796 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു കൂടി വരുന്ന ഒരു അപൂര്‍വദൃശ്യം, വ്യാഴവും ശനിയും തമ്മിലുള്ള ഒരു സമാഗമം, ഒരു കൂടിക്കാഴ്ച്ച, അതാണ് ഡിസംബര്‍ 21-ന് നമ്മെ കാത്തിരിക്കുന്നത്. ജ്യോതിശാസ്ത്രത്തില്‍ ഇംഗ്ലീഷില്‍ ഈ പ്രതിഭാസത്തിനെ 'Great Conjunction' എന്നു വിളിക്കുന്നു.
ഡിസംബര്‍ 21-ന് ഭൂമിയില്‍നിന്നു നോക്കിയാല്‍ ഇവര്‍ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശമേയുണ്ടാവൂ. (ഒരു പൂര്‍ണ ചന്ദ്രന്റെ കോണീയ വ്യാസത്തിന്റെ അഞ്ചിലൊന്ന്). ഇത്രയും അടുത്തു നില്‍ക്കുന്ന വ്യാഴത്തേയും ശനിയേയും ഇനി കാണാന്‍ ഏകദേശം 800 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. മാത്രവുമല്ല, എല്ലാ സമാഗമങ്ങളും ദൃശ്യമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു 2000 മേയില്‍ വ്യാഴവും ശനിയും സൂര്യന് അടുത്തായിരുന്നു. സൂര്യന്റെ പ്രഭയില്‍ രണ്ടു ഗ്രഹങ്ങളേയും കാണാനും കഴിഞ്ഞില്ല.
ഡിസംബര്‍ 2020-ല്‍ സന്ധ്യക്ക് സൂര്യന്‍ അസ്തമിച്ചതിനു ശേഷം ഈ രണ്ട് ഗ്രഹങ്ങള്‍ തെക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകും. ശോഭ കൂടിയ വ്യാഴം ചക്രവാളത്തിന് അടുത്തും, ശനി വ്യാഴത്തിനു മുകളില്‍ അല്‍പം തെക്കോട്ടു മാറിയും. ഒരു നല്ല ബൈനൊക്കുലര്‍ ഉണ്ടെങ്കില്‍ രണ്ടു പേരേയും വെവ്വേറേ കാണാന്‍ കഴിയും. ഗലീലിയോയുടെ ദൂരദര്‍ശിനി കിട്ടിയാല്‍ വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളേയും കാണം - അയോ (ചിലര്‍ ഇയോ എന്നും) , കാല്ലിസ്റ്റോ, ഗാനിമീഡ്, യൂറോപാ എന്നിവ.

സാധാരണ ഗതിയില്‍ വ്യാഴത്തിന്റേയും ശനിയുടേയും ഭൂമിയുടേയും ഭ്രമണ പഥങ്ങള്‍ ഒരേ തലത്തിലല്ല എന്നുള്ളതു കൊണ്ട് ഒരു സമാഗമന സമയത്തും ഇവരെ വേറിട്ടു കാണാന്‍ കഴിയും
ഈ സമാഗമങ്ങള്‍ ഒരോ 20 വര്‍ഷങ്ങളും ആവര്‍ത്തിക്കുമെങ്കിലും, വളരേ അപൂര്‍വമായിട്ടേ വ്യാഴവും ശനിയും ഇത്രയും അടുത്ത് വരാറുള്ളു. ഉദാഹരണത്തിനു 2040 ലെ സമാഗമത്തില്‍ വ്യാഴവും ശനിയും തമ്മിലുള്ള ദൂരം ഉദ്ദേശം 2 1/4 പൂര്‍ണ്ണചന്ദ്രന്റെ കോണീയ വ്യാസമായിരിക്കും. ഇതിലും അപൂര്‍വ്വമായിട്ടുള്ള പ്രതിഭാസങ്ങളും ഉണ്ട്. ഉദാഹരണത്തിന് - വ്യാഴം ശനിയെ പാതി മറയ്ക്കുക (ട്രാന്‍സിറ്റ്) , അല്ലെങ്കില്‍ മുഴുവന്‍ മറയ്ക്കുക (ഒക്കല്‍ട്ടേഷന്‍) . അടുത്ത 10,000 വര്‍ഷത്തില്‍ ഇത് മൂന്നു പ്രാവശ്യമേ ഉണ്ടാവുകയുള്ളു. ഫെബ്രുവരി 16, 7541 ( ട്രാന്‍സിറ്റ് ), ജൂണ്‍ 17, 7541 ( ഒക്കല്‍ട്ടേഷന്‍), ഫെബ്രുവരി 25, 8674 ( ട്രാന്‍സിറ്റ് ).
ഇതു പോലുള്ള സമാഗമനങ്ങള്‍ എങ്ങിനെ സംഭവിക്കുന്നു?
ശനി സൂര്യനെ ഏകദേശം 29.5 കൊല്ലങ്ങള്‍ക്കുള്ളില്‍ പ്രദക്ഷിണം വെക്കുന്നു. ശനി ഒരു മാരത്തോണ്‍ ഓട്ടക്കാരനേപ്പോലെ പതുക്കെ ഓടുമ്പോള്‍ വ്യാഴം ഇന്നര്‍ ട്രാക്കിലൂടെ ഒരു 400 മീറ്റര്‍ ഓട്ടക്കാരന്റെ ചുറുചുറുക്കോടെ ഏകദേശം 11.5 കൊല്ലം കൊണ്ട് തന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു. മാത്രവുമല്ല, വ്യാഴത്തിന്റെ പ്രവേഗം സെക്കന്റില്‍ 13.1 കിലോമീറ്ററാണ്. ശനിയുടേത് 9.7 കി.മീ./സെ . അതുകൊണ്ട് 20 കൊല്ലത്തിലൊരിക്കല്‍ വ്യാഴം ഓടിയെത്തി ശനിയെ ''ലാപ്പ്'' ചെയ്യുന്നു. ഭൂമിയില്‍ നിന്നു നോക്കിയാല്‍ രണ്ടുപേരും അടുത്തെത്തിയതു പോലെ.
ഇത്രയെയുള്ളോ? അല്ല. ഈ കൂടിക്കാഴ്ച്ചക്ക് മാറ്റു കൂട്ടാന്‍ ഡിസംബര്‍ 17ന് ഒരു ചന്ദ്രക്കലയും കൂട്ടിനുണ്ടായിരിക്കും. ഈ അപൂര്‍വദൃശ്യം കാണാന്‍ ഡിസംബര്‍ 21 വരേ കാത്തു നില്‍കണമെന്നില്ല. ഇന്നു മുതല്‍ നോക്കിത്തുടങ്ങൂ!
Content Highlights: Jupiter and Saturn great conjunction