ചൊവ്വാ ഗ്രഹത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ വിവിധ ഉപയോഗങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള വഴി കണ്ടെത്താന്‍ മത്സരവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 'സിഓ 2 കണ്‍വേര്‍ഷന്‍ ചലഞ്ച്' എന്നാണ് ഈ വെല്ലുവിളിയുടെ പേര്. ചൊവ്വാഗ്രഹത്തില്‍ സമൃദ്ധമായ കാര്‍ബണ്‍ഡയോക്സൈഡ് മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതാണ് വെല്ലുവിളി.

അന്നജം ഉള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് കാര്‍ബണ്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചൊവ്വയിലെ തന്നെ അന്തരീക്ഷവിഭവങ്ങള്‍ ഉപയോഗിച്ച് മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് നാസ പറയുന്നു. കാര്‍ബണ്‍ ഉല്‍പാദനത്തിനുള്ള പ്രധാന ഉറവിടമായി കാര്‍ബണ്‍ ഡയോക്സൈഡിനെ ഉപയോഗിക്കാനുള്ള വഴി കണ്ടെത്തനാണ് നാസ ആവശ്യപ്പെടുന്നത്. 

ചൊവ്വാപര്യവേക്ഷണത്തിന് മാത്രമല്ല, ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയിലെ കാര്‍ബണ്‍ഡയോക്സൈഡിനെ വരുതിയിലാക്കി ആഗോളതാപനം കുറയ്ക്കാന്‍ വഴി തെളിയുമെന്നും നാസ കണക്കുകൂട്ടുന്നു. 

മറ്റൊരു ഗ്രഹത്തില്‍ മനുഷ്യവാസം സാധ്യമാക്കണമെങ്കില്‍ നിരവധി വിഭവങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതായി വരും. ആവശ്യമായവ എല്ലാം അവിടേക്കെത്തിക്കുക സാധ്യമല്ല. അതിനായി നമ്മള്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതായി വരും- നാസ സെന്റിനിയല്‍ ചലഞ്ച് പ്രോഗ്രാം ഡയറക്ടര്‍ മോന്‍സി റോമന്‍ പറഞ്ഞു.

കാര്‍ബണ്‍ പോലുള്ള വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും വിവിധങ്ങളായ ഉല്‍പ്പന്നങ്ങളായി അവയെ പരിവര്‍ത്തനം ചെയ്യാനും നമുക്ക് സാധിച്ചാല്‍ ബഹിരാകാശത്തും ഭൂമിയിലുമെല്ലാം അനന്തസാധ്യതകളാണ് അതുവഴിയുണ്ടാവുക-അദ്ദേഹം പറഞ്ഞു.

വ്യക്തികള്‍ക്കും, സംഘങ്ങള്‍ക്കും, സംഘടനകള്‍ക്കും ഈ വെല്ലുവിളി ഏറ്റെടുക്കാം. രണ്ട് ഘട്ടമാണ് ഈ മത്സരത്തിനുള്ളത്. വെല്ലുവിളിയില്‍ വിജയിക്കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വരെ സമ്മാനമായി ലഭിക്കുമെന്ന് നാസ ഞായറാഴ്ച പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.

വെല്ലുവിളിയ്ക്കുള്ള ആശയം അവതരിപ്പിക്കുകയാണ് ആദ്യ ഘട്ടം. തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 50,000 ഡോളര്‍ വീതം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിക്കുകയും പ്രവര്‍ത്തനമാതൃക കാണിച്ചുകൊടുക്കുകയും വേണം. അങ്ങനെ ചെയ്താല്‍ 750,000 ഡോളര്‍ സമ്മാനമായി ലഭിക്കും. വെല്ലുവിളിയില്‍ ആകെ പത്ത് ലക്ഷം ഡോളര്‍ വരെ സമ്മാനമായി ലഭിക്കും.