ഈസ്റ്റര്‍ ദ്വീപുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതകള്‍ ഇനിയും അറിയാനുണ്ട്. അതിലൊന്നാണ്, അവിടുത്ത പടുകൂറ്റന്‍ ശിലാപ്രതിമകളെ എങ്ങനെ ടണ്‍ കണക്കിന് ഭാരമുള്ള കല്ത്തൊപ്പികള് അണിയിച്ചു എന്ന കാര്യം. അതിന് വിശദീകരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍

ഡച്ച് നാവികനായ ജേക്കബ്ബ് റൊഗ്ഗിവീന്‍ 1722-ല്‍ തെക്കന്‍ പെസഫിക്കിലെ ആ വിദൂരദ്വീപില്‍ എത്തുമ്പോള്‍ അതിന് പേരിടാന്‍ വലിയ പ്രയാസമുണ്ടായില്ല. ഈസ്റ്റര്‍ ദിനത്തിലാണ് ഡച്ച് സംഘം അവിടെയെത്തിയത്, അതുകൊണ്ട് 'ഈസ്റ്റര്‍ ദ്വീപ്' എന്നതിനെ പേരുചൊല്ലി വിളിച്ചു! പേരിട്ടതുപോലെ പക്ഷേ, അത്ര അനായാസമല്ല ആ ദ്വീപിലെ കാര്യങ്ങള്‍ മനസിലാക്കാനെന്ന് പിന്നാലെ മനസിലായി.
തെക്കേയമേരിക്കന്‍ രാജ്യമായ ചിലിയുടെ ഭാഗമാണിപ്പോള്‍ ഈസ്റ്റര്‍ ദ്വീപ്. 163 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം, 2017 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 7750. ഭൂമുഖത്ത് ഏതെങ്കിലും ഒരു മനുഷ്യവാസ മേഖല ഇത്രയും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടാകില്ല. ഈസ്റ്റര്‍ ദ്വീപുകാര്‍ക്ക് തങ്ങളുടെ മാതൃരാജ്യമായ ചിലിയുടെ വന്കരയിലെത്താന് 3700 കിലോമീറ്റര്‍ സമുദ്രം താണ്ടണം. തിരുവനന്തപുരത്ത് നിന്ന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെത്തുന്ന ദൂരം! ഏറ്റവും അടുത്ത ദ്വീപിലേക്ക് അവിടെ നിന്ന് 1770 കിലോമീറ്റര്‍ അകലമുണ്ട്!
പെസഫിക് സമുദ്രത്തില്‍ ഇത്ര വിദൂരമായ ഒരു ദ്വീപില്‍ തങ്ങളെ കാത്തിരിക്കുന്നത് തലമുറകളെ അമ്പരപ്പിക്കാന്‍ പോന്ന അത്ഭുതങ്ങളാണെന്ന്, അവിടെ എത്തുമ്പോള്‍ റൊഗ്ഗിവീനിനോ സംഘത്തിനോ രൂപമുണ്ടായിരുന്നില്ല. മനുഷ്യവാസമുള്ള ദ്വീപായിരിക്കും അതെന്നു പോലും അവര്‍ കരുതിക്കാണില്ല. എന്നാല്‍, ഈസ്റ്റര്‍ ദ്വീപിലെത്തിയ നാവികര്‍ ശരിക്കും അമ്പരന്നു. ദ്വീപിന്റെ തിരപ്രദേശത്തെല്ലാം നൂറുകണക്കിന് പടുകൂറ്റന്‍ ശിലാപ്രതിമകള്‍ നിഗൂഢഭാവത്തോടെ കടലിലേക്ക് നോക്കി നില്ക്കുന്നു! പ്രതിമകളുടെ തലയില്‍ ടണ്‍ കണക്കിന് ഭാരമുള്ള കല്ത്തൊപ്പികള്!
പോളിനേഷ്യന്‍ വംശജരാണ് ദ്വീപിലുണ്ടായിരുന്നത്. അംഗസംഖ്യ ശോഷിച്ചുപോയ ഒരു ജനത. 'രാപ്പാ ന്യൂയി' (Rapa Nui) എന്നാണ് തദ്ദേശീയര്‍ ദ്വീപിന് നല്‍കിയിരുന്ന പേര്. പ്രതിമകള്‍ അവരുടെ ഭാഷയില്‍ 'മോവായി' ( Moai) എന്നറിയപ്പെട്ടു, പ്രതിമകളുടെ കല്ത്തൊപ്പികള് 'പ്യൂകായോ' (Pukao) എന്നും. രാപ്പാ ന്യൂയിക്കാരാണ് ഭീമന് പ്രതിമകളെ ദ്വീപിലെമ്പാടും സ്ഥാപിച്ചത്. അവരുടെ നഷ്ടപ്രതാപത്തിന്റെ തെളിവായി ആ പ്രതിമകള്‍ അവശേഷിച്ചു. മൊത്തം 887 പ്രതിമകള്‍. അതില്‍ 397 എണ്ണം, കല്പ്രതിമകള് രൂപപ്പെടുത്തിയ 'രാനോ രരാക്കു' (Rano Raraku) എന്ന ഭീമന് പാറമടയിലാണുള്ളത്. അതില്‍ പലതിന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്.

ലോകത്ത് പലഭാഗത്തും അവശേഷിക്കുന്ന നവീനശിലായുഗ സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഈസ്റ്റര്‍ ദ്വീപിലെ കല്പ്രതിമകളും ഉള്‍പ്പെടുന്നത്. ഭീമന് ശിരസ്സും ചെറിയ ഉടലുകളുമാണ് ആ ശിലാപ്രതിമകളുടെ പ്രത്യേകത. അവയില്‍ ഏറ്റവും വലുതിന് പത്തു മീറ്റര്‍ (33 അടി) പൊക്കമുണ്ട്, ഭാരം 82 ടണ്‍ വരുമെന്ന് കണക്കാക്കുന്നു. എന്നാല്‍, പാറമടയില്‍ (quarry) നിര്‍മാണത്തിലുണ്ടായിരുന്ന ഒരെണ്ണത്തിന്റെ പൊക്കം 21 മീറ്ററാണ് (69 അടി). അതിന് 270 ടണ്‍ ഭാരമുണ്ട്! ദ്വീപിലെ പ്രതിമകളുടെ ശരാശരി പൊക്കം നാലു മീറ്റര്‍ (13 അടി) ആണ്, ശരാശരി ഭാരം 12.5 ടണ്ണും.
പോളിനേഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന സ്മാരകങ്ങളുമായി സാമ്യമുള്ളവയാണ് ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകളും. അധികാരത്തിന്റെ പ്രതാപത്തിന്റെയും പ്രതീകങ്ങളായി പ്രതിമകള്‍ നിര്‍മിച്ച് വ്യത്യസ്ത സ്ഥാനങ്ങളില്‍ സ്ഥാപിച്ചു എന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. 800 എ.ഡി.യില്‍ ഈസ്റ്റര്‍ ദ്വിപിലെത്തി പാര്‍പ്പുറപ്പിച്ച പോളിനേഷ്യക്കാരാണ് രാപ്പാ ന്യൂയിക്കാരെന്ന് മുന്ഗവേഷണങ്ങള് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഹാവായി യൂണിവേഴ്സിറ്റിയിലെ ആര്ക്കയോളിജിസ്റ്റ് ടെറി ഹന്റും കൂട്ടരും സമീപകാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് 1200 എ.ഡി. മുതലാണ് ദ്വീപില്‍ ജനവാസം തുടങ്ങിയതെന്നാണ്.
പതിനെട്ടാംനൂറ്റാണ്ടില്‍ യൂറോപ്യന്മാര് ദ്വീപിലെത്തിയെങ്കിലും, അവിടുത്തെ നിഗൂഢകള്‍ പരിശോധിക്കാന്‍ ഒരു ശാസ്ത്രപര്യവേക്ഷണ സംഘം എത്തുന്നത് 1914 ലില്‍ മാത്രമാണ്. കാതറിന് റൗട്ട്ലേജിന്റെ നേതൃത്വത്തില്‍ നടന്ന ആ പഠനയാത്രയില് ദ്വീപില്‍ പ്രചരിച്ചിരുന്ന മിത്തുകളും ചരിത്രവസ്തുതകളും ശേഖരിക്കുകയാണ് ചെയ്തത്. ദ്വീപിലെ ശിലാപ്രതിമകളുടെ രഹസ്യം അനാവരണം ചെയ്യാന്‍ നടന്ന ആദ്യ പഠനയാത്ര 1934 ലായിരുന്നു. ആ ഫ്രഞ്ച്-ബെല്‍ജിയം സംരംഭത്തിന് ആല്‍ഫ്രഡ് മെട്രാക്സ്, ഹെന്‍ട്രി ലവാച്ചെറി എന്നിവര്‍ നേതൃത്വം നല്കി. പ്രതിമ നിര്‍മാണത്തിന്റെ ചരിത്രപരമായ പരിണാമമാണ് അവര്‍ പരിശോധിച്ചത്. അതിന് ശേഷം ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നെങ്കിലും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല.

ആ ചോദ്യങ്ങളിലൊന്നാണ്, എങ്ങനെ ടണ്‍ കണക്കിന് ഭാരമുള്ള കല്ത്തൊപ്പികള് ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകളുടെ തലയില്‍ സ്ഥാപിച്ചു എന്നത്. അതിന് ഏതാണ്ട് തൃപ്തികരമായ വിശദീകരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍. ടെറി ഹന്റിനൊപ്പം രണ്ടു പതിറ്റാണ്ടായി ദ്വീപില്‍ പഠനം നടത്തുന്ന ബിന്ഘാംടണ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര പ്രൊഫസര്‍ കാള്‍ ലിപ്പോയും കൂട്ടരും 'ജേര്‍ണല്‍ ഓഫ് ആര്‍ക്കയോളജിക്കല്‍ സയന്‍സസി'ല്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകള്‍ തൊപ്പിവെച്ചതെങ്ങനെ എന്നതിന്റെ വിശദീകരണമുള്ളത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഷോണ്‍ ഹിക്സണിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പലരും വിശ്വസിച്ചിരുന്നത് പ്രതിമകള്‍ക്കൊപ്പം കല്ത്തൊപ്പിയും നിര്‍മിച്ചു എന്നാണ്. എന്നാല്‍, അത് ശരിയല്ലെന്ന് കാള്‍ ലിപ്പോ പറയുന്നു. ശിലാപ്രതിമകള്‍ നിര്‍മിച്ച പാറമടയിലല്ല കല്ത്തൊപ്പികള് ഉണ്ടാക്കിയത്. തൊപ്പികളുണ്ടാക്കിയ പാറമട ദ്വീപിന്റെ മറ്റൊരു കോണിലാണ്. മാത്രമല്ല, പ്രതിമകള്‍ നിര്‍മിക്കാനുപയോഗിച്ച തരം ശിലയുമല്ല തൊപ്പിയുടേത്. കുറച്ചുകൂടി മൃദുവായ ചുവപ്പ് നിറമുള്ള ഒരിനം ലാവാശിലയാണ് തൊപ്പിക്ക് ഉപയോഗിച്ചത്. ടെറി ഹന്റുമായി ചേര്‍ന്ന് കാള്‍ ലിപ്പോ മുമ്പ് നടത്തിയ പഠനത്തില്‍, ഭീമന് ശിലാപ്രതിമകളെ കുത്തനെ നിര്‍ത്തി 'നടത്തിപ്പിച്ച്' ദ്വീപിന്റെ വിവിധ സ്ഥാനങ്ങളില്‍ എത്തിക്കുകയാണ് ദ്വീപ് നിവാസികള്‍ ചെയ്തിരുന്നതെന്ന് കണ്ടെത്തുകയുണ്ടായി. വലിയ ഇരുമ്പ് അലമാരകളും മറ്റും കുത്തനെ നിര്‍ത്തി മുന്‍ഭാഗത്തേക്ക് ഓരോവശവും മാറിമാറി നിരക്കിനീക്കും പോലെ, കുത്തനെ നിര്‍ത്തിയ പ്രതിമകളുടെ ഇരുവശത്തും വടംകെട്ടി ഓരോ വശവും മുന്‍ഭാഗത്തേക്ക് മാറിമാറി വലിച്ചു നിരക്കിനീക്കിയാണ് നിശ്ചിതസ്ഥാനങ്ങളില്‍ എത്തിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു തൊപ്പിപ്രശ്നം പരിഹരിക്കാനുള്ള പഠനം.

ടണ്‍ കണക്കിന് ഭാരമുള്ള ഭീമന് തൊപ്പികള്‍ നേരെ എടുത്തു പൊന്തിച്ച് പടുകൂറ്റന്‍ പ്രതിമകള്‍ക്ക് മുകളില്‍ സ്ഥാപിക്കുക ബുദ്ധിമുട്ടാണ്. ലിപ്പോയും കൂട്ടരും പ്രതിമകളുടെയും തൊപ്പികളുടെയും ത്രിമാന മാതൃകകളുണ്ടാക്കി പരിശോധിച്ചു. എങ്ങനെ ആയിരിക്കാം പ്രതിമകള്‍ക്ക് തൊപ്പിവെച്ചിരിക്കുക! 'പാര്ബക്ക്ളിങ്' (parbuckling) ആണ് ഉപയോഗിച്ചിരിക്കാന്‍ ഏറ്റവും സാധ്യമായ വിദ്യ എന്ന നിഗമനത്തിലവര് എത്തി. പ്രതിമ സ്ഥാപിക്കുന്ന ഘട്ടത്തില്‍, പ്രതിമയെ 17 ഡിഗ്രി കോണില്‍ മുന്നോട്ട് ചായ്ച്ച് നിര്‍ത്തിയ ശേഷം, അതിന്റെ മുന്‍ഭാഗത്ത് നിര്‍മിച്ച കല്ലും മണ്ണുംകൊണ്ടുള്ള ചെരിഞ്ഞ പ്രതലത്തിലൂടെ കല്ത്തൊപ്പിയെ വലിച്ച് മുകളിലേക്ക് കയറ്റുകയാണ് ചെയ്തിരിക്കുക. സിലിണ്ടര്‍ ആകൃതിയിലുള്ള കല്ത്തൊപ്പിയുടെ മധ്യഭാഗം വരെ എത്താന്‍ പാകത്തില്‍ വടം ചുറ്റിയിട്ട് മുകളിലേക്ക് കഠിനമായ ശ്രമം നടത്താതെ തന്നെ വലിച്ചുകയറ്റി പ്രതിമയ്ക്ക് മുകളില്‍ സ്ഥാപിക്കുകയാവണം ചെയ്തിരിക്കുക.

എന്തിന് ഇത്രയും കഷ്ടപ്പെട്ട് പ്രതിമകളെ ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു? അതുപോലെ, കഠിനാധ്വാനം ചെയ്ത് പ്രതിമകള്‍ക്ക് കല്ത്തൊപ്പികള് അണിയിച്ചു? രാപ്പാ ന്യൂയിക്കാരുടെ പൂര്‍വികരെയാണ് പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് ലിപ്പോ വിശദീകരിക്കുന്നു. തങ്ങളുടെ ഗോത്രത്തെ കാക്കാനും സുരക്ഷ നല്‍കാനും സ്ഥാപിച്ച പ്രതിമകളുടെ അലങ്കാരമാണ് കല്ത്തൊപ്പികള്. ആളുകള്‍ ഒത്തുകൂടി പരസ്പരം സഹകരിച്ചാലേ ഇത്തരം പ്രതിമകള്‍ സ്ഥാപിക്കാന്‍ കഴിയൂ. ഗോത്രത്തിലെ അംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍, വിഭവങ്ങളുടെയും വിവരങ്ങളുടെയും പരസ്പരമുള്ള പങ്കുവെയ്ക്കല്‍ നടക്കും. ഇതു വളരെ പ്രധാനമാണ്-ലിപ്പോ ചൂണ്ടിക്കാട്ടുന്നു. എന്നുവെച്ചാല്‍, 'പ്രതിമാ നിര്‍മാണവും അവയെ കല്ത്തൊപ്പി അണിയിക്കലും, അതുമായി ബന്ധപ്പെട്ട സംഗതികളും രാപ്പാ ന്യൂയിയിലെ വ്യത്യസ്ത ഗോത്രവിഭാഗങ്ങളെ ശക്തമായും വിജയകരമായും നിലനില്ക്കാന് സഹായിച്ചിരിക്കണം'.
പടുകൂറ്റന്‍ പ്രതിമകള്‍ നിര്‍മിക്കാന്‍ വലിയ തോതില്‍ വിഭവങ്ങള്‍ വേണ്ടിവന്നിരിക്കണം. അതിന്റെ ഭാഗമായി, വലിയ പനകള്‍ നിറയെ ഉണ്ടായിരുന്ന ദ്വീപില്‍ അപകടകരമായ രീതിയില്‍ വനനശീകരണം നടന്നു. അതാണ് രാപ്പാ ന്യൂയികളുടെ സംഖ്യ കാര്യമായി കുറയാനും ആ പ്രാചീനസംസ്ക്കാരം നശിക്കാനും ഇടയാക്കിയതെന്ന് ചില ഗവേഷകര്‍ വാദിക്കുന്നു. മുമ്പ് നിറയെ പനയുണ്ടായിരുന്ന ദ്വീപ്, യൂറോപ്യന്മാര് അവിടെ എത്തുമ്പോഴേക്കും ഏതാണ്ട് തരിശായി കഴിഞ്ഞിരുന്നു.
എന്നാല്‍, പതിറ്റാണ്ടുകളോളം അവിടെ ഗവേഷണം നടത്തിയ ലിപ്പോ ഇത് അംഗീകരിക്കുന്നില്ല. ആര്‍ക്കയോളജി റിക്കോര്‍ഡുകള്‍ അനുസരിച്ച്, ദ്വീപ് ജനതയെ അതിജീവിക്കാന്‍ പാകത്തില്‍ ശക്തരായി നിലനിര്‍ത്തുകയാണ് പ്രതിമാനിര്‍മാണം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. പരസ്പര സഹകരണത്തിനും വിഭവങ്ങള്‍ പങ്കിടുന്നതിനുമാണ് പ്രതിമാ നിര്‍മാണം അവരെ സഹായിച്ചിരിക്കുക. അങ്ങനെയെങ്കില്‍ ആ സംസ്ക്കാരം എന്തുകൊണ്ട് നാമാവശേഷമായി? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല, തര്‍ക്കങ്ങള്‍ തീരുന്നില്ല!
അധിക വായനയ്ക്ക് -
1. 'The colossal hats (pukao) of monumental statues on Rapa Nui (Easter Island, Chile): Analyses of pukao variability, transport, and emplacement'. By Sean W. Hixon et.al. Journal of Archaeological Science, May 31, 2018.
2. 'Easter Islanders used rope, ramps to put giant hats on famous statues'. BINGHAMTON UNIVERSITY, Public Release, June 4, 2018.
3. 'The Mystery of Easter Island'. By Whitney Dangerfield. SMITHSONIAN.COM, MARCH 31, 2007.
4. 'Researchers finally know how Easter Island statues got their hats'. CBC News. June 9, 2018.
5. 'From Genocide to Ecocide: The Rape of Rapa Nui'. By Benny Peiser. Reprinted From Energy & Environment, Volume 16 No.3&4 2005.
* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Easter Island, Rapa Nui, Easter Island Statues, Moai, palaeontology, massive stone hats Pukao