ന്യൂട്രിനോ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മതലത്തില്‍ പോലും ഐന്‍സ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അജയ്യമായി നിലനില്‍ക്കുന്നു എന്ന് ഐസ്‌ക്യൂബ് ഒബ്‌സര്‍വേറ്ററിയില്‍ രണ്ടുവര്‍ഷം കുടുങ്ങിയ ന്യൂട്രിനോകള്‍ തെളിവു നല്‍കി

Neutrino
ഹിമതന്മാത്രയുമായുള്ള ന്യൂട്രിനോ കൂട്ടിയിടിയും, അതിന്റെ ഫലമായി അതേ ദിശയില്‍ നീങ്ങുന്ന മ്യുവോണ്‍ കണവും, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: Nicolle R. Fuller/NSF/IceCube.

 

ഭൂമിയുടെ ദക്ഷിണധ്രുവത്തില്‍ 'ഈസ്റ്റ് അന്റാര്‍ട്ടിക്ക് ഐസ് ഷീറ്റ്' എന്ന അതിഭീമന്‍ മഞ്ഞുപാളിക്കുള്ളില്‍, ഒരു കിലോമീറ്റര്‍ നീളവും അത്ര തന്നെ വീതിയും പൊക്കവുമുള്ള മഞ്ഞിന്റെ സമചതുരക്കട്ടയെ ഒരു ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയായി രൂപപ്പെടുത്തിയതാണ് 'ഐസ്‌ക്യൂബ്'. മനുഷ്യന്‍ സൃഷ്ടിച്ച ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റെക്ടര്‍! 

നൂറുകോടി ടണ്‍ വരുന്ന ആ ഭീമന്‍ സമചതുരക്കട്ടയില്‍ ന്യൂട്രിനോകള്‍ കുടുങ്ങുമ്പോള്‍ ആ വിവരം നൊടിയിടയില്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കൈമാറുന്നത്, ഐസ്‌ക്യൂബിലെ 5160 പ്രകാശസെന്‍സറുകളുടെ ശൃംഖലയാണ്. ആ സെന്‍സറുകള്‍ക്ക് 'ഡിജിറ്റര്‍ ഓപ്റ്റിക്കല്‍ മോഡ്യൂള്‍സ്' (DOM) എന്നാണ് പേര്. ഒരു ചതുരശ്ര കിലോമീറ്റര്‍ ഹിമപ്പരപ്പില്‍ മഞ്ഞില്‍ കുത്തനെ തുരന്നുണ്ടാക്കിയ 86 മാളങ്ങളില്‍ ലോഹതന്ത്രികള്‍ വഴി ബന്ധിപ്പിച്ചാണ് ഈ മോഡ്യൂളുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

മറ്റ് ന്യൂട്രിനോ നിരീക്ഷണകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഐസ്‌ക്യൂബ് (IceCube). ഇത് വെറുമൊരു കണികാ ഡിറ്റെക്ടറല്ല, ന്യൂട്രിനോ ടെലസ്‌കോപ്പാണ്. എതിര്‍ദിശയില്‍ ഭൂമിക്കുള്ളിലൂടെയാണ് അതിന്റെ പ്രപഞ്ചനിരീക്ഷണം! 2017 സെപ്റ്റംബര്‍ 22 ന് ഐസ്‌ക്യൂബ് നിരീക്ഷിച്ച 'ഉന്നതോര്‍ജ പ്രാപഞ്ചിക ന്യൂട്രിനോ'യുടെ കാര്യം ഈ പംക്തിയില്‍ കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നു. വിദൂര പ്രപഞ്ചത്തില്‍ ഉന്നതോര്‍ജ ന്യൂട്രിനോയുടെയും നിഗൂഢ കോസ്മിക് കിരണങ്ങളുടെയും ഒരു ഉറവിടം ആദ്യമായി കണ്ടെത്താന്‍ ശാസ്ത്രലോകത്തെ സഹായിച്ചത് ആ നിരീക്ഷണമാണ്.  

എന്നാല്‍, ഇതുകൊണ്ട് ഐസ്‌ക്യൂബ് ഒബ്‌സര്‍വേറ്ററിയുടെ ലക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ല. 'അമന്‍ഡ്‌സെന്‍-സ്‌കോട്ട് സൗത്ത്‌പോള്‍ സ്‌റ്റേഷനി'ല്‍ 2010 ഡിസംബര്‍ 18 ന് പ്രവര്‍ത്തനം ആരംഭിച്ച ഐസ്‌ക്യൂബിന് വലിയ ലക്ഷ്യങ്ങളാണുള്ളത്. ക്വാണ്ടംഗ്രാവിറ്റി (quantum gravity), ശ്യാമദ്രവ്യം (dark matter) തുടങ്ങി ഭൗതികശാസ്ത്രത്തിലെ കീറാമുട്ടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐസ്‌ക്യൂബ് സഹായിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. 

ആ പ്രതീക്ഷ തെറ്റല്ലെന്ന് 'നേച്ചര്‍ ഫിസികിസ്' ജേര്‍ണല്‍ കഴിഞ്ഞ ജൂലായ് 16 ന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്വാണ്ടംഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഐസ്‌ക്യൂബ് സഹായിച്ച കാര്യമാണ് റിപ്പോര്‍ട്ടിലുള്ളത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച 'സ്‌പേസ്-ടൈം സിമട്രി' അഥവാ 'ലോറന്‍സ് സിമട്രി' (Lorentz symmetry) ന്യൂട്രിനോകളുടെ തലത്തിലും പരിക്കേല്‍ക്കാതെ നിലകൊള്ളുന്ന കാര്യമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

Albert Einstein
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍. ചിത്രം
കടപ്പാട്: Lucien Chavan/TimeOne.

ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ട് മഹാസ്തംഭങ്ങളാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും, ക്വാണ്ടം ഭൗതികവും. ഇതില്‍ ആദ്യത്തേത് പ്രപഞ്ചത്തിന്റെ വിശാലഘടനയെയും, രണ്ടാമത്തേത് പ്രപഞ്ചത്തെ സൂക്ഷ്മതലത്തിലും വിശദീകരിക്കുന്നു. നമുക്ക് ദൃശ്യമായ ലോകത്തെ അതാതിന്റെ നിലയില്‍ വിശദീകരിക്കുന്നതില്‍ ഈ രണ്ട് സിദ്ധാന്തങ്ങളും വലിയ വിജയമാണ്. എന്നാല്‍, ഇവ രണ്ടും സമ്മേളിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന്, തമോഗര്‍ത്തങ്ങളില്‍ അതിഭീമമായ ഗുരുത്വബലത്താല്‍ ദ്രവ്യം സൂക്ഷ്മരൂപത്തിലേക്ക് ചുരുങ്ങുന്ന അവസ്ഥ. അല്ലെങ്കില്‍, നിലവില്‍ നമുക്ക് പരിചിതമായ ഭൗതികനിയമങ്ങളൊന്നും ബാധകമാകാത്ത ഒരു 'സിംഗുലാരിറ്റി' (singularity) യില്‍ നിന്ന് മഹാവിസ്‌ഫോടനം വഴിയുള്ള പ്രപഞ്ചത്തിന്റെ തുടക്കം. ഇത്തരം സാഹചര്യങ്ങളില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും തമ്മില്‍ ചേരാതെ വരുന്നു! 

അടിസ്ഥാനതലത്തില്‍ പ്രപഞ്ചത്തെ ഭരിക്കുന്ന നാലു ബലങ്ങളുണ്ട്-1. വൈദ്യുതകാന്തിക ബലം, 2. ആറ്റങ്ങളുടെ ന്യൂക്ലിയസിനെ പിളര്‍ത്തുന്ന ക്ഷീണബലം (weak force), 3. ആറ്റത്തിന്റെ ന്യൂക്ലിയസിനെ ഒന്നിച്ചു നിര്‍ത്തുന്ന അതിബലം (strong force), 4. ഗുരുത്വബലം എന്നിവ. ഇവയില്‍ ആദ്യ മൂന്ന് ബലങ്ങളെ ക്വാണ്ടം ഫീല്‍ഡ് തിയറികള്‍ വഴി ഗംഭീരമായി വിശദീകരിക്കാന്‍ ശാസ്ത്രത്തിനായിട്ടുണ്ട്. അതുപ്രകാരം, വൈദ്യുതകാന്തിക ബലത്തിന്റെ ഇടനിലയ്ക്ക് ഫോട്ടോണ്‍ എന്ന പ്രകാശകണം പ്രവര്‍ത്തിക്കുന്നു. ക്ഷീണബലത്തിന്റെ കാര്യത്തില്‍ ഇത് ഡബ്ല്യു, സെഡ് ബോസോണുകളും (W and Z bosons), അതിബലത്തില്‍ ഗ്ലുവോണുകളും (gluons) ആണ്. എന്നാല്‍, ഗുരുത്വബലം നിര്‍വചിക്കുന്ന ഒരു ഫീല്‍ഡ് തിയറിയും ഇല്ല, ഇടനിലയ്ക്ക് പ്രവര്‍ത്തിക്കുന്ന കണവും ഇല്ല, 'ഗ്രാവിറ്റോണ്‍' (graviton) എന്ന സാങ്കില്‍പ്പിക കണമല്ലാതെ!

ക്വാണ്ടംതലത്തില്‍ ഗുരുത്വബലത്തെ നിര്‍വചിക്കാന്‍ കഴിയുന്നില്ല എന്നത് ഭൗതികശാസ്ത്രം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. കാരണം, പ്രപഞ്ചാരംഭത്തില്‍ എല്ലാ അടിസ്ഥാനബലങ്ങളും ഒത്തുചേര്‍ന്നാണ് നിലകൊണ്ടത്. അതില്‍ മൂന്നെണ്ണത്തിന്റെ കാര്യത്തില്‍ ശരിയാകുന്ന ഫിസിക്‌സ് നാലാമത്തേതിന്റെ കാര്യത്തില്‍ പരാജയപ്പെടുന്നു എന്നത് ഗൗരവമേറിയ പ്രശ്‌നമാണ്. 

അതേസമയം, സ്ട്രിങ് തിയറി (String Theory), ലൂപ്പ് ക്വാണ്ടം ഗ്രാവിറ്റി (loop quantum gravity) തുടങ്ങിയ പുതിയ സിദ്ധാന്തങ്ങള്‍ക്ക് ഗുരുത്വബലത്തെ സൂക്ഷ്മതലത്തില്‍ വിശദീകരിക്കാന്‍ കഴിയുന്നുമുണ്ട്. എങ്കില്‍ പിന്നെ എന്താണ് പ്രശ്‌നമെന്ന് തോന്നാം. പ്രശ്‌നം ഇതാണ്, ഈ പുതിയ സിദ്ധാന്തങ്ങള്‍ പരീക്ഷിച്ചറിയാന്‍ ഇതുവരെ വഴി തുറന്നിട്ടില്ല. ശാസ്ത്രത്തിന്റെ കാര്യം അങ്ങനെയാണ്. വിശദീകരിച്ചതുകൊണ്ട് മാത്രം കാര്യമില്ല, പരീക്ഷിച്ചറിയാനും കഴിയണം.

ഇക്കാര്യത്തില്‍ ചെയ്യാവുന്ന ഒരു കാര്യം, ക്വാണ്ടംതലത്തില്‍ പ്രപഞ്ചത്തെ വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലിലും', ആപേക്ഷികതാ സിദ്ധാന്തത്തിലും ഒരുപോലെ അന്തര്‍ലീനമായിട്ടുള്ള സ്‌പേസ്-ടൈം സിമട്രിയായ 'ലോറന്‍സ് സിമട്രി'ക്ക് സൂക്ഷ്മതലത്തില്‍ പരിക്കേല്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. 1905 ല്‍ ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച വിശിഷ്ട ആപേക്ഷകതാ സിദ്ധാന്തത്തിന്റെ മൂലക്കല്ലാണ് ലോറന്‍സ് സിമട്രി. നിങ്ങള്‍ പ്രപഞ്ചത്തില്‍ എവിടെയാണെങ്കിലും, ഏത് ചലനാവസ്ഥയിലാണെങ്കിലും ശരി, ഭൗതികശാസ്ത്രത്തിലെ മൗലികനിയമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല-ഇതാണ് വിശിഷ്ട ആപേക്ഷകതാ സിദ്ധാന്തത്തിന്റെ കാതല്‍. ഇക്കാര്യം ഉറപ്പാക്കുന്നത് ലോറന്‍സ് സിമട്രിയാണ്. ഉദാഹരണത്തിന്, പ്രകാശവേഗത്തിന്റെ കാര്യമെടുക്കാം. നിങ്ങളൊരു ബഹിരാകാശ സഞ്ചാരിയായി സ്‌പേസിലൂടെ കുതിച്ചുപായുകയാണെങ്കിലും, ശരീരത്തിലെ ഒരു രക്താണുവായി സഞ്ചരിക്കുകയാണെങ്കിലും, ലോറന്‍സ് സിമട്രിയുടെ ഫലമായി നിരീക്ഷിക്കുന്ന പ്രകാശവേഗം തുല്യമായിരിക്കും-സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍! 

ലോറന്‍സ് സിമട്രി ശരിയല്ലെന്ന് വന്നാല്‍ കഥ മാറും. ക്വാണ്ടംഗ്രാവിറ്റിയുടെ തലത്തില്‍ പുതിയ സ്‌പേസ്-ടൈം ഘടനയ്ക്ക് അത് വഴിതുറക്കും. പ്രപഞ്ചത്തെ സംബന്ധിച്ച പല മൗലികസങ്കല്‍പ്പങ്ങളും തിരുത്തിയെഴുതേണ്ടി വരും. സ്ട്രിങ് തിയറി പോലുള്ളവ ശരിയാകാനുള്ള ആദ്യ സൂചനയാകും അത്. 

IceCube neutrino observatory
ദക്ഷിണധ്രുവത്തിലെ ഐസ്‌ക്യൂബ് പരീക്ഷണശാല. Credit: Martin Wolf, IceCube/NSF.

 

സൂക്ഷ്മതലത്തില്‍ ക്വാണ്ടംഗ്രാവിറ്റിയുടെ സ്വാധീനമേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ളത് ഉന്നതോര്‍ജ ന്യൂട്രിനോകള്‍ക്കാണ്. ഇത്തരം കണങ്ങള്‍ പ്രപഞ്ചവിശാലതയില്‍ വന്‍ദൂരങ്ങള്‍ പിന്നിടുമ്പോള്‍ അങ്ങനെ സംഭവിക്കാം. ലോറന്‍സ് സിമട്രി ലംഘിക്കപ്പെടുകയും ഐന്‍സ്റ്റൈന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ, ഇതുവരെ ശാസ്ത്രത്തിന് പിടികൊടുക്കാത്ത നിഗൂഢ ഫീല്‍ഡിന്റെ സ്വാധീനത്താല്‍ ന്യൂട്രിനോകളുടെ സ്വഭാവം വ്യത്യാസപ്പെടുകയും ചെയ്‌തേക്കാം. ഇവിടെയാണ് ഐസ്‌ക്യൂബ് ഒബ്‌സര്‍വേറ്ററിയുടെ പ്രസക്തി. കാരണം, നിലവില്‍ ഇത്ര കാര്യക്ഷമതയോടെ ഉന്നതോര്‍ജ ന്യൂട്രിനോകളെക്കുറിച്ച് പഠിക്കാന്‍ ശേഷിയുള്ള വേറെ കണികാഡിറ്റക്ടറില്ല. 

ചാര്‍ജില്ലാത്ത കണങ്ങളാണ് ന്യൂട്രിനോകള്‍. അവ എല്ലായിടത്തുമുണ്ട്. ഗ്രഹങ്ങളോ നക്ഷത്രങ്ങളോ അവയ്ക്ക് തടസ്സമല്ല. ഏത് പദാര്‍ഥരൂപത്തിലൂടെയും അവ അനായാസം കടന്നുപോകും. എത്ര ശക്തിയേറിയ കാന്തികമണ്ഡലങ്ങള്‍ക്കും അവയെ സ്വാധീനിക്കാനാവില്ല. ഈ പ്രത്യേകത കൊണ്ട് അവയ്ക്ക് 'പ്രേതകണങ്ങള്‍' എന്ന് വിളിപ്പേരും കിട്ടി!  'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' പ്രകാരം, മൂന്നുതരം ന്യൂട്രിനോകളുണ്ട്: ഇലക്ട്രോണ്‍-ന്യൂട്രിനോ, മ്യുവോണ്‍-ന്യൂട്രിനോ, താവു-ന്യൂട്രിനോ (മൂന്ന് വ്യത്യസ്ത ഫ്‌ളേവര്‍ (flavour) എന്നാണിതിന് പറയുക). സ്‌പേസിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ഫ്‌ളേവറില്‍ നിന്ന് മറ്റൊന്നിലേക്ക് ന്യൂട്രിനോ വേഷപ്പകര്‍ച്ച നടത്തും. 'ന്യൂട്രിനോ ഓസിലേഷന്‍' എന്നാണിതിന് പേര്. ന്യൂട്രിനോയുടെ ദ്രവ്യമാനം അല്ലെങ്കില്‍ സഞ്ചരിച്ച ദൂരം എന്നിവയെ ആശ്രയിച്ചാണ് ഓസിലേഷന്‍ സംഭവിക്കുക. ഒരു 'ലോറന്‍സ് അതിലംഘന ഫീല്‍ഡ്' (Lorentz-violating field) പ്രപഞ്ചത്തില്‍ എവിടെയെങ്കിലും നിലനില്‍ക്കുന്നു എങ്കില്‍, കടന്നുപോകുന്ന ന്യൂട്രിനോയുമായി ആ ഫീല്‍ഡിന് ഇടപഴകാനാകും. അതുവഴി ന്യൂട്രിനോയുടെ ഓസിലേഷനെ സ്വാധീനിക്കാന്‍ സാധിക്കും. 

ഐസ്‌ക്യൂബ് ഒബ്‌സര്‍വേറ്റിയില്‍ ഉന്നതോര്‍ജ ന്യൂട്രിനോകള്‍ ആറ്റത്തിന്റെ ന്യൂക്ലിയസ്സുമായി കൂട്ടിമുട്ടിയാല്‍, മ്യുവോണ്‍ കണങ്ങള്‍ രൂപപ്പെടും. ചാര്‍ജുള്ള ആ കണങ്ങള്‍ മഞ്ഞിലവശേഷിപ്പിക്കുന്ന അടയാളം വെച്ച് ന്യൂട്രിനോ ഡിറ്റെക്ടര്‍ അവയെ രേഖപ്പെടുത്തും. ഈ ഡേറ്റ ഉപയോഗിച്ചാണ് ലോറന്‍സ് സിമട്രി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഗവേഷകര്‍ പരിശോധിച്ചത്. ലോറന്‍സ് സിമട്രിക്ക് പരിക്കേറ്റിട്ടില്ല എങ്കില്‍, പ്രവചിക്കപ്പെടുന്ന അതേ തോതിലായിരിക്കും ന്യൂട്രിനോ ഓസിലേഷന്‍. ഇക്കാര്യത്തില്‍ നേരിയ വ്യത്യാസം വന്നാല്‍ പോലും പ്രശ്‌നമാണ്. ലോറന്‍സ് സിമട്രിക്ക് പരിക്കേല്‍ക്കുന്നു എന്നാണ് അതിനര്‍ഥം. ഐന്‍സ്റ്റൈന്‍ കണ്ടെത്തിയതുപോലെയല്ല പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം എന്നതിന്റെ സൂചനയാകുമത്.

'സിദ്ധാന്തങ്ങള്‍ തകരും, പുതിയ ഫലങ്ങള്‍ പുതിയ പഠനമേഖലകളിലേക്ക് നയിക്കും'-നേച്ചര്‍ ഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യരചയിതാവും, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകനുമായ കാര്‍ലോസ് ആര്‍ഗ്വല്ലിസ് പറയുന്നു. ആര്‍ഗ്വല്ലിസ്, എം.ഐ.ടിയിലെ തന്നെ പ്രൊഫസര്‍ ജാനറ്റ് കോണ്‍റാഡ്, ഗബ്രിയേല്‍ കോളിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ഐസ്‌ക്യൂബ് കൂട്ടായ്മയില്‍ പെട്ട 12 രാജ്യങ്ങളിലെ 49 സ്ഥാപനങ്ങളില്‍ നിന്നുള്ള 300 ഗവേഷകരും ഈ പ്രബന്ധത്തിന്റെ സഹരചയിതാക്കളാണ്. 

DOMs oc IceCube Observatory
മഞ്ഞു തുരന്ന് പ്രകാശസെന്‍സര്‍ (DOM) സ്ഥാപിച്ചതിന്റെ ദൃശ്യം. ഇത്തരം 5160 സെന്‍സറുകള്‍ ഐസ്‌ക്യൂബിലുണ്ട്. കടപ്പാട്: Mark Krasberg, IceCube/NSF.

 

ലോറന്‍സ് സിമട്രിക്ക് പരിക്കേല്‍ക്കുന്നുണ്ടോ എന്നറിയന്‍ ഗവേഷകര്‍ ഇതിനു മുമ്പ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഫോട്ടോണുകള്‍ മുതല്‍ ഗുരുത്വബലം വരെ ഇതിനായി ഉപയോഗിച്ചിട്ടുമുണ്ട്. ഫലം നിരാശയായിരുന്നു. 'എന്നാല്‍ ന്യൂട്രിനോകളുടെ കാര്യം വ്യത്യസ്തമാണ്. ഇതുവരെ പരീക്ഷിക്കാന്‍ കഴിയാത്ത ഉന്നതോര്‍ജ മേഖലയാണത്'-ആര്‍ഗ്വല്ലിസ് പറയുന്നു. 

ഇതുവരെയുള്ളതില്‍ ഏറ്റവും വിശദമായ പഠനമാണ് ഐസ്‌ക്യൂബ് സംഘം നടത്തിയത്. രണ്ടുവര്‍ഷം കൊണ്ട് ഐസ്‌ക്യൂബ് നിരീക്ഷിച്ച 35,000 ലേറെ മ്യുവോണ്‍ ന്യൂട്രിനോകളുടെ ഡേറ്റ ഗവേഷകര്‍ സസൂക്ഷ്മം പരിശോധിച്ചു. ആ ഉന്നതോര്‍ജ അന്തരീക്ഷ ന്യൂട്രിനോകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വ്യതിയാനങ്ങളും ലോറന്‍സ് സിമട്രിയില്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ഐന്‍സ്റ്റൈന്റെ സിദ്ധാന്തം ന്യൂട്രിനോയുടെ തലത്തില്‍ പോലും അജയ്യമായി നിലനില്‍ക്കുന്നു എന്നുമാണ് പഠനം തെളിയിച്ചത്'-നേച്ചര്‍ ഫിസിക്‌സിലെ റിപ്പോര്‍ട്ട് പറയുന്നു.

വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച് 50 വര്‍ഷം കഴിഞ്ഞ് 1955 ലാണ് ഐന്‍സ്റ്റൈന്‍ അന്തരിച്ചത്, ന്യൂട്രിനോ കണ്ടുപിടിക്കുന്നത് 1956 ലും. ഐന്‍സ്റ്റൈന്റെ ജീവിതകാലത്ത് കണ്ടുപിടിക്കപ്പെടാത്ത കണികയാണ്, അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് ഏറ്റവും വലിയ സ്ഥിരീകരണം നല്‍കിയിരിക്കുന്നതെന്ന് സാരം!  

അവലംബം -

* 'Neutrino interferometry for high-precision tests of Lorentz symmetry with IceCube'. The IceCube Collaboration. Nature Physics, July 16, 2018. 
* 'New study again proves Einstein right'. By Jennifer Chu, MIT News office, July 16, 2018. 
* The Edge of Reason: Dispatches from the Frontiers of Cosmology (2010). By Anil Anathaswamy. Penguin Books, New Delhi. p. 60-66, 194-221. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Neutrino, Albert Einstein, Special Relativity, Lorentz symmetry, IceCube neutrino observatory