ബെംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ഗ്രഹാന്തരപേടകം 'മംഗള്‍യാന്‍' ചൊവ്വയുടെ ഉപഗ്രഹമായ 'ഫോബോസി'ന്റെ ചിത്രം പകര്‍ത്തി. 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' പേടകത്തിലെ മാര്‍സ് കളര്‍ ക്യാമറയാണ് ചൊവ്വയോട് ഏറ്റവുമടുത്തുള്ളതും വലുതുമായ ഉപഗ്രഹം 'ഫോബോസി'ന്റെ ചിത്രം പകര്‍ത്തിയത്.

2014 സെപറ്റംബര്‍ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ 'മംഗള്‍യാന്‍' അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ദൗത്യം തുടരുകയാണ്. ആറുമാസമായിരുന്നു പേടകത്തിന് ആയുസ്സ് നിശ്ചയിച്ചതെങ്കിലും ഇന്ധനമുള്ളതിനാല്‍ ഇപ്പോഴും വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നു.

ബഹിരാകാശരംഗത്ത് നാഴികക്കല്ലായ ചൊവ്വാപഠനപേടകം 'മംഗള്‍യാന്‍' 2013 നവംബര്‍ അഞ്ചിനാണ് വിക്ഷേപിച്ചത്. പത്തുമാസംകൊണ്ട് 666 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് 1350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍' ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇതുവരെ 980-ഓളം ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ജൂലായ് ഒന്നിന് പകര്‍ത്തിയ ചിത്രമാണ് ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടത്. പേടകം ചൊവ്വയില്‍നിന്ന് 7200 കിലോമീറ്ററും 'ഫോബോസി'ല്‍നിന്ന് 4200 കിലോമീറ്ററും അകലെയുള്ള സമയത്താണ് ചിത്രമെടുത്തത്.

'ഫോബോസി'നെ ചൊവ്വയുടെ 'ഏറ്റവും വലുതും നിഗൂഢവുമായ ഉപഗ്രഹം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ചിത്രത്തില്‍ 'ഫോബോസി'ലെ ഗര്‍ത്തങ്ങള്‍ കാണാം. ഏറ്റവും വലിയ ഗര്‍ത്തമായ 'സ്റ്റിക്നി'യും മറ്റ് മൂന്നു ഗര്‍ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളില്‍ വലിയതാണ് 'ഫോബോസ്'; രണ്ടാമത്തേത് 'ഡയമോസ്'. 1877-ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്. ഗ്രീക്ക് ദേവനായ ഫോബോസിന്റെ പേരാണ് ഉപഗ്രഹത്തിന് നല്‍കിയത്.

Content Highlights: isro mangalyaan captured mars moon image