ഫിസിക്‌സും കെമിസ്ട്രിയും പോലെ ഇതര ശാസ്ത്രവിഷയങ്ങള്‍ പഠിച്ചിട്ട് ജീവശാസ്ത്രരംഗത്തേക്ക് കുടിയേറിയ ഗവേഷകരാണ് ഇരുപതാം നൂറ്റാണ്ടില്‍ ബയോളജിയെ മുന്നോട്ട് നയിച്ചവരില്‍ പലരും

Abdus Salam
അബ്ദുസ്സലാം. ചിത്രം കടപ്പാട്: Pakistan Today

 

ബിരുദത്തിന് പഠിക്കുമ്പോള്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥിയുടെ ഭാഷാപരമായ നൈപുണ്യമാണ് അധ്യാപകരെ ആകര്‍ഷിച്ചത്. അവനൊരു ഇംഗ്ലീഷ് അധ്യാപകനായി കാണാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, അബ്ദുസ്സലാമിന്റെ താത്പര്യം ഗണിതത്തിലായിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആ വിദ്യാര്‍ഥി, 1946-ല്‍ ഉപരിപഠനത്തിന് ബ്രിട്ടനില്‍ കേംബ്രിഡ്ജിലെത്തി.  

രണ്ടാംലോക മഹായുദ്ധം കഴിഞ്ഞതേയുള്ളൂ. പാശ്ചാത്യലോകത്തെ പ്രമുഖ ഗവേഷകര്‍ യുദ്ധരംഗത്തെ സേവനത്തിന് ശേഷം തിരികെ ലബോറട്ടറികളും ക്ലാസ്‌റൂമുകളിലും എത്തുന്ന സമയം. 'മീസോണ്‍ സിദ്ധാന്തത്തിന്റെ റീനോര്‍മലൈസേഷന്‍' പ്രശ്‌നം പരിഹരിക്കാമോ എന്ന് അധ്യാപകര്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് ആറുമാസം കൊണ്ട് പരിഹാരമുണ്ടാക്കി അബ്ദുസ്സലാം സൈദ്ധാന്തിക ഭൗതികമേഖലയെ അമ്പരപ്പിച്ചു. ഭൗതികശാസ്ത്രത്തില്‍ ഏറ്റവും 'വിശിഷ്ടമായ പ്രീ-ഡോക്ടറല്‍ സംഭാവന നല്‍കിയതി'ന് കേംബ്രിഡ്ജ് ആ വിദ്യാര്‍ഥിക്ക് സ്മിത്ത്‌സ് പുരസ്‌കാരം നല്‍കി.

ക്വാണ്ടം ഇലക്ട്രോഡൈനാമിക്‌സ് (QED) മേഖലയില്‍ മൗലിക സംഭാവന നല്‍കുന്ന പ്രബന്ധത്തിന് കേംബ്രിഡ്ജ് 1951-ല്‍ അബ്ദുസ്സലാമിന് പി.എച്ച്.ഡി.നല്‍കി. മൗലികമായ തലത്തില്‍ ക്ഷീണബലം, വൈദ്യുതകാന്തികബലം എന്നിവയെ കൂട്ടിയിണക്കുന്ന 'ഇലക്ട്രോവീക്ക് തിയറി' (electroweak theory) വികസിപ്പിച്ചതിന് ഷെല്‍ഡണ്‍ ഗ്ലാഷോ, സ്റ്റീവന്‍ വീന്‍ബര്‍ഗ് എന്നിവര്‍ക്കൊപ്പം 1979-ലെ ഭൗതികശാസ്ത്ര നൊബേല്‍ അബ്ദുസ്സലാം കരസ്ഥമാക്കി. നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ മുസ്ലീം ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 

പി.എച്ച്.ഡി.നേടി പാകിസ്താനില്‍ തിരിച്ചെത്തിയെങ്കിലും സ്വന്തം രാജ്യത്ത് അബ്ദുസ്സലാമിന് ഏറെ നാള്‍ തുടരാനായില്ല. 1954-ല്‍ കേംബ്രിഡ്ജിലേക്ക്  അബ്ദുസ്സലാം മടങ്ങി. ഇത്തവണ അധ്യാപകനായിട്ടാണ് കേംബ്രിഡ്ജില്‍ പ്രവര്‍ത്തിച്ചത്.

Walter Gilbert
വാള്‍ട്ടര്‍ ഗില്‍ബര്‍ട്ട്. ചിത്രം കടപ്പാട്: 
U.S. National Library of Medicine

ഭൗതികശാസ്ത്രത്തില്‍ അബ്ദുസ്സലാമിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാനല്ല ഈ ചരിത്രം വിവരിച്ചത്. ഇങ്ങനെ പ്രശസ്തരായ അധ്യാപകരെ തേടി പ്രഗത്ഭരായ വിദ്യാര്‍ഥികളെത്തും. അബ്ദുസ്സലാമിനെ തേടി കേംബ്രിഡ്ജിലെത്തിയ വിദ്യാര്‍ഥികള്‍ ഒരാള്‍ അമേരിക്കക്കാരന്‍ വാള്‍ട്ടര്‍ ഗില്‍ബര്‍ട്ട് ആയിരുന്നു. ഇരുവരും ചേര്‍ന്ന് സൈദ്ധാന്തികഭൗതികത്തില്‍ വിസരണ പ്രതിഭാസത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു പേപ്പറും പ്രസിദ്ധീകരിച്ചു.

ജീവന്റെ തന്മാത്രയായ 'ഡിഓക്‌സീ റൈബോന്യൂക്ലിക് ആസിഡി' (ഡി.എന്‍.എ) ന്റെ ഡബിള്‍ ഹെലിക്‌സ് ഘടന 1953-ല്‍ കണ്ടെത്തിയത് ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്നാണ്, കേംബ്രിഡ്ജിലെ പ്രസിദ്ധമായ കാവന്‍ഡിഷ് ലബോറട്ടറിയില്‍ വെച്ച്. ജീവശാസ്ത്രത്തിലെ എക്കാലത്തെയും വലിയ മുന്നേറ്റമായിരുന്നു അത്. 

ഗില്‍ബര്‍ട്ട് കേംബ്രിഡ്ജില്‍ അബ്ദുസ്സാലമിന് കീഴില്‍ പി.എച്ച്.ഡി. ചെയ്യുന്ന സമയത്ത് വാട്‌സണ്‍ അയല്‍ക്കാരനായിരുന്നു. ഗില്‍ബര്‍ട്ടിനെപ്പോലെ വാട്‌സണും അമേരിക്കക്കാരന്‍. ഇരുവരും വേഗം അടുത്തു. സൈദ്ധാന്തിക ഭൗതികത്തില്‍ പി.എച്ച്.ഡി.നേടിയി ഗില്‍ബര്‍ട്ട്, വാട്‌സണൊപ്പം അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ കുടിയേറി. 

യു.എസ്സില്‍ വെച്ച് 1961-ലാണ് ഗില്‍ബര്‍ട്ടിനെ പിന്നീട് അബ്ദുസ്സലാം കാണുന്നത്. മുമ്പത്തെ ഗവേഷണം തന്നെയാണ് ഗില്‍ബര്‍ട്ട് തുടരുന്നതെന്നു കരുതി, എങ്ങനെ പുരോഗമിക്കുന്നു പഠനമെന്ന് അബ്ദുസ്സലാം തിരക്കി. ക്ഷമാപണസ്വരത്തിലായിരുന്നു ഗില്‍ബല്‍ട്ടിന്റെ മറുപടി: 'ക്ഷമിക്കണം, താങ്കള്‍ക്ക് എന്നെക്കുറിച്ച് നാണക്കേട് തോന്നിയേക്കാം. ബാക്ലീരിയ വളര്‍ത്തലാണ് ഇപ്പോള്‍ എന്റെ പണി!' 

വാട്‌സന്റെ പ്രലോഭനത്തില്‍ പെട്ട്, സൈദ്ധാന്തിക ഭൗതികം ഉപേക്ഷിച്ച ഗില്‍ബര്‍ട്ട് ജനിതകപഠനത്തിലേക്ക് മാറിയിരിക്കുന്നു! ജനിതക കോഡ് വായിച്ചെടുക്കാന്‍ ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയതിന് 1980-ല്‍ ഗില്‍ബര്‍ട്ടിന് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. അതിന് ശേഷം ഹാര്‍വാഡ് വിട്ട് 'ബയോജന്‍' (Biogen) എന്ന ബയോടെക്‌നോളജി കമ്പനി ഗില്‍ബര്‍ട്ട് തുടങ്ങി. ജനിതക സാങ്കേതങ്ങളുപയോഗിച്ച് ഔഷധനങ്ങളും ഇന്‍സുലിനുമൊക്കെ നിര്‍മിക്കുന്ന കമ്പനിയാണത്. 

Linus Pauling
ലൈനസ് പോളിങ്. ചിത്രം കടപ്പാട്: U.S.National Library of Medicine. 

 

ഇരുപതാംനൂറ്റാണ്ടിലെ ശാസ്ത്രചരിത്രം പരിശോധിച്ചാല്‍ ഗില്‍ബര്‍ട്ടിന്റെ കഥയ്ക്ക് വലിയ പുതുമയൊന്നും തോന്നില്ല. കൂടുവിട്ട് കൂടുമാറുന്നതുപോലെ അക്കാദമിക്ക് ആയി പഠിച്ച വിഷയം വിട്ട്, ശാസ്ത്രത്തിന്റെ മറ്റു മേഖലകളില്‍ മികവ് തെളിയിച്ച എത്രയോ പ്രഗത്ഭരുണ്ട്. യഥാര്‍ഥത്തില്‍ ഫിസിക്‌സും കെമിസ്ട്രിയും പോലെ ഇതര ശാസ്ത്രവിഷയങ്ങള്‍ പഠിച്ച ശേഷം ജീവശാസ്ത്രരംഗത്തേക്ക് കുടിയേറിയ ഗവേഷകരാണ് ഇരുപതാം നൂറ്റാണ്ടില്‍ ബയോളജിയെ മുന്നോട്ട് നയിച്ചത്. 

ഇത് അതിശയോക്തിയല്ല. എന്താണ് ജീവന്‍ എന്ന ചോദ്യത്തിന് ആദ്യമായി യുക്തിഭദ്രമായ വിശദീകരണം നല്‍കിയ ഗവേഷകനായ ഇര്‍വിന്‍ ഷ്രോഡിങര്‍, ക്വാണ്ടംഭൗതികത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു! 1943-ലാണ് ആ വിശദീകരണം ഒരു പ്രഭാഷണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. പിന്നീടത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ആധുനിക രസതന്ത്രത്തിന് ബലമുള്ള അടിത്തറ സൃഷ്ടിച്ച ലൈനസ് പോളിങ് ആണ്, ഒരര്‍ഥത്തില്‍ ജീവതന്മാത്രാശാസ്ത്രത്തിന്റെയും ഉപജ്ഞാതാക്കളിലൊരാള്‍ എന്നോര്‍ക്കുക.

ഡി.എന്‍.എ. ഘടന കണ്ടെത്തിയവരിലൊരാളായ ബ്രിട്ടീഷ് ഗവേഷകന്‍ ഫ്രാന്‍സിസ് ക്രിക്ക് ഫിസിക്‌സില്‍ നിന്ന് ബയോളജിയിലേക്ക് എത്തിയ ഗവേഷകനാണ്. ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലിന് നൊബേല്‍ പുരസ്‌കാരം പങ്കിട്ട മൗറിസ് വില്‍ക്കിന്‍സും അതുപോലെ തന്നെയായിരുന്നു. 'മോളിക്യുലാര്‍ ജനറ്റിക്‌സ്' എന്ന പഠനശാഖ തന്നെ സ്ഥാപിച്ച മാക്‌സ് ഡെല്‍ബ്രൂക് ആണ് ഫിസിക്‌സ് വിട്ട് ബയോളജിയിലെത്തിയ മറ്റൊരു ശാസ്ത്രജ്ഞന്‍. 

ജീവന്റെ നിലനില്‍പ്പില്‍ സുപ്രധാന പങ്കുള്ള റൈബസോമിന്റെ ആറ്റമികതല ഘടന കണ്ടെത്തി പ്രവര്‍ത്തന രീതി അനാവരണം ചെയ്ത ഗവേഷകനാണ് ഇന്ത്യന്‍ വംശജനായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. 2009-ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ട രാമകൃഷ്ണന്‍ അക്കാദമിക് ആയി പഠിച്ചത് ഫിസിക്‌സായിരുന്നു.

Venkatraman Ramakrishnan
വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ചിത്രം
കടപ്പാട്: IRCLM, Cambridge

ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഇത്തരം കൂടുമാറ്റങ്ങളും 'അതിര്‍ത്തിലംഘനങ്ങളും' സാധാരണമായത്. അതിന് മുമ്പ് അതിര്‍ത്തിലംഘനങ്ങളെ അതാത് മേഖലയിലെ വിദഗ്ധര്‍ സഹിഷ്ണുതയോടെയല്ല കണ്ടിരുന്നത്. ഇന്ത്യന്‍ ഗവേഷകനായ ജഗദീശ് ചന്ദ്ര ബോസിന്റെ (ജെ.സി. ബോസ്) അനുഭവമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. 

ഇന്ത്യയിലെ ആദ്യ ആധുനിക ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ബോസ്, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ഫിസിക്‌സ് പ്രൊഫസറായിരുന്നു. 1894 നവംബര്‍ 30 ന് മുപ്പത്തിയാറാം പിറന്നാള്‍ വേളയില്‍, തന്റെ ശിഷ്ടജീവിതം ശാസ്ത്രഗവേഷണത്തിന് മാറ്റിവെയ്ക്കാന്‍ ബോസ് നിശ്ചയിക്കുകയായിരുന്നു. റേഡിയോതരംഗങ്ങളുടെ മേഖലയില്‍ ആരംഭിച്ച ബോസിന്റെ ഗവേഷണങ്ങള്‍ വളരെ വേഗം പാശ്ചാത്യശ്രദ്ധ ആകര്‍ഷിച്ചു. യൂറോപ്പിലെ അന്നത്തെ പ്രധാന ഭൗതികശാസ്ത്രജ്ഞരെല്ലാം ബോസിന്റെ മുന്നേറ്റങ്ങളെ പ്രകീര്‍ത്തിച്ചു.

എന്നാല്‍, ഏതാനും വര്‍ഷങ്ങളേ റേഡിയോതരംഗ ഗവേഷണം ബോസ് തുടര്‍ന്നുള്ളൂ. ഇരുപതാം നൂറ്റാണ്ട് പിറന്നപ്പോഴേക്കും ആ ഗവേഷകന്റെ താത്പര്യം സസ്യപഠനത്തിലേക്ക് തിരിഞ്ഞു. സസ്യപ്രതികരണങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. അതിനാവശ്യമായ നൂതന ഉപകരണങ്ങള്‍ അദ്ദേഹം വികസിപ്പിച്ചു (ബോസിന്റെ പഠനത്തെക്കാളും മികച്ചത് അദ്ദേഹം പഠനത്തിനായി രൂപപ്പെടുത്തിയ ഉപകരണങ്ങളായിരുന്നു എന്നു കരുതുന്നവരുണ്ട്). 

Jagadish Chandra Bose
ജഗദീശ് ചന്ദ്ര ബോസ്. കടപ്പാട്: Patrick Geddes

 

പക്ഷേ, അതിര്‍ത്തികള്‍ കടന്നുള്ള ആ അന്വേഷണത്തിനിടെ, ശാസ്ത്രമേഖലയില്‍ നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ട 'കഠിനമായ ജാതിവ്യവസ്ഥ' ബോസിനെ അമ്പരപ്പിച്ചു. അമിതമായ സ്‌പെഷ്യലൈസേഷന്‍ മൂലം ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം എന്നിങ്ങനെ ഒരോ മേഖലയും, മറ്റു പഠനമേഖലയിലുള്ളവര്‍ തൊട്ട് അശുദ്ധമാക്കാന്‍ പാടില്ലെന്ന ചിന്താഗതി പാശ്ചാത്യശാസ്ത്രലോകത്ത് ശക്തമാണെന്ന് ബോസ് കണ്ടു. ജാതിവ്യവസ്ഥയുടെ ദുരിതം ഏറ്റവുമധികം പേറുന്ന രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ശാസ്ത്രരംഗത്ത ആ 'ജാതിവ്യവസ്ഥ' മറികടക്കാനാണ് ബോസ് ശ്രമിച്ചത്. അതിന് പക്ഷേ, അധികമാരും ബോസിനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രരംഗത്ത് കാത്തിരുന്നതോ കഠിനമായ ഒറ്റപ്പെടലും!

ബോസില്‍ നിന്ന് വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലേക്കെത്തുമ്പോള്‍ ഒരു വൃത്തം പൂര്‍ത്തിയാകുന്നത് നമുക്ക് കാണാം. ഫിസിക്‌സില്‍ നിന്ന് ജീവശാസ്ത്രത്തിലേക്കെത്തിയ ഗവേഷകരാണ് ഇരുവരും. അതിന്റെ പേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോസ് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ ഒരു പങ്കുപോലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാമകൃഷ്ണന് നേരിടേണ്ടി വന്നില്ല!  

അവലംബം -

* Abdus Salam - A Biography (1992). By Jagjit Singh. Penguin Books, New Delhi. 
* Walter Gilbert-Facts. NobelPrize.org.   
* Jagadis Chandra Bose and the Indian Response to Western Science (1999). By Subrata Dasgupta. Oxford University Press, New Delhi.

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

* Content Highlights: Interdisciplinarity Science, Jagadish Chandra Bose, Abdus Salam, Walter Gilbert, Linus Pauling, Venkatraman Ramakrishnan