ലണ്ടന്‍: സ്‌പെയ്‌നിന്റെ തെക്കന്‍ തീരത്തോടു ചേര്‍ന്നാണ് ജിബ്രാള്‍ട്ടര്‍ ഉപദ്വീപുള്ളത്. ഇവിടുത്തെ ഗോര്‍ഹാം ഗുഹാസമുച്ചയത്തില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായ നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ 40,000 കൊല്ലങ്ങള്‍ക്കുമുമ്പേ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഒരു മുറി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. 

വാന്‍ഗ്വാര്‍ഡ് ഗുഹയിലാണ് മുറികണ്ടെത്തിയത്. 2012 ല്‍ മണ്ണില്‍ കണ്ടെത്തിയ വിടവില്‍ പരിശോധന ആരംഭിച്ചതാണ് ഈ പ്രാചീന വാസസ്ഥലം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. മണ്ണില്‍ മൂടിയ നിലയിലായിരുന്നു ഗുഹ. ഭൂമികുലുക്കത്തിന്റെ ഫലമായിരിക്കാം ഈ അറയുടെ മേല്‍ക്കൂരയില്‍ 13 മീറ്റര്‍ വലിപ്പമുള്ളൊരു വിടവ് സൃഷ്ടിക്കപ്പെട്ടിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 20 മീറ്റര്‍ ഉയരത്തിലാണ് ഗുഹകള്‍ ഇപ്പോഴുള്ളത്

ജിബ്രാള്‍ട്ടറിലെ കടലിലേക്ക് തള്ളിനില്‍ക്കുന്ന പ്രശസ്തമായ റോക്ക് ഓഫ് ജിബ്രാള്‍ട്ടര്‍ എന്ന കൂറ്റന്‍ ചുണ്ണാമ്പുപാറക്കെട്ടിലാണ് ഗുഹാശൃംഖലയുള്ളത്. ഏകശിലയാണിത്. മുറിയില്‍നിന്ന് അവരുടെ ഭക്ഷണരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടുതല്‍ തെളിവുകള്‍ തേടുകയാണ് ജിബ്രാള്‍ട്ടര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ പ്രൊഫസര്‍ ക്ലൈവ് ഫിന്‍ലേയ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘം. 

ആയിരം നൂറ്റാണ്ടോളം മെഡിറ്ററേനിയന്‍ നിയാണ്ടര്‍ത്താലുകള്‍ ഈ മേഖലയില്‍ കഴിഞ്ഞെന്നാണ് കരുതുന്നത്. തീരത്തോടുചേര്‍ന്നായിരുന്നു ഇവരുടെ വാസം. കാട്ടുപൂച്ചയുടെ കാലിലെ എല്ല്, പുള്ളിക്കഴുതപ്പുലിയുടെ കശേരുക്കള്‍, ഗ്രിഫണ്‍ കഴുകന്റെ ചിറകിലെ എല്ല്, ചുമരുകളില്‍ ആറോ ഏഴോ നഖപ്പാടുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. 

മറ്റുഗുഹകളില്‍ നിയാണ്ടര്‍ത്താലുകള്‍ അധിവസിച്ചതിനു തെളിവായി അടുപ്പുകളും ശിലായുധങ്ങള്‍ , മാന്‍, മലയാട്, സീല്‍, ഡോള്‍ഫിന്‍ തുടങ്ങി കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറികളുണ്ടോയെന്ന് പരിശോധിക്കുകയാണ്.

മനുഷ്യന്റെ സ്വഭാവവുമായി നിയാണ്ടര്‍ത്താലുകള്‍ക്ക് എത്രത്തോളം സാദൃശ്യങ്ങളുണ്ടായിരുന്നെന്നും അവരുടെ സ്വഭാവവുമടക്കം അറിയാനാവുമെന്നാണ് പ്രതീക്ഷ.