ഒരോ സെക്കന്റിലും അണുബോംബ് പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അത്രയും ചൂടാണ് കഴിഞ്ഞ 150 കൊല്ലമായി ഭൂമിയിലെ സമുദ്രങ്ങള്‍ ആഗോള താപനത്തിന്റെ ഭാഗമായി നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പഠനം. 19ാം നൂറ്റാണ്ടുമുതല്‍ അപകടകരമായ താപനില വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്

ഈ താപനില വര്‍ധനവ് വലിയ അളവില്‍ സമുദ്രനിരപ്പുയരുന്നതിലേക്ക് നയിക്കുകയും കൊടുങ്കാറ്റിനും ചുഴലിക്കാറ്റിനുമിടയാവുകയും ചെയ്യുന്നു. 

1871 മുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ തടഞ്ഞുനിര്‍ത്തുന്ന താപത്തില്‍ 90 ശതമാനവും കടലുകള്‍ ആഗിരണം ചെയ്യുകയാണ്. 

നമ്മള്‍  കാലാവസ്ഥ വ്യവസ്ഥയിലേക്ക് വലിയ അളവില്‍ പുറം തള്ളുന്ന ഊര്‍ജം ഒടുവില്‍ എത്തിച്ചേരുന്നത് സമുദ്രങ്ങളിലാണെന്നും ഒക്‌സഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ പ്രൊഫസര്‍. ലോറെ സന്ന പറഞ്ഞു.

കഴിഞ്ഞ 150 വര്‍ഷക്കാലത്തിനുള്ളില്‍ ഭൂമിയിലെ സമുദ്രങ്ങളുടെ താപനില എത്രത്തോളം വര്‍ധിച്ചുവെന്ന് ഗവേഷകര്‍ കണക്കാക്കി. ഇതിനായി 1871 മുതലുള്ള സമുദ്രനിരപ്പിലെ താപനില നിരക്കും സമുദ്രനിരപ്പിലെ താപനിലമാറ്റവുമായി ബന്ധപ്പെട്ട പുതിയ കണക്കുകളും സംയോജിപ്പിച്ചു. 

ഇതുവഴി ഒരു വര്‍ഷം ഭൂമിയിലെ മുഴുവന്‍ ജനങ്ങളും ഉപയോഗിക്കുന്ന താപനിലയുടെ 1000 ഇരട്ടി ഈ കാലയളവില്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്തുവെന്ന് ഗവേഷകര്‍ കണ്ടെത്തി. അതായത്  ഒരോ സെക്കന്റിലും അണുബോംബ് സ്‌ഫോടനം നടന്നാല്‍ ഉള്ള അത്രയും താപം. 

അടുത്തിടെ ഭൂമിയിലെ സമുദ്ര നിരപ്പ് ഉയരുന്നതിന് കാരണമായതും സമുദ്രങ്ങള്‍ ഇങ്ങനെ ചൂടായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണെന്ന് ഗവേഷകര്‍ പറഞ്ഞു. തീരദേശത്തെ കോടിക്കണക്കിന് വരുന്ന ജനതയ്ക്ക് ഇത് ഭീഷണിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

Source: The Sun

Content Highlights: global warming heats oceans by the equivalent of an atomic bomb blast per second