ബെംഗളുരു: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ബഹിരാകാശ വാഹനമായ കാര്‍ടോസാറ്റ്-2 സീരീസ് അടക്കം 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഓ. ജനുവരി 10 ന് രാവിലെ 9.30 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 

28 അമേരിക്കന്‍ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഉപഗ്രങ്ങളുമാണ് ഒറ്റ വിക്ഷേപണത്തില്‍ തന്നെ ബഹിരാകാശത്തെത്തിക്കുക. ജൂണ്‍ 23 ന് നടന്ന വിക്ഷേപണത്തിലും രണ്ടാം സീരീസ് കാര്‍ട്ടോസാറ്റ് ഉപഗ്രഹമടക്കം 31 ഉപഗ്രങ്ങള്‍ ഐഎസ്ആര്‍ഓ വിക്ഷേപിച്ചിരുന്നു. 2018ലെ ആദ്യ ഉദ്യമമെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. 

കാര്‍ട്ടോസാറ്റ്-2 ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ്. കാര്‍ട്ടോസാറ്റ് ശ്രേണിയിലുള്ള ഉപഗ്രങ്ങളെ പൊതുവേ വിശേഷിപ്പിക്കുന്നത് 'ഇന്ത്യയുടെ ആകാശക്കണ്ണ്' എന്നാണ്. 

കാര്‍ട്ടോഗ്രാഫിക് ആപ്ലിക്കേഷനുകള്‍, അര്‍ബന്‍, റൂറല്‍ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂമിയുടെ ഉപയോഗം, നിയന്ത്രണം, ഭൗമനിരീക്ഷണ സംവിധാനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിത്രങ്ങളായിരിക്കും കാര്‍ട്ടോസാറ്റ് അയയ്ക്കുന്നത്.