ന്ത്യയിലേക്ക് പുറത്തുനിന്ന് കുടിയേറിയെന്ന് അനുമാനിക്കപ്പെടുന്ന ആര്യസമൂഹം വേറാരുമല്ല, യമ്നയ (Yamnaya people) ആണ്. ഇന്ത്യക്കാരുടെ 'വൈ ക്രോമസോം' അപഗ്രഥനം ചെയ്തപ്പോള്‍ വ്യക്തമായത് ഇക്കാര്യമാണ്. 

ഒരു സമൂഹത്തെ ജനിതകപരമായി പഠിക്കാന്‍ തുണയാകുന്നത്, അമ്മയില്‍ നിന്നു മാത്രം സന്തതികള്‍ക്ക് ലഭിക്കുന്ന മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യും, അച്ഛനില്‍ നിന്ന് മകനിലേക്ക് മാത്രം പകരുന്ന വൈ ക്രോമസോമും (Y chromosome) ആണ്. ജീവികളുടെ കോശത്തില്‍ കോശമര്‍മത്തിന് പുറത്ത് മൈറ്റോകോണ്‍ഡ്രിയയില്‍ കാണപ്പെടുന്നതാണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ (Mitochondrial DNA). 

ഇന്ത്യക്കാരുടെ അമ്മ വഴിയുള്ള വംശപാരമ്പര്യത്തിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി, മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സമൂഹങ്ങളിലെ സ്ത്രീകള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ഇവിടെ വന്നിട്ടില്ല. എന്നാല്‍, ആധുനിക ഇന്ത്യക്കാരിലെ വൈ ക്രോമസോം വിശകലനം ചെയ്തപ്പോള്‍ കഥ മറ്റൊന്നായി. യൂറോപ്യന്‍മാര്‍, മധ്യേഷ്യക്കാര്‍ എന്നീ ജനതകളുമായുള്ള ഭാരതീയരുടെ ബന്ധം വൈ ക്രോമസോമില്‍ തെളിഞ്ഞു! 

കാലിമേച്ചില്‍ക്കാരുടെ ഗോത്രമായിരുന്നു യമ്‌നയ. ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന ജനത. പുരുഷാധിപത്യം നിലനിന്ന സംസ്ക്കാരമായിരുന്നു അവരുടേത് എന്ന് യമ്നയകളെയും, 'കുർഗനുകൾ' (Kurgans) എന്നറിയപ്പെടുന്ന അവരുടെ സവിശേഷ ശവകുടീരങ്ങളെപ്പറ്റിയും പഠനം നടത്തിയ ഗവേഷക മരിയാ ഗിംബുട്ടാസ് (Marija Gimbutas) അഭിപ്രായപ്പെടുകയുണ്ടായി. 

Marija Gimbutas
മരിയാ ഗിംബുട്ടാസ്. Pic Credit:
Monica Boirar/Wikimedia Commons

ഈ ഗോത്രക്കാര്‍ കോക്കസസ് (Caucasus) മേഖലയില്‍ നിന്ന് തെക്കോട്ടെത്തിയ കൂട്ടരാണ്. പേര്‍ഷ്യന്‍ പ്രദേശമായ ടുറാനില്‍ വെച്ച് അവര്‍ സാംസ്‌ക്കാരികമായ മാറ്റങ്ങള്‍ക്കും ചിട്ടപ്പെടുത്തലുകള്‍ക്കും വിധേയരായി. 

ആ കാലഘട്ടത്തിനു ശേഷമാണ് അവര്‍ സ്വയം 'ആര്യന്മാര്‍' എന്ന് മുദ്രണം ചെയ്യുന്നത്. ഏതാണ്ട് അയ്യായിരം വര്‍ഷം മുമ്പായിരുന്നു അത്. യൂറോപ്പിലേക്കും, തെക്കന്‍ മേഖലയിലേക്കുമുള്ള യമ്‌നയ സമൂഹത്തിന്റെ വ്യാപനം, ജനിതകപഠനത്തിന്റെ സഹായത്തോടെ കാലഗണന കാണിക്കുന്ന ഒരു ഭൂപടമായി വാഗീഷ് നരസിംഹന്‍ തന്റെ പഠനത്തില്‍ (Science, Sept 06, 2019)** അവതരിപ്പിക്കുന്നു. 

തര്‍ക്കവിഷയം ഇതാണ്: ഇന്ത്യയില്‍ ആ സമയത്ത് ഉണ്ടായിരുന്നത് ഏതു ജനതയാണ്? സൈന്ധവനാഗരികത അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്ന സമയമാണത്. രാഖീഗഢിലെ പ്രാചീന സ്ത്രീയുടെ ജനിതകം വിശകലനം ചെയ്തതിന്റെ ഫലം (Cell, Sept 05, 2019)* പുറത്തുവരും വരെ കരുതിയിരുന്നത്, ഇന്ത്യയില്‍ കാര്‍ഷികവൃത്തി എത്തിയത് അനറ്റോളിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് എന്നായിരുന്നു. എന്നാല്‍, 'സെല്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ആ പഠനം, അനറ്റോളിയയില്‍ നിന്നാണ് ഇവിടെ കാര്‍ഷികവൃത്തി എത്തിയതെന്ന നിഗമനം തള്ളിക്കളയുന്നു. കാരണം, രാഖീഗഢിലെ (Rakhigarhi) പ്രാചീന സ്ത്രീയുടെ ജനിതകത്തില്‍ അനറ്റോളിയയിലോ ഇറാനിലോ ഉണ്ടായിരുന്ന പ്രാചീനകര്‍ഷക ഗോത്രങ്ങളുടെ ജനിതകത്തിന്റെ കലര്‍പ്പ് ഒട്ടുമില്ല. 

ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. രാഖീഗഢ് സ്ത്രീ 4600 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നത്. സൈന്ധവരുടെ മുന്‍ഗാമികളായ മെഹര്‍ഗഢ് ജനത എണ്ണായിരം വര്‍ഷംമുമ്പ് ഇവിടെ കൃഷിചെയ്തിരുന്നു. സൈന്ധവനാഗരികതയുടെ കാലത്തും കൃഷിയുണ്ടായിരുന്നു. ആ നിലയ്ക്ക് രാഖീഗഢിലെ സ്ത്രീയുടെ ഡി.എന്‍.എ.യില്‍ അനറ്റോളിയന്‍ ജനിതകം കാണാനില്ല എന്നതിനര്‍ഥം, അക്കാലത്തോ അതിനു മുമ്പോ അനറ്റോളിയന്‍ കൃഷിക്കാര്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല എന്നാണ്. ഭൂമുഖത്ത് മറ്റ് പല കേന്ദ്രങ്ങളിലെയും പോലെ ഇന്ത്യയിലും സ്വതന്ത്രമായി കാര്‍ഷികവൃത്തി ആരംഭിച്ചിരിക്കാം എന്നാണീ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. എന്നുവെച്ചാല്‍, ഇന്ത്യയിലെ കൃഷിയുടെ ഉപജ്ഞാതാക്കള്‍ പൗരാണിക ഭാരതീയര്‍ തന്നെയാണ്. 

Ancient Agriculture
പ്രാചീന കാര്‍ഷികവൃത്തി. ഇന്ത്യയിലും സ്വതന്ത്രമായി കാര്‍ഷികവൃത്തി ആരംഭിച്ചിരിക്കാം എന്ന് സൂചന. Pic Credit: ancientcivilizationsworld.com/agriculture/

രാഖീഗഢിയില്‍ നിന്നുള്ള ജനിതകത്തില്‍ അനറ്റോളിയന്‍ ജനിതകം മാത്രമല്ല, ഇറാനില്‍ നിന്നുള്ള കര്‍ഷകരുടെയോ, സ്‌റ്റെപ്പിയില്‍ നിന്നുള്ള കാലിമേച്ചില്‍ക്കാരുടെയോ ജനിതകക്കലര്‍പ്പും കണ്ടെത്താനായില്ല. സ്റ്റെപ്പിയില്‍ നിന്നുള്ള ഇടയന്മാരാണ് പിന്നീട് ആര്യന്മാര്‍ എന്ന് വിളിക്കപ്പെട്ട യമ്‌നയ. അവരുടെ ജനിതകം സിന്ധുനാഗരികതയിലെ രാഖീഗഢിയില്‍ കണ്ടെത്തിയിട്ടില്ല എങ്കില്‍ അതിനര്‍ത്ഥം ഇതാണ്, സൈന്ധവജനത ആര്യന്മാരായിരുന്നില്ല! 

അപ്പോള്‍ ആരാണ് ആര്യന്മാര്‍? അവരൊരു പ്രത്യേക ജനസമൂഹമാണെന്നും, അതല്ല, ചില ഭാഷകള്‍ സംസാരിച്ചിരുന്ന ആളുകള്‍ മാത്രമാണെന്നും, ഇതു രണ്ടുമല്ല 'ശ്രേഷ്ഠര്‍' എന്ന വിശേഷണം സംബന്ധിച്ച സര്‍വ്വനാമം മാത്രമാണെന്നും വാദങ്ങളുണ്ട്. എന്നാല്‍ നോക്കുക, ആര്യന്‍ എന്ന സംജ്ഞ ഇന്ത്യയില്‍ മാത്രമുള്ളതല്ല. ഇറാന്‍കാര്‍ തങ്ങളെ ആര്യമാരായി അടയാളപ്പെടുത്തുന്നു. ഇറാന്‍ എന്ന രാജ്യത്തിന്റെ പേരുതന്നെ 'ആര്യന്‍' എന്ന പദത്തില്‍നിന്ന് ഉണ്ടായതാണ്. ആര്യന്‍ എന്നത് 'എയ്‌റന്‍' ആകുകയും എയ്‌റന്‍ 'ഇറാന്‍' ആകുകയും ചെയ്തു. 

വിവിധ രാജ്യങ്ങളില്‍ ആര്യഭാഷകള്‍ സംസാരിക്കുന്നവര്‍ക്കിടയില്‍ ചില ജനിതകസാമ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍, ഒരു പ്രത്യേക ഗണത്തിലെ ഭാഷകള്‍ സംസാരിക്കുന്ന പൊതുവായ ഉറവിടമുള്ള ഒരു ജനതയാണ് ആര്യന്മാര്‍ എന്ന് മനസ്സിലാക്കാം. അതായത്, ആര്യഭാഷകളുടെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമായ സമൂഹമേതോ അതിനെയാണ് ആര്യന്മാരെനെന്ന് വിളിക്കേണ്ടത്.  

ഇന്ത്യന്‍ ജനതയുടെ ജനിതകപശ്ചാത്തലം

ആര്യന്മാര്‍ എന്നറിയപ്പെട്ട സമൂഹം ഇന്ത്യയില്‍ എത്തിയോ ഇല്ലയോ എന്നതാണ് ചോദ്യം. എത്തിയെങ്കില്‍ അതെപ്പോള്‍? ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ വാഗീഷ് നരസിംഹനും സംഘവും നടത്തിയ ജനിതകപഠനം ഇതിനുള്ള ഉത്തരം നല്‍കുന്നു. നരസിംഹന്‍ ഉള്‍പ്പടെ 118 പേര്‍ ചേര്‍ന്നു നടത്തിയ ആ പഠനം പറയുന്നത്, കഴിഞ്ഞ നാലായിരം വര്‍ഷത്തിനും മൂവായിരം വര്‍ഷത്തിനുമിടയ്ക്ക് കാസ്പിയന്‍ കടലിനപ്പുറമുള്ള വരണ്ട പുല്‍മേടുകളില്‍ (സ്റ്റെപ്പിയില്‍) നിന്ന് ഒരു വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തുര്‍ക്‌മെനിസ്താന്‍ വഴി ദക്ഷിണേഷ്യയില്‍ പ്രവേശിച്ചു എന്നാണ്. 

ആധുനിക ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ മുഖ്യമായും രണ്ടു വിശാലസമൂഹങ്ങളുടെ മിശ്രണമാണെന്ന പരികല്‍പ്പനയാണ് ജനിതകശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നത്. അവയെ 'ഉത്തരഭാരതീയ വംശപരമ്പര' എന്ന അര്‍ത്ഥത്തില്‍ എ.എന്‍.ഐ (ANI - Ancestral North Indian) എന്നും, 'ദക്ഷിണഭാരതീയ വംശപരമ്പര' എന്നയര്‍ത്ഥത്തില്‍ എ.എസ്.ഐ (ASI - Ancestral South Indian) എന്നും വിളിക്കുന്നു. ദ്രാവിഡ ഭാഷകള്‍ സംസാരിക്കാത്ത ഇന്ത്യക്കാരിലാണ് എ.എന്‍.ഐ. പൈതൃകം പരിഗണനാര്‍ഹമാം വിധം കൂടുതല്‍ കാണപ്പെടുന്നത്. 

ഈ പൈതൃകത്തിന്റെ ജനിതകമുദ്രകള്‍ ഇന്ത്യയ്ക്ക് പുറത്ത് ഏഷ്യന്‍-യൂറോപ്യന്‍ മേഖലകളിലെ പാരമ്പര്യ സമൂഹങ്ങളിലും ഉണ്ട്. അതേസമയം, ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്ന എ.എസ്.ഐ.പൈതൃകം ഇന്ത്യയ്ക്ക് വെളിയില്‍ അങ്ങനെ കാണപ്പെടുന്നില്ല. ദ്രാവിഡ ഭാഷകള്‍ സംസാരിക്കാത്ത, എ.എന്‍.ഐ. പൈതൃകം പേറുന്ന സമൂഹം മധ്യപൂര്‍വേഷ്യക്കാര്‍, മധ്യേഷ്യക്കാര്‍, യൂറോപ്യന്‍മാര്‍ എന്നിവരോട് ജനിതകസാമ്യം പ്രദര്‍ശിപ്പിക്കുന്നു. അതേസമയം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു വെളിയില്‍ എ.എസ്.ഐ. പൈതൃകമുള്ളവര്‍ കാണപ്പെടുന്നില്ല. 

Lalji Singh
ഡോ.ലാല്‍ജി സിങ്

പത്തുവര്‍ഷം മുമ്പ് ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച 'റികണ്‍സ്ട്രക്റ്റിക് ഇന്ത്യന്‍ പോപ്പുലേഷന്‍ ഹിസ്റ്ററി' (Nature, 2009)#  എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഹൈദരാബാദില്‍ 'സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്കുലര്‍ ബയോളജി'യുടെ മുന്‍ ഡയറക്ടര്‍ ഡോ.ലാല്‍ജി സിങ്, ഇപ്പോള്‍ അവിടുത്തെ ശാസ്ത്രജ്ഞനായ ഡോ. തങ്കരാജ് എന്നിവരും ആ പഠനത്തില്‍ പങ്കാളികളായിരുന്നു. 

എ.എസ്.ഐ. പൈതൃകത്തിന്റെ ജനിതകം തിരയുമ്പോള്‍ ഏറ്റവും അടുപ്പമുള്ളത് തമിഴ്‌നാട്ടിലെ ചില സമൂഹങ്ങള്‍ക്കാണ്. ഈ പൈതൃകക്കാരുടെ പൂര്‍വികര്‍ 'പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര'യില്‍ (AASI - Ancient Ancestral South Indian) പെട്ടവരാണ്. ആന്‍ഡമാനിലെ വേട്ടക്കാരായ ഓംഗേ ഗോത്രസമൂഹമാണ് എ.എ.എസ്.ഐ. ആയി കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം വഴി ആന്‍ഡമാന്‍ ദ്വീപുകളിലെത്തിയവരുടെ പിന്‍ഗാമികളാണ് ഓംഗെ ഗോത്രക്കാര്‍. 

Dr Thankaraj
ഡോ. തങ്കരാജ് 

ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോട് ബാഹ്യപ്രകൃതിയില്‍ ഓംഗെ ഗോത്രക്കാര്‍ക്ക് സാമ്യമുണ്ട്. എന്നാല്‍, ജനിതകപരമായി അവര്‍ പൂര്‍ണമായും ആഫ്രിക്കക്കാരല്ല. ആന്‍ഡമാന്‍കാരുടെ ജനിതകത്തില്‍, യൂറോപ്പിലെ പ്രാചീനമനുഷ്യരായ 'നിയണ്ടര്‍ത്തല്‍' (Neanderthal) വര്‍ഗ്ഗത്തിന്റെയും, 'ഡെനിസോവന്‍' (Denisovan) വര്‍ഗ്ഗക്കാരുടെയും ജനിതകം അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍, ആന്‍ഡമാന്‍ ആദിവാസികളെ ആഫ്രിക്കക്കാരായും കിഴക്കനേഷ്യക്കാരായും കരുതാന്‍ കഴിയില്ല എന്ന അഭിപ്രായവുമുണ്ട്.

അമ്പതിനായിരം വർഷം മുമ്പ് ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് പുറംലോകത്തേക്ക് കുടിയേറിയപ്പോൾ, അവർ അവരുടെ തന്നെ പൂർവികരിൽ നിന്ന് മുമ്പ് പിരിഞ്ഞുപോയ പല പ്രാചീന സമൂഹങ്ങളുമായിട്ടും സംഗമിച്ചിട്ടുണ്ട് എന്നാണ് മേൽസൂചിപ്പിച്ച സംഗതി വ്യക്തമാക്കുന്നത്. അതുവഴി, വിവിധ പ്രാചീന മനുഷ്യവിഭാഗങ്ങളുടെ ജനിതകം ആന്‍ഡമാന്‍കാരിലെത്തി.  

ജനിതകം വഴികാട്ടുമ്പോള്‍ 

'പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര' (എ.എ.എസ്.ഐ) അഥവാ 'ആന്‍ഡമാന്‍ വേട്ടക്കാരുടെ സമൂഹം' (Andaman Hunter Gatherers - AHG) എന്നു വിളിക്കാവുന്ന പ്രാചീനസമൂഹമാണ് സിന്ധുനദീതടത്തില്‍ ആദ്യം പാര്‍പ്പുറപ്പിച്ചത്. സിന്ധുനദീതടത്തില്‍ താമസിച്ചവര്‍, ബലൂചിസ്ഥാന്റെ പടിഞ്ഞാറന്‍ മേഖല, ഇറാന്റെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന പ്രാചീന വേട്ടകകാരുടെ ഗോത്രങ്ങളുമായി മിശ്രണം ചെയ്തിട്ടുണ്ട്. ആ കൂടിച്ചേരല്‍ എ.എസ്.ഐ.എന്നു വിളിക്കുന്ന അടിസ്ഥാനജനിതകത്തിന്റെ രൂപീകരണത്തിന് കാരണമായി. ഇത് സിന്ധുനാഗരികതയില്‍ എമ്പാടും വ്യാപിച്ച വിഭാഗമായതിനാല്‍ അതിനെ ഇപ്പോള്‍ വിശാലാര്‍ത്ഥത്തില്‍ 'സിന്ധുനദീതടസമൂഹം' (Indus Valley Cline- IVC) എന്ന് വിളിക്കുന്നു.

മേല്‍ സൂചിപ്പിച്ച വിശാല സമൂഹത്തിലേക്കാണ് പിന്നീട് പല മിശ്രണങ്ങളും കടന്നുവന്നത്. സാംസ്‌ക്കാരികമായും നാഗരികമായും സിന്ധുനദീതടം വികസിത പ്രദേശമായപ്പോള്‍, അവിടുന്ന നിവാസികള്‍ കച്ചവടങ്ങള്‍ക്കായി ദേശസഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, ഇറാനോ തുര്‍ക്ക്‌മെനിസ്ഥാനോ ഒന്നും സിന്ധുനാഗരികതയുടെ ഭാഗമായില്ല. സിന്ധുനദീതടവാസികളുടെ ജനിതകം ആ രാജ്യങ്ങളില്‍ നാലായിരം വര്‍ഷം മുമ്പുള്ള ഏതാനും ചില സെറ്റില്‍മെന്റുകളില്‍ നിന്ന് ഖനനം വഴി കിട്ടിയിട്ടുണ്ട്. എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ അവിടെ ഉണ്ടായിരുന്നെന്നോ, അവരുടെ പിന്‍തലമുറകള്‍ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതിനോ ജനിതകതെളിവുകള്‍ കിട്ടിയിട്ടില്ല. ഇക്കാരണത്താല്‍, 'ഔട്ട് ഓഫ് ഇന്ത്യ' സിദ്ധാന്തം ശരിയല്ലെന്ന് പറയേണ്ടി വരുന്നു.

4500 വര്‍ഷം മുമ്പ്, പാകിസ്ഥാനപ്പുറത്ത് നിലവില്‍ ഇറാനിയന്‍ ബലൂചിസ്ഥാനിലെ ഒരു സൈറ്റിലും (Shahr-i-Sokhta), തുര്‍ക്ക്‌മെനിസ്ഥാനിലെ ഒരിടത്തും (Gonur) ജീവിച്ചിരുന്ന ഈ ആളുകള്‍ ആര്യസമൂഹമായിരുന്നില്ല. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ എന്നറിയപ്പെടുന്ന, ആര്യഭാഷാഗണത്തിന്റെ വ്യാപനത്തിന് കാരണമായ സ്റ്റെപ്പി നിവാസികളുടെ ജിനിതകം ഇവരില്‍ ഒട്ടുമില്ല. അപ്പോള്‍ 'ഔട്ട് ഓഫ് ഇന്ത്യ' തിയറിയും, സിന്ധുനാഗരികതയില്‍ ആര്യന്‍ജനിതകം ഉണ്ടെന്നു പറയുന്നതും, രണ്ടും തെറ്റാണ്.

Ancient DNA
ഡിഎന്‍എ വിശകലനം വഴിയാണ് പ്രാചീന ഇന്ത്യക്കാരെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. Pic Credit: Genetic Literacy Project

എന്നാല്‍, അയ്യായിരം വര്‍ഷത്തിനിപ്പുറം ഇന്ത്യക്കാരില്‍ ജനിതകമിശ്രണം സംഭവിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമാകുന്നു. യൂറോപ്പിലെ പ്രാചീനമനുഷ്യരുടെ ഡി.എന്‍.എ.സംബന്ധിച്ച് നടന്ന വ്യാപകമായ പഠനങ്ങളില്‍ സ്റ്റെപ്പിയിലെ ഇടയന്‍മാരുടെ ജനിതകഘടന ലഭിച്ചു. ആ ജനവിഭാഗം എവിടേയ്‌ക്കെല്ലാം വ്യാപിച്ചു എന്ന് പഠനങ്ങളില്‍ കണ്ടെത്താനായി. 

ആ പഠനങ്ങള്‍ പ്രകാരം, അനറ്റോളിയയില്‍നിന്ന് കുടിയേറിയ വലിയൊരു വിഭാഗം കര്‍ഷകഗോത്രങ്ങള്‍ കിഴക്കന്‍ യൂറോപ്പില്‍ സ്റ്റെപ്പിയിലെ വേട്ടക്കാരുമായി സങ്കലനം ചെയ്യപ്പെട്ടു. ഇത് ഏഴായിരം വര്‍ഷം മുമ്പു മുതല്‍ അയ്യായിരം വര്‍ഷം മുമ്പു വരെയാണ് സംഭവിച്ചത്. ആ മിശ്രിതജനതയാണ് യമ്‌നയ. അവര്‍ നാലായിരം വര്‍ഷത്തിനും മൂവായിരം വര്‍ഷത്തിനും ഇടയ്ക്ക് തുര്‍ക്‌മെനിസ്ഥാന്‍ കടന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലെത്തുകയായിരുന്നു. ഏതാണ്ട് 3800 വര്‍ഷം മുമ്പാണ് കുടിയേറ്റം നടന്നത്. 

വേദങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലമാണത്. വേദങ്ങളില്‍ കുതിരകളെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. ഇതിനര്‍ഥം, വേദങ്ങള്‍ സൃഷ്ടിച്ചവര്‍ കുതിരകളെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അതേസമയം, സിന്ധുനാഗരികതയില്‍ കുതിരകളുടെ സാന്നിധ്യമില്ല എന്നോര്‍ക്കുക. യമ്‌നയകളുടെ വരവിന് മുമ്പ് ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ കുതിരകള്‍ എത്തിയിരുന്നില്ല എന്ന് കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായി കുതിരകള്‍ മാറുന്നത്, 3800 വര്‍ഷം മുമ്പു മുതല്‍ 3500 വര്‍ഷം മുമ്പു വരെയുള്ള കാലത്താണെന്ന് ജനിതകത്തെളിവുകള്‍ പറയുന്നു. ഇത് ഈജിപ്റ്റില്‍ കുതിരകള്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കപ്പെട്ട കാലയളവുമായി ഒത്തുവരുന്നു.  

Spread of Yamnaya Steppe Pastoralists
പുല്‍മേടുകളിലെ കാലിമേച്ചില്‍ക്കാരായ യാമ്നയകളുടെ വ്യാപനം വ്യക്തമാക്കുന്ന മാപ്പ്, വാഗീഷ് നരസിംഹന്റെ പേപ്പറില്‍ പ്രസിദ്ധീകരിച്ചത്.

മേല്‍സൂചിപ്പിച്ച ജനിതക തെളിവുകളും വസ്തുതകളും വ്യക്തമാക്കുന്നത്, ഇന്‍ഡോ-ഇറാനിയന്‍ ഭാഷകള്‍ അഥവാ ആര്യഭാഷകള്‍ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വര്‍ഷംമുമ്പ് മധ്യേഷ്യയില്‍നിന്ന് ഇന്ത്യയില്‍ കുടിയേറി എന്നാണ്.

സൈന്ധവനാഗരികതയും ദ്രാവിഡബന്ധങ്ങളും

സിന്ധുനദീതടത്തില്‍ ഉണ്ടായിരുന്നത് ദ്രാവിഡസമൂഹമായിരിക്കാം എന്ന് പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ പറയാനാകും. തമിഴ് ഭാഷ ദ്രാവിഡസമൂഹത്തിന്റേതാണ്. സിന്ധുനദീതടത്തില്‍ നിന്ന് ലഭിച്ച ചില വസ്തുക്കളെങ്കിലും അവിടെ ഒരു തമിഴ് ശൈവസംസ്‌കാരം നിലനിന്നിരിക്കാമെന്നുള്ള സാധ്യത വെളിവാക്കുന്നു. അതിലൊന്ന് യോഗസ്ഥിതനായ പശുപതിയുടെ മുദ്രയാണ്. മറ്റൊന്ന്, ജെല്ലിക്കെട്ടുമുദ്രയും. ഇപ്പോള്‍ തമിഴ്നാട്ടില്‍ മാത്രമുള്ള ജല്ലിക്കെട്ട്, സിന്ധുനദീതട സംസ്‌കാര കാലത്തെ ഒന്നിലധികം മുദ്രകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഐരാവതം മഹാദേവന്‍ 2009-ല്‍ 'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൈന്ധവമുദ്രകള്‍ക്ക് തമിഴ് ബന്ധങ്ങള്‍ ഉള്ളതായി പരാമര്‍ശിക്കുന്നു. സൈന്ധവസംസ്‌കാരത്തിനും മുമ്പുള്ള  മെഹര്‍ഗഢ് സംസ്‌കാരത്തില്‍ ചെറിയ സ്ത്രീപ്രതിമകള്‍ നിരവധിയെണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത് സ്ത്രീയുടെ ആരാധന, അമ്മദൈവാരാധന എന്നിവയുമായി ബന്ധമുള്ളതാകാം. തമിഴ് സംസ്‌കാരത്തില്‍ അമ്മന്‍ എന്ന പേരില്‍ അമ്മദൈവാരാധനയുള്ളതും, കേരളത്തിലടക്കം കാളിയുടെ ആരാധന വളരെ പ്രാചീനമാണെന്നതും, മെഹര്‍ഗഢ് സംസ്‌കാരത്തിലെ സ്ത്രീപ്രതിമകളുടെ സാന്നിദ്ധ്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. 

Mother god
മെഹര്‍ഗഢ് സംസ്‌കാരത്തിലെ
അമ്മ ദൈവം

സിന്ധുനദീതടത്തില്‍ ജലലഭ്യത ഇല്ലാതായപ്പോള്‍ അവിടത്തെ ജനത ഭാരതത്തില്‍ മറ്റിടങ്ങളിലേക്ക് നീങ്ങി എന്നാണ് അനുമാനിക്കപ്പെടുന്നത്. സിന്ധുനാഗരികതയിലെ ആളുകള്‍ നീങ്ങിയത് ഗംഗാതടങ്ങളിലേക്കും തെക്കോട്ടും ആണെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ ഗംഗാതടങ്ങള്‍, സിന്ധുനദീതടസംസ്‌കാരത്തിന്റെ തുടര്‍ച്ചയാകണം. ചിലപ്പോള്‍, സിന്ധുനാഗരികതയുടെ കാലത്തുതന്നെ കാശിയടക്കമുള്ള ഇടങ്ങളില്‍ സമാനമായ ഒരു ഗംഗാതട നാഗരികത നിലനിന്നിരിക്കാം. 

തെക്കാകട്ടെ, അക്കാലത്തുതന്നെ ഒരു സംസ്‌കാരം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈയിടെ തമിഴ്നാട്ടിലെ കീഴടിയില്‍നിന്നും ബി.സി. 600 കാലഘട്ടത്തിലെ വസ്തുക്കള്‍ ഖനനം വഴി കണ്ടെടുത്തിരുന്നു. ഒപ്പം, സൈന്ധവലിപികള്‍ക്കും തമിഴ് ബ്രാഹ്മി ലിപിക്കും മധ്യവര്‍ത്തി എന്ന് കരുത്തപ്പെടാവുന്ന ഒരു ചിത്രലിപിയും അവിടെ നിന്ന് ലഭിച്ചു. അതിനെ സൈന്ധവലിപികള്‍ക്കും തമിഴ് ബ്രാഹ്മിക്കുമിടയിലെ 'മിസ്സിംഗ് ലിങ്ക്' ആയി കണക്കാക്കണം എന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 

കേരളത്തില്‍ വയനാട്ടിലെ എടക്കല്‍ ഗുഹാസംസ്‌കാരം സിന്ധുനാഗരികതയ്ക്കും മുമ്പേയുള്ള മെഹര്‍ഗഢ് സംസ്‌കാരത്തിന്റെ കാലത്തു തന്നെ ഉള്ളതാണ്. അതായത്, സൈന്ധവനാഗരികതയുടെ കാലത്തിനു മുമ്പേതന്നെ ദക്ഷിണഭാരതത്തില്‍ പ്രാചീനജനതകള്‍ ഉണ്ടായിരുന്നു. അവര്‍, ഏറ്റവും കുറഞ്ഞത് ഗുഹാസംസ്‌കൃതിയുടെ എങ്കിലും ഉടമകളാണ്. അവരുടെ നേര്‍പിന്‍ഗാമികളോ, അവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരസമൂഹങ്ങളോ, അതുമല്ലെങ്കില്‍ സൈന്ധവനിവാസികളുമായുള്ള സങ്കരസമൂഹമോ, ദക്ഷിണഭാരതത്തിലെ നാഗരികതകള്‍ക്ക് കാരണമായിട്ടുണ്ട്.  സിന്ധുനദീതടത്തിലും ദക്ഷിണഭാരതത്തിലും ഉള്ള ആളുകള്‍ക്കിടയില്‍ ജനിതകബന്ധങ്ങള്‍ കാണുന്നതിനാല്‍, ഇവയ്ക്കിടയിലുള്ള സാംസ്‌കാരികബന്ധങ്ങള്‍ നിഷേധിക്കാനാവില്ല. 

Jellikket stamp
സിന്ധുനദീതടത്തില്‍ നിന്ന് ലഭിച്ച ജെല്ലിക്കെട്ട് മുദ്ര

ഭാരതത്തിന്റെ ദ്രാവിഡപശ്ചാത്തലത്തെപ്പറ്റി വാഗീഷ് നരസിംഹന്റെ പഠനം കൂടുതല്‍ വ്യക്തത തരുന്നുണ്ട്. പഠനത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ തെളിമയോടെ വ്യക്തമാക്കുന്നു (Science, Sept 06, 2019). ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷാഗണമായ ദ്രാവിഡഭാഷകളുടെ ഉത്ഭവത്തിലേക്ക് നരസിംഹന്റെ പഠനം വെളിച്ചം വീശുന്നു. സിന്ധുനദീതടസമൂഹത്തിലെ (Indus Valley Cline- IVC) ആളുകള്‍ ആ സംസ്‌കാരത്തിന്റെ പതനത്തിന് ശേഷം സൈന്ധവപ്രദേശങ്ങളില്‍ നിന്ന് തെക്കോട്ടും കിഴക്കോട്ടും ദേശാടനം ചെയ്യുകയും അവിടങ്ങളില്‍ ഉണ്ടായിരുന്ന എ.എ.എസ്.ഐ (Ancient Ancestral South Indian) അഥവാ പ്രാചീനദക്ഷിണഭാരതീയ വംശപരമ്പരയിലെ അംഗങ്ങളുമായി കൂടുതല്‍ മിശ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കാമെന്നും, അവര്‍ ദ്രാവിഡഭാഷകളുടെ പ്രാഗ് രൂപമായിരിക്കാം സംസാരിച്ചിരുന്നതെന്നും, വാഗീഷ് നരസിംഹന്റെ പഠനം വ്യക്തമാക്കുന്നു. ദ്രാവിഡഭാഷകള്‍ക്ക് എ.എസ്.ഐ. സമൂഹവുമായുള്ള അടുത്ത ബന്ധം ഇത് സൂചിപ്പിക്കുന്നു. അതായത്, പ്രാഗ് ദ്രാവിഡഭാഷ വ്യാപിപ്പിച്ചവര്‍ സിന്ധുനദീതട സമൂഹത്തിന്റെ പിന്‍ഗാമികളാണ്. 

ഇതോടൊപ്പം വാഗീഷ് നരസിംഹന്‍ ദ്രാവിഡഭാഷകളുടെ വ്യാപനത്തിന്മേല്‍ മറ്റൊരു സിദ്ധാന്തം കൂടി പരിഗണിക്കേണ്ടതാണെന്ന ആശയം മുന്നില്‍ വയ്ക്കുന്നു. പ്രാഗ് ദ്രാവിഡഭാഷാരൂപം വ്യാപിച്ചത് തെക്കന്‍ദേശങ്ങളില്‍ ഉദ്ഭവിച്ച എ.എസ്.ഐ. സമൂഹത്തില്‍ നിന്നായിരിക്കാമെന്നും പഠനത്തില്‍ അദ്ദേഹം പറയുന്നു. വൃക്ഷലതാദികള്‍, ജന്തുജാലങ്ങള്‍ എന്നിവയെ സൂചിപ്പിക്കാന്‍ ദക്ഷിണഭാരതത്തില്‍ ഉപയോഗിക്കപ്പെടുന്ന പദങ്ങളുടെ ചില പഠനങ്ങളും നേരത്തെ മുകളില്‍ സൂചിപ്പിച്ച സൈന്ധവമുദ്രകളും ഈ വാദവുമായി ഒത്തുപോകുന്നവയാണ്. 

യൂറോപ്പില്‍ ഹിമയുഗത്തിന്റെ അവസാനം കൂറ്റന്‍ ഹിമപാളികള്‍ ഇല്ലാതായപ്പോഴാണ് പ്രാചീന മനുഷ്യസമൂഹങ്ങള്‍ക്ക് പല ദിക്കുകളിലേക്ക് സഞ്ചരിക്കാന്‍ സാധിച്ചത്. ഹിമയുഗത്തില്‍ പക്ഷേ, ദക്ഷിണഭാരതമെന്ന ഉഷ്ണമേഖലയില്‍ മഞ്ഞിന്റെ ശല്യം ഉണ്ടായിരുന്നില്ല എന്നിരിക്കട്ടെ.  അങ്ങനെയെങ്കില്‍ ലോകത്താദ്യമായി കൃഷി ആവിര്‍ഭവിച്ചത് ഇന്ത്യയിലായിക്കൂടേ? അതാണ് സംഭവിച്ചതെങ്കില്‍, അതിനേറ്റവും സാധ്യതയുള്ള ഇടങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. കടലിലിന്റെ വിതാനമാണെങ്കില്‍ അക്കാലത്ത് ഹിമയുഗം കാരണം ഇന്നത്തേക്കാള്‍ നൂറുമീറ്റര്‍ എങ്കിലും താഴെയുമായിരുന്നു. അതായത്, ഇന്നത്തെ കന്യാകുമാരിക്കുമപ്പുറം എത്രയോ കിലോമീറ്റര്‍ കടല്‍ ഇല്ലാതെ കര ഉണ്ടായിരുന്നിരിക്കാം.   

ആര്യന്മാര്‍ ഇന്ത്യയിലേക്ക് വന്നവരല്ലെന്നും, വേണ്ടത് ഒരു 'ഔട്ട് ഓഫ് ഇന്ത്യാ സിദ്ധാന്തം' ആണെന്നും അവകാശപ്പെട്ടു കൊണ്ട് വസന്ത് ഷിന്‍ഡേയും നീരജ് റായിയും നടത്തിയ പത്രസമ്മേളനം, ഡേവിഡ് റെയ്ഷിനോപ്പം ചേര്‍ന്ന് 'സെല്‍' ജേര്‍ണലില്‍ അവര്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ (Cell, Sept 05, 2019) അടിസ്ഥാനത്തിലായിരുന്നു. 

ആ പേപ്പറിലെ കൗതുകമുള്ള കാര്യം, അതിന്റെ ആറാംപേജില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ കാണാം. അതിലിങ്ങനെ എഴുതിയിരിക്കുന്നു: എന്തൊക്കെയായാലും, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെ ദക്ഷിണേഷ്യയിലേക്കുള്ള വ്യാപനത്തിന്റെ സ്വാഭാവികമാര്‍ഗ്ഗം ബി.സി.രണ്ടായിരാമാണ്ടില്‍ കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യേഷ്യ വഴിയും, ആ വ്യാപനം പ്രാചീന ജനിതകപഠനം വഴി രേഖപ്പെടുത്തപ്പെട്ടതുമാണ്.  ('However, a natural route for Indo-European languages to have spread into South Asia is from Eastern Europe via Central Asia in the first half of the 2nd millennium BCE, a chain of transmission that did occur as has been documented in detail with ancient DNA'). ഈ ഒരൊറ്റ വാചകം തന്നെ സൂചിപ്പിക്കുന്നത് സംസ്‌കൃതം സംസാരിച്ചിരുന്ന ആര്യസമൂഹം പുറത്തുനിന്നും ഇന്ത്യയിലേക്ക് കുടിയേറിയവര്‍ ആണ് എന്നാണ്. 

Iravatham Mahadevan
ഐരാവതം മഹാദേവന്‍ 

സംസ്‌കൃതം ഒരു പ്രാചീന ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയാണ്. ഹിന്ദി അടങ്ങുന്ന പല ഉത്തേരേന്ത്യന്‍ ഭാഷകളും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ തന്നെ. അവയുടെ ഇന്ത്യയിലേക്കുള്ള വരവ് കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യേഷ്യ വഴിയാണെന്നാണ് വസന്ത് ഷിന്‍ഡേയും നീരജ് റായിയും തങ്ങളുടെ ഗവേഷണപഠനത്തില്‍ പറയുന്നു.  ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ ഇന്ത്യയില്‍ ബി.സി. രണ്ടാം സഹസ്രാബ്ദത്തില്‍ മാത്രമാണ് എത്തിയതെങ്കില്‍, അതിനുമുമ്പേ സഹസ്രാബ്ദങ്ങളോളം ഭാരതഭൂമിയില്‍ ജീവിച്ചിരുന്നവരുടെ ഭാഷ ദ്രാവിഡഭാഷയാണെന്ന് പറയേണ്ടിവരുന്നു.

രാഖീഗഢിയിലെ ജനിതകത്തില്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിച്ചിരുന്ന ആളുകളുടെ ജനിതകം ഇല്ല എന്ന കണ്ടെത്തലും, സിന്ധുനദീതടത്തിലെ മേല്‍സൂചിപ്പിച്ച തമിഴ് സംസ്‌കാര സ്വാധീനങ്ങളും, തമിഴ്‌നാട്ടില്‍ കീഴടിയിലെ ഖനനത്തെളിവുകളും സൂചിപ്പിക്കുന്നത് ഇതാണ്, ഭാരതത്തില്‍ ആദ്യമായുണ്ടായ കാര്‍ഷിക-നാഗരിക സംസ്‌കാരം ദ്രാവിഡ സംസ്‌കാരമാണ്! 

ഉപദംശം: വസന്ത് ഷിന്‍ഡേയും നീരജ് റായിയും പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച 'ഔട്ട് ഓഫ് ഇന്ത്യാ' സിദ്ധാന്തം ശരിയെങ്കില്‍ ഏതു ജനതയായിരിക്കും ഇന്ത്യക്ക് വെളിയിലേക്ക് പോയിട്ടുണ്ടാകുക? നിസ്സംശയം പറയാം, അത് എ.എസ്.ഐ. എന്ന് ജനിതകമായി അടയാളപ്പെടുത്തപ്പെട്ട ദ്രാവിഡജനതയായിരിക്കും. 

(ചെന്നൈയിലെ സവീത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസിലെ ബയോകെമിസ്ട്രി വകുപ്പില്‍ റിസര്‍ച്ച് പ്രൊഫസറാണ് ലേഖകന്‍)

* ലേഖനത്തിന്റെ ആദ്യഭാഗം: സൈന്ധവസംസ്‌കാരം ദ്രാവിഡരുടേത് ആയിരുന്നോ: ഉത്തരവുമായി ജനിതക പഠനം

അവലംബം -

* An Ancient Harappan Genome Lacks Ancestry from Steppe Pastoralists or Iranian Farmers. By Vasant Shinde, et al. Cell, Sept 05, 2019.
** The formation of human populations in South and Central Asia. By Vagheesh M. Narasimhan, et al. Science, Sept 06, 2019.  
# Reconstructing Indian Population History. By David Reich, et al. Nature, 461, 489-494 (2009). 


Content Highlights: Harappan Civilization, Indus Valley Civilisation, Aryan invasion, Indo-Aryan migration, David Reich, Vasant Shinde, Ancient DNA Analysis, Ancestry of South Asians.