ഡെങ്കി വൈറസിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഇന്‍ഡൊനീഷ്യ. വൈറസുള്ള കൊതുകിനെ പ്രതിരോധിക്കാനായി പുതിയൊരിനം കൊതുകിനെ ബ്രീഡ് ചെയ്‌തെടുത്തിരിക്കുകയാണ് ഇന്‍ഡൊനീഷ്യയിലെ ഗവേഷകര്‍. പുതിയ ഇനം കൊതുകില്‍ ഡെങ്കി പോലെയുള്ള വൈറസിനെ പ്രതിരോധിക്കുന്ന ബാക്ടീരിയും ഒപ്പമുണ്ടാകും. 

വോല്‍ബാച്ചിയ എന്ന ബാക്ടീരിയ 60 ശതമാനം ജന്തുവര്‍ഗങ്ങളിലും കാണപ്പെടുന്നതാണ്. കൊതുക്, ചിത്രശലഭം, പഴ ഈച്ച, ഡ്രാഗണ്‍ഫ്‌ളൈ എന്നിവയിലടക്കം ഇത് കാണാം. എന്നാല്‍ ഡെങ്കി വൈറസിനെ കാണുന്ന ഈഡിസ് ഈജിപ്തി കൊതുകുകളില്‍ ഇതില്ല. 'ഡെങ്കി വൈറസുള്ള കൊതുക് വോല്‍ബാച്ചിയ ബാക്ടീരിയുള്ള കൊതുകുമായി മേറ്റ് ചെയ്തു വോല്‍ബാച്ചിയ ബാക്ടീരിയുള്ള കൊതുകുകളുണ്ടാകും. ഇത് ഡെങ്കിവ്യാപനം തടയും' വേള്‍ഡ് മൊസ്‌ക്യുറ്റോ പ്രോഗ്രാം (ഡബ്യു.എം.പി) പ്രതിനിധി പറഞ്ഞു.

ഡബ്ല്യു.എം.പിയാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. 2017 ല്‍ ഓസ്‌ട്രേലിയ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഡബ്ല്യ.എം.പിയും ഇന്‍ഡൊനീഷ്യയിലെ ഗാദ്ജാഹ് മദാ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് വോല്‍ബാച്ചിയ കൊതുകുകളെ ഇന്‍ഡൊനീഷ്യയിലെ ഡെങ്കി റെഡ് സോണുകളില്‍ വിക്ഷേപിക്കുന്നത്. ഇത് ഡെങ്കി കേസുകള്‍ 77 ശതമാനം കുറച്ചു. 

തങ്ങള്‍ക്ക് ഈ ടെക്‌നോളജിയില്‍ വിശ്വാസമുണ്ടെന്നും ഈഡിസ് ഈജിപ്തി കൊതുകുകള്‍ ഇന്‍ഫെക്ഷന്‍ ഫാക്ടറായിടങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ഡബ്ല്യ.എം.പി ലീഡ് റിസര്‍ച്ചര്‍ ആദി  ഉത്തരണി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള ഡെങ്കി കേസുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പ്രതിവര്‍ഷം 100-400 മില്ല്യണ്‍ പുതിയ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

Content Highlights: indonesian researchers breed new mosquito aganist denque