അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പ്രശസ്ത പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍ ലോറന്‍സ് ക്രാസ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണിപ്പോള്‍ ശാസ്ത്രലോകത്താകെ ചര്‍ച്ച. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ( Gravitational waves ) ശാസ്ത്രലോകം കണ്ടെത്തിയെന്ന് പരോക്ഷമായി സ്ഥിരീകരിക്കുന്നതാണ് ട്വീറ്റ്.

പ്രാപഞ്ചികപഠനത്തില്‍ വന്‍മുന്നേറ്റമാകാന്‍ സാധ്യതയുള്ള ഒന്നാണ് ഗുരുത്വതരംങ്ങളുടെ സ്ഥിരീകരണം. നൂറുവര്‍ഷം മുമ്പ് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിജയമാകും ഇത്തരമൊരു കണ്ടെത്തല്‍. അതാണ്, ക്രാസിന്റെ ട്വിറ്റ് ആകാംക്ഷ വര്‍ധിപ്പിക്കാന്‍ കാരണം.

'ഗുരുത്വതരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാകാ'മെന്ന, മാസങ്ങളായി ശാസ്ത്രലോകത്ത് നിലനില്‍ക്കുന്ന അഭ്യൂഹം ശരിയാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരീകരിക്കാന്‍ തനിക്ക് സാധിച്ചുവെന്ന് ക്രാസ് ട്വീറ്റില്‍ പറയുന്നു.

My earlier rumor about LIGO has been confirmed by independent sources. Stay tuned! Gravitational waves may have been discovered!! Exciting.

— Lawrence M. Krauss (@LKrauss1) January 11, 2016

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായി നടക്കുന്ന ഒരു പരീക്ഷണമുണ്ട് - 'ലിഗോ' ( LIGO ). 'അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്‌സര്‍വേറ്ററി' എന്നതിന്റെ ചുരുക്കപ്പേരാണ് 'ലിഗോ'. 

പ്രപഞ്ചത്തിന്റെ സ്ഥലകാല ജ്യാമിതിയില്‍ ഗുരുത്വതരംഗങ്ങള്‍ മൂലമുള്ള പ്രകമ്പനങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തുകയാണ് ലിഗോ ചെയ്യുക. അതിനായി യുഎസിലെ ഹാന്‍ഫഡ്, വാഷിങ്ടണ്‍, ലിവിങ്ടണ്‍, ലൂസിയാന എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അത്യന്തം ലോലമായ ഡിറ്റെക്ടറുകള്‍ ഉപയോഗിക്കുന്നു. 

ലിഗോയിലെ ഡിറ്റെക്ടറുകള്‍ ഗുരുത്വതരംഗ സിഗ്നലുകള്‍ കണ്ടെത്തുന്നതില്‍ വിജയിച്ചെന്നും, അതുസംബന്ധിച്ച് ഗവേഷകര്‍ ഒരു പ്രബന്ധം തയ്യാറാക്കുകയാണെന്നുമാണ് മാസങ്ങളായി പരക്കുന്ന അഭ്യൂഹം. 

ആധുനിക പ്രപഞ്ചപഠനത്തിന്റെ അടിസ്ഥാനമായി മാറിയ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ചിട്ട് 2015 നവംബര്‍ 25 ന് ഒരു നൂറ്റാണ്ട് തികഞ്ഞു. ഇത്തരമൊരു വേളയില്‍ ആ സിദ്ധാന്തത്തിലെ ഏറ്റവും നാടകീയമായ പ്രവചനം (ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ളത്) സ്ഥിരീകരിക്കാന്‍ ആയാല്‍ അത് മറ്റൊരു നാടകീയതയാകും. 

Albert Einstein
നൂറുവര്‍ഷം മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലെ ഏറ്റവും നാടകീയമായ പ്രവചനമാണ് ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ളത്. ഒരു നൂറ്റാണ്ട് ശ്രമിച്ചിട്ടും ഗുരുത്വതരംഗങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ ശാസ്ത്രലോകത്തിനായിട്ടില്ല.

ട്വീറ്റ് പോസ്റ്റ് ചെയ്ത ശേഷം ക്രാസ് ചില മാധ്യമങ്ങളോട് പറഞ്ഞത്, ഗുരുത്വതരംഗങ്ങള്‍ സംബന്ധിച്ച അഭ്യൂഹം ശരിയാണെന്ന് തനിക്ക് 60 ശതമാനം ഉറപ്പുണ്ട് എന്നാണ്. ലിഗോ പരീക്ഷണത്തില്‍ ലഭിച്ച സിഗ്നലുകള്‍ ശരിക്കും ഗുരുത്വതരംഗങ്ങളുടേത് തന്നെയോ എന്നകാര്യം ആ ഡേറ്റ കണ്ട ശേഷമേ തനിക്ക് ഉറപ്പ് പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു.

അത്തരമൊരു സിഗ്നല്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, അത് ഗുരുത്വതരംഗങ്ങളുടേതാണെന്ന് വളരെ കരുതലോടെ മാത്രമേ ലിഗോ ഗവേഷകര്‍ സ്ഥിരീകരിക്കൂ. ഇതിന് മുമ്പ് മറ്റ് പഠനഗ്രൂപ്പുകള്‍ നടത്തിയ ഇത്തരം പ്രഖ്യാപനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.  'BICEP2' എന്ന മറ്റൊരു യു.എസ്. പരീക്ഷണം ഉദാഹരണം. ഗുരുത്വതരംഗ സിഗ്നലുകള്‍ കിട്ടിയതായി 2014 ല്‍ അതിലെ ഗവേഷകര്‍ പ്രഖ്യാപിച്ചത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. 

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായാല്‍, ഇതുവരെ സാധിക്കാത്ത തരത്തില്‍ പ്രപഞ്ചനിരീക്ഷണത്തിന് അവയെ ഉപയോഗിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിയും. 'പ്രപഞ്ചത്തിലേക്ക് പുതിയൊരു വാതായനം തുറക്കുകയാവും അത്' - ക്രാസ് പറഞ്ഞു. 

'തമോഗര്‍ത്തങ്ങളുടെ അതിരുകള്‍ പോലുള്ള പ്രപഞ്ചത്തിലെ ഏറ്റവും വിചിത്രമായ കോണുകളില്‍ നിന്നാണ് ഗുരുത്വതരംഗങ്ങള്‍ ഉണ്ടാവുന്നത്. അവ ഉണ്ടെന്ന് ഉറപ്പാണ്. പക്ഷേ, പ്രപഞ്ചപര്യവേക്ഷണത്തിന് അവയെ ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല' - അദ്ദേഹം വിശദീകരിച്ചു. 

തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടികള്‍ പോലുള്ള അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചിക സംഭവങ്ങള്‍ നടക്കുമ്പോള്‍ ഗുരുത്വതരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഐന്‍സ്റ്റൈന്‍ പ്രവചിച്ചത്. സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങള്‍ സൃഷ്ടിച്ചാകും ഗുരുത്വതരംഗങ്ങള്‍ സഞ്ചരിക്കുക. 

ലിഗോ സംവിധാനത്തില്‍ ഉപയോഗിച്ചിട്ടുള്ള 4 കിലോമീറ്റര്‍ വീതം നീളമുള്ള പൈപ്പുകളുടെ നീളത്തിലുണ്ടാകുന്ന ചെറുവ്യത്യാസം ലേസര്‍ രശ്മികളുപയോഗിച്ച് അളന്നാണ് ഗുരുത്വതരംഗങ്ങളുടെ സിഗ്നലുകള്‍ കണ്ടെത്തുക. 

Lawrence Krauss
ലോറന്‍സ് ക്രാസ്. ചിത്രം കടപ്പാട്: Science Journal

 

ഗുരുത്വതരംഗ സിഗ്നലുകള്‍ കണ്ടെത്തിയെന്ന അഭ്യൂഹം പൂര്‍ണമായും ശരിയാണോ എന്ന് വ്യക്തമല്ലെന്ന് ക്രാസ് 'ഗാര്‍ഡിയന്‍' പത്രത്തോട് പറഞ്ഞു. 'അടുത്ത രണ്ടുമാസത്തിനകം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞില്ലെങ്കില്‍, ഇത് തെറ്റായ അഭ്യൂഹമാണെന്ന് ഞാന്‍ തീരുമാനത്തിലെത്തും', അദ്ദേഹം അറിയിച്ചു. 

ഇക്കാര്യത്തില്‍ എന്തെങ്കിലും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ലിഗോ കൂട്ടായ്മയുടെ വക്താവായ ലൂസിയാന സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗബ്രിയേല ഗൊന്‍സാലെസ് തയ്യാറായില്ല. 'ലിഗോ പരീക്ഷണത്തില്‍ ദിവസവും ഡേറ്റ ശേഖരിക്കുന്നുണ്ട്. അത് വിശകലനം ചെയ്യാനും പരീക്ഷണഫലങ്ങള്‍ ലഭ്യമാകാനും കുറച്ച് സമയമെടുക്കും. അതിനാല്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഫലമൊന്നും ഇല്ല', ഗബ്രിയേല അറിയിച്ചു.