'ചേട്ടാ അമ്പിളി അമ്മാവനെ പിടിച്ചു തരാം, ഒരായിരം രൂപ കടം തരുമോ' എന്ന് ചോദിച്ചാല്‍ ബോധമുള്ള ആരും തരില്ല. എന്നാല്‍ ഇവിടെ അഴിമതി മുക്തമാക്കും, എല്ലാം തുടച്ചു വൃത്തിയാക്കും എന്ന് പറയുന്ന, പക്ഷെ പല പ്രാവശ്യം നമ്മളെ പറ്റിച്ച രാഷ്ട്രീയക്കാരെ വിശ്വസിക്കാനും അവര്‍ക്ക് വേണ്ടി മരിക്കാനും ആളുകള്‍ ധാരാളമാണ്.

ആരെങ്കിലും ദാരുണമായി വല്ല അപകടത്തിലും മരിച്ച വാര്‍ത്ത കേട്ടാല്‍ നമ്മുക്ക് സഹതാപവും അനുകമ്പയും വഴിഞ്ഞൊഴുകും. എന്നാല്‍ ഇത് മതമോ രാഷ്ട്രീയമോ രാജ്യമോ ഉള്‍പെട്ട കൊലപാതകം ആണെങ്കില്‍ കുറെ ആളുകള്‍ മിണ്ടാതിരിക്കുകയോ അല്ലെങ്കില്‍ അനുകൂലിക്കുകയോ ചെയ്യും.

നിങ്ങള്‍ വിശ്വസിക്കുന്ന മതത്തിലും രാഷ്ട്രീയപാര്‍ട്ടിയിലും മറ്റൊരാള്‍ അഴിമതിയും അക്രമങ്ങളും മണ്ടത്തരങ്ങളും കാട്ടിയാല്‍ നിങ്ങള്‍ അവയൊന്നും കാണില്ല. എന്നാല്‍ മറ്റൊരാളുടെ പാര്‍ട്ടിയിലും മതത്തിലും ഇതേ കാര്യങ്ങള്‍ നിങ്ങള്‍ കാണുകയും ചെയ്യും.

എന്താണ് ഈ ആളുകള്‍ ഇങ്ങനെ? എന്താ, അവരുടെ ബോധവും ബുദ്ധിയും സഹാനുഭൂതിയും ഒന്നും പ്രവര്‍ത്തിക്കുന്നില്ലേ? എല്ലാം ചെറുതായി ഉണ്ട്. പക്ഷെ ശക്തമായ മറ്റൊന്ന് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് മനുഷ്യന്റെ സഹജവാസനകള്‍. മനുഷ്യനിലെ ഇത്തരം സഹജവാസനകളെക്കുറിച്ചാണ് ഈ ലേഖനം.

ചിന്തിക്കുകയും വിശകലനംചെയ്തു തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ജീവി ആണ് മനുഷ്യന്‍ എന്നതിനാല്‍ അവന്റെ സഹജവാസനകള്‍ സാമൂഹികതയുമായി കൂട്ടിപിണഞ്ഞു കിടക്കുന്ന കാര്യമാണ്. സാമൂഹ്യജീവി ആയതിനാല്‍ അവന്റെ ചില സഹജവാസനകള്‍ സാമൂഹ്യജീവിതത്തില്‍ വ്യക്തമായി കാണാന്‍ കഴിയും. 

മനുഷ്യനിലെ ശക്തമായ ഒരു സഹജവാസനയാണ് കൂട്ടത്തിലെ പൊതുഅഭിപ്രയത്തിനനുസരിച്ചു നീങ്ങുക എന്നത്. കൂടുതല്‍ ആളുകള്‍ പിന്താങ്ങുന്ന അഭിപ്രായം വിശ്വസിക്കാനുള്ള അവന്റെ പ്രവണത ഇതിന്റെ ഫലമാണ്. ഇതിനു 'ബാന്‍ഡ്‌വാഗണ്‍ എഫക്റ്റ്' ( bandwagon effect ) എന്നാണു വിളിക്കുക. നിങ്ങളുടെ ചുറ്റിലുമുള്ള ആളുകള്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ നിങ്ങളും വിശ്വസിക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെയുള്ള അവസരത്തില്‍ വ്യക്തികള്‍ അവരുടെ ബോധവും മുന്നറിവുകളും മാറ്റിവെക്കാറുണ്ട്. 

ബാന്‍ഡ്‌വാഗണ്‍ എഫക്റ്റ് വളരെ ശക്തമായ ഒന്നാണ്. സോഷ്യല്‍ മീഡിയക്ക് ജനങ്ങളുടെ അഭിപ്രായത്തെയും വിശ്വാസത്തെയും സ്വാധീനിക്കാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഈ പ്രതിഭാസമാണ്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഏതെങ്കിലും ഒരു പ്രത്യേക അഭിപ്രായം പ്രകടമാക്കുന്ന പോസ്റ്റുകള്‍കൊണ്ട് നിറയുകയാണെങ്കില്‍ നിങ്ങളും മെല്ലെ അത് ശരിയാണല്ലോ എന്ന അഭിപ്രായത്തിലേക്ക് ചായാന്‍ വളരെ അധികം സാധ്യതയുണ്ട്. 

ഈ സ്വഭാവത്തിന് മനുഷ്യരുടെ പരിണാമചരിത്രവുമായി ബന്ധമുണ്ട്. മനുഷ്യര്‍ ഒരുകാലത്ത് കാട്ടില്‍ വേട്ടയാടി നടന്നവര്‍ ആയിരുന്നു. ചെറിയ കൂട്ടങ്ങളായി ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. വലിയ കൂട്ടങ്ങള്‍ക്ക് പോലും 100 മുതല്‍ 150 ആളുകള്‍ വരെ മാത്രമായിരുന്നിരിക്കണം വലിപ്പം. ഈ നമ്പറിന് ഒരു പ്രത്യേകതയുണ്ട്. (ഇന്നത്തെ) മനുഷ്യന്റെ മസ്തിഷ്‌കശേഷി അനുസരിച്ച് നമുക്ക് വ്യക്തിപരമായി ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന പരമാവധി എണ്ണം 100 മുതല്‍ 150 ആളുകള്‍ വരെയാണ്. ഇതിനു Dunbar number എന്നാണ് വിളിക്കുന്നത്. ഇന്നത്തെ രീതിയില്‍ വലിയ കൂട്ടങ്ങള്‍ ഉണ്ടാകണമെങ്കില്‍ അതിനു മനുഷ്യരെ ഒന്നിപ്പിക്കുന്ന മറ്റു കാര്യങ്ങള്‍ വേണം. ഉദാഹരണത്തിന് മതം, രാഷ്ട്രീയം, രാജ്യം, ഫുട്‌ബോള്‍ ക്ലബ് തുടങ്ങിയവ. ഇവ  ഗുഹാമനുഷ്യര്‍ക്ക് ഇല്ലായിരുന്നല്ലോ.

cavemen
ഗുഹാമനുഷ്യരുടെ സഹകരണം, പ്രതീകാത്മക ചിത്രം 

 

ഗുഹാമനുഷ്യര്‍ക്ക് ഒന്നിച്ചു നില്‍ക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇത് വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമല്ല, വേട്ടയാടാനും, മറ്റു മനുഷ്യകൂട്ടങ്ങളുമായി യുദ്ധം ചെയ്യാനും സഹായിച്ചു. കാരണം കാട്ടില്‍ ജീവിച്ച ഗുഹാമനുഷ്യര്‍ അടിസ്ഥാനപരമായി വളരെ ബലഹീനര്‍ ആയിരുന്നു. ഒരുമിച്ച് കാര്യങ്ങള്‍ ചെയ്തതാണ് അവര്‍ അതിജീവിക്കാന്‍ കാരണമായത്.

ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കൂട്ടത്തിലെ പൊതുഅഭിപ്രായത്തെ എല്ലാവരും വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്താല്‍ മാത്രമേ കൂട്ടങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. ഇന്നത്തെപ്പോലെയല്ല, അന്നത് വളരെ അത്യാവശ്യം ആയിരുന്നു. കാരണം കൂട്ടങ്ങള്‍ ചെറുതായിരുന്നു. ലക്ഷം ലക്ഷമൊന്നും പിന്നാലെ ഇല്ലായിരുന്നു. ഒന്നോ രണ്ടോ ആളുകള്‍ വിട്ടുപോയാല്‍ പോലും അത് കൂട്ടത്തിന്റെ ശക്തിയെ ബാധിക്കുമായിരുന്നു. അതുകൊണ്ട് പൊതുഅഭിപ്രായത്തെ പിന്താങ്ങുന്ന സ്വഭാവമുള്ള മനുഷ്യരുള്ള കൂട്ടങ്ങള്‍ മാത്രമേ അതിജീവിച്ചിരുന്നുള്ളൂ. ഇതാണ് ബാന്‍ഡ്‌വാഗണ്‍ എഫക്റ്റ് ഉണ്ടായതിന്റെ പിന്നിലെ കാര്യം.

ഗുഹാമനുഷ്യരെ ഒന്നിച്ചു നിര്‍ത്തിയ സഹാജവാസനയാണ് തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന മുന്‍വിധി. നാം അറിയാതെ തന്നെ നമ്മുടെ വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ നമ്മുടെ മസ്തിഷ്‌കം കാരണങ്ങള്‍ തേടും. ന്യായീകരണ ഫാക്ടറികള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് ഇതിനാലാണ്. മറ്റൊരാള്‍ നമ്മുടെ വിശ്വാസത്തിലെ മണ്ടത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചാലും നാം നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാന്‍ ശ്രമിക്കും.

മുന്‍വിധി മത-രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രമല്ല, എല്ലാ രംഗങ്ങളിലും ഉണ്ട്. ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം മുന്‍വിധികള്‍ ഒഴിവാക്കാനുള്ള വിദ്യകള്‍ ഉണ്ട്. 

നമ്മുടെ പൊതുസ്വഭാവത്തെ സ്വാധീനിക്കുന്ന മറ്റൊരു സഹജവാസനയാണ് പൊതുശത്രുവിനെതിരെ ഒന്നിക്കുക എന്നത്. മതവും, രാഷ്ട്രീയവും, രാജ്യവും, ചിലപ്പോള്‍ മറ്റു സംഘടനകളും പൊതുശത്രുക്കള്‍ ആരാണെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റുള്ള പാര്‍ട്ടികള്‍ എത്ര അഴിമതി കാട്ടി, അവര്‍ നമ്മുടെ എത്ര ആളുകളെ കൊന്നു എന്നിങ്ങനെയാണ്. അല്ലാതെ തങ്ങള്‍ എത്ര കൊന്നു, എന്തെല്ലാം കാര്യങ്ങളിലാണ് തങ്ങള്‍ക്ക് മുന്നേറാന്‍ ഉള്ളത് ഇങ്ങനെയുള്ള കാര്യങ്ങളല്ല. കാരണം രണ്ടാമത് പറഞ്ഞത് ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കുന്നില്ല.  

വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉയര്‍ന്ന വിദ്യാഭ്യാസമുള്ള വലിയ പരിഷ്‌കൃതരാഷ്ട്രങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന ഐഡിയ ആണ്. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അധികാരത്തില്‍ ഏറിയവരുണ്ട്. ഓരോ സമൂഹത്തിനനുസരിച്ചും പൊതുശത്രു മാറിവരും എന്നുമാത്രം. പൊതുശത്രു എന്ന വികാരം ഉണര്‍ത്തിക്കഴിഞ്ഞാല്‍ ന്യായീകരണ ഫാക്റ്ററിയൊക്കെ വിശ്വാസികള്‍ ഏറ്റെടുത്ത് നടത്തിക്കൊള്ളും. 

ഗുഹാമനുഷ്യരിലേക്ക് പോയാല്‍, അവരില്‍ ഒരു വലിയ ശതമാനവും മരിച്ചിരുന്നത് മനുഷ്യകൂട്ടങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള ആക്രമണങ്ങളില്‍ ആയിരുന്നത്രെ. അതുകൊണ്ട് ഒന്നിച്ചുനില്‍ക്കാത്തവരും ശത്രുവിനെതിരെ ഒരുമിച്ച് പോരുതാത്തവരും അധികം അതിജീവിച്ചില്ല. അതുകൊണ്ടുതന്നെ പൊതുശത്രുവിനെതിരെ പോരാടാനുള്ള ജനിതക സ്വഭാവം എല്ലാവരിലും ഉണ്ട്.

മനുഷ്യരെ വെട്ടിയും തല്ലിയും കൊല്ലുന്നതിനെ ഒളിഞ്ഞും തെളിഞ്ഞും അനുകൂലിക്കുന്നവര്‍ കരുണയില്ലാത്തവര്‍ ആണെന്ന് ധരിക്കരുത്. മുഖമാസകലം പെല്ലറ്റ് ഏറ്റ കാശ്മീര്‍ ബാലന്റെ ഫോട്ടോക്ക് കീഴില്‍ 'ഇവനെ ഒക്കെ വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നു' എഴുതുന്ന ആളുകള്‍ ജീവിതത്തില്‍ ആരോടും ദയയും സഹാനുഭൂതിയും ഇല്ലാത്തവരല്ല. കരുണ, ദയ തുടങ്ങിയ മനുഷ്യന്റെ സഹജവാസനകള്‍ക്കും മുകളിലാണ് പൊതുശത്രു എന്ന ചിന്ത. കാരണം പൊതുശത്രുവിനെതിരെ പോരാടിയില്ലെങ്കില്‍ കൂട്ടം തന്നെ ഇല്ലാതാകും.

അടിസ്ഥാനപരമായി മനുഷ്യരില്‍ ആര്‍ത്തിയും അത്യാഗ്രഹവുമൊക്കെ ഉണ്ട്. മറ്റുള്ളവര്‍ക്ക് കൊടുക്കാതെ സ്വന്തം ആവശ്യത്തിനു ഭക്ഷണം ശേഖരിച്ചു വെച്ച ഗുഹാമനുഷ്യന്‍ തീര്‍ച്ചയായും കൂടുതല്‍ അതിജീവിച്ചിരുന്നിരിക്കണം. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് കവര്‍ന്നെടുക്കുന്നവര്‍ക്കും അതിന്റെ ഗുണമുണ്ടായി. ഇവിടെയും കൂട്ടമായി ജീവിക്കുമ്പോള്‍ ഒന്നിച്ചുനില്‍കാന്‍ വേണ്ടിയുള്ള പരസ്പര സഹകരണമൊക്കെ ഉണ്ടായിരുന്നിരിക്കാം. 

ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായ നിയമങ്ങളും വ്യവസ്ഥകളുമാണ് വിഭവങ്ങള്‍ ഒരു വ്യക്തിയിലോ അല്ലെങ്കില്‍ ശക്തമായ ഒരു കൂട്ടത്തിലോ മാത്രമായി പോകുന്നത് തടഞ്ഞത്. നിയമങ്ങളാണ് ഇല്ലാത്തവനും വിഭവങ്ങള്‍ ലഭിക്കുന്ന വ്യവസ്ഥിതി ഉണ്ടാക്കിയത്. ഈ വ്യവസ്ഥതികള്‍ ദുര്‍ബലമായ സ്ഥലങ്ങളില്‍ കയ്യൂക്കുള്ളവനും നിയമം വളച്ചൊടിക്കാന്‍ അവസരമുള്ളവരും വിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നത് നാം കാണാറും അനുഭവിക്കാറും ഉള്ളതാണ്. 

ഇത്രയും പറഞ്ഞത് മനുഷ്യന്റെ സാമൂഹ്യമായ സ്വഭാവത്തിലെ പൊതുകാര്യങ്ങളാണ്. ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ ചിന്തിക്കുകയും മറ്റു സാമൂഹ്യ-സംസ്‌കാരികമായ ഇടപെടലുകള്‍ ഉള്ളതുകൊണ്ടും സഹജവാസനകള്‍ മറ്റു ജീവികളിലെ പോലെ അത്ര പ്രകടമായി ഓരോ വ്യക്തിയിലും കാണില്ല. അതുകൊണ്ടാണ് നാം വ്യക്തികളുടെ കൂട്ടങ്ങളെ-സമൂഹത്തെ-എടുത്തു പരിശോധിച്ചത്. 

എന്നാല്‍ ഓരോ വ്യക്തിയിലേയും ചില സഹജവാസനകള്‍ കാണണമെങ്കില്‍ സാമൂഹ്യമായി ഇടപെടാന്‍ അറിവ് വരാത്ത മനുഷ്യരില്‍ നോക്കണം. എന്നുവച്ചാല്‍ ചെറിയ കുഞ്ഞുങ്ങളില്‍ നോക്കണം. 

Human instincts
നവജാത ശിശുക്കളാണ് സഹജവാസനകള്‍ ഏറ്റവും നന്നായി പ്രകടിപ്പിക്കുന്നത്. Photo credit: iStockphoto

 

കുഞ്ഞുങ്ങളിലെ ചില പൊതുസ്വഭാവങ്ങള്‍ എന്താണെന്ന് നോക്കാം. നവജാത ശിശുക്കള്‍ കൈവിരലുകള്‍ കൂട്ടി പിടിക്കുന്നത് കണ്ടിട്ടുണ്ടോ. അവര്‍ കയ്യില്‍ വരുന്ന എന്തും ഇങ്ങനെ പിടിക്കും. നിങ്ങള്‍ വിരല്‍ വച്ചുകൊടുത്താല്‍ വിരലില്‍ പിടിക്കും. പിടിച്ചിരിക്കാനുള്ള ഈ പ്രവണത എല്ലാ കുഞ്ഞുങ്ങളിലും ഉള്ള കാര്യമാണ്. അതുപോലെ കുഞ്ഞിന്റെ കവിളില്‍ തലോടിയാല്‍, അത് വായ തുറന്നു ആ വശത്തേക്ക് തല തിരിക്കും ( rooting reflex ). ഈ സഹജസ്വഭാവം മുലകുടിക്കല്‍  എളുപ്പമാക്കുന്നു. കുഞ്ഞിന്റെ വായില്‍ വരുന്ന എന്തും അവ കുടിക്കാനും നോക്കും ( sucking reflex ). ചെറിയ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് തുണിയോ മറ്റോ വീണാല്‍ അവര്‍ തല വശത്തേക്ക് ചെരിക്കുകയും കൈകള്‍ ഉയര്‍ത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ധാരാളം പൊതുസ്വഭാവങ്ങള്‍ ഉണ്ട്.

തീരെ ചെറിയ കുട്ടികളെ നിവര്‍ത്തി പിടിക്കുമ്പോള്‍, അവരുടെ കാലുകള്‍ താഴെ തറയില്‍ മുട്ടുമ്പോള്‍ അവര്‍ കാലുകള്‍ മാറിമാറി ഉയര്‍ത്തി നടക്കുന്നതുപോലെ ചെയ്യാറുണ്ട് ( walking reflex ). ജനിച്ചപാടെ കുട്ടി നടക്കാന്‍ ശ്രമിച്ചു എന്ന വീഡിയോ കണ്ടിട്ടില്ലേ? (https://www.youtube.com/watch?v=-gPvh2HggeQ) ഇരുകാലില്‍ നടക്കാനുള്ള പ്രവണതയും സഹജവാസനയാണ്. എല്ലാ കുട്ടികളും ഒരേപോലെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയാണ് പഠിക്കുന്നത്. കമഴ്ന്നു കിടക്കലും മുന്നോട്ടു കുതിക്കലും, കൈകാലുകള്‍ ഉപയോഗിച്ച് നാല്‍ക്കാലികളെ പോലെ മുട്ടിലിഴയലും നടത്തിയ ശേഷമാണ് അവര്‍ ഇരുകാലില്‍ പിച്ചവക്കാന്‍ തുടങ്ങുന്നത്. 

ഭാഷയുടെ കാര്യത്തിലും നമുക്ക് സഹജസ്വഭാവമുണ്ട്. എന്നാല്‍ പക്ഷികള്‍ക്ക് പാടാന്‍ ജന്മനാ അറിയുന്നതുപോലെ ഏതെങ്കിലും ഭാഷ മനുഷ്യന് ജന്മനാ അറിയില്ല. സംസാരിക്കാന്‍ പഠിക്കാനുള്ള പ്രവണതയാണ്  നമ്മിലെ സഹജവാസന. ഇക്കാരണത്താല്‍ കുട്ടികള്‍ വളരെ എളുപ്പത്തില്‍ സംസാരിക്കാന്‍ പഠിക്കും.

കുറച്ചു വലിയ കുട്ടികളെ നിരീക്ഷിച്ചാലും ചില പൊതുസ്വഭാവങ്ങള്‍ കാണുവാന്‍ കഴിയും. അവര്‍ക്ക് അവരുടെ വസ്തുക്കള്‍, ഉദാഹരണത്തിന് കളിപ്പാട്ടങ്ങള്‍, സ്വന്തമാണ് എന്ന ചിന്ത ഉള്ളതായി കാണുവാന്‍ കഴിയും. കുട്ടികളിലെ കളികള്‍ നോക്കിയാലും അതില്‍ ചില സഹജവാസനകള്‍ കാണാം. കുട്ടികളിലെ ഓടിപ്പിടുത്തവും ഒളിച്ചുകളിയും ഇല്ലാത്ത സമൂഹങ്ങള്‍ ഉണ്ടോ?

വേറൊരു രസകരമായ കാര്യം, ചില സഹജവാസനകള്‍ സ്ത്രീയിലും പുരുഷനിലും വ്യത്യാസമാണ് എന്നതാണ്. ഉദാഹരണത്തിന് പുരുഷന്മാരില്‍ അക്രമവാസന കൂടുതലാണ്. കുറ്റകൃത്യങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ പുരുഷന്മാര്‍ മുന്നിട്ട് നില്‍ക്കും. നമ്മുടെ അടുത്ത ജനിതകബന്ധുക്കളായ ചിമ്പാന്‍സികളിലും ഇതേ സ്വഭാവം കാണാന്‍ കഴിയും. ചിമ്പാന്‍സികളില്‍ അക്രമങ്ങള്‍ കൂടുതലും കാണിക്കുന്നത് ആണുങ്ങളാണ്. നേരെമറിച്ച് ഇരുവര്‍ഗ്ഗത്തിലും തര്‍ക്കങ്ങള്‍ കുറയ്ക്കാനും മറ്റും പ്രവര്‍ത്തിക്കുന്നത് സ്ത്രീകളായിരിക്കും. 

ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യത്തിലും ചില പൊതുസ്വഭാവങ്ങള്‍ കാണുവാന്‍ കഴിയും. ഇക്കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പുരുഷന്‍ സ്ത്രീയുടെ ഭൗതീകസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. കാരണം പുരുഷന് സെക്‌സ് ആണ് കൂടുതല്‍ പ്രാധാന്യം. അടിസ്ഥാനപരമായി മനുഷ്യന്‍ ഏകപങ്കാളി വ്രതം ഉള്ളവരല്ല എന്നറിയാമല്ലോ. ഒരു പങ്കാളി എന്നത് അവന്റെ സമൂഹ്യതയുമായി കൂട്ടിപ്പിണഞ്ഞു വന്ന കാര്യമാണ്. സ്ത്രീകള്‍ സാമൂഹികമായ വശത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുക. കാരണം ദീര്‍ഘകാല ബന്ധമാണ് അവര്‍ പൊതുവില്‍ ഇഷ്ടപ്പെടുക (http://public.wsu.edu/~taflinge/socself.html). 

ലൈംഗീകതയുടെ അടിസ്ഥാന ലക്ഷ്യം പ്രത്യുല്‍പ്പാദനമാണല്ലോ. ഇവിടെ സ്ത്രീകളാണ് കൂടുതല്‍ സമയവും ഊര്‍ജ്ജവും ഇതിനായി ചിലവാക്കുന്നത്. അതുകൊണ്ട് മനുഷ്യനടക്കമുള്ള മിക്കവാറും എല്ലാ ജീവികളിലും ഇണയെ തിരഞ്ഞെടുക്കുന്നത് പെണ്ണായിരിക്കും. പെണ്ണിനുവേണ്ടി കഷ്ടപ്പെടുന്നത് ആണും. മറ്റു ജീവികളില്‍ ഈ സ്വഭാവം വളരെ പ്രകടമാണ്. മനുഷ്യന്റെ കാര്യത്തില്‍, ചില സമൂഹങ്ങളില്‍ ഇണയെ തിരഞ്ഞെടുക്കാനുള്ള പ്രകൃതിദത്തമായ അവകാശം സ്ത്രീകളില്‍ ഇല്ലാതിരിക്കുന്നതും നമുക്ക് കാണാം. അത്തരം സമൂഹങ്ങളില്‍ സ്ത്രീകള്‍ സാമൂഹികമായി പിന്നിലാണ് എന്ന പൊതുസ്വഭാവും ഉണ്ട്.

പെണ്ണാണ് തിരഞ്ഞെടുക്കുന്നതുകൊണ്ട്, മൃഗങ്ങളില്‍ ആണിന്റെ യുദ്ധങ്ങളോ, അല്ലെങ്കില്‍ മനോഹരമായ പാട്ടോ, ഡാന്‍സോ, നിറങ്ങളോ പെണ്ണിനെ ആകര്‍ഷിക്കാന്‍ ഉള്ളതാണ്. ജീവന്‍ നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ കഴിഞ്ഞാല്‍ ജീവിതം ഇണയെ സ്വന്തമാക്കാനുള്ളതാണ്. മനുഷ്യന്റെ കാര്യത്തിലും അടിസ്ഥാനപരമായി യുദ്ധവും പണവും പ്രശസ്തിയും അധികാരവും അവനെ അവസാനം കൊണ്ടെത്തിക്കുന്നത് ഇണയിലാണ്. നമ്മുടെ ഡാന്‍സും പാട്ടും കവിതയുമെല്ലാം അടങ്ങിയിരിക്കുന്നത് പ്രണയത്തിന്റെ ചുവടുകളും വരികളുമാണ്. ഇണക്ക് വേണ്ടിയുള്ള ഈ വികൃതികള്‍ നമ്മുടെ സഹജസ്വഭാവത്തില്‍ നിന്നും ഉരുത്തിരിയുന്നതാണ്. 

ഞാന്‍ ഈ എഴുതിയത് മനുഷ്യന്റെ പ്രധാനപ്പെട്ട ചില പൊതുസ്വഭാവങ്ങളാണ്. ഇതല്ലാതെയും കൂടുതല്‍ സഹജവാസനകള്‍ നിരത്തുവാന്‍ കഴിഞ്ഞേക്കും. മനുഷ്യന്റെ സമൂഹ്യ-സാംസ്‌കാരിക വശത്തിന് ജനിതകപരമായ സ്വഭാവങ്ങളെ ഒരു പരിധിവരെ സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടാണ് സഹജസ്വഭാവങ്ങള്‍ അത്ര പ്രകടമല്ലന്ന് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പച്ചയായ മൃഗീയത നമ്മില്‍ ഒളിഞ്ഞിരിപ്പുണ്ട്.