ലണ്ടന്‍: ശാന്തസമുദ്രത്തില്‍ കാണുന്ന ലിങ്‌കോഡ് മത്സ്യത്തിന് ദിവസവും പല്ലുകൊഴിയും. അതും ഏകദേശം 20 എണ്ണംവെച്ച്. അഞ്ചടി നീളവും 36 കിലോഗ്രാംവരെ തൂക്കവും വെക്കുന്ന ലിങ്‌കോഡുകള്‍ക്ക് സൂചിമുനപോലെ കൂര്‍ത്ത അഞ്ഞൂറോളം പല്ലുകളാണുള്ളത്.

ഞണ്ടടക്കം പുറംതോടുള്ള ജീവികളെ ഒറ്റക്കടിക്ക് തവിടുപൊടിയാക്കാന്‍ ഇവയ്ക്കാവുകയും ചെയ്യും. പക്ഷേ, എങ്ങനെയാണവ പല്ലുകളിത്രയും മൂര്‍ച്ചയുള്ളതായി സൂക്ഷിക്കുന്നതെന്ന കാര്യം ഇത്രയുംകാലം നിഗൂഢമായിരുന്നു. ദിവസവും മൂന്നുശതമാനം പല്ല് കൊഴിച്ചുകൊണ്ടാണ് ഈ സവിശേഷത നിലനിര്‍ത്തുന്നതെന്ന് 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി ജേണലി'ല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കൊഴിഞ്ഞസ്ഥാനത്ത് വീണ്ടും പല്ല് മുളയ്ക്കുകയും ചെയ്യും. വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഫ്രൈഡേ ഹാര്‍ബര്‍ ലബോറട്ടറിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമായ പസഫിക് ലിങ്‌കോഡുകളില്‍ 20 ശതമാനത്തിനും ഫ്‌ലൂറസന്റ് പച്ചയോ നീലയോ ആണ് നിറം. നിറവ്യത്യാസത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Content Highlights: Lingocode fish found in the Pacific Ocean