സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒന്നു ചേരുന്ന ഗ്രേറ്റ് കണ്‍ജങ്ഷന്‍ എന്ന പ്രതിഭാസം ഇന്ന് ദൃശ്യമാവും. ഇരു ഗ്രഹങ്ങളുടെയും സഞ്ചാര പാത ഒരിടത്ത് സംഗമിക്കുകയും ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ഒന്ന് ചേരുംപോലെ ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് ഗ്രേറ്റ് കണ്‍ജങ്ഷന്‍. 

ഡിസംബര്‍ 21-ന് ഭൂമിയില്‍നിന്ന് നോക്കിയാല്‍ ഇവ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശം മാത്രമേ ഉണ്ടാവൂ. ഇത്രയും അടുത്ത് ഈ ഗ്രഹങ്ങളെ അടുത്ത നൂറ്റാണ്ടുകളിലൊന്നും കാണാന്‍ സാധിക്കില്ല. ഏകദേശം 800-നടുത്ത് വര്‍ഷങ്ങള്‍ അതിന് വേണ്ടിവരും. അതിനായി കാത്തിരിക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് സാധിക്കില്ലല്ലോ. 

എങ്കിലും ഗ്രേറ്റ് കണ്‍ജങ്ഷന്‍ എന്ന പ്രതിഭാസം എല്ലാ 20 വര്‍ഷം കൂടുന്തോറും സംഭവിക്കാറുള്ളതാണ്. ഈ ഇടവേളകളിലെല്ലാം ഇരു ഗ്രഹങ്ങളും തമ്മിലുള്ള അകലം ഏറിയും കുറഞ്ഞും കാണാം. മാത്രവുമല്ല, എല്ലായ്‌പ്പോഴും ഇത് കാണാന്‍ സാധിക്കണം എന്നില്ല. കാലാവസ്ഥ, സൂര്യപ്രകാശം അങ്ങനെ പലതും കാഴ്ചയെ സ്വാധീനിച്ചേക്കാം. 

ഗ്രേറ്റ് കണ്‍ജങ്ഷന്‍​ ഇത് എങ്ങനെ കാണാം ?

വ്യാഴം-ശനി ഗ്രേറ്റ് കണ്‍ജങ്ഷന്‍ വീക്ഷിക്കാന്‍ പ്രത്യേകം ഉപകരണങ്ങളുടേയൊന്നും ആവശ്യമില്ല. നഗ്നനേത്രങ്ങള്‍കൊണ്ട് ഇത് കാണാം. ഇതിനായി സൂര്യാസ്തമയം വരെ കാത്തിരിക്കണം എന്നുമാത്രം. തെക്ക് പടിഞ്ഞാറ് ദിക്കിലായാണ് ഈ സമാഗമം ദൃശ്യമാവുക. ഒരു പാട് വെളിച്ചമുള്ളയിടത്ത് നിന്നും ഇത് കാണാന്‍ സാധിച്ചെന്ന് വരില്ല. 

കൂടുതല്‍ വ്യക്തതയോടെ ഈ കാഴ്ച കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലൊരു ബൈനോക്കുലര്‍ ഉപയോഗിച്ച് പ്രസ്തുത ദിക്കിലേക്ക് നോക്കിയാല്‍ മതി. 

ഈ രണ്ട് ഗ്രഹങ്ങളെ മാത്രമല്ല, വ്യാഴത്തിന്റെ നാല് ഉപഗ്രങ്ങളെയും കാണാന്‍ സാധിക്കും. നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നാസയുടെ വെബ്‌സൈറ്റില്‍നിന്നും ഫെയ്‌സ്ബുക്ക്, യൂട്യൂബ് ചാനലുകളില്‍നിന്നും ഗ്രേറ്റ് കണ്‍ജങ്ഷന്‍ കാണാം.

Content Highlights: Jupiter saturn great conjunction today