ജീവരൂപങ്ങള്‍ക്ക് പരിണാമം വഴി പലതരത്തില്‍ മാറ്റങ്ങളുണ്ടാകാം. അതിന്റെ തോതും ഗതിവേഗവും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. പരിണാമപ്രക്രിയയുടെ ഈ പരിചിതരീതികള്‍ മാറ്റിമറിക്കുകയാണ് പ്രേതവിരകള്‍! 

ഭൂമിയുടെ പ്രായം ഏതാണ്ട് 450 കോടി വര്‍ഷം എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇക്കാലത്തിനിടെ, ജിജ്ഞാസാഭരിതമായ ഒട്ടേറെ സംഭവങ്ങളിലൂടെ നമ്മുടെ മാതൃഗ്രഹം കടന്നുപോയി. ഫലകചലന പ്രക്രിയ വഴി ഭൂമിയില്‍ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും മാറിമറിഞ്ഞു. അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ സാന്ദ്രത വ്യത്യാസപ്പെട്ടു. കാലാവസ്ഥയില്‍ തുടര്‍ച്ചയായ മാറ്റങ്ങളുണ്ടായി. ജീവന്റെ ഉത്ഭവവും പരിണാമവും സംഭവിച്ചു. 

ഈ ദീര്‍ഘചരിത്രത്തില്‍, ദിനോസറുകള്‍ ആധിപത്യം സ്ഥാപിച്ച സമയമാണ് 'ജുറാസിക് കാലഘട്ടം', ഏതാണ്ട് 20 കോടി വര്‍ഷം മുമ്പു മുതല്‍ 14.5 കോടി വര്‍ഷം മുമ്പു വരെ നീണ്ട കാലം. അവയുടെ ആധിപത്യം ക്ഷയിച്ചെങ്കിലും, 6.5 കോടി വര്‍ഷം മുമ്പുവരെ ദിനോസറുകള്‍ ഇവിടെ ഉണ്ടായിരുന്നു. അതിനു ശേഷമാണ് സസ്തനികള്‍ കളംപിടിച്ചത്. 

ഇതെഴുതുന്ന ലേഖകനും വായിക്കുന്ന നിങ്ങളുമെല്ലാം, സസ്തനിവര്‍ഗ്ഗങ്ങളില്‍ പെടുന്നു. ഭൗമചരിത്രവുമായി താരതമ്യം ചെയ്താല്‍, സസ്തനികള്‍ ഏറെക്കാലമൊന്നും ആയിട്ടില്ല ഇവിടെ വ്യാപകമായിട്ട്. എങ്കിലും, പരിണാമത്തിന്റെ വേദിയില്‍ എന്തെല്ലാം രൂപങ്ങളിലും പ്രത്യേകതകളിലും ഏതാനും കോടി വര്‍ഷംകൊണ്ട് സസ്തനികള്‍ പ്രത്യക്ഷപ്പെട്ടു എന്നാലോചിച്ചു നോക്കുക. അത്ഭുതകരമായ പലതും നമുക്ക് കാണാം. 

ഈ പശ്ചാത്തലത്തില്‍ കൗതുകകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഓസ്ലോ സര്‍വകലാശാലയിലെ ഗവേഷകര്‍. ദിനോസറുകള്‍ നാമാവശേഷമാവുകയും സസ്തനികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതൊന്നും കൂസാതെ, കോടിക്കണക്കിന് വര്‍ഷങ്ങളായി കാഴ്ചയില്‍ ഒരു മാറ്റവും വരാതെ ഒരുകൂട്ടം വിരകള്‍ ഇവിടെ കഴിയുന്നു എന്നാണ് കണ്ടെത്തല്‍. ദിനോസറുകളുടെ കാലത്ത് എങ്ങനെ കാണപ്പെട്ടോ, അതേ രൂപഘടനയില്‍ തന്നെ ഇന്നും നിലനില്‍ക്കുന്ന അവയ്ക്ക് 'പ്രേതവിരകള്‍' (Ghost worms) എന്നാണ് വിളിപ്പേര് നല്‍കിയത്!

ഓസ്ലോ സര്‍വകലാശാലയ്ക്ക് കീഴിലുള്ള 'നാഷണല്‍ ഹിസ്റ്ററി മ്യൂസിയ'ത്തിലെ ഗവേഷകര്‍, മണല്‍ നിറഞ്ഞ ബീച്ചുകളിലാണ് 'പ്രേതവിരകളെ' നിരീക്ഷിച്ചത്. ലോകമെമ്പാടും മണല്‍നിറഞ്ഞ ബീച്ചുകളില്‍ ഈ ജീവികള്‍ കഴിയുന്നു. 'സ്റ്റൈഗോകാപ്പിറ്റെല്ല' (Stygocapitella) ജീനസില്‍പെട്ട വിരകളാണിവ. 

Ghost worms
വടക്കന്‍ നോര്‍വ്വെയിലെ ട്രോംസ ബീച്ചില്‍ വിരകള്‍ക്കായുള്ള തിരച്ചില്‍. Pic Credit: José Cerca.

ജീവരൂപങ്ങള്‍ക്ക് പരിണാമം വഴി പലതരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. വലുപ്പം മാറാം, ആകൃതി വ്യത്യാസപ്പെടാം, ശരീരഘടന പുതിയരൂപത്തിലാകാം. ഇത്തരം മാറ്റങ്ങളുടെ ഗതിവേഗവും തോതുമൊക്കെ ഏറിയോ കുറഞ്ഞോ ആകാം. രൂപഘടനയില്‍ പെട്ടന്നുള്ള മാറ്റമാകാം, ക്രമാനുഗതമായ മാറ്റമാകാം. പരിണാമത്തിന് അങ്ങനെ പ്രത്യേക തോതൊന്നും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. പരിണാമപ്രക്രിയയുടെ ഈ പരിചിതരീതിയെ മാറ്റിമറിക്കുകയാണ് 'സ്റ്റൈഗോകാപ്പിറ്റെല്ല' വിരകള്‍! 

ഈ ജീനസില്‍പെട്ട വിരകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് 27.5 കോടി വര്‍ഷം മുമ്പാണ്. ഇത്രയും കാലത്തിനിടെ, അവ പത്തു വ്യത്യസ്തയിനങ്ങള്‍ (സ്പീഷീസുകള്‍) ആയി പരിണമിച്ചു. പത്തു സ്പീഷീസുകളായി മാറി എന്നതില്‍ കുഴപ്പമില്ല. പ്രശ്‌നം, കാഴ്ചയില്‍ ഇവ വെറും നാലു വിഭാഗങ്ങളേ (morphotypes) ഉള്ളൂ എന്നതാണ്! 

വ്യത്യസ്ത സ്പീഷീസുകളായാലും, കാഴ്ചയില്‍ ഒരുപോലിരിക്കുന്ന ജീവിയിനങ്ങള്‍ (cryptic species complexes) ജീവശാസ്ത്രത്തെ സംബന്ധിച്ച് പുതുമയല്ല. സസ്തനികള്‍, ഒച്ചുകള്‍, ഞണ്ടുപോലുള്ള കവചജീവികള്‍, ജെല്ലിഫിഷുകള്‍ തുടങ്ങിയവയില്‍ ഇത് സാധാരണമാണ്. അതിര്‍ത്തി കൃത്യമായി നിശ്ചയിക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ സമാനമായി കാണപ്പെടുന്ന അടുത്ത ബന്ധമുള്ള ജീവിയിനങ്ങളുടെ ഗ്രൂപ്പിന് സാങ്കേതികമായി 'സ്പീഷീസ് കോംപ്ലെക്‌സ്' (species complex) എന്നാണ് പേര്. രണ്ടോ അധിലധികമോ സ്പീഷീസുകള്‍ ഒരേ സ്പീഷീസ് നാമത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നതിനെ 'ക്രിപ്റ്റിക് സ്പീസീസ്' (cryptic species) എന്നും വിളിക്കുന്നു. 

'ഏറെക്കാലമായി വ്യത്യസ്ത സ്പീഷീസുകളായി സ്ഥിതിചെയ്യുകയും, എന്നാല്‍ രൂപഘടനയില്‍ വളരെ കുറച്ചുമാത്രം വ്യത്യാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇനങ്ങളാണ് 'ക്രിപ്റ്റിക് സ്പീഷീസുകള്‍'-നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ടര്‍സ്‌റ്റെന്‍ സ്ട്രക്ക് (Torsten Struck) വിശദീകരിക്കുന്നു. 'രൂപഘടനാ പരിണാമം (morphological evolution) കൂടാതെ തന്നെ പരിണാമപ്രക്രിയ എങ്ങനെ മുന്നോട്ടുനീങ്ങുന്നു എന്നറിയാന്‍ ഇത്തരം സ്പീഷീസുകള്‍ സഹായിക്കും'. 

'പ്രേതവിരകളെ'കുറിച്ചു പഠിച്ചപ്പോള്‍, സ്റ്റൈഗോകാപ്പിറ്റെല്ല സ്പീഷീസുകളില്‍ രണ്ടെണ്ണം വേര്‍പിരിഞ്ഞത് ദിനോസറുകളുടെ കാലത്താണെന്ന് കണ്ടു. 14 കോടി വര്‍ഷത്തെ പരിണാമചരിത്രം തന്മാത്രാതലത്തില്‍ അവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ രണ്ടു സ്പീഷീസുകളും കാണപ്പെടുന്നത് ഏതാണ്ട് ഒരേ മട്ടിലാണ്, രൂപത്തിലോ ബാഹ്യഘടനയിലോ കാര്യമായ വ്യത്യാസമില്ല! 

വ്യത്യസ്ത ഇനങ്ങളായിട്ടും, രൂപഘടനാ പരിണാമത്തിന് വിധേയമാകാതെ, കാഴ്ചയില്‍ ഒരുപോലിരിക്കുന്ന വേറെയും ജീവികളുണ്ടെന്ന് സൂചിപ്പിച്ചല്ലോ. അത്തരം ജീവികള്‍, വ്യത്യസ്തയിനങ്ങളായി വേര്‍പിരിഞ്ഞത് ഏതാനും ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പു മാത്രമാണ്. എന്നാല്‍, 'പ്രേതവിരകളു'ടെ കാര്യത്തില്‍ അത് 14 കോടി വര്‍ഷവും! കോടിക്കണക്കിന് വര്‍ഷംമുമ്പ് വ്യത്യസ്തയിനങ്ങളായി വേര്‍പിരിഞ്ഞ ഈ ജീവികളില്‍ രൂപഘടനാമാറ്റം നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഗവേഷകരെ അമ്പരപ്പിക്കുന്ന സംഗതി. 

ജുറാസിക് യുഗം കഴിഞ്ഞു വന്ന ക്രിറ്റേഷ്യസ് (Cretaceous) കാലഘട്ടത്തിലെ ചൂടേറിയ കാലാവസ്ഥയെയും ഹിമയുഗത്തിന്റെ ഇടവേളകളെയും താണ്ടിയാണ്, കാര്യമായ രൂപമാറ്റമൊന്നും കൂടാതെ പ്രേതവിരകള്‍ വന്നത്. സ്റ്റൈഗോകാപ്പിറ്റെല്ല വിരകളുടെ ബന്ധുക്കളായ ജീവികള്‍ക്ക് വലിയ തോതില്‍ രൂപപരിണാമം സംഭവിച്ചിട്ടും, സ്റ്റൈഗോകാപ്പില്ല ജീനസിന്റെ കാര്യത്തില്‍ കല്ലിന് കാറ്റുപിടിച്ചതുപോലെയായി കാര്യങ്ങള്‍! അവയുടെ രൂപഘടനാ മാറ്റം കോടിക്കണക്കിന് വര്‍ഷംമുമ്പ് നിലച്ചിരിക്കുന്നു. 

സ്പീഷീസുകള്‍ രൂപപ്പെടാന്‍ ജീവികളില്‍ രൂപഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നില്ല എന്നാണ് ഈ പഠനം സൂചന നല്‍കുന്നത്. വലിയ മാറ്റമൊന്നും വരാത്ത പരിസ്ഥിതിയില്‍ (ബീച്ചുകളിലെ മണലില്‍) ഏറെക്കാലമായി പാര്‍ക്കുന്നതാകാം, ഒരുപക്ഷേ, പ്രേതവിരകളുടെ രൂപഘടനയില്‍ മാറ്റം വരാത്തതിന് കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. 

José Cerca
ജോസ് സെര്‍ക്ക. Pic Credit: José Cerca/Twitter

'ബീച്ചുകള്‍ ഏറെക്കാലമായി ഏതാണ്ട് ഒരേ പോലെയാണ് സ്ഥിതിചെയ്യുന്നതെന്ന കാര്യം ഓര്‍ക്കുക. കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ വിരകള്‍ ബീച്ചുകളില്‍ ജീവിക്കുകയാണ്. അതിന് തക്കവിധം അവ രൂപപ്പെട്ടതാകണം. ഏതായാലും, എല്ലായിടത്തും എത്താന്‍ അവയ്ക്ക് മികച്ച കഴിവുണ്ട്, എന്നാല്‍ വലിയ രൂപമാറ്റം ഉണ്ടായിട്ടുമില്ല'-'ഇവലൂഷന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവും ഗവേഷണ വിദ്യാര്‍ഥിയുമായ ജോസ് സെര്‍ക്ക (Jose Cerca) പറയുന്നു. 

മനുഷ്യന്റെ വൈജ്ഞാനിക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' എന്ന ആശയം, ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും 1858 ജൂലൈ മാസത്തിലാണ് അവതരിപ്പിച്ചത്. ലണ്ടനിലെ ലിനിയന്‍ സൊസൈറ്റിയില്‍ അവതരിപ്പിക്കപ്പെട്ട സംയുക്തപ്രബന്ധത്തിലെ പ്രസ്തുത ആശയം, 1859 ല്‍ ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തില്‍ കൂടുതല്‍ വിശദമാക്കപ്പെട്ടു.

162 വര്‍ഷംമുമ്പ് അവതരിപ്പിക്കപ്പെട്ട പ്രസ്തുത ആശയമാണ്, ആധുനിക ജീവശാസ്ത്രത്തിന്റെ ജീവനാഡി. പരിണാമത്തെപ്പറ്റി, പ്രത്യേകിച്ചും രൂപഘടനാ പരിണാമത്തെക്കുറിച്ച്, ഇനിയും കൂടുതല്‍ പഠിക്കാനും അത്ഭുതപ്പെടാനും ഉണ്ടെന്നാണ് ജോസ് സെര്‍ക്കയും കൂട്ടരും നടത്തിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.

അവലംബം -

* Deceleration of morphological evolution in a cryptic species complex and its link to paleontological stasis. By José Cerca et al. Evolution - International Journal of Organic Evolution, Nov 19, 2019. <https://onlinelibrary.wiley.com/doi/full/10.1111/evo.13884>
* Ghost worms mostly unchanged since the age of dinosaurs. By By NATURAL HISTORY MUSEUM, UNIVERSITY OF OSLO, Jan 07, 2020. <https://phys.org/news/2020-01-ghost-worms-unchanged-age-dinosaurs.html>
* Species complex - Wikipedia. <https://en.wikipedia.org/wiki/Species_complex> 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Ghost worms, Evolution, Paleontology, Morphological change,  Species formation, Cryptic species, Jose Cerca, Evolutionary Biology