ജനീവ: മലിനീകരണവും വ്യാവസായിക മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും മൂലം 40 വര്‍ഷത്തിനിടെ പകുതിയോളം സമുദ്രജീവികള്‍ നശിച്ചതായി വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട്(ഡബ്ല്യു.ഡബ്ല്യു.എഫ്.) റിപ്പോര്‍ട്ട്.
ദരിദ്രരാജ്യങ്ങളില്‍ പാവപ്പെട്ടവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന മീനുകളാണ് ഏറ്റവും കൂടുതല്‍ കുറഞ്ഞിരിക്കുന്നത്. ചൂര, അയല തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടും.
 
1970-നു ശേഷം ഇവയുടെ നാലില്‍ മൂന്നുഭാഗവും നശിച്ചതായി ഡബ്ല്യു.ഡബ്ല്യു.എഫിന്റെ ലിവിങ് ബ്ലൂ പ്ലാനറ്റിന്റെ പഠനത്തില്‍ പറയുന്നു. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവയെ പിടിക്കുന്നതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ്. മേധാവി മാര്‍കോ ലംബെര്‍ടിനി പറഞ്ഞു.
 
ഭാവിതലമുറയ്ക്കായി ഇവയെ നിലനിര്‍ത്തണമെങ്കില്‍ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. പവിഴപ്പുറ്റുകളില്‍ പകുതിയും നഷ്ടമായിക്കഴിഞ്ഞു. താപനില ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ 2050-ഓടെ ബാക്കിയുള്ളതും നശിക്കും.
 
മത്സ്യങ്ങള്‍ മാത്രമല്ല, പവിഴപ്പുറ്റുകളും കണ്ടല്‍ച്ചെടികളും കടല്‍പ്പുല്ലുകളും വലിയ അളവില്‍ നശിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍ കുറയാന്‍ ഇതും കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. (ചിത്രം കടപ്പാട്: Shark Tagging.com/ നാഷണല്‍ ജ്യോഗ്രഫിക് )