ചൊവ്വയെ കുറിച്ച് ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐഎസ്ആര്‍ഒ ഗവേഷകര്‍. ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തല്‍. ഇത് ഭൂമിയുടേതിനേക്കാള്‍ വേഗത്തിലാണ് സംഭവിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

വ്യാപകമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉപരിതല പാളിയില്‍ ശക്തമായചൂട് വര്‍ധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഓയുടെ മാസ് ഓര്‍ബിറ്റര്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ കണ്ടെത്തി. നേരത്തെ നാസയുടെ മേവന്‍ പേടകവും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 

ചൊവ്വയെ കുറിച്ച് പഠിക്കുകയാണ് മംഗള്‍യാനിന്റേയും മേവന്‍ പേടകത്തിന്റേയും ലക്ഷ്യം. രണ്ടും ചൊവ്വയുടെ രണ്ട് ഭാഗങ്ങളിലായാണ് പര്യവേക്ഷണം നടത്തുന്നത്. 2018 മുതല്‍ ചൊവ്വയിലെ പൊടിക്കാറ്റ് വര്‍ധിച്ചുവരുന്നതായി മംഗള്‍യാന്‍ നിരീക്ഷിക്കുന്നുണ്ട്. 

അന്തരീക്ഷ നഷ്ടത്തിന്റെ തോത് അതിന്റെ ബാഹ്യപാളിയിലെ താപനിലയെയും ഗ്രഹത്തിന്റെയും വലിപ്പത്തെ ആശ്രയിച്ചാണുള്ളതെന്നും പഠനം പറയുന്നു. പെട്ടെന്നുള്ള ശക്തമായ പൊടിക്കാറ്റുകള്‍ അവിടെ വ്യാപകമാണ്. അത് തുടര്‍ച്ചയായി അന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ചൊവ്വയുടെ ബാഹ്യാന്തരീക്ഷത്തില്‍ ചൂടുവര്‍ധിക്കുകയും വികാസമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള ശക്തമായ പൊടിക്കാറ്റ് വൈകുന്നേരങ്ങളില്‍ പതിവായി നടക്കുന്നുണ്ടെന്നും മംഗള്‍യാന്‍ കണ്ടെത്തി. 

ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനും ചൊവ്വയില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം സൃഷ്ടിക്കാനുമുള്ള നാസയുടെ പദ്ധതികള്‍ക്ക് ഭീഷണിയാവുന്ന കണ്ടെത്തലുകളാണിവ. ചൊവ്വ വാസയോഗ്യമായിരിക്കുമെന്ന നിരീക്ഷണത്തിലാണ് ശാസ്ത്രലോകം ഇതുവരെ. ഇവിടെ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താപനില വര്‍ധിച്ചുവരികയും അന്തരീക്ഷം ദുര്‍ബലമാവുകയും ചെയ്താല്‍ ഈ പ്രതീക്ഷകളെല്ലാം തകിടം മറിയും.