ആഗോള ആവാസ വ്യവസ്ഥ ശാസ്ത്രജ്ഞര്‍ ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ വലിയ അപകടത്തിലാണെന്ന് പുതിയ പഠനം. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമുദ്രത്തിലെ മുഴുവന്‍ ആവാസ വ്യവസ്ഥയും ഈ ദശകത്തോടെ തകരുമൊണ് ഈ ഗവേഷണ പഠനം പ്രവചിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ ജീവജാലങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ താപനില അഭിമുഖീകരിക്കുകയാണ്. അക്കാരണം കൊണ്ടു തന്നെ വന്‍തോതിലുള്ള ചത്തൊടുങ്ങല്‍ ഉണ്ടാവുമെന്ന് പഠനം പ്രവചിക്കുന്നു.
'നേച്ചര്‍' മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഭീകരാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പുള്ളത്. കരയിലും കടലിലുമായി ജീവിക്കുന്ന മുപ്പതിനായിരം ജീവികള്‍ക്ക് താങ്ങാനാവുന്ന അന്തരീക്ഷ താപനിലയെ കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 2100 ൽ ഉണ്ടായേക്കാവുന്ന താപനിലയുമായി താരതമ്യം ചെയ്തായിരുന്നു പഠനം.
ഓരോ ജീവികൾക്കും താങ്ങാനാവുന്ന താപനില പരിധി കഴിഞ്ഞാല്‍ അവ അപ്രത്യക്ഷമായേക്കാം. അങ്ങനെ ഒരേ സമയം തന്നെ നിരവധി ജീവജാലങ്ങള്‍ ഇല്ലാതായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് പല സ്ഥലങ്ങളില്‍ പലപ്പോഴായാണ് സംഭവിക്കുകയെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അലെക്‌സ് പൈഗോട്ട് ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തടയാന്‍ ലോകനേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2040 കളില്‍ വലിയ രീതിയിലുള്ള വംശനാശം തന്നെ സംഭവിക്കും. ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായാല്‍ പതിനായിരക്കണക്കിന് ജീവികളെ രക്ഷിക്കാനാവും.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവാനിരിക്കുന്ന കൂട്ട വംശനാശത്തെ തടയാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് കേപ്ടൗണ്‍ സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ ട്രിസോസ് പറഞ്ഞു.
ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായാല്‍ ഈ ദശാബ്ദത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനാവും.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന ഭീഷണി പൂര്‍ണമായും ഒഴിവാക്കാനാവില്ലെങ്കിലും വലിയൊരു വിഭാഗം ജീവികളെ കൂട്ട വംശനാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ അതുകൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Credits: futurism, The Guardian
Content Highlights: global ecosystem will collapse in this decade new study predicts