ഗന്‍യാന്റെ മനുഷ്യരില്ലാത്ത ആദ്യഘട്ട മിഷനില്‍ ബഹിരാകാശത്തേയ്ക്കു പറക്കുക ഒരു സ്ത്രീ ഹ്യൂമോയ്ഡ് ആയിരിക്കും. ബഹിരാകാശ യാത്രികരുമായുള്ള പേടകത്തിന്റെ യാത്രയ്ക്ക് മുന്നോടിയായി മനുഷ്യരില്ലാതെയുള്ള രണ്ടു മിഷനുകളിലാണ് ഈ സ്ത്രീ ഹ്യൂമനോയ്ഡ് ബഹിരാകാശ യാത്ര നടത്തുക. ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വ്യോമമിത്ര എന്നാണ് ഇന്ത്യയ്ക്കായി ബഹിരാകാശ യാത്ര നടത്തുന്ന സ്ത്രീ ഹ്യൂമനോയ്ഡിന്റെ പേര്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സ്‌പേസ് റോബോട്ട് ആയ വ്യോമമിത്രയെ വികസിപ്പിച്ചെടുത്തത്. മനുഷ്യന് സമാനമായ രീതിയില്‍ സാഹചര്യങ്ങളോട് പ്രതികരിക്കാനും പെരുമാറാനും സാധിക്കുന്ന വിധത്തിലാണ് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഇത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍നിന്ന് ശാസ്ത്രജ്ഞരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അവരുമായി സംവദിക്കാനും ഇതിന് കഴിയും.

2022ല്‍ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്റെ യാത്രയ്ക്ക് മുന്നോടിയായായി 2020ല്‍ നടത്തുന്ന യാത്രയിലാണ് വ്യോമമിത്ര ബഹിരാകാശത്തേയ്ക്ക് പറക്കുക. ഇതിനു ശേഷം 2021ലും സ്‌പേസ് റോബോട്ടുമായി മറ്റൊരു ബഹിരാകാശ യാത്രയും നടത്തുന്നുണ്ട്.

വ്യോമമിത്ര എന്ന അര്‍ധ ഹ്യൂമനോയ്ഡ്

മനുഷ്യ ശരീരത്തോട് സാദൃശ്യമുള്ളതും പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്യുന്നതുമായ റോബോട്ടുകളാണ് ഹ്യൂമനോയ്ഡുകള്‍. ശാസ്ത്രമേഖലയിലെ ആവശ്യങ്ങള്‍ക്ക് ഹ്യൂമനോയ്ഡുകളെ ഇപ്പോള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്.

കാഴ്ചയില്‍ മനുഷ്യനേപ്പോലെയുള്ള റോബോട്ടാണ് വ്യോമമിത്ര. മനുഷ്യന്റേതായ ഒട്ടുമിക്ക ശാരീരിക ചലനങ്ങളും സാധ്യമാകുന്ന ഈ റോബോട്ട്, ബഹിരാകാശ യാത്രികരുമായുള്ള മിഷന് സഹായകമാകുന്ന പല സുപ്രധാന വിവരങ്ങളും ഐഎസ്ആര്‍ഒയ്ക്ക് നല്‍കും. മനുഷ്യയാത്രയ്ക്കു മുന്‍പുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് വ്യോമമിത്രയെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ സാം ദയാല്‍ പറഞ്ഞു.

അര്‍ധ ഹ്യൂമനോയ്ഡ് ആണ് വ്യോമമിത്ര. കാരണം ഈ റോബോട്ടിന് കാലുകളില്ല. ബഹിരാകാശ വാഹനത്തിന്റെ വലിപ്പം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ റോബോട്ടിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാത്രമല്ല, ഗുരുത്വാകര്‍ഷണ ബലം പൂജ്യമായിരിക്കുന്ന അവസ്ഥയില്‍ കാലുകള്‍ അപ്രസക്തവുമാണ്, ഡോ. ശിവന്‍ പറയുന്നു.

മനുഷ്യനു ബഹിരാകാശത്തേയ്ക്ക് പാതയൊരുക്കാന്‍ ഹ്യൂമനോയ്ഡ്

സാധാരണ റോബോട്ടുകളില്‍നിന്ന് നിരവധി സവിശേഷതകള്‍ ഉള്ളതാണ് സ്‌പേസ് റോബോട്ട്. ബഹിരാകാശത്തെ സവിശേഷമായ അന്തരീക്ഷത്തിന് അനുയോജ്യമായ വിധത്തില്‍ക്കൂടിയാണ് ഇതിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. മനുഷ്യ ശരീരത്തിന്റെ സവിശേഷതകള്‍ക്കൂടി പരിഗണിച്ചുകൊണ്ടാണ് റോബോട്ടിന്റെ ശരീരഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്ത അന്തരീക്ഷങ്ങളെ തിരിച്ചറിയാന്‍ ഇതിലൂടെ റോബോട്ടിന് സാധിക്കുന്നു.

ബെംഗളൂരുവില്‍ നടന്ന സിമ്പോസിയത്തില്‍ വ്യോമമിത്ര സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തന്റെ മിഷനെക്കുറിച്ച് വിവരിച്ചു. 'ഗഗന്‍യാന്‍ മിഷന്‍-1 നുവേണ്ടി രൂപപ്പെടുത്തിയ ഭാഗികമായ ഹ്യൂമനോയ്ഡ് ആണ് ഞാന്‍. എനിക്ക് ബഹിരാകാശത്ത് മനുഷ്യന്റെ ശാരീരിക സവിശേഷതകളെന്തായിരിക്കുമെന്നതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാനും മനുഷ്യന്റെ ജീവന്‍ രക്ഷാ സഹായികളുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താനും സാധിക്കും. സ്വിച്ച് പാനല്‍ പ്രവര്‍ത്തിപ്പിക്കല്‍ അടക്കം ബഹിരാകാശ യാത്രികര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ എനിക്ക് സാധിക്കും. ബഹിരാകാശ ശാസ്ത്രജ്ഞരുമായി സംസാരിക്കാനും അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും അവരുടെ പങ്കാളിയായി പ്രവര്‍ത്തിക്കാനും എനിക്ക് സാധിക്കും', വ്യോമമിത്ര തന്റെ ചുമതലകള്‍ വ്യക്തമാക്കി.

ബഹിരാകാശ യാത്രികര്‍ നേരിടാനിടയുള്ള സാഹചര്യങ്ങളെ മനുഷ്യന് സാധിക്കുന്ന സൂക്ഷ്മതയോടെതന്നെ തിരിച്ചറിയാനും റിപ്പോര്‍ട്ടചെയ്യാനും വ്യോമമിത്രയ്ക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് സാം ദയാല്‍ പറയുന്നു. ഉദാഹരണമായി, ബഹിരാകാശത്തുവെച്ച് വാഹനത്തിനുള്ളിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വളരെയധികം വര്‍ധിക്കുകയാണെങ്കില്‍, അഥവാ ഓക്‌സിജന്റെ അളവ് കുറയുകയാണെങ്കില്‍ അത് തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും വ്യോമമിത്രയ്ക്ക് കഴിയും. വ്യക്തികളെ തിരിച്ചറിയാനും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ഇതിന് സാധിക്കും, അദ്ദേഹം പറഞ്ഞു.

ഗഗന്‍യാന്‍- ഇന്ത്യയുടെ അഭിമാന ദൗത്യം

2022 ല്‍  സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയയ്ക്കാന്‍ ലക്ഷ്യമട്ടുകൊണ്ടുള്ളതാണ് ഗഗന്‍യാന്‍ പദ്ധതി. 10,000 കോടിയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഭൂമിയുടെ 300 കി.മി-400 കി.മി. ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കുക. 

മനുഷ്യന് ഏഴുദിവസം ബഹിരാകാശത്ത് തുടരാന്‍ കഴിയുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയുമെത്തും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂള്‍ പരീക്ഷണം വിജയിച്ചിരുന്നു.

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായി ഡോ. കെ.ശിവന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ക്രൂവിനുള്ള പരിശീലനം ജനുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞരുന്നു. ഇന്ത്യയില്‍ത്തന്നെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. മൂന്നു യാത്രകരെയാണ് അയയ്ക്കുക. ഗഗന്‍യാന്‍ പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.

Content Highlights: ISRO Gaganyaan Manned Mission and the Vyommitra Humanoid Robot