ഴിഞ്ഞ ആറ് വര്‍ഷങ്ങളായി ജര്‍മനിയില്‍ നിന്ന് ശേഖരിച്ച കാട്ടു കൂണുകളില്‍ 95 ശതമാനത്തിലും 1986 ലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ഫലമായുണ്ടായ റേഡിയോ ആക്ടീവ് പദാർഥങ്ങൾ ഉണ്ടെന്ന് കണ്ടെത്തല്‍. എങ്കിലും നിയമാനുസൃതമായ പരിധിയ്ക്ക് അപ്പുറമില്ലെന്ന് ജര്‍മന്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. 74 കൂണ്‍ സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. 

ചെര്‍ണോബില്‍ സ്‌ഫോടനത്തിന്റെ സ്വഭാവഗുണമുള്ള സീസിയം-137, സീസിയം 134 ഐസോടോപ്പുകളാണ് ജര്‍മനിയില്‍ കണ്ടെത്തിയത്. ജർമനിയിലെ ഉപഭോക്തൃ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള ഫെഡറല്‍ ഓഫീസ് (ബിവിഎല്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്.  സീസിയം എന്ന മൂലകത്തിന്റെ റേഡീയോ ആക്ടീവ് ഐസോടോപ്പുകളാണ് സീസിയം-137, സീസിയം 134 എന്നിവ. 

ഇവ എളുപ്പത്തില്‍ ജലത്തില്‍ ലയിക്കുന്നവയാണ്. അതിനാല്‍ തന്നെ മണ്ണില്‍ കലരുന്നതിലൂടെ പരിസ്ഥിതിയില്‍ വളരെ വേഗം വ്യാപിക്കാന്‍ ഇതിന് സാധിക്കും. ആണവ വിസ്‌ഫോടനങ്ങളുടേയും ചെര്‍ണോബിലില്‍ സംഭവിച്ചപോലെയുള്ള ആണവ ദുരന്തങ്ങളുടേയുമെല്ലാം ഫലമായി സൃഷ്ടിക്കപ്പെടുന്ന ഇവ ദീര്‍ഘദൂരം വായുവിലൂടെയും സഞ്ചരിക്കുകയും ചെയ്യും. 

1986 ഏപ്രില്‍ 26 ന് രാത്രിയാണ് ലോകത്തെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെര്‍ണോബില്‍ ആണവദുരന്തം സംഭവിച്ചത്. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ യുക്രൈനിന്റെ ഭാഗമായി നില്‍ക്കുന്നതുമായി പ്രപ്യാറ്റ് എന്ന പ്രദേശത്തെയാണ് ദുരന്തം കൂടുതലും ബാധിച്ചത്. ആണവോര്‍ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

ഇതിന്റെ റേഡിയേഷന്‍ 1300 കിലോമീറ്റര്‍ ദൂരത്തേക്ക് വ്യാപിക്കുകയും ആ പ്രദേശത്താകമാനം ആണവ കിരണങ്ങളാല്‍ വിഷമയമാവുകയും ചെയ്തു. റേഡിയേഷന്‍ മൂലം അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപിക്കുകയും ചെയ്തു.