2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പാരിസില്‍ നടന്ന ചരിത്രപ്രധാനമായ സമ്മേളനവും അതിലെ തീരുമാനങ്ങളും അവ നമ്മെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തവും എന്തെല്ലാമാണെന്ന്, വാര്‍ത്തകളറിയാനായി മാത്രം മലയാളമാധ്യമങ്ങളെ ആശ്രയിക്കുന്നവര്‍ ഒരുപക്ഷെ മനസിലാക്കിയിട്ടുണ്ടാകില്ല. കാരണം കാലാവസ്ഥാ വ്യതിയാനത്തിനോ അതിനെ സംബന്ധിച്ചുണ്ടായ മേല്‍പ്പറഞ്ഞ സമ്മേളനത്തിനോ മലയാളമാധ്യമങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല. 

എന്നാല്‍, എല്ലാ രാജ്യങ്ങളിലെയും മാധ്യമങ്ങളുടെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഉദാഹരണത്തിന്, 'ഗാര്‍ഡിയന്‍' എന്ന ബ്രിട്ടീഷ് പത്രത്തിന്റെ പത്രാധിപരായിരുന്ന അലന്‍ റസ്ബ്രിജര്‍ വിരമിക്കുന്ന സമയത്ത് ചിന്തിച്ചത് ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്താണ്, ഒരു പത്രാധിപര്‍ എന്ന നിലയ്ക്ക് തനിക്ക് അതില്‍ എന്തുചെയ്യാനായി എന്നതായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ആ പ്രശ്‌നമെന്നും എല്ലാ ദിവസവും പത്രത്തിന്റെ ആദ്യപേജില്‍ പ്രമുഖമായ സ്ഥാനം ലഭിക്കേണ്ടത്ര വാര്‍ത്താപ്രാധാന്യം അതിനുണ്ടെന്നും അദ്ദേഹത്തിനു ബോധ്യമായി. 

അതേത്തുടര്‍ന്ന് അടുത്തദിവസം തന്റെ സഹപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായി തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാനാവും എന്ന് അദ്ദേഹം ചര്‍ച്ചചെയ്തു. അതിന്റെ ഫലമായാണ് 'അത് മണ്ണില്‍ത്തന്നെ വച്ചേക്കൂ' (Keep it in the ground) എന്നൊരു പരിപാടി അവര്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കിയത്. 

പെട്രോളിയം കുഴിച്ചെടുക്കുന്ന കമ്പനികളില്‍ മുതല്‍മുടക്കിയിട്ടുള്ള വലിയ പ്രസ്ഥാനങ്ങളായ ഗേറ്റ്‌സ് ഫൌണ്ടേഷനോടും (Bill & Melinda Gates Foundation) വെല്‍ക്കം ട്രസ്റ്റിനോടും (Wellcome Trust) അതുപോലുള്ള മറ്റുള്ളവരോടും നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. പെട്രോളിയം ഖനനം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. ഇതവര്‍ മറ്റുചില പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നടപ്പിലാക്കുകയും കുറേയൊക്കെ വിജയം കണ്ടെത്തുകയും ചെയ്തു.

 ഈ പരിപാടിയെക്കുറിച്ച് പതിവായി അവര്‍ വാര്‍ത്ത കൊടുത്തു. അതുകൊണ്ടുതന്നെ 'ഗാര്‍ഡിയന്‍' പത്രം വായിക്കുന്നവരെല്ലാം ഏതാണ്ട് എല്ലാ ദിവസവും കാലാവസ്ഥാ വ്യതിയാനത്തിന്റെയും, അത് നേരിടാനായി പലരും നടത്തുന്ന പ്രയത്‌നങ്ങളുടെയും വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു. 

Global Warming
അന്തരീക്ഷത്തിലെ ചില ഹരിതഗൃഹവാതകങ്ങളുടെ അളവു് കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ എങ്ങനെ വര്‍ദ്ധിച്ചു. കടപ്പാട്: IPCC 2007 Report
 

 

അമേരിക്കയിലെ 350.org എന്ന വെബ് പ്രസിദ്ധീകരണവും കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചു് ജനങ്ങളെ ബോധവത്ക്കരിക്കാനും വിവിധ സര്‍ക്കാരുകളെക്കൊണ്ട് അതിനെതിരെ നടപടികള്‍ എടുപ്പിക്കാനും തുടര്‍ച്ചയായി ശ്രമിക്കുന്നു. അതേസമയം, നമ്മുടെ മാധ്യമങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട നമ്മുടെ അധികാരികളും ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.

ഈ അവഗണന നമ്മുടെ മാധ്യമങ്ങളും അധികാരികളും തുടരുന്നത് ഒരുവശം. മറുവശത്ത് സാധാരണക്കാരായ നമ്മള്‍ ചൂട് സഹിക്കാന്‍ കഴിയാതെ ഉഴലുകയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുംമൂലം വരുംവര്‍ഷങ്ങളില്‍ ഉഷ്ണം ഇനിയും വര്‍ധിക്കും. അന്തരീക്ഷ താപനില അസഹനീയമാകുമ്പോള്‍, അതിന്റെ ഫലമായി മറ്റുപലതും സംഭവിക്കുമന്ന് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പു തന്നിട്ടുണ്ട്. 

എന്നിട്ടും അതേക്കുറിച്ച് മനസ്സിലാക്കാനോ എന്തെല്ലാം ചെയ്യാമെന്ന് ചിന്തിക്കാനോ ശ്രമിക്കാതെ നമ്മള്‍ പഴയ രീതിയില്‍ത്തന്നെ ഉറക്കം ഭാവിച്ചുള്ള ജീവിതം തുടരുന്നു. ഈ അസഹനീയമായ ചൂടെങ്കിലും നമ്മെ ഉണര്‍ത്തിയിരുന്നെങ്കില്‍!

എന്തെല്ലാമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്? രണ്ടുവിധത്തിലാണ് കാലാവസ്ഥാവ്യതിയാനം പ്രശ്‌നമുണ്ടാക്കുന്നത്. ഒന്ന്, നിലവിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും; രണ്ട് പുതിയ പ്രശ്‌നങ്ങളുണ്ടാകും.

നിലവിലുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ജലാശയങ്ങളും വൃക്ഷങ്ങളും കുറഞ്ഞത് വേനല്‍ക്കാലത്തെ ചൂട് കൂടാന്‍ കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതോടെ ലഭ്യമായ മഴ കുറയും, അതിവൃഷ്ടിയും അനാവൃഷ്ടിയുമുണ്ടാകന്‍ സാധ്യത വര്‍ധിക്കും. ഈ പ്രശ്‌നം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ( IPCC ) പ്രവചിച്ചിട്ടുള്ളതാണ് ഇക്കാര്യം.

ചൂടുകൂടുമ്പോള്‍ അത് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും താങ്ങാവുന്നതിനപ്പുറമാകാന്‍ സാധ്യതയുണ്ട്. 1956 നും 2005 നുമിടയ്ക്ക് ആഗോളതലത്തില്‍ താപനില ഓരോ പത്തുവര്‍ഷവും ഏതാണ്ടു് 0.13 ഡിഗ്രി വീതം വര്‍ധിക്കുന്നതായാണു് ഐപിസിസി അവരുടെ നാലാം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. 

ഇത് വളരെ ചെറുതായി തോന്നാം. പക്ഷെ, ഒരു മനുഷ്യായുസ്സുകൊണ്ട് അന്തരീക്ഷം എത്ര ചൂടാകും എന്ന് ആലോചിച്ചു നോക്കൂ! കൂടാതെ ആഗോളതാപനത്തിന്റെ നിരക്ക് വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1906 മുതല്‍ 2005 വരെയുള്ള നൂറുവര്‍ഷത്തില്‍ താപനില കൂടിയതിന്റെ ഇരട്ടി വേഗത്തിലാണ് 1956 മുതല്‍ 2005 വരെയുള്ള അമ്പതു വര്‍ഷക്കാലത്ത് വര്‍ധിച്ചത്. 

1995-2006 കാലഘട്ടത്തിലെ പതിനൊന്നു വര്‍ഷവും താപനില പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു. അതായത്, ഉപകരണങ്ങളുപയോഗിച്ച് താപനില അളക്കാന്‍ തുടങ്ങിയശേഷം ഇത്രയും ചൂട് ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന താപനിലയാണ് ഉണ്ടാകുന്നത്. 

മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ശീതീകരണമുപയോഗിച്ചോ, മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയോ ഒക്കെ ചൂടില്‍നിന്നു രക്ഷപ്പെട്ടുവെന്ന് വരാം. എന്നാല്‍ അത് എല്ലാവര്‍ക്കും സാധ്യമാകില്ലല്ലോ. മൃഗങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി അതിലും കഷ്ടമാണ്. അവയ്ക്കും ജീവിതം അസഹ്യമായി തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവുകളുണ്ട്. ചിലയിനം മത്സ്യങ്ങള്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ പര്‍വ്വതപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികള്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്ക് കുടിയേറിയിരിക്കുന്നു.

ചൂട് കൂടുന്നത് മാത്രമല്ല, അതിവൃഷ്ടിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലമാണ്. അതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് നോക്കാം. ശക്തമായി മഴ പെയ്താല്‍ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇപ്പോള്‍ത്തന്നെ പ്രളയത്തിലകപ്പെടുന്നു. തിരുവനന്തപുരത്ത് പതിവായും ചെന്നൈയില്‍ കഴിഞ്ഞവര്‍ഷവും (2015) മുംബൈയില്‍ 2005 ലും ഇത് കണ്ടതാണ്. 

നഗര പ്രളയങ്ങള്‍ക്കുള്ള പ്രധാനകാരണം ജലാശയങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിയുന്നതും, ജലമൊഴുകിപ്പോകാനുള്ള മാര്‍ഗ്ഗങ്ങള്‍ മാലിന്യം കൂട്ടിയിട്ടും പുതിയ കെട്ടിടങ്ങള്‍ പണിതും തടസ്സപ്പെടുത്തുകയും ചെയ്തതാണ്. കേരളത്തിലെ പല നഗരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കും. എന്തെന്നാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം അതിവൃഷ്ടി പതിവാകും, പ്രളയവും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ ഭൂമിയില്‍ പലയിടങ്ങളിലുമുള്ള മഞ്ഞുരുകി കടലില്‍ ചേരും. ഇത് കടല്‍നിരപ്പുയരാന്‍ കാരണമാക്കും. അന്തരീക്ഷ താപനില ഉയരുമ്പോഴും സമുദ്രജലത്തിന്റെ താപനില ഉയരും. ചൂടു കൂടുമ്പോള്‍ എല്ലാ വസ്തുക്കളെയും പോലെ ജലത്തിന്റെയും വ്യാപ്തം വര്‍ധിക്കും. അതും കടല്‍നിരപ്പുയരാന്‍ കാരണമാകും. ഐപിസിസിയുടെ പ്രവചനമനുസരിച്ച് വ്യാവസായിക വിപ്ലവത്തിനു മുമ്പത്തെ താപനിലയെക്കാള്‍ രണ്ടു സെല്‍ഷ്യസ് ഉയര്‍ന്നാല്‍ സമുദ്രനിരപ്പ് പത്തുമീറ്റര്‍ ഉയരേണ്ടതാണ്. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും സമുദ്രതീരത്തെ നഗരങ്ങളില്‍ പലതിനും സമുദ്രനിരപ്പില്‍നിന്ന് പത്തുമീറ്റര്‍ ഉയരമില്ല. 

കൂടാതെ ശക്തമായ മഴ കൂടുതലായി ഉണ്ടാകുമെങ്കിലും ലഭിക്കുന്ന മൊത്തം മഴ കുറയുമെന്നുമാണു് ഐപിസിസി പറഞ്ഞിട്ടുള്ളതു്. ശക്തമായ മഴയുണ്ടായാല്‍ ആ ജലം എവിടെപ്പോകും? മഴ പെയ്യുമ്പോള്‍ പ്രളയം, പെയ്തില്ലെങ്കില്‍ വരള്‍ച്ച എന്ന അവസ്ഥയാണ് കേരളത്തില്‍ ഇപ്പോള്‍ത്തന്നെ.

കേരളത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. അതിന് ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പുയരുമ്പോള്‍ കടലാക്രമണം കൂടുതല്‍ ശക്തമാകും. അതിനെ നിയന്ത്രിക്കുക അസാധ്യമാകും. 

Paris Summit
പുതുക്കാവുന്ന ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കാവൂ എന്ന് പാരിസ് സമ്മേളനത്തില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.  കടപ്പാട്: https://upload.wikimedia.org
 

 

നമ്മുടെ സംസ്ഥാനത്തിന്റെ തീരദേശത്താണ് ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത. സമുദ്രനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ ഉയരം മാത്രമാണ് കേരളത്തിലെ പല തീരദേശങ്ങള്‍ക്കുമുള്ളത്. സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് എത്ര മീറ്റര്‍ ഉള്ളിലേക്ക് സമുദ്രം കടന്നുകയറും എന്നുപോലും നാം നിര്‍ണ്ണയിച്ചിട്ടില്ല. കേരളത്തിലെ പല തീരപ്രദേശങ്ങളിലും കടല്‍ ഉള്ളിലേക്ക് കയറുകയും മുമ്പ് ബീച്ചായിരുന്ന ഭാഗം കടലായിത്തീരുകയും ചെയ്തതായി പരാതിയുണ്ട്. കേരളത്തിലെ ഏറ്റവും പ്രശസ്ത ബീച്ചായ കോവളം തന്നെയാണ് ഒരു ഉദാഹരണം. തീരനഗരങ്ങളായ ആലപ്പുഴയും കോഴിക്കോടും കൊല്ലവുമെല്ലാം ഭീഷണി നേരിടുകയാണ്. അടുത്ത ഒന്നോ രണ്ടോ ദശാബ്ദം കഴിയുമ്പോള്‍ ഈ നഗരങ്ങളില്‍ ജനവാസം സാധ്യമാകുമോ എന്ന് നമുക്കറിയില്ല.

ഇനി പുതുതായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നോക്കാം. അന്തരീക്ഷതാപനില ഉയരുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉഷ്ണമേഖലയില്‍ ചെടികളുടെ ഉല്പാദനക്ഷമത കുറയും എന്നത്. ഉഷ്ണമേഖലാപ്രദേശത്ത് ഉല്പാദനം കുറയുമ്പോള്‍ അതിന് വടക്കും തെക്കുമുള്ള മിതശീതോഷ്ണമേഖലയില്‍ ഉല്പാദനക്ഷമത ഉയരും. അതുകൊണ്ടു് ഭക്ഷ്യോല്പാദനം മൊത്തത്തില്‍ ഒരുപക്ഷെ വലിയ വ്യത്യാസമില്ലാതെ തുടരും. എന്നാല്‍ ഇപ്പോള്‍ത്തന്നെ തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും മറ്റും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന നാം അതിനും വടക്കുള്ള പഞ്ചാബില്‍നിന്നോ (അതോ സൈബീരിയയില്‍നിന്നോ?) ഒക്കെ വാങ്ങേണ്ടി വരും. 

ചൂടിനെ ചെറുക്കാനാകുന്ന നെല്ലിനങ്ങള്‍ നാം നേരത്തേ വികസിപ്പിക്കേണ്ടിയിരുന്നു. അതും പോര. കാരണം നെല്ലിനെ മാത്രമല്ലല്ലോ ചൂടു ബാധിക്കുക! നമ്മുടെ സാമ്പത്തികഭദ്രതയ്ക്ക് സുപ്രധാനമായ റബ്ബര്‍, തേയില, കുരുമുളക്, തുടങ്ങിയ വിളകളുടെ കാര്യത്തില്‍ പ്രതിവിധികളൊന്നും ഇപ്പോള്‍ മുന്നിലില്ല. കാര്‍ഷികസര്‍വ്വകലാശാലയോ മറ്റേതെങ്കിലും സ്ഥാപനമോ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കും എന്നു പ്രതീക്ഷിക്കാം. അതിനിനിയും സമയമുണ്ടോ എന്നതാണ് പ്രശ്‌നം.

അതുപോലെ രോഗങ്ങളുടെ കാര്യത്തിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാകും. രോഗങ്ങളുടെ ഇന്നത്തെ വിതരണത്തിന് അനുയോജ്യമായാണ് നമ്മുടെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അന്തരീക്ഷം കുടുതല്‍ ചൂടാകുമ്പോള്‍ ചെടികളുടെയും ജന്തുക്കളുടെയും അതോടൊപ്പം സൂക്ഷ്മജീവികളുടെയും വിതരണത്തില്‍ മാറ്റം പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ രോഗങ്ങളുടെ വിതരണത്തിനും കാലാവസ്ഥാ വ്യതിയാനം മാറ്റം വരുത്തും എന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. അതെങ്ങനെ മാറുമെന്നും, മാറിയാല്‍ അതിനനുസൃതമായി നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ എങ്ങനെ മാറുമെന്നും ഇതുവരെ പരിശോധിച്ചിട്ടില്ല. 

ഇങ്ങനെ എല്ലാ രംഗങ്ങളിലും വലിയ വെല്ലുവിളികള്‍ നേരിടുമ്പോഴും നാമെല്ലാം നാടിനും മനുഷ്യനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മഴയുടെയും വരള്‍ച്ചയുടെയും കാഠിന്യം കൂടിയാല്‍ എന്താവും സ്ഥിതി എന്നു നാം ഇനിയും പരിശോധിച്ചിട്ടുപോലുമില്ല!

Global Warming
 കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളില്‍ വായുവിന്റെ താപനില എങ്ങനെ വര്‍ദ്ധിച്ചു. പല രീതികളുപയോഗിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ചിത്രം കടപ്പാട്: https://commons.wikimedia.org/

 

നാം ചെയ്യേണ്ടിയിരുന്നത്, അല്ലെങ്കില്‍ ഇനിയെങ്കിലും ചെയ്യേണ്ടത് എന്തെല്ലാമാണ്? ഇവയെ ക്രമമനുസരിച്ചു് നിരത്താനാവില്ല. പണ്ടേ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് പലതും എന്നതിനാല്‍ അധികം സമയമില്ല ഇനി നമുക്ക്. അതുകൊണ്ട് ഇവയെല്ലാം ഒരുമിച്ചുതന്നെ ചെയ്യേണ്ടവയാണ് എന്നാണ് ഈ ലേഖകന്റെ അഭിപ്രായത്തില്‍. 

1. സമുദ്രനിരപ്പ് ഒന്ന്, രണ്ട്, മൂന്ന്.... അഞ്ച്, ... മീറ്റര്‍, ഇങ്ങനെ ഉയരുമ്പോള്‍ കടല്‍ എത്ര ദൂരം കരയിലേക്കു കയറുമെന്നു കണ്ടെത്തി അവിടെ താമസിക്കുന്നവര്‍ക്ക് വേണ്ടിവന്നാല്‍ മാറിത്താമസിക്കാനുള്ള സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുക, സൗകര്യങ്ങള്‍ ആസൂത്രണംചെയ്യുക. സമുദ്രനിരപ്പ് എത്രത്തോളം ഉയരും എന്ന് നമുക്കിപ്പോള്‍ അറിയാന്‍ വയ്യ. ആഗോളതലത്തില്‍ ഭൗമതാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഫലപ്രദമായി നടപ്പിലാക്കാനായാല്‍ ഒരുപക്ഷെ സമുദ്രനിരപ്പുയരുന്നത് മൂന്നോ നാലോ മീറ്ററില്‍ പരിമിതപ്പെടുത്താനായി എന്നുവരാം. അതിനുള്ള സാധ്യത തീരെ കുറവാണെന്നാണ്.

2. ഇന്നത്തേതിനെക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി താപനില ഉയര്‍ന്നാലും വലിയ കുറവില്ലാതെ ഫലംനല്‍കുന്ന നെല്ല്, കുരുമുളക്, തേയില, റബര്‍, കൈതച്ചക്ക, തുടങ്ങിയവയുടെ പുതിയ ഇനങ്ങള്‍ വികസിപ്പിക്കുക. ഇവയേപ്പറ്റി കര്‍ഷകരെ നേരത്തേകൂട്ടി അറിയിക്കുകയും അവ വളര്‍ത്താനുള്ള പരിശീലനം നല്‍കുകയും ചെയ്യുക.

3. കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാനുള്ള നിയമങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ഉത്സാഹത്തോടെ നടപ്പിലാക്കുക. അതോടൊപ്പം കഴിയുന്നത്ര ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക. മരങ്ങള്‍ മുറിച്ചു മാറ്റാതിരിക്കാന്‍ കഴിവതും ശ്രമിക്കുക. അഥവാ മുറിക്കേണ്ട അത്യാവശ്യമുണ്ടെങ്കില്‍ പകരം ഇരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുക.

4. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക. ഭിഷഗ്വരന്മാരും ശാസ്ത്രജ്ഞരുമായി ചര്‍ച്ചചെയ്ത് രോഗങ്ങളുടെ വിതരണത്തില്‍ മാറ്റംവന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നേരത്തേകൂട്ടി കണ്ടെത്തി രേഖപ്പെടുത്തി ആവശ്യമായവര്‍ക്ക് പരിശീലനവും നല്‍കി തയാറെടുക്കുക.

5. പ്രകൃതിവിഭവങ്ങളുടെ ചൂഷണം നിയന്ത്രിക്കുന്നതിന് പ്രോത്സാഹനം നല്‍കി പുതുക്കാനാവുന്നവയെ കൂടുതല്‍ ആശ്രയിക്കുകയും ആവാത്തവയുടെ ഉപഭോഗം ക്രമേണ കുറച്ചുകൊണ്ടുവരികയും ചെയ്യുക. പെട്രോളിയം ഉപയോഗിക്കുന്നതിനു പകരം പുതുക്കാവുന്ന സ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കുക. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ പുതുക്കാവുന്ന വിഭവങ്ങളും ഊര്‍ജ്ജം ലാഭിക്കുന്ന വിഭവങ്ങളും ഊര്‍ജ്ജം ലാഭിക്കുന്ന രൂപകല്പനകളും പ്രോത്സാഹിപ്പിക്കുകയും അമിതമായി ഊര്‍ജ്ജമുപയോഗിക്കേണ്ട ഡിസൈനുകള്‍ക്ക് കൂടിയതോതില്‍ നികുതി ചുമത്തി നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. വലിയ കെട്ടിടങ്ങളുടെ രൂപകല്പനയില്‍ത്തന്നെ സ്വാഭാവികമായ പ്രകാശവും കാറ്റും പരമാവധി ഉപയോഗിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ രൂപപ്പെടുത്താനായി വാസ്തുശില്പികളുടെ സഹകരണത്തോടെ മാര്‍ഗരേഖകള്‍ രൂപപ്പെടുത്തുക.

6. എല്ലാത്തിലുമുപരി പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെയും അതിനെ നേരിടാനുള്ള മാര്‍ഗങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവു പകരുക. ഇതിന് എല്ലാ മാധ്യമങ്ങളുടെയും സഹായസഹകരണം നിര്‍ബന്ധമായി നേടിയെടുക്കേണ്ടി വരാം. ഇത്തരത്തിലുള്ള ബോധവല്‍ക്കരണം അസാധ്യമല്ലെന്നും ഫലപ്രദമായി ചെയ്യാനാവുമെന്നും കുടുംബാസൂത്രണരംഗത്തെ നമ്മുടെ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നു.

ഇത്രയുമെങ്കിലും ചെയ്തില്ലെങ്കില്‍ ഒന്നോ രണ്ടോ ദശാബ്ദങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ജീവിതം അസാധ്യമായിത്തീരും. അങ്ങനെയാവാതിരിക്കാന്‍ നമുക്കെല്ലാം ശ്രമിക്കാം.

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)