochondrial Eve) എന്ന് പേരും നല്‍കി. നരവംശ ഗവേഷകര്‍ക്കിടയില്‍ പുതിയ വിവാദങ്ങള്‍ക്കും പുതിയ സാധ്യതകള്‍ക്കും തുടക്കമിടുന്നതായിരുന്നു, വില്‍സണും സംഘവും 'നേച്ചര്‍' ജേര്‍ണലില്‍ 1987 ല്‍ പ്രസിദ്ധീകരിച്ച പഠനം.
മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയില്‍ നിന്നാണെന്ന്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ചാള്‍സ് ഡാര്‍വിന്‍ പ്രസ്താവിക്കുകയുണ്ടായി. പില്‍ക്കാലത്ത് ആര്‍ക്കയോളജി പഠനങ്ങളും പുരാവസ്തുശാസ്ത്രവും ആ വാദത്തെ പിന്തുണച്ചെങ്കിലും, ആധുനിക നരവംശമായ ഹോമോ സാപ്പിയന്‍സ് ഒരു ആഫ്രിക്കന്‍ ജീവിവര്‍ഗ്ഗമാണെന്ന് അസന്നിഗ്ധമായി തെളിയിച്ചത് വില്‍സണ്‍ നടത്തിയ പഠനമാണ്.
ആഫ്രിക്കയില്‍ നമ്മുടെ പൂര്‍വികര്‍ ആദ്യചുവടുവെപ്പ് നടത്തിയ സ്ഥലമാകണം 'ആദിമാതാവി'ന്റെ വാസഗേഹം. പക്ഷേ, അതെവിടെയായിരുന്നു? ഇത്രകാലവും ഉത്തരം ലഭിക്കാത്ത ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ്, ഓസ്‌ട്രേലിയന്‍ ഗവേഷക വനിസ്സ ഹെയ്‌സ് (Vanessa Hayes). സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ 'ഗാര്‍വന്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ (Garvan Institute of Medical Research) ഗവേഷകയാണ് ഡോ.ഹെയ്‌സ്. അവരുടെ നേതൃത്വത്തില്‍ നടന്ന പത്തുവര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് അടുത്തയിടെ 'നേച്ചര്‍' ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു (Nature, Oct 28, 2019).

ജനിതകപഠനം, പുരാവസ്തുശാസ്ത്രം, പ്രാചീനകാലാവസ്ഥ, ഭൗമശാസ്ത്രം, പ്രാചീന ഭൂമിശാസ്ത്രം-ഇങ്ങനെ വ്യത്യസ്ത പഠനമേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ സമഗ്രമായി കൂട്ടിയിണക്കിയാണ് ഡോ.ഹെയ്‌സും സംഘവും പഠനം നടത്തിയത്. അതിന്റെ ഫലമായി അവരെത്തിയ പ്രധാന നിഗമനം ഇതാണ്: ഇപ്പോഴത്തെ ബോട്‌സ്വാനയുടെ വടക്കന്‍ മേഖലയിലാണ് രണ്ടുലക്ഷം വര്‍ഷം മുമ്പ് നമ്മുടെ 'ആദിമാതാവ്' ജീവിച്ചിരുന്നത്! അതായിരുന്നു ആധുനിക നരവംശത്തിന്റെ ആദിഗേഹം!
ഒറ്റപ്പെടലും രണ്ടു കുടിയേറ്റങ്ങളും
തെക്കന്‍ ആഫ്രിക്കയിലെ കലഹാരി മരുഭൂമി (Kalahari Desert) ഒരു സാവന്ന പ്രദേശമാണ്. അവിടെ, ബോട്‌സ്വാനയുടെ വടക്കന്‍ മേഖലയില്‍ മാക്ഗഡിഗാദി (Makgadikgadi) എന്നൊരു പ്രദേശമുണ്ട്. ലോകത്ത് ലവണ അടരുകള്‍ (salt flats) നിറഞ്ഞ പ്രധാനസ്ഥലങ്ങളിലൊന്നാണ് ഇപ്പോള്‍ അവിടം. എന്നാല്‍, ഏതാണ്ടു രണ്ടുലക്ഷം വര്‍ഷംമുമ്പ് ഇതായിരുന്നില്ല കഥ. അന്ന് തടാകങ്ങളും വനങ്ങളും പുല്‍മേടുകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു അത്.
ആദിമ നരവംശങ്ങളുടെ വാസസ്ഥലമായിരുന്നു മാക്ഗഡിഗാദി എന്നകാര്യം ഗവേഷകര്‍ക്ക് മുമ്പുതന്നെ അറിവുള്ളതാണ്. അവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ശിലായുധങ്ങള്‍ തെളിവാണ്. ശിലായുധങ്ങള്‍ ഉപയോഗിച്ചിരുന്ന ആദിമ നരവംശങ്ങളില്‍ ഏതാണ് അവിടെ കഴിഞ്ഞിരുന്നതെന്ന് പക്ഷേ, വ്യക്തമല്ല.
ഇരുകാലില്‍ നിവര്‍ന്നു നടന്ന ഹോമോ ഇറക്ടസ് (Homo erectus) വര്‍ഗ്ഗം, 18 ലക്ഷം വര്‍ഷം മുമ്പുതന്നെ ശിലായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതിന് തെളിവുണ്ട്. ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും ഇറക്ടസ് വര്‍ഗ്ഗം വ്യാപിച്ചു, ഏഷ്യയിലും എത്തി. ഇറക്ടസുകള്‍ പരിണമിച്ച് മറ്റ് നരവംശങ്ങള്‍ രൂപപ്പെട്ടു. അതില്‍ ആഫ്രിക്കയിലെ ഏതോ ഒരു കൈവഴി ആധുനിക നരവംശമായ ഹോമോ സാപ്പിയന്‍സ് ആയി മാറിയെന്ന് പൊതുവെ കരുതപ്പെടുന്നു.
ഡോ.ഹെയ്‌സും സംഘവും നടത്തിയ പഠനം അനുസരിച്ച്, രണ്ടുലക്ഷം വര്‍ഷം മുമ്പ് വടക്കന്‍ ബോട്‌സ്വാനയിലെ മാക്ഗഡിഗാദി പ്രദേശം ഹോമോ സാപ്പിയന്‍സിന്റെ ആധിപത്യത്തിന്‍ കീഴിലായി. മാക്ഗഡിഗാദിയിലെ പ്രാചീനതടാകം ഭൗമപ്രവര്‍ത്തനങ്ങളാല്‍ നശിച്ച് ചതുപ്പുകളായി മാറുന്ന കാലമായിരുന്നു അത്. ചുറ്റും വിശാലമായ മരുപ്രദേശം ആയിരുന്നതിനാല്‍ 70,000 വര്‍ഷത്തോളം വര്‍ഷം നമ്മുടെ പൂര്‍വികര്‍ മാക്ഗഡിഗാദി പ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞു. അതായിരുന്നു, ആധുനിക മനുഷ്യന്റെ ആദിഗേഹം!

കാലാവസ്ഥയില്‍ വന്ന മാറ്റം മൂലം 130,000 വര്‍ഷം മുമ്പ് മാക്ഗഡിഗാദിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഒരു ഹരിതഇടനാഴി രൂപപ്പെട്ടു. വനങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ ആ ഇടനാഴി വേട്ടയാടാന്‍ പറ്റിയ ഇടമായി. അതിനെ പിന്തുടര്‍ന്ന് നമ്മുടെ പൂര്‍വികരില്‍ ഒരു ഭാഗം മാക്ഗഡിഗാദിയില്‍ നിന്ന് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് കുടിയേറി. സമാനമായ സംഗതി 110,000 വര്‍ഷംമുമ്പും സംഭവിച്ചു. ഇത്തവണ പക്ഷേ, അത് തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്കായിരുന്നു. വിശാലമായ ലോകത്തേക്ക് ഹോമോ സാപ്പിയന്‍സ് എത്തുന്നതിന്റെ തുടക്കം ഇതാണെന്ന് പഠനം പറയുന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കന്‍ പ്രദേശത്തെ 1200 ലേറെ ഗോത്രവര്‍ഗ്ഗക്കാരുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ശേഖരിച്ച് വിശകലനം ചെയ്തായിരുന്നു പഠനം. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ യില്‍ കാണപ്പെടുന്ന പ്രാചീന ജനിതകത്തുടര്‍ച്ചകളില്‍ (lineages) പ്രധാനപ്പെട്ട 'L0 ഗ്രൂപ്പി'ന്റെ വ്യത്യസ്ത വകഭേദങ്ങളെ ഗവേഷകര്‍ പിന്തുടര്‍ന്നു. അതുവഴിയാണ് കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചത്.
വംശവൃക്ഷത്തിന്റെ കൊമ്പുകളും തായ്ത്തടിയും
'ഫോസില്‍ പഠനങ്ങളില്‍ മിക്കതും ആദിമമനുഷ്യന്‍ പിറവിയെടുത്തത് കിഴക്കന്‍ ആഫ്രിക്കയിലാണെന്ന് പറയുമ്പോള്‍, ജനിതകപഠനങ്ങള്‍ ശാസ്ത്രത്തെ നയിക്കുന്നത് തെക്കേആഫ്രിക്കയിലേക്കാണ്'-ഡോ.ഹെയ്‌സ് എഴുതുന്നു. 'ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാനായി, 'ഖോസാന്‍' (KhoeSan) എന്ന പ്രാചീന ജനവിഭാഗത്തിലേക്ക് ഞങ്ങള്‍ ശ്രദ്ധതിരിച്ചു. നമ്മുടെ പൊതുപൂര്‍വികരുമായി ഏറ്റവുമധികം ജനിതകസാമ്യം ഈ ഗ്രൂപ്പിനുണ്ട്. മനുഷ്യന്റെ വംശവൃക്ഷത്തിന്റെ കൊമ്പുകളിലാണ് നമ്മളിരിക്കുന്നതെങ്കില്‍, അതിന്റെ തായ്ത്തടിയാണ് ഖോസാന്‍ ജനതയുടെ സ്ഥാനം'.
ആ പ്രാചീന ജനതയ്‌ക്കൊപ്പം ഗവേഷകസംഘത്തിലെ അംഗങ്ങള്‍ ഒരു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളെലെ മറ്റ് വംശീയ, ഭാഷാ ഗ്രൂപ്പുകളെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. പുതിയതായി തിരിച്ചറിഞ്ഞതോ, അപൂര്‍വ്വമായതോ ആയ 200 ഖോസാന്‍ വംശശാഖകളില്‍ നിന്നുള്ള മൈറ്റോജീനോമുകള്‍ (മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ) വിശകലനം ചെയ്തു.
ആ വിവരങ്ങള്‍, നിലവില്‍ ലഭ്യമായ മൈറ്റോജീനോം ഡേറ്റയുമായി താരതമ്യം ചെയ്ത് ഒരു 'വംശവൃക്ഷത്തി'ന് ഡോ.ഹെയ്‌സും സംഘവും രൂപംനല്‍കി. ജനിതകശാഖകള്‍ എവിടെ നിന്നെല്ലാം എത്തുന്നുവെന്നും, അവയുടെ വേരുകള്‍ എങ്ങോട്ടെല്ലാം നീളുന്നുവെന്നും പരിശോധിച്ചപ്പോള്‍, 'പരിണാമവൃക്ഷത്തിന്റെ തായ്ത്തടിയിലേക്ക് സൂം ചെയ്‌തെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു'-ഡോ.ഹെയ്‌സ് വെളിപ്പെടുത്തി.
രണ്ടുലക്ഷം വര്‍ഷം പിന്നിലേക്കാണ് അവര്‍ എത്തിയത്, ഒപ്പം വടക്കന്‍ ബോട്‌സ്വാനയിലെ മാക്ഗഡിഗാദിയിലേക്കും! അക്കാലത്ത് വളരെ ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു അതെന്ന കാര്യംകൂടി ചേര്‍ത്തുവായിക്കുക.

ജിനോം പഠനത്തിനൊപ്പം, മറ്റ് ഗവേഷണ മേഖലകളിലെ കണ്ടെത്തലുകളും ഡോ.ഹെയ്‌സും സംഘവും ഉപയോഗിച്ചതായി സൂചിപ്പിച്ചല്ലോ. പുരാതന ഭൂമിശാസ്ത്രം, ഹിമയുഗങ്ങള്‍ക്ക് കാരണമായ ഭൂമിയുടെ ഭ്രമണപഥത്തിലെ ചാഞ്ചാട്ടങ്ങള്‍, ഭൗമഅച്ചുതണ്ടിന്റെ വ്യതിചലനം, അതുവഴി പ്രാചീന കാലാവസ്ഥയ്ക്ക് സംഭവിച്ച വ്യതിയാനങ്ങള്‍, മാക്ഗഡിഗാദി മേഖലയുടെ ഭൗമചരിത്രം ഒക്കെ സമഗ്രമായി പരിശോധിച്ചു. പഠനത്തില്‍ പങ്കാളിയായ ദക്ഷിണകൊറിയന്‍ കാലാവസ്ഥ വിദഗ്ധന്‍ ആക്‌സല്‍ ടിമ്മര്‍മാന്‍ (Axel Timmermann) ആണ് ഇക്കാര്യങ്ങള്‍ പരിശോധിച്ചത്. മൈറ്റോജിനോം ഡേറ്റയും കാലാവസ്ഥാ ചരിത്രവും ചേര്‍ന്നു പോകുന്നതായി ഗവേഷകര്‍ കണ്ടു.
70,000 വര്‍ഷത്തോളം മാക്ഗഡിഗാദിയില്‍ ഒറ്റപ്പെട്ടു കഴിഞ്ഞ നമ്മുടെ പൂര്‍വികര്‍, മുകളില്‍ സൂചിപ്പിച്ചതു പോലെ രണ്ടുഘട്ടങ്ങളിലായി പുറംലോകത്തേക്ക് കുടിയേറിയ കാര്യം ഇത്തരം വിശകലനം വഴിയാണ് കണ്ടെത്തിയത്. തെക്കേആഫ്രിക്കയുടെ വിവിധ മേഖലകളിലേക്ക് ഹോമോ സാപ്പിയന്‍സ് എത്തിയത് തെക്കുപടിഞ്ഞാറന്‍ കുടിയേറ്റം വഴിയാകണം. വടക്കുകിഴക്കന്‍ ദിക്കിലേക്കുണ്ടായ കുടിയേറ്റമായിരിക്കണം കൂടുതല്‍ വിശാലമായ ലോകത്തേക്ക് മാക്ഗഡിഗാദി സന്തതികളെ എത്തിച്ചത്.
ഈ സംഭവങ്ങള്‍ അരങ്ങേറി സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ഗ്രൂപ്പിലെ ധൈര്യശാലികളായ ചില സാഹസികര്‍ ഏഷ്യയിലേക്ക് കുടിയേറി പാര്‍പ്പുറപ്പിച്ചു. അവരുടെ പിന്‍ഗാമികള്‍ ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിച്ചു. പൂര്‍വിക നരവംശങ്ങളില്‍ പെട്ട നിയാണ്ടെര്‍ത്തലുകള്‍ യൂറോപ്പിലും, ഡെനിസോവന്‍സുകള്‍ ഏഷ്യയിലും ഉള്ള കാലമാണത്. ആ പൂര്‍വികവംശങ്ങളുമായി ചില 'അവിഹിതങ്ങള്‍' സംഭവിക്കുകയും, പുതിയ കുടിയേറ്റക്കാരുടെ ജിനോമില്‍ കൂടുതല്‍ കലര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു.
ഇതൊക്കെ ആണെങ്കിലും, ഡോ.ഹെയാസ് അവതരിപ്പിച്ച മനുഷ്യചരിത്ര വേര്‍ഷന്‍ വിശ്വസിക്കാത്ത ഗവേഷകരുണ്ട്. മനുഷ്യന്റെ മൈറ്റോജീനോമിക് വംശവൃക്ഷത്തില്‍ പിന്നോട്ട് പോകുന്തോറും അനിശ്ചിതത്വം ഏറുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഇനിയും വേണമെന്ന് അവര്‍ വാദിക്കുന്നു.
അവലംബം -
* Human origins in a southern African palaeo-wetland and first migrations. By Eva K.F.Chan, et. al. Nature, Oct 28, 2019.
* Human evolution - Where was Eden? Perhaps in a sun-baked salt plain in Botswana. The Economist, Oct 31, 2019.
* Humanity's birthplace: why everyone alive today can call northern Botswana home. By Vanessa Hayes. The Conversation, October 29, 2019.
* Experts question study claiming to pinpoint birthplace of all humans. By Ann Gibbons. Science, Oct. 28, 2019
* Who We are and How We got Here: Ancient DNA and The New Science of The Human Past (2018). By David Deich. The University Press, New Delhi.
* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Mitochondrial Eve, Human evolution, Botswana, Vanessa Hayes, Anthropology, Human Migration, KhoeSan people, Common Ancestors