കോട്ടയം: ശരീരത്തിലെ പരിക്കുകള്‍ ഭേദമാക്കുന്നതിനും കോശ പുനരുജ്ജീവനത്തിനും സഹായകമാകുന്ന ജൈവ പോളിമര്‍ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് ബ്രസീല്‍, റഷ്യ, ഇന്ത്യ ചൈന, സൗത്ത് ആഫ്രിക്ക (ബ്രിക്‌സ്) എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല.

നാനോ സെല്ലുലോസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജൈവപോളിമര്‍ ഉപയോഗിച്ച് ഇതിനാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. നാനോ, പോളിമര്‍ ഗവേഷണത്തില്‍, വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല കൈവരിച്ച നേട്ടങ്ങളാണ് ഈ ഗവേഷണ പദ്ധതിക്ക് സര്‍വകലാശാലയെ അര്‍ഹമാക്കിയത്.

ബ്രിക്‌സ് രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ എം.ജി.സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി ഗവേഷണം ഏകോപിപ്പിക്കും.

പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. രാജി എന്നിവരും ഗവേഷകരായിരിക്കും.ചൈനയിലെ ഹുവാങ് ഷോങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെയും റഷ്യയിലെ നാഷണല്‍ റിസര്‍വ്വ് ഒഗറേവ് മെര്‍സോവിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും സംഘങ്ങളും ഗവേഷണത്തില്‍ പങ്കുചേരുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അറിയിച്ചു.

Content Highlights: M.G University to lead cell recreation research programme