ലോകത്തെ ഏറ്റവും പഴക്കം ചെന്ന മാംസാഹാരിയായ ദിനോസറിന്റെ ഭൗതിക ശേഷിപ്പുകള്‍ ദക്ഷിണ ബ്രസീലില്‍ കണ്ടെത്തി. നാത്തൊവൊറാക്‌സ് കബ്രെയ്‌റായ് (Gnathovorax cabreirai) എന്നാണ് ആ മാംസഭോജിയുടെ പേര്. 23 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ ജീവിച്ചിരുന്നത്. അതായത് ഇന്ന് നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേര്‍ന്ന അവസ്ഥയിലുള്ള പാന്‍ജിയ (Pangea) എന്ന ബൃഹദ്ഭൂഖണ്ഡം നിലനിന്ന കാലത്ത്. 

ദിനോസറിന്റെ മൂര്‍ച്ചയുള്ള പല്ലുകളും താടിയെല്ലുകളും അടങ്ങുന്ന ഫോസിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ ഫോസിലുകള്‍ക്ക് കാര്യമായ കേടപാടുകള്‍ സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

കൂര്‍ത്ത പല്ലുകളും നഖവും ഉപയോഗിച്ചായിരിക്കും ഇവ ഇരപിടിച്ചതെന്ന് ബ്രസീലിലെ സാന്റാ മരിയ ഫെഡറല്‍ സര്‍വകലാശാലയിലെ ഡോ. മുള്ളര്‍ പറഞ്ഞു. കണ്ടെത്തിയ അസ്ഥികള്‍ ഉപയോഗിച്ച് ദിനോസറിന്റെ രൂപം പുനര്‍നിര്‍മിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിന് നല്ല കാഴ്ച ശക്തിയുണ്ടായിരുന്നതായും സിടി സ്‌കാന്‍ പരിശോധനകള്‍ വ്യക്തമാക്കുന്നു. 

നാത്തൊവോറാക്‌സിന് ഏകദേശം പത്തടി നീളവും അര ടണ്‍ ഭാരവും ഉണ്ടായിരുന്നു. മറ്റ് മൃഗങ്ങളെ ഭക്ഷിക്കുന്ന ഏറ്റവും ആദ്യത്തെ ദിനോസര്‍ വിഭാഗമാണ് ഇത് എന്നും ഗവേഷകര്‍ കണക്കാക്കുന്നു. നേരത്തെ ഈ റെക്കോര്‍ഡ് ഉണ്ടായിരുന്ന ദിനോസറുകളേക്കാള്‍ മൂന്ന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവയാണ് നാത്തൊവൊറാക്‌സുകള്‍. 

25 കോടി മുതല്‍ 6.3 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ദിനോസറുകള്‍ ജീവിച്ചിരുന്നത്. ജുറാസിക് കാലഘട്ടത്തിന്റെ അവസാനത്തിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിലുമാണ് ടിറന്നോസറസ് (Tyrannosaurus), അല്ലോസറസ് (Allosaurus) പോലുള്ള ഇരപിടിയന്‍ ദിനോസറുകള്‍ ജീവിച്ചിരുന്നത്. 

എന്നാല്‍ ഈ കാലഘട്ടങ്ങള്‍ക്ക് മുമ്പ് ഏകദേശം 23 കോടി വര്‍ഷം മുമ്പുള്ള ട്രയാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ദിനോസറുകളെ സംബന്ധിച്ച കണ്ടെത്തലുകള്‍ വളരെ അപൂര്‍വമാണ് എന്ന് മുള്ളര്‍ പറഞ്ഞു. 

നാത്തൊവൊറാക്‌സിന്റെ ഏകദേശം എല്ലാ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ ദിനോസറുകള്‍ ഏറ്റവും പ്രായമുള്ള ദിനോസറുകളുടെ കൂട്ടത്തിലാണ് നാത്തൊവൊറാക്‌സ് ഉള്‍പ്പെടുന്നത്. മാത്രവുമല്ല 23 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് ജീവികളെ ഭക്ഷിച്ചിരുന്ന ഏറ്റവും വലിയ ദിനോസറാണിത്. ടിറാന്നോസറസ് എന്ന ദിനോസറുകളുടെ മുന്‍ഗാമിയായാണ് ഇപ്പോള്‍ നാത്തോവൊറാക്‌സിനെ പരിഗണിക്കുന്നത്.  

Content Highlights: Gnathovorax cabreirai worlds oldest meat-eating dinosaur