ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ചൊവ്വയെ ചുറ്റാന്‍ നിശ്ചയിക്കപ്പെട്ട ആറുമാസം ചൊവ്വാഴ്ച പിന്നിടുന്നു. അവിടെ പേടകത്തിന് ആറുമാസമാണ് പ്രതീക്ഷിച്ച ആയുസ്സെങ്കിലും അത് ഇനിയും മാസങ്ങളോളം കാര്യക്ഷമമായിരിക്കും.
ഇപ്പോള്‍ 37 കിലോഗ്രാം ഇന്ധനമിശ്രിതം മംഗള്‍യാനില്‍ ബാക്കിയുണ്ട്. ചൊവ്വയെ ചുറ്റാന്‍ തുടങ്ങിയപ്പോഴുള്ള ആയംകൊണ്ടുതന്നെ ഉപഗ്രഹം സഞ്ചാരംതുടരും. ആവശ്യമായേക്കാവുന്ന പഥം ക്രമപ്പെടുത്തലിനാണ് ഇന്ധനം. അതിനുകഴിയുമെന്നതുകൊണ്ട് മാസങ്ങളോളം ഉപഗ്രഹത്തിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ പറയുന്നത്.
മംഗള്‍യാന്‍ എന്ന് വിളിപ്പേരുള്ള 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-2013' 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കപ്പെട്ടത്. പി.എസ്.എല്‍.വി. സി-25 റോക്കറ്റ് മംഗള്‍യാന്‍ പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താത്കാലിക പഥത്തിലാണ് എത്തിച്ചത്. തുടര്‍ന്ന് ഒരു മാസത്തോളം മംഗള്‍യാന്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്നു. ഐ.എസ്.ആര്‍.ഒ. അതിലെ ദ്രവ ഇന്ധന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് സഞ്ചാരപഥം പടിപടിയായി വികസിപ്പിച്ചു.
അക്കൊല്ലം ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യന് ചുറ്റുമുള്ള പഥത്തിലാക്കി. 298 ദിവസംകൊണ്ട് പേടകം സൂര്യനെ പകുതി വലംവെച്ചു. ആ വേളയില്‍ നടത്താനിരുന്ന പഥം തിരുത്തലുകളില്‍ രണ്ടെണ്ണം വേണ്ടിവന്നില്ല. അതിനാല്‍, ഇന്ധനമിശ്രിതം ലാഭിക്കാനായി.
2014 സപ്തംബര്‍ 24-ന് രാവിലെയാണ് മംഗള്‍യാനെ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റിയത്. 2015 മാര്‍ച്ച് 24-ന് അവിടെ ആറുമാസം പിന്നിടുന്നു. പേടകത്തിലെ അഞ്ച് പഠനോപകരണങ്ങള്‍ ഇനിയുള്ള അധിക കാലയളവില്‍ ചൊവ്വയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അയച്ചേക്കും.
എന്നാല്‍, ജൂണ്‍ എട്ടുമുതല്‍ 22 വരെ മംഗള്‍യാനില്‍നിന്ന് വിവരങ്ങളൊന്നും കിട്ടില്ല. ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യന്‍ വരുന്നതാണ് കാരണം. മുന്‍കൂട്ടി കൊടുത്തിട്ടുള്ള നിര്‍ദേശങ്ങളെടുത്ത് മംഗള്‍യാന്‍ അപ്പോഴും കുഴപ്പംകൂടാതെ പ്രവര്‍ത്തിക്കും. പക്ഷേ, അപ്പോള്‍ അതില്‍നിന്ന് സൂചനകള്‍ കിട്ടില്ല.
മംഗള്‍യാന്‍ ചൊവ്വയെപ്പറ്റി ഇതിനകം അയച്ച സൂചനകളും ചിത്രങ്ങളും അതിവിശദമായി പഠിച്ചതിനുശേഷം ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നാണ് ഐ.എസ്.ആര്‍.ഒ. പറയുന്നത്.
ചൊവ്വയുടെ വ്യക്തമായ ചിത്രങ്ങള്‍ മംഗള്‍യാനിലെ കളര്‍ക്യാമറ ആറുമാസത്തിനുള്ളില്‍ അയയ്ക്കുകയുണ്ടായി. ചൊവ്വോപരിതലം പ്രതിഫലിപ്പിക്കുന്ന വികിരണങ്ങളുടെ മാപ്പ് തയ്യാറാക്കാനും മംഗള്‍യാന്‍ സഹായിച്ചു. ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വഭാവം മനസ്സിലാക്കാന്‍ ഇവ ഉപകരിക്കും. മീഥെയ്ന്‍ വാതകം എവിടെയെല്ലാം എത്രമാത്രം ഉണ്ടെന്നും അത് സൂചിപ്പിച്ചേക്കും. ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നുവെന്നതിന്റെ സൂചനയാകാം മീഥെയ്ന്‍ (ചിത്രം കടപ്പാട്: ISRO).