അതിപ്രാചീനകാലത്ത് സമുദ്രത്താല്‍ ചുറ്റപ്പെട്ട ഒന്നായിരുന്നു കര്‍ണാടകയിലെ ധാര്‍വാര്‍ പ്രദേശമെന്നും, കുറെ ചെറുഭൂഖണ്ഡങ്ങള്‍ ധാര്‍വാറുമായി കൂട്ടിയിടിച്ചാണ് ആ സമുദ്രം ഇല്ലാതായതെന്നും, കൂര്‍ഗ്, നീലഗിരി, ബിലിഗിരി രംഗന്‍ മലനിരകള്‍ അതിന്റെ ശേഷിപ്പാണെന്നും കണ്ടെത്തിയിരിക്കുയാണ് മലയാളി ഗവേഷകനായ ഡോ.രതീഷ് കുമാര്‍ ആര്‍.ടി.

പ്പോള്‍ റൂര്‍ക്കി ഐഐടി ആയി മാറിയ പഴയ റൂര്‍ക്കി യൂണിവേഴ്‌സിറ്റിയിലെ സുനില്‍ ബാജ്‌പേയി, യു.എസില്‍ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഫിലിപ്പ് ഗിന്‍ഗരിച്ച് എന്നീ ഗവേഷകര്‍ ചേര്‍ന്ന് 1998-ല്‍ ഒരു കണ്ടെത്തല്‍ അവതരിപ്പിച്ചു. 5.35 കോടി വര്‍ഷം പഴക്കമുള്ള, അന്നറിയപ്പെടുന്നതില്‍ 'ഏറ്റവും പഴയ തിമിംഗല ഫോസില്‍' ആയിരുന്നു ആ കണ്ടെത്തല്‍. 

അത്രയും പഴക്കമുള്ള തിമിംഗല ഫോസില്‍ കണ്ടെത്തി എന്നതല്ല പലരെയും അമ്പരപ്പിച്ചത്, അതു കണ്ടെത്തിയ സ്ഥലമായിരുന്നു. ഹിമാലയത്തില്‍ നിന്നാണ് ആ ഫോസില്‍ കിട്ടിയത്! കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ള തിമിംഗല ഫോസില്‍* എങ്ങനെ ഹിമാലയത്തില്‍ വന്നു?

ഇതുനുള്ള ഉത്തരം ഭൗമചരിത്രം പറയും. നമ്മള്‍ ഇപ്പോള്‍ കാണുംപോലെ ആയിരുന്നില്ല മുമ്പ് ഭൂപ്രതലം. ഫലകചലന പ്രവര്‍ത്തനം മൂലം പലതവണ ഭൂപ്രതലം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഉദാഹരണമായി 31 കോടി വര്‍ഷം മുമ്പത്തെ കാര്യമെടുക്കാം. അന്ന് 'പാന്‍ജിയ' (Pangea) എന്ന ഒറ്റ സൂപ്പര്‍ഭൂഖണ്ഡം മാത്രമേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. 18 കോടി വര്‍ഷം മുമ്പ് അത് പൊട്ടിപ്പിളര്‍ന്ന് തെക്കും വടക്കും യഥാക്രമം ഗോണ്ട്വാനാലാന്‍ഡ് (Gondwanaland), ലൊറേഷ്യ (Laurasia) എന്നീ ഭൂഖണ്ഡങ്ങളുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു. 

Ratheesh Kumar R.T.
ഡോ. രതീഷ് കുമാര്‍ ആര്‍.ടി.
Pic Credit: Ratheesh Kumar R.T. 

ഏതാണ്ട് 8.8 കോടി വര്‍ഷംമുമ്പ് ഗോണ്ട്വാനാലാന്‍ഡില്‍ നിന്ന് ഇന്ത്യന്‍ ഫലകം വേര്‍പെട്ടു. സമുദ്രാന്തര്‍ഭാഗത്തെ ശക്തമായ ലാവാസ്‌ഫോടനം സൃഷ്ടിച്ച തള്ളലില്‍ 6000 കിലോമീറ്റര്‍ നീങ്ങി, അഞ്ചുകോടി വര്‍ഷം മുമ്പ് യൂറേഷ്യന്‍ ഫലകവുമായി കൂട്ടിമുട്ടി. ഇന്ത്യന്‍ ഫലകം (plate) യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ഇടിച്ചുകയറി. ഇരുഫലകങ്ങളെയും വേര്‍തിരിച്ചിരുന്ന 'ടീതസ് സമുദ്രം' (Tethys Sea) അതോടെ ഇല്ലാതായി. അവിടെ ഹിമാലയം ഉയര്‍ന്നുവന്നു.

ഇക്കാര്യം അറിവുള്ളവര്‍ക്ക്, ഹിമാലയത്തില്‍ തിമിംഗലഫോസില്‍ കണ്ടതില്‍ അത്ഭുതമുണ്ടാകില്ല. ഇന്ത്യയുടെ ഭൗമചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ഹിമാലയത്തിന്റെ ആവിര്‍ഭാവം. സിന്ധുനദി പിറന്നതും ഇന്നത്തെ നിലയ്ക്ക് ഇന്ത്യന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതുമൊക്കെ അതിനു ശേഷമാണ്. 

ഭൂമിയുടെ പ്രായം 450 കോടി വര്‍ഷമാണ്. അതുവെച്ചു നോക്കിയാല്‍, ടീതസ് സമുദ്രം ഇല്ലാതായതും, അതിന്റെ സ്ഥാനത്ത് ഹിമാലയം വന്നതുമൊക്കെ സമീപകാല സംഭവങ്ങള്‍ മാത്രം. ഭൂമിയില്‍ ഫലകചലന പ്രവര്‍ത്തനം ആരംഭിച്ചത് ഏതാണ്ട് 350 കോടി വര്‍ഷം മുമ്പാണ്. ആ സമയത്തു തന്നെ, ഹിമാലയം രൂപപ്പെട്ടതിന് സമാനമായ ചില സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ടത്രേ! ഏതാണ്ട് 330 കോടി മുതല്‍ 250 കോടി വര്‍ഷം മുമ്പുവരെയുള്ള വേളയില്‍ ദക്ഷിണേന്ത്യയില്‍ ചില 'കുഞ്ഞന്‍ ഹിമാലയങ്ങള്‍' രൂപപ്പെട്ട കാര്യം കണ്ടെത്തിയിരിക്കുകയാണ്, മലയാളിയായ രതീഷ് കുമാര്‍ ആര്‍.ടി.യുടെ നേതൃത്വത്തില്‍ ഒരു രാജ്യാന്തര ഗവേഷകസംഘം! 

കര്‍ണാടകത്തിലെ 'ധാര്‍വാര്‍ മേഖല' (Dharwar Craton) യിലെയും, അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും വ്യത്യസ്തയിനം ശിലകളുടെ സ്വഭാവം, പ്രായം, രാസഘടന തുടങ്ങിയവ വിശകലനം ചെയ്തായിരുന്നു പഠനം. ഏതാണ്ട് 330 കോടി വര്‍ഷം മുമ്പ് ധാര്‍വാര്‍ പ്രദേശം ഒരു വലിയ സമുദ്രത്താല്‍ (Dharwar Ocean) ചുറ്റപ്പെട്ടിരുന്നു. പില്‍ക്കാലത്ത്-ഏതാണ്ട് 310 കോടി മുതല്‍ 250 കോടി വര്‍ഷം വരെയുള്ള സമയത്ത്-കുറെ ചെറുഭൂഖണ്ഡങ്ങള്‍ (microcontinental blocks) ധാര്‍വാര്‍ പ്രദേശത്തിന് ചുറ്റും കൂട്ടിയിടിച്ച് ആ പ്രാചീന സമുദ്രം ഇല്ലാതായി എന്നാണ് പഠനത്തില്‍ വ്യക്തമായത്. 

Lalbagh Botanical Garden
ബാംഗ്ലൂരിലെ ലാല്‍ബാഗ് പാര്‍ക്കിലെ പാറപ്പരപ്പ്. ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളില്‍ ഒന്നാണിത്, ധാര്‍വാര്‍ പ്രദേശത്തിന്റെ ഭാഗം. Pic Credit: Joseph Antony

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു തോന്നാം. എന്താണ് ഫലകചലന പ്രവര്‍ത്തനം (Plate tectonics) എന്നറിഞ്ഞാല്‍ ആ സംശയം മാറും. ഭൂമിയുടെ പുറംപാളിയും അതിനുള്ളിലെ മാന്റിലിന്റെ (mantle) മേല്‍ഭാഗവും ചേര്‍ന്ന അടരിന് 'ലിഥോസ്ഫിയര്‍' (lithosphere) എന്നാണ് പേര്. ലിഥോസ്ഫിയര്‍ ഒറ്റ ഘടനയല്ല, കുറെ കുറെ ഭൗമഫലകങ്ങള്‍ (tectonic plates) ചേര്‍ന്നതാണ്. എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളും, ഇരുപതോളം ചെറുഫലകങ്ങളും ലിഥോസ്ഫിയറില്‍ ഇപ്പോള്‍ ഉള്ളതായി ശാസ്ത്രലോകത്തിന് അറിയാം. ഈ ഫലകങ്ങള്‍ ചലിക്കുന്നവയാണ്. പരസ്പരം ഇടിച്ചും തള്ളിയുമൊക്കെയുള്ള ഇവയുടെ ചലനമാണ് ഭൂകമ്പം, അഗ്നിപര്‍വ്വത സ്‌ഫോടനം വരെ സൃഷ്ടിക്കുന്നതും ഭൂഖണ്ഡങ്ങളെയും സമുദ്രങ്ങളെയും വരെ രൂപപ്പെടുത്തുന്നതും ഇല്ലാതാക്കുന്നതും.

ഇതുതന്നെയാണ് ധാര്‍വാര്‍ പ്രദേശത്തും സംഭവിച്ചത്. ചെറുഭൂഖണ്ഡങ്ങള്‍ ഇടിച്ചതിന്റെ ഫലമായാണ് ധാര്‍വാര്‍ പ്രദേശത്തിനു ചുറ്റും കൂര്‍ഗ്, നീലഗിരി, ബിലിഗിരി രംഗന്‍ തുടങ്ങിയ മലനിരകള്‍ രൂപപ്പെട്ടതെന്ന് പഠനത്തില്‍ കണ്ടു. 'ആര്‍ക്കിയാന്‍ യുഗം' (Archean Eon) എന്നറിയപ്പെടുന്ന ആ അതിപ്രാചീനകാലത്തെ ഭൗമശാസ്ത്രത്തെ പറ്റി പുതിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ പഠനം, അമേരിക്കന്‍ ശാസ്ത്രജേര്‍ണലായ 'പ്രീകാംബ്രിയാന്‍ റിസേര്‍ച്ചി'ല്‍ ആണ് പ്രസിദ്ധീകരിക്കുക. 

Dharwar Craton, Mini Himalayas
ഭൂപടം കാണിക്കുന്നത് ധാര്‍വാര്‍ പ്രദേശത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന കൂര്‍ഗ്, നീലഗിരി, ബിലിഗിരി രംഗന്‍ മലനിരകളുടെ സ്ഥാനമാണ്.
ഈ ടെക്ടോണിക് ബ്ലോക്കുകള്‍ കൂട്ടിയിടിച്ച മേഖല ചുവന്ന രേഖയായി കാണിച്ചിരിക്കുന്നു. Pic Credit: Ratheesh Kumar R.T. 

ലോകമെങ്ങുമുള്ള ഭൗമശാസ്ത്രജ്ഞരില്‍ ആകാംക്ഷയുണര്‍ത്തുന്ന ഒന്നാണ് കര്‍ണാകത്തിലെ ധാര്‍വാര്‍ പ്രദേശം. കാരണം, ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളുള്ള അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നാണത്. ധാര്‍വാറിനെക്കാള്‍ പഴക്കമുള്ള ശിലകള്‍ ഓസ്‌ട്രേലിയ, ഗ്രീന്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേ കാണാനാകൂ. ധര്‍വാര്‍ ക്രേറ്റണിലെ ശിലാഘടനകള്‍ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തില്‍ ജീവവായുവായ ഓക്‌സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂര്‍ മാത്രം! 

ബാഗ്ലൂരിലെ പ്രശസ്തമായ ലാല്‍ബാഗ് പാര്‍ക്കിലെ പാറപ്പരപ്പിലെത്തുന്ന മിക്കവരും അറിയാറില്ല, അത് ധാര്‍വാര്‍ മേഖലയുടെ ഭാഗമാണെന്നും 300 കോടിയിലേറെ പ്രായമുള്ള ശിലയാണതെന്നും! ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലെ പാറപ്പരപ്പുകള്‍ രൂപപ്പെട്ടതും ആര്‍ക്കിയാന്‍ യുഗത്തിലാണ്. 

ഫലകചലന പ്രക്രിയ തുടങ്ങിയ സമയത്തുള്ളതാണ് ധാര്‍വാര്‍ മേഖല. അപ്പോള്‍, ധാര്‍വാര്‍ പ്രദേശം ഭൂമിയിലെ ആദ്യത്തേത് എന്ന് പറയാവുന്ന ഒരു സൂപ്പര്‍ഭൂഖണ്ഡത്തിന്റെ കേന്ദ്രസ്ഥാനം ആയിരിക്കാനുള്ള സാധ്യതയിലേക്കാണ് ഡോ.രതീഷ് കുമാറും സംഘവും നടത്തിയ പഠനം നമ്മളെ നയിക്കുന്നത്! 

Ratheesh Kumar R.T.
രതീഷ് കുമാര്‍, ഫീല്‍ഡ് വര്‍ക്കിനിടയില്‍. Pic Credit: Ratheesh Kumar R.T. 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറും, യു.എസിലെ കെന്റക്കി യൂണിവേഴ്‌സിറ്റിയില്‍, ഒരു നാസ പ്രോജക്ടുമായി ബന്ധപ്പെട്ട്, വിസിറ്റിങ് സ്‌കോളറുമാണ് ഡോ. രതീഷ് കുമാര്‍. ഖരക്പൂര്‍ ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, തിരുവനന്തപുരം പോത്തന്‍കോട് രതീഷ് ഭവനില്‍ എന്‍.രവീന്ദ്രന്‍ നായരുടെയും തങ്കമണിയുടെയും മകനാണ്. 

പ്രൊഫ.ബ്രിയാന്‍ എഫ്.വിന്‍ഡ്‌ലി (ലെയ്‌സെസ്റ്റര്‍ യൂണിവേഴ്‌സിറ്റി, ബ്രിട്ടന്‍), പ്രൊഫ.ഷിയോ വെന്‍ജിയാവോ, ഡോ.എക്‌സ്-എല്‍ ജിയ (ഇരുവരും ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്), ഡോ.ഡി.പി.മൊഹന്തി (പൂണെ യൂണിവേഴ്‌സിറ്റി) എന്നിവരാണ് പഠനത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. 

* 'Himalayacetus subathuensis' എന്നാണ് ഹിമാലയത്തില്‍ നിന്ന് കണ്ടെത്തിയ തിമിംഗല വര്‍ഗ്ഗത്തിന് പേരിട്ടത്.

അവലംബം -

* Early Growth of the Indian Lithosphere: Implications from the Assembly of the Dharwar Craton and Adjacent Granulite Blocks, Southern India. By R.T. Ratheesh-Kumar, et al. To appear in: Precambrian Research. Accepted on 11 October 2019. 
* Indica: A Deep Natural History of the Indian Subcontinent (2016). By Pranay Lal. Allen Lane, Gurgaon, India. 
* A new Eocene archaeocete (Mammalia, Cetacea) from India and the time of origin of whales. By Sunil Bajpai and Philip D. Gingerich. PNAS, Dec 22, 1998. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Geology, Dharwar Craton, Mini Himalayas, Plate Techtonitcs, Natural History of Indian Subcontinent, Science Matters, Geology, Gondwana, Archean Eon