യു.എസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ഡോ. അന്നമ്മ സ്പുഡിച്ച് ഗവേഷണത്തിന് പുതിയൊരു പഠനമേഖല തിരഞ്ഞെടുത്തത്. ദക്ഷിണേഷ്യയിലെ സസ്യശാസ്ത്ര, വൈദ്യശാസ്ത്ര ചരിത്രമായിരുന്നു അത്. 

സ്വാഭാവികമായും 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥവും ഗവേഷണത്തില്‍ കടന്നുവന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഗ്രന്ഥത്തെക്കുറിച്ച് കൂടുതലറിയാന്‍ അവര്‍ ഡോ. ഡാന്‍ എച്ച്.നിക്കോള്‍സനെ സമീപിച്ചു. വാഷിങ്ടണില്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനില്‍ സസ്യശാസ്ത്രവിഭാഗം ക്യുറേറ്ററായ ഡോ. നിക്കോള്‍സണ്‍ അറിയപ്പെടുന്ന 'ഹോര്‍ത്തൂസ് വിദഗ്ധനാ'ണ്. 

കൂടിക്കാഴ്ച്ചയ്ക്കിടെ ഡോ. നിക്കോള്‍സണ്‍ നല്‍കിയ ഉപദേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന്, ഏതാനും വര്‍ഷംമുമ്പ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തില്‍ ഒരു പ്രഭാഷണ മധ്യേ ഡോ. അന്നമ്മ സ്പുഡിച്ച് പറഞ്ഞു. ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചതിന്റെ മുന്നൂറ്റിമുപ്പത്തിമൂന്നാം വാര്‍ഷികവേളയില്‍ നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 

Hortus Malabaricus
ഹോര്‍ത്തൂസിലുള്ള ഏലത്തിന്റെ ചിത്രം 

 

'ഹോര്‍ത്തൂസിനെ കുറിച്ച് കൂടുതലറിയാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നേരെ കോഴിക്കോട്ട് എത്തുക. ഡോ.കെ.എസ്. മണിലാലിനെ കാണുക' - ഡോ.നിക്കോള്‍സണ്‍ നല്‍കിയ ഉപദേശം ഇതായിരുന്നു. 'ഹോര്‍ത്തൂസ് മലബാറിക്കൂസിനെ സംബന്ധിച്ച് ലോകത്തിന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പണ്ഡിതന്‍ ഡോ. മണിലാലാണ്' - ഡോ.നിക്കോള്‍സണ്‍ പറഞ്ഞു. ആ വാക്കുകള്‍ ഡോ.അന്നമ്മ സ്പുഡിച്ചിനെ കോഴിക്കോട്ടെത്തിച്ചു. 

വിചിത്രമായി തോന്നാം, ഹോര്‍ത്തൂസിനെ കുറിച്ചറിയാന്‍ വാഷിങ്ടണിലെത്തിയ ഒരു ഗവേഷകയെ കോഴിക്കോട്ടേക്ക് പോകാന്‍ ഡോ. നിക്കോള്‍സനെപ്പോലൊരു ലോകോത്തര ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നു. ഡോ. നിക്കോള്‍സന് അറിയാം ആരാണ് ഡോ. മണിലാല്‍ എന്ന്. പക്ഷേ, ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരിക്കുന്ന കാര്യം കോഴിക്കോട്ട് എത്രപേര്‍ക്കറിയാം!

Hendrik Van Rheede
ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് 

ഡോ. മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനെകുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍ എത്തുക, അമ്പരപ്പിക്കുന്ന ചില വസ്തുതകളിലേക്കാണ്. അഭിഭാഷകനായിരുന്ന കാട്ടുങ്ങല്‍ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയില്‍ ജനിച്ച മണിലാല്‍, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീനഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാനും സാധാരണക്കാര്‍ക്ക് എത്തിക്കാനും വേണ്ടി ചെലവിട്ടത് സ്വന്തം ആയുസ്സിലെ 50 വര്‍ഷങ്ങളാണ്. ചെറുപ്പത്തില്‍ പിതാവിന്റെ പഠനമുറിയില്‍ കണ്ട ഹോര്‍ത്തൂസിനെക്കുറിച്ചുള്ള ഒരു പേപ്പര്‍ ക്ലിപ്പിങ് ഉണര്‍ത്തിയ കൗതുകം, 'ആയുസ്സോ ആരോഗ്യമോ സമ്പത്തോ നോക്കാതെയുള്ള ജീവിതസമര്‍പ്പണ'മായി ഹോര്‍ത്തൂസിനെ മണിലാലിന്റെ ജീവിതത്തില്‍ കുടിയിരുത്തുകയായിരുന്നു.

'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്നതിനര്‍ഥം 'മലബാര്‍ ഉദ്യാനം' എന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ചേര്‍ത്തലക്കാരനായ ഇട്ടി അച്യുതന്‍ എന്ന മലയാളി വൈദ്യനെ മുഖ്യസഹായിയായി വെച്ചുകൊണ്ട്, കൊങ്കിണി ബ്രാഹ്മണരായ രംഗഭട്ട്, വിനായക പണ്ഡിറ്റ്, അപ്പു ഭട്ട് എന്നിവരുടെ സഹായത്തോടെ ഹോര്‍ത്തൂസ് തയ്യാറാക്കിയത്. 1678-1693 കാലത്ത് ആ ഗ്രന്ഥം 12 വോള്യങ്ങളായി ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിച്ചു.

harithabhupadam
ഹരിതഭൂപടം: 
കെ എസ് മണിലാലും
ഹോര്‍ത്തൂസ്
മലബാറിക്കൂസിന്റെ
രണ്ടാം പിറവിയും
പുസ്തകം വാങ്ങാം

ലാറ്റിനില്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസില്‍ 742 അധ്യായങ്ങളിലായി കേരളത്തില്‍ വളരുന്ന 679 വ്യത്യസ്ത സസ്യയിനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമാണുള്ളത്. ഒരോ ചെടിയുടെയും സസ്യശാസ്ത്രപരമായ വിശേഷങ്ങളും, സാമ്പത്തികവശങ്ങളും, ഔഷധഗുണങ്ങളുമെല്ലാം ഹോര്‍ത്തൂസില്‍ വിവരിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു ഉഷ്ണമേഖലാ പ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ് ഹോര്‍ത്തൂസ്. അതില്‍ സസ്യനാമങ്ങള്‍ മലയാളത്തിലും ചേര്‍ക്കുക വഴി, ചരിത്രത്തിലാദ്യമായി മലയാള ലിപി അച്ചടിമഷി പുരണ്ടതും ഹോര്‍ത്തൂസിലായി.

ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ച് മൂന്നു നൂറ്റാണ്ടുകാലം അതിനെ ലാറ്റിനില്‍ നിന്ന് പരിഭാഷപ്പെടുത്താനോ സാധാരണക്കാരുടെ കൈകളിലെത്തിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ലാറ്റിനില്‍ തയ്യാറാക്കപ്പെട്ട ആ ഗ്രന്ഥത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സമഗ്രമായി മനസിലാക്കാനും കഴിഞ്ഞില്ല. പാശ്ചാത്യലോകത്ത് മുന്നൂറിലേറെ പണ്ഡിതരും സസ്യശാസ്ത്രജ്ഞരും ഹോര്‍ത്തൂസിനെ പരിഭാഷപ്പെടുത്താനും മനസിലാക്കാനും ഈ കാലത്തിനിടെ ശ്രമിച്ചു. കാര്യമായ വിജയം ആര്‍ക്കും സാധ്യമായില്ല.

Hortus Malabaricus
ഹോര്‍ത്തൂസില്‍ നല്‍കിയിട്ടുള്ള വട്ടകക്കൊടിയുടെ ചിത്രം

 

അവിടെയാണ് ഡോ.മണിലാലിന്റെ രംഗപ്രവേശം. ഹോര്‍ത്തൂസില്‍ പറഞ്ഞിരിക്കുന്നത് മനസിലാക്കാന്‍ അദ്ദേഹം ലാറ്റിന്‍ പഠിച്ചു. ആ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി മുഴുവനും വീണ്ടും കണ്ടെത്തുകയും ആധുനിക സസ്യശാസ്ത്രപ്രകാരം വിവരിക്കുകയും ചെയ്തു (ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മാത്രം 27 വര്‍ഷം വേണ്ടിവന്നു!). മാത്രമല്ല, ഹോര്‍ത്തൂസിലെ ഭാഷാപരവും ചരിത്രപരവുമായ സംഗതികള്‍ മുഴുവന്‍ വ്യാഖ്യാനിക്കാനും ഡോ.മണിലാലിനായി. ഇതിനെല്ലാം കൂടി അദ്ദേഹത്തിന് സ്വന്തം ജീവിതത്തിലെ അരനൂറ്റാണ്ട് സമര്‍പ്പിക്കേണ്ടി വന്നു എന്നുമാത്രം! കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബോട്ടണി പ്രൊഫസറായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ പ്രവര്‍ത്തനത്തില്‍ അധികഭാഗവും നടത്തിയത്.

ഡോ. മണിലാല്‍ തയ്യാറാക്കിയ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 'വാന്‍ റീഡിസ് ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പേരില്‍ 2003ല്‍ കേരള സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചു; 2008ല്‍ മലയാളം പതിപ്പും പുറത്തുവന്നു. 

ഹോര്‍ത്തൂസിന് പുനര്‍ജന്മം നല്‍കാനുള്ള ദീര്‍ഘകാലത്തെ പരിശ്രമങ്ങള്‍ക്കിടയില്‍ കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യസമ്പത്തിനെക്കുറിച്ച് വിലപ്പെട്ട പഠനങ്ങള്‍ ഡോ. മണിലാലിന്റെ നേതൃത്വത്തില്‍ നടന്നു. ഡോ. മണിലാലിന്റെ പഠനവിവരങ്ങള്‍ക്കൂടി മുന്‍നിര്‍ത്തിയാണ് സൈലന്റ് വാലിയില്‍ അണക്കെട്ട് പാടില്ലെന്ന നിര്‍ണായക തീരുമാനത്തിലേക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എത്തിയത്. 

കേരളചരിത്രത്തിലെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുത്ത് നല്‍കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച ഡോ.മണിലാലിനെ പക്ഷേ, നമ്മുടെ ഭരണസംവിധാനം കണ്ടതായിപ്പോലും നടിച്ചിട്ടില്ല. നമുക്ക് പ്രധാനപ്പെട്ടതായി തോന്നുന്നില്ലെങ്കിലും, എല്ലാവര്‍ക്കും അതങ്ങനെയല്ല. അതിന് തെളിവാണ്, ഹോര്‍ത്തൂസിനെ മനസിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ' 2012 മെയ് ഒന്നിന് കോഴിക്കോട്ട് വെച്ച് മണിലാലിന് സമ്മാനിക്കപ്പെട്ടത്. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന ആ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍ (മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്).