മനുഷ്യര്‍ പല രീതിയില്‍, പല ഉദ്ദേശത്തോടെ ചുംബിക്കാറുണ്ട്. പരസ്പരം ആശംസിക്കാന്‍, ബഹുമാനിക്കാന്‍, സ്‌നേഹം പ്രകടിപ്പിക്കാന്‍, പ്രണയം പ്രകടിപ്പിക്കാന്‍ ഇങ്ങനെ പലതിനും. ചുംബനം പല വിധമാണ്. യൂറോപ്പില്‍ പരസ്പരം ആശംസിക്കാന്‍ ചുംബിക്കാറുണ്ട്. പ്രത്യേകിച്ചും വളരെ ഔപചാരികമായ സന്ദര്‍ഭങ്ങളില്‍. കവിളുകള്‍ കൂട്ടിമുട്ടിച്ചാണ് ചുംബിക്കേണ്ടത്. പറ്റുമെങ്കില്‍ ചെറുതായൊരു ഒച്ചയും കേള്‍പ്പിക്കണം. അവിടെ വിവിധ രാജ്യക്കാര്‍ക്ക് വിവിധ രീതിയാണ്. ഡച്ചുകാര്‍ക്ക് ഈ ചുംബനത്തില്‍ വലിയ താല്പര്യമില്ലെങ്കിലും ഫ്രഞ്ച്കാര്‍ക്ക് ഭയങ്കര താല്പര്യമാണ്. സ്ഥലവും സംസ്‌കാരങ്ങളും അനുസരിച്ച് ഒന്ന് മുതല്‍ കവിളുകളില്‍ മാറിമാറി മൂന്നു ചുംബനങ്ങള്‍ വരെയുണ്ട്. ചില രാജ്യങ്ങളില്‍ കൈകളിലാണ് ചുംബനം. ചിലപ്പോള്‍ ബഹുമാനം കാണിക്കാന്‍ വിരലിലോ മോതിരത്തിലോ ചുംബിക്കുന്ന രീതിയുമുണ്ട്. 

യൂറോപ്പില്‍ സാധാരണഗതിയില്‍ പുരുഷന്മാര്‍ തമ്മില്‍ ചുംബിക്കാറില്ല. എന്നാല്‍ പുരുഷന്മാര്‍ തമ്മില്‍ പരസ്പരം ആശംസിക്കാന്‍ ചുംബിക്കുന്ന രാജ്യങ്ങളുമുണ്ട്. ഇത് കവിളുകള്‍ കൂട്ടിമുട്ടിക്കുന്നതാകാം, തലകള്‍ കൂട്ടിമുട്ടിക്കുന്നതാകാം. ഉദാഹരണത്തിന് തുര്‍ക്കിയിലോ, അറേബ്യന്‍ രാജ്യങ്ങളിലോ ഒക്കെ. അതേസമയം, പൊതുസ്ഥലത്ത് ചുംബനം മഹാപാപമായി കാണുന്ന സംസ്‌കാരങ്ങളുമുണ്ട്. 

പരസ്പരം സ്‌നേഹം പ്രകടിപ്പിക്കാനുള്ള ചുംബനം ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമുണ്ട് എന്നുപറയാം. ഉദാഹരണത്തിന് ഒരു കുഞ്ഞിനെ ചുംബിക്കുന്നത്. ഏകദേശം 90 ശതമാനം മനുഷ്യസംസ്‌കാരങ്ങളും പലവിധത്തിലായി ചുംബിക്കാറുണ്ടത്രേ! 


മനുഷ്യന്‍ എന്നു മുതലായിരിക്കും ചുംബിച്ചുതുടങ്ങിയത്? ഇത് നമുക്കറിയില്ല. എന്നാല്‍ ചുംബനത്തെക്കുറിച്ച് ഏറ്റവും ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ചില സുമേരിയന്‍ എഴുത്തുകളിലും വേദങ്ങളിലുമാണ്. വേദങ്ങളില്‍ ചുംബനത്തെക്കുറിച്ച് പറയുന്നത് പരസ്പരം ആത്മാവിനെ മണക്കുന്നു എന്ന രീതിയിലാണ് (http://www.seeker.com/kissings-long-history-a-timeline-1767196852.html). എന്നുവച്ചാല്‍ അക്കാലത്ത് മൂക്കുകള്‍ അടുത്തുകൊണ്ടുവന്നുള്ള ആത്മാവിനെ മണത്തറിയുന്ന ഒരു പരിപാടി നിലവിലിരുന്നു എന്നര്‍ത്ഥം. വേദങ്ങളില്‍ മാത്രമല്ല മറ്റു പല പുരാതന എഴുത്തുകളിലും ചുംബനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പക്ഷെ പുരാണങ്ങളില്‍ പറയുന്ന ചുംബനം ഇന്നത്തെ രീതിയില്‍ ആകണമെന്നില്ല. 

ചുംബനം എന്ന പരിപാടി ഒരുകാലത്ത് വേദസംസ്‌കാരം നിലവിലിരുന്ന ഇന്നത്തെ ഇന്ത്യയില്‍ നിന്നും അലക്‌സാണ്ടര്‍ ഗ്രേറ്റ് പടിഞ്ഞാറോട്ട് കൊണ്ടുപോയി പ്രചരിപ്പിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. അക്കാലത്ത് ചുംബനം മിക്കവാറും വിധേയത്വം പ്രകടിപ്പിക്കാനുള്ള ആചാരങ്ങള്‍ ആയിരുന്നിരിക്കണം. വിശ്വാസങ്ങളും സംസ്‌കാരങ്ങളും മനുഷ്യന്റെ പെരുമാറ്റത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് ചുംബനത്തിന്റെ രീതിയും പല സംസ്‌കാരത്തിലും പലതായി മാറി എന്നുവേണം കരുതാന്‍. 

ചുണ്ടുകള്‍ കൊളുത്തിയുള്ള ചുംബനം ഉരുത്തിരിഞ്ഞുവന്നത് പടിഞ്ഞാറന്‍ സംസ്‌കാരങ്ങളില്‍ നിന്നുമായിരിക്കാം. ഉരുത്തിരിഞ്ഞുവന്നത് കൃത്യമായി എവിടെയാണെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം ചുംബനം വ്യാപിച്ചത് പടിഞ്ഞാറന്‍ സംസ്‌കാരങ്ങളിലാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആത്മാവിനെ പരസ്പരം മണത്തറിയുന്നതിനിടയില്‍  ഒരു ചെറിയ പിഴവ് സംഭവിച്ച് ആത്മാവിനെ ചുണ്ടുകളില്‍നിന്നും നുകര്‍ന്നെടുക്കാമെന്ന അറിവ് വേദകാലത്ത് ആരെങ്കിലും കണ്ടുപിടിച്ചിരുന്നോ എന്ന് നമുക്കറിയില്ലല്ലോ. അങ്ങനെയെങ്കില്‍ ചുംബനത്തിലെ ആര്‍ഷഭാരത സംഭാവന എടുത്തുപറയേണ്ട ഒന്നുതന്നെയായിരിക്കും. എന്തായാലും ബി സി കാലഘട്ടം കഴിഞ്ഞു എ ഡി യിലേക്ക് വന്നപ്പോഴേക്കും ചുണ്ടുകളില്‍ ചുംബിക്കുന്ന വിദ്യയൊക്കെ ആര്‍ഷഭാരതസംസ്‌കാരം സ്വായത്തമാക്കിയിരുന്നു. നമ്മുടെ കാമസൂത്ര ഇതിനു തെളിവാണ്. വ്യത്യസ്ത രീതിയിലുള്ള ചുംബനങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്.

ഇന്ന് ഏകദേശം 46 ശതമാനം മനുഷ്യസംസ്‌കാരങ്ങളെ ലൈംഗീകതയുടെ അല്ലെങ്കില്‍ പ്രണയത്തിന്റെ ഭാഗമായ ചുണ്ടുകള്‍ കൂട്ടിയുടക്കിയുള്ള ചുടുചുംബനങ്ങള്‍ ചെയ്യാറുള്ളൂ (http://dx.doi.org/10.1111/aman.12286). ചില സംസ്‌കാരങ്ങളില്‍ ഉദാഹരണത്തിന് ആഫ്രിക്കയിലെ ചിലവയില്‍ ചുംബനം നിഷിദ്ധമാണ്. അവരെ സംബന്ധിച്ച് അത് ഒരു നല്ല കാര്യമല്ല. ഇതുപക്ഷേ ചില അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. വായിലൂടെയാണ് ആത്മാവ് പുറത്ത് വരുന്നത് എന്നുള്ള ചില വിശ്വാസങ്ങളുടെ ഭാഗമാണത്. ചുംബിക്കുന്നതിനിടക്ക് ആരെങ്കിലും അറിയാതെ ആത്മാവിനെ വലിച്ചെടുത്താലോ. ചില സംസ്‌കാരങ്ങളില്‍ ഇത്തരം ചുംബനങ്ങള്‍ അറപ്പുലവാക്കുന്നതുമാണ്. ന്യൂ-ഗിനിയയിലും ആമസോണ്‍ മേഖലയിലും ജീവിക്കുന്നവര്‍ക്ക് ചുംബിക്കുന്ന പരിപാടിയില്ല.

Science of Kissing

എങ്ങനെയായിരിക്കും ആദിമമനുഷ്യരില്‍ ചുംബനം എന്ന ആശയം വന്നുചേര്‍ന്നത്? മുഖമോ, മൂക്കുകളോ കൂട്ടിമുട്ടിച്ചുള്ള സ്‌നേഹപ്രകടനമാണ് ചുംബനത്തിന്റെ അടിസ്ഥാനം. ഇത് പരിണാമത്തിലൂടെ കൈമാറ്റം ചെയ്തു കിട്ടിയതാണെന്ന് പറയപ്പെടുന്നു. കാരണം നമ്മുടെ അടുത്ത ബന്ധുക്കളായ വന്‍കുരങ്ങുവര്‍ഗ്ഗങ്ങളിലും ചുംബനമുണ്ട്. ഉദാഹരണത്തിന് ചിമ്പാന്‍സികള്‍ വഴക്കിടല്‍ കഴിഞ്ഞു സൗഹൃദം സ്ഥാപിക്കാന്‍ ചുംബിക്കാറുണ്ട്. പക്ഷെ ഇതൊരു ചുണ്ടുകള്‍ കൊളുത്തി മനുഷ്യര്‍ ചെയ്യുന്ന രീതിയിലല്ല. വെറുതെ ചുണ്ടുകള്‍ കൂട്ടിമുട്ടിക്കല്‍ മാത്രമാണ്. എന്നാല്‍ ബോനോബോ ചിമ്പാന്‍സികളില്‍ നാക്കുകള്‍ കൂട്ടിമുട്ടിച്ചുള്ള ചുംബനവുമുണ്ട് (https://goo.gl/RzKuDz). മനുഷ്യന് പുറമേ ഇവര്‍ മാത്രമാണ് ഇങ്ങനെ ചുംബിക്കുന്നത്. 

മനുഷ്യനും വന്‍കുരങ്ങുകളും മാത്രമേ ചുംബിക്കുകയുള്ളോ? മറ്റു പല മൃഗങ്ങളും പക്ഷികളും മുഖം തമ്മില്‍ വല്ലോപോഴെങ്കിലും കൂട്ടിമുട്ടിക്കാറുണ്ടെങ്കിലും അവ ചിമ്പാന്‍സികളോ മനുഷ്യനോ ചെയ്യുന്ന വിധത്തിലുള്ള ചുംബനമല്ല. അവയ്ക്ക് പരസ്പരം അറിയാന്‍ അത്ര അടുത്തിടപഴകേണ്ട  ആവശ്യം ഇല്ലായിരിക്കാം. കാരണം ധാരാളം ജീവികള്‍ക്ക് ദൂരെനിന്നും മണക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കുരങ്ങുകളിലെക്കും മനുഷ്യനിലേക്കും വന്നപ്പോള്‍ ഇത്തരം കഴിവുകള്‍ ഇല്ലാതെപോയി. ഇതിനാലായിരിക്കണം വളരെ അടുത്തുവന്നു മണത്തറിയുന്ന സ്വഭാവം വന്‍കുരങ്ങുകളില്‍ വന്നുചേര്‍ന്നത്. മനുഷ്യനില്‍ ഇത് മറ്റു സംസ്‌കാരികമായ ഇടപെടലിനനുസരിച്ചു പലവിധത്തില്‍ പല ആവശ്യത്തിനായി മാറിവന്നു എന്ന് പറയാം. 

ചുണ്ടില്‍ ധാരാളം നാഡികളുണ്ട്. അതുകൊണ്ടുതന്നെ ചുംബനം ലൈംഗീകതയുടെ ഭാഗമായി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ചുംബനത്തിലും ചുംബിക്കുന്നവര്‍ തമ്മില്‍ സ്‌നേഹം മാത്രമല്ല കോടിക്കണക്കിനു ബാക്റ്റീരിയകളെയും കൈമാറ്റം ചെയ്യുന്നുണ്ട് (http://microbiomejournal.biomedcentral.com/articles/10.1186/2049-2618-2-41). അയ്യേ ബാക്റ്റീരിയ ഉണ്ടെന്നു പറഞ്ഞു ചുംബനത്തില്‍നിന്നും പിന്മാറാന്‍ വരട്ടെ. നമ്മുടെ ശരീരത്തില്‍ വിവിധങ്ങളായ ബാക്റ്റീരിയകളുടെ കോളനികള്‍ തന്നെയുണ്ട്. കോടിക്കണക്കിനു ബാക്റ്റീരിയകളാണ് നമ്മുടെ ശരീരത്തില്‍ സുഖവാസം നടത്തുന്നത്. അതുകൊണ്ട് ചുംബിക്കുമ്പോള്‍ കൈമാറുന്ന ബാക്റ്റീരിയകളെക്കൊണ്ട് സാധാരണഗതിയില്‍ ഇതുകൊണ്ട് വലിയ ദോഷമൊന്നുമില്ല കേട്ടോ. നിങ്ങളുടെ രോഗപ്രതിരോധശേഷി ഒരല്പം കൂടാന്‍ സാധ്യതയുണ്ട്. 

ചുരുക്കത്തില്‍ ചുംബനം മനുഷ്യന്റെ കൂടപ്പിറപ്പാണ്. ആശംസിക്കാനും ബഹുമാനിക്കാനും പ്രണയിക്കാനും തുടങ്ങി പല കാര്യത്തിലും ചുംബനത്തിനു പ്രസക്തിയുണ്ട്. എന്നിരിക്കിലും സമരം ചെയ്യാനുള്ള മാര്‍ഗ്ഗമായി ചുംബനത്തെ ഉപയോഗിക്കുന്നത് പുതുമയാര്‍ന്ന സംഭവമാണ്. അതും ആര്‍ഷ ഭാരതസംസ്‌കാരത്തില്‍ ഊന്നിയുള്ള ഒരു സമരമുറ: തീര്‍ച്ചയായും വിജയിക്കും!

വാല്‍കഷ്ണം: ചുംബനത്തില്‍ ലോകറെക്കോര്‍ഡ് ഇട്ടവരുമുണ്ട്. 58 മണിക്കൂര്‍ 35 മിനിട്ട് 58 സെക്കന്‍ഡ് നേരമാണ് തയ്‌ലണ്ടിലെ രണ്ടുപേര്‍ ചുംബിച്ചത്. വെറുതെ ചുംബിച്ചാല്‍ പോര. ചില നിയമങ്ങളൊക്കെ പാലിക്കണം. ആര്‍ക്കെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും (http://www.recordholders.org/en/records/kiss.html).