ജനിതകശാസ്ത്രത്തിന്റെ സാധ്യതകളും വെല്ലുവിളികളും നേരിട്ട് മനസിലാക്കിയ ഗവേഷകനാണ് കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഡോ. ഷോബി വേളേരി. കോശത്തിനുള്ളിലേക്ക് സൂക്ഷ്മമായി നോക്കുന്തോറും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുകയാണ് ഈ രംഗത്തെ ഗവേഷകരെന്ന് അദ്ദേഹം പറയുന്നു

Shobi Veleri
ഡോ.ഷോബി വേളേരി. ഫോട്ടോ: കൃഷ്ണപ്രദീപ് 

 

രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രം എന്നാണ് ജനിതകശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ മാനവജിനോം കണ്ടെത്തിയതോടെ പുതിയ കാലത്ത് കൈമുദ്ര ചാര്‍ത്താനുള്ള യോഗ്യത ജനിതകശാസ്ത്രം നേടി. ജന്മവൈകല്യങ്ങളുടെ അടിസ്ഥാനം മനസിലാക്കല്‍, ജീന്‍ എഡിറ്റിങ്, പുതിയ ചികിത്സകള്‍ വികസിപ്പിക്കല്‍, കാര്‍ഷികരംഗം നവീകരിക്കല്‍-ഇതൊക്കെ ഇന്ന് ജനിതകഗവേഷണത്തിന്റെ പരിധിക്കുള്ളില്‍ വരുന്നു. കോശത്തിനുള്ളിലേക്ക് സൂക്ഷ്മമായി നോക്കുന്തോറും കൂടുതല്‍ കൂടുതല്‍ സാധ്യത കണ്ടെത്തുകയാണ് ഈ രംഗത്തെ ഗവേഷകര്‍. 

ജനിതകശാസ്ത്രത്തിന്റെ സാധ്യതകളും വെല്ലുവിളികളും നേരിട്ടറിയുന്ന ഒരു മലയാളി ഗവേഷകനെ പരിചയപ്പെടുത്തട്ടെ. പേര് ഡോ. ഷോബി വേളേരി. കോഴിക്കോട് ഒളവണ്ണ സ്വദേശി. വേളേരി വീട്ടില്‍ പെരച്ചന്റെയും ശാന്തകുമാരിയുടെയും മകന്‍. ജര്‍മനിയിലും അമേരിക്കയിലും രണ്ട് പതിറ്റാണ്ട് കാലം ജനിതകശാസ്ത്രത്തില്‍ ശ്രദ്ധേയമായ ഗവേഷണം നടത്തിയ അദ്ദേഹം, 2016 ജനുവരി മുതല്‍ തിരുവനന്തപുരത്ത് 'സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി' ( CSIR-NIIST ) യില്‍ 'ഡി.ബി.റ്റി-രാമലിംഗസ്വാമി ഫെലോ' ആണ്. 

'ജനിതകരംഗത്തെ ഏത് ഗവേഷണമായാലും മൗലികമായ വിശദാംശങ്ങള്‍ കിട്ടാന്‍ കോശത്തിനുള്ളിലേക്ക് തന്നെ ഒതുങ്ങണ'മെന്ന് ഡോ. ഷോബി പറയുന്നു. 'കോശത്തിന് പുറത്ത് കടക്കുമ്പോള്‍ നമ്മുക്ക് ഒരു അവയവം കിട്ടും, അതിന്റെ പുറത്തുകടക്കുമ്പോള്‍ ഒരു ജീവിയെ കിട്ടും. ഇതുവെച്ച് ഏറ്റവും സൂക്ഷ്മമായുള്ള വിശദാംശങ്ങള്‍ കിട്ടില്ല. അതുകൊണ്ട് ഒരു അസുഖം കണ്ടുപിടിച്ചു കഴിഞ്ഞാല്‍, അതിനു കാരണം ഒരു ജീനാണെന്ന് മനസിലായാല്‍, കോശത്തിലെ ജീനിലാണ് നമ്മളതിന്റെ വിശദാംശം തിരയുന്നത്, ഡീകോഡ് ചെയ്യുന്നത്'-അഭിമുഖത്തില്‍ ഡോ.ഷോബി പറഞ്ഞു. 

സിലിയ നല്‍കുന്ന പുത്തന്‍ സാധ്യത

ജനിതകരോഗങ്ങളെക്കുറിച്ചും ജന്മവൈകല്യങ്ങളെപ്പറ്റിയുമുള്ള കാഴ്ചപ്പാട് തന്നെ ജനിതകശാസ്ത്രം ഇപ്പോള്‍ തിരുത്തിയെഴുതുകയാണ്. അന്ധത, കേഴ്‌വിയില്ലായ്മ, മുച്ചിറി, ഒരു വിരല്‍ കൂടുതലുണ്ടാവുക-'ഇത്തരം സംഗതികളെ പ്രത്യേകം പ്രത്യേകം പ്രശ്‌നങ്ങളായാണ് മുമ്പ് നമ്മള്‍ പരിഗണിച്ചിരുന്നത്'. പക്ഷേ, ജനിതകശാസ്ത്രം വികസിച്ചതോടെ കഥ മാറി. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷത്തെ പഠനങ്ങളുടെ ഡേറ്റ ഇപ്പോള്‍ ഗവേഷകര്‍ക്ക് മുന്നിലുണ്ട്. 'സിലിയ ജീനുകളും' ( cilia genes ) ജന്മവൈകല്യങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുള്ള കാര്യം ഇപ്പോള്‍ ശാസ്ത്രലോകത്തിന് അറിയാം. 'കോശങ്ങളിലെ സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഒരു സെന്‍സറാണ് സിലിയ'-ഡോ.ഷോബി വിവരിക്കുന്നു. 

Genetics
കോശത്തിലെ ജീനുകളിലാണ് ജനിതകരോഗങ്ങളുടെ കാരണം ഗവേഷകര്‍ തിരയുന്നത്

 

നമ്മുടെ കണ്ണിലെ പ്രകാശസ്വീകരണികളുടെയും (photoreceptors) 'സിലിയ അല്ലെങ്കില്‍ ഫ്‌ളജല്ല'യുടെയും ഘടന ഒന്നാണെന്ന് മനസിലാക്കിയതോടെയാണ്, ജന്മവൈകല്യങ്ങളും സിലിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. കൂടുതല്‍ പഠനങ്ങൡ, നമുക്ക് ഘ്രാണശക്തി പ്രദാനം ചെയ്യുന്ന മൂക്കിലെ സെന്‍സറുകളും, കേഴ്‌വിക്ക് സഹായിക്കുന്ന ചെവിയിലെ സെന്‍സറുകളും, കൂടാതെ സുഷുപ്‌ന, വൃക്ക, ശ്വാസകോശം, ബീജം, ഓവം ഇതെല്ലാറ്റിന്റെയും ക്രമവും പ്രവര്‍ത്തനവും ശരിയായി നടക്കാന്‍ സീലിയ എന്ന സംഗതി ആവശ്യമാണെന്ന് വ്യക്തമായി. ഈ പഠനമേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് 2005 ന് ശേഷമുണ്ടായതെന്ന് ഡോ.ഷോബി പറയുന്നു. സിലിയ പഠനത്തെ ഈ നിലയില്‍ വഴിതിരിച്ചുവിട്ട ജോര്‍ജ് വിറ്റ്മാന്‍ ( George Witman ), ജോയല്‍ റോസന്‍ബാം ( Joel Rosenbaum ) എന്നീ അതികായര്‍ക്ക് താമസിയാതെ നൊബേല്‍ പുരസ്‌കാരം ലഭിച്ചേക്കാം. 

ജൈവഘടികാരം, ക്ലോക്ക് ന്യൂറോണുകള്‍, ക്ലോക്ക് ന്യൂറോണ്‍ നെറ്റ്‌വര്‍ക്കുകള്‍, അന്ധതയുടെ ജനിതകബന്ധം-ഈ മേഖലയിലൊക്കെ ജര്‍മനിയിലും അമേരിക്കയിലുമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ഗവേഷകനാണ് ഡോ. ഷോബി. ഇത്തരം ഗവേഷണം ഇന്ത്യയിലും നടക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ 43-കാരന്‍. നിലവില്‍ ഏതാനും സിലിയ ജീനുകളില്‍ ഗവേഷണം തുടരുകയാണ്. 

(ജനിതകശാസ്ത്രത്തിലെ പുത്തന്‍ സാധ്യതകളെപറ്റി ഡോ. ഷോബി വേളേരി സംസാരിക്കുന്നു. വീഡിയോ കാണുക)

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ് ഡോ.ഷോബി. 'ശരിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയാവുന്നവര്‍ പോലും എന്റെ കുടുംബത്തിലില്ലായിരുന്നു'-അദ്ദേഹം ഓര്‍ക്കുന്നു. പക്ഷേ, അതൊന്നും മികച്ച ഗവേഷകനാകുന്നതില്‍ അദ്ദേഹത്തിന് തടസ്സമായില്ല. കഴിവും ആത്മവിശ്വാസവും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന പാഠമാണ് ഈ യുവഗവേഷകന്‍ പുതിയ തലമുറയ്ക്ക് നല്‍കുന്നത്. 

ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവിഷയങ്ങളില്‍, പ്രത്യേകിച്ചും ജീവശാസ്ത്രത്തില്‍ തത്പരനായിരുന്നു. ക്ലേ മോഡലിങ് പോലുള്ള സംഗതികളും നന്നായി ചെയ്യും. സ്‌കൂളിലും കോളേജിലും ചില അധ്യാപകരാണ് ഷോബിയ്ക്ക് ഗവേഷണമായിരിക്കും നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം, കാലക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ലൈഫ് സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു. അവിടെ നിന്ന് എം.എസ്.സി.ഫിസിയോളജി ഒന്നാംറാങ്കോടെ പാസായ ഷോബിക്ക്, ഇന്ത്യന്‍ പ്രതിരോധ ഗവേഷണകേന്ദ്രമായ ഡി.ആര്‍.ഡി.ഒ.യില്‍ ജോലികിട്ടി. 

കാലിക്കറ്റ് ലൈഫ് സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോ.ടി.രാമകൃഷ്ണയുടെ മേല്‍നോട്ടത്തില്‍, അന്ന് തന്റെ സൂപ്പര്‍ സീനിയറായ ഇ.ശ്രീകുമാറുമായി ചേര്‍ന്ന് ഷോബി ഒരു പഠനം നടത്തിയിരുന്നു. അലുമിനിയത്തില്‍ നിന്നുള്ള വിഷാംശം എങ്ങനെ അല്‍ഷൈമേഴ്‌സ് രോഗമുണ്ടാക്കും എന്നത് സംബന്ധിച്ച ചെറിയൊരു പഠനമായിരുന്നു അത്.  അതിന്റെ റിപ്പോര്‍ട്ട് ബാംഗ്ലൂരില്‍ നിന്നുള്ള ശാസ്ത്രജേര്‍ണലായ 'കറണ്ട് സന്‍സി'ല്‍ പ്രസിദ്ധീകരിച്ചു. 'ആ വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് എന്നെ ഡി.ആര്‍.ഡി.ഒ.യിലേക്ക് സെലക്ട് ചെയ്തത്' -ഡോ. ഷോബി പറയുന്നു. 

ജഫ്‌റി ഹാളും നൊബേല്‍ പുരസ്‌കാരവും

ഇന്ത്യ ആണവപരീക്ഷണം നടത്തിയ സമയമാണ്. ആണവദുരന്തത്തില്‍ വിഷവികിരണം ഏല്‍ക്കേണ്ടി വരുന്നവരെ എങ്ങനെ രക്ഷിക്കാം എന്നതു സംബന്ധിച്ച ഗവേഷണത്തിനാണ് ഡോ. ഷോബി തിരഞ്ഞെടുക്കപ്പെട്ടത്. വികിരണമേല്‍ക്കുന്നവരുടെ പ്രജ്ഞാശേഷി ( Cognitive functions ) എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു ഗവേഷണ വിഷയം. രണ്ടുവര്‍ഷം അവിടെ പ്രവര്‍ത്തിച്ചതിനിടെ അന്താരാഷ്ട്ര ജേര്‍ണലായ 'ഫിസിയോളി ആന്‍ഡ് ബിഹേവിയറി'ല്‍ ഒരു പേപ്പറും പ്രസിദ്ധീകരിച്ചു.

Peter Hegemann
പീറ്റര്‍ ഹീഗമാന്‍. Pic Credit: https://alchetron.com/Peter-Hegemann

ആ പേപ്പറിന്റെയും കറണ്ട് സയന്‍സില്‍ മുമ്പ് പ്രസിദ്ധീകരിച്ച പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഷോബിക്ക് ജര്‍മനിയില്‍ ഗവേഷണത്തിന് അവസരം ലഭിക്കുന്നത്. ജര്‍മന്‍ റിസര്‍ച്ച് കൗണ്‍സിലന്റെ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് നേടി റിഗന്‍സ്ബര്‍ഗ് യൂണിവേഴ്‌സിറ്റില്‍ പി.എച്ച്.ഡി ചെയ്യുന്നത് അങ്ങനെയാണ്. 'മൃഗങ്ങളിലും ചെടികളിലുമുള്ള ഫോട്ടോസെന്‍സുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന വസ്തുത ആഴത്തില്‍ പഠിക്കാനുള്ള പദ്ധതി ജര്‍മന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു. അതിനായി പീറ്റര്‍ ഹീഗമാന്‍ ( Peter Hegemann ) എന്ന പ്രശസ്ത ഗവേഷകന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണഗ്രൂപ്പിന് രൂപംനല്‍കി. 'ഓപ്‌ടോജനറ്റിക്‌സ്' ( Optogenetics ) എന്ന പഠനശാഖയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനാണ് ഹീഗമാന്‍'-ഡോ.ഷോബി പറയുന്നു. ഹീഗമാന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ ഗവേഷണഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാനാണ് ഷോബി തിരഞ്ഞെടുക്കപ്പെട്ടത്. 

ക്ലോക്ക് ന്യൂറോണുകളുമായി ബന്ധപ്പെട്ട ഗവേഷണമാണ് പി.എച്ച്.ഡി.യുടെ ഭാഗമായി ഷോബി അവിടെ ചെയ്തത്. അന്നവിടെ ആ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചത് ഷോബിയായിരുന്നു. അതില്‍ തന്നെ 'കറണ്ട് ബയോളജി' ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് ഏറെ ശ്രദ്ധേ നേടി. ക്ലോക്ക് ന്യൂറോണുകളുമായി ബന്ധപ്പെട്ട് ഷോബി പ്രസിദ്ധീകരിച്ച ആ പേപ്പറിന്റെ സഹരചയിതാവ് ജഫ്‌റി സി. ഹാള്‍ ( Jefferey C. Hall ) എന്ന അമേരിക്കന്‍ ഗവേഷകനായിരുന്നു. ജൈവഘടികാരത്തിന്റെ കണ്ടെത്തലിന് 2017ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ നേടിയവരില്‍ ഒരാളാണ് ജഫ്‌റി ഹാള്‍ എന്നകാര്യം അഭിമാനത്തോടെയാണ് ഡോ.ഷോബി ചൂണ്ടിക്കാട്ടുന്നത്. ഇതുള്‍പ്പടെ ഇതിനകം 18 ഗവേഷണപ്രബന്ധങ്ങള്‍ ഡോ.ഷോബി പ്രസിദ്ധീകരിച്ചു, രണ്ട് രോഗങ്ങളുടെ പരീക്ഷണ മാതൃകയും സൃഷ്ടിച്ചു.

Jefferey C. Hall
ജഫ്‌റി സി. ഹാള്‍. ചിത്രം കടപ്പാട്: Brandeis University

2005ല്‍ ജര്‍മനിയില്‍ നിന്ന് പി.എച്ച്.ഡി.നേടി തിരിച്ചെത്തിയ ഡോ.ഷോബിക്ക് ആ വര്‍ഷം തന്നെ ഡല്‍ഹിയില്‍ ഡി.ആര്‍.ഡി.ഒയ്ക്ക് കീഴിലെ 'ഡിഫന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിയോളജി അലൈഡ് സയന്‍സസില്‍' സയന്റിസ്റ്റായി ജോലി കിട്ടി. അപ്പോഴാണ് അമേരിക്കയില്‍ 'നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്തി'ല്‍ ( NIH ) ഗവേഷണം നടത്താന്‍ ക്ഷണം വരുന്നത്. എന്‍.ഐ.എച്ചിന് കീഴില്‍ ബഥാസ്തയിലുള്ള 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തി'ലേക്കാണ് ക്ഷണം ലഭിച്ചത്. 

'അവിടെ പ്രായമേറിയ ഒരു പ്രൊഫസറുണ്ടായിരുന്നു, ഹൊവാര്‍ഡ് നാഷ് ( Howard Nash ). അനസ്‌തേഷ്യയുടെ മെക്കാനിസം എന്താണെന്ന് പഠിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും നമുക്കറിയില്ല, എന്താണിതെന്ന്. അനസ്‌തേഷ്യ കൊടുത്താല്‍ ബോധംകെടും, ഇത്ര അളവ് കൊടുത്താല്‍ ഇത്ര സമയം നില്‍ക്കും എന്നൊക്കെ അറിയാം. എന്നാലതിന്റെ ശരിയായ കാരണം, ഏത് ന്യൂറോണില്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന് ഇതില്‍ താത്പര്യം വരാന്‍ കാരണം, നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പല ഭാഗങ്ങളും സ്വിച്ച്ഓഫ് ആകും. എന്നാല്‍ ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ പലഭാഗങ്ങളും പ്രവര്‍ത്തിക്കും. തലച്ചോറിലെ ആ സെലക്ടീവ് സ്വിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യം ആര്‍ക്കുമറിയില്ല. അതറിയാനുള്ള ഒരു വഴിയാണ് അനസ്‌തേഷ്യയുടെ മെക്കാനിസം പഠിക്കുക എന്നത്. അനസ്തറ്റിക്‌സ് കൊടുക്കുമ്പോഴും ഒരര്‍ഥത്തില്‍ ഇത്തരമൊരു സെലക്ടീവ് സ്വിച്ചിങ് ആണല്ലോ നടക്കുക. തന്റെ ഏറെക്കാലത്തെ ഗവേഷണത്തില്‍ നിന്ന് അദ്ദേഹത്തിന് ഒരുകാര്യം വ്യക്തമായിട്ടുണ്ട്-ക്ലോക്ക് ന്യൂറോണുകള്‍ക്ക് ഇതില്‍ കാര്യമായ പങ്കുണ്ട്'-ഡോ.ഷോബി വിശദീകരിക്കുന്നു. ക്ലോക്ക് ന്യൂറോണുകളില്‍ വര്‍ക്ക് ചെയ്യുന്ന ഡോ.ഷോബിയെ ഹവാര്‍ഡ് നാഷ് ആണ് അങ്ങോട്ട് ക്ഷണിക്കുന്നത്.

Howard Nash
ഹവാര്‍ഡ് നാഷ്. ചിത്രം കടപ്പാട്: NIH 

2006 ല്‍ അമേരിക്കയിലെത്തിയ ഡോ. ഷോബിക്ക് രണ്ടുവര്‍ഷമേ ഹവാര്‍ഡ് നാഷിന് കീഴില്‍ ഗവേഷണം നടത്താന്‍ കഴിഞ്ഞുള്ളു. അപ്പോഴേക്കും ആ പ്രൊഫസര്‍ അന്തരിച്ചു. അതിന് ശേഷം, 2008 മുതല്‍ 2014 വരെ എന്‍.ഐ.എച്ചില്‍ അന്ധതയുമായി ബന്ധപ്പെട്ട ജനിതകപഠനമാണ് നടത്തിയത്. അതുകഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി, ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത് ഗവേഷണം നടത്തുന്നു. ഹിമയാണ് ഡോ.ഷോബിയുടെ പത്‌നി, ഹര്‍ഷ, ശ്രുതി എന്നിവര്‍ മക്കളും. 

നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് 

പീറ്റര്‍ ഹീഗമാന്‍, ഹവാര്‍ഡ് നാഷ് തുടങ്ങിയ അതികായര്‍ക്കൊപ്പം ഗവേഷണം നടത്തിയ ഡോ.ഷോബി പറയുന്നത്, ഇന്ത്യയിലും നമുക്ക് അത്തരം ഗവേഷണം സാധ്യമാകും എന്നാണ്. തങ്ങള്‍ പഠനം നടത്തുന്ന മേഖലയോടുള്ള അഭിനിവേശമാണ് ഇത്തരം ഗവേഷകരെ നയിക്കുന്നത്. അവര്‍ക്കൊരു ലക്ഷ്യമുണ്ടാകും. ആ ലക്ഷ്യം കൈവരിക്കാനായി പതിറ്റാണ്ടുകളോളം കഠിനാധ്വാനം നടത്താന്‍ അവര്‍ക്ക് മടിയില്ല. 

'ഗോള്‍ (ലക്ഷ്യം) ഏതാണെന്ന് മനസിലായാല്‍ നമ്മളും അതുപോലെ മുന്നേറും. ഇതിനകത്ത് പാഷനില്ലാത്തവര്‍ വന്നാല്‍ വിട്ടുപോകും. പാഷനുണ്ടാകണം..റിസര്‍ച്ച് എന്നത് ഒരു വിധത്തില്‍ പറഞ്ഞാല്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെയാണ്. 12 വര്‍ഷത്തിനിടയ്ക്ക് ഒരു പൂവിങ്ങെത്തും, അത് കാണുമ്പോഴാണ് നമ്മുക്ക് സന്തോഷം...മുപ്പതും നാല്‍പ്പതും വര്‍ഷമാണ് ഒരു മേഖലയിലെ പ്രശ്‌നങ്ങളുടെ കുടുക്കഴിക്കാന്‍ പലരും ചെലവിടുന്നത്. ഇപ്പോള്‍ ജഫ്രി ഹോളിന് കിട്ടിയ നൊബേല്‍ പ്രൈസ് പോലും മുപ്പതു വര്‍ഷത്തെ അദ്ദേഹത്തിന്റെ റിസര്‍ച്ചിന്റെ ഫലമാണ്'-ഡോ.ഷോബി ചൂണ്ടിക്കാട്ടുന്നു.

'നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണം നടത്താന്‍ കാശും സൗകര്യവുമൊക്കെ ഒരു പരിധിവരെ നമുക്കിപ്പോഴുണ്ട്. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് മാറിയിട്ടില്ല. പുതിയ തലമുറയ്ക്കാണ് ഇക്കാര്യത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനാകുക. എവിടെയങ്കിലും എത്തണം എന്ന ആഗ്രഹം മാത്രം പോര, പഠനവും കഠിനാധ്വാനവും വേണം.....നമ്മള്‍ എന്താണോ ചെയ്യുന്നത് അതെപ്പറ്റി ഡീറ്റൈലായിട്ട് അന്വേഷിച്ചു കഴിഞ്ഞാല്‍ ഒരു വഴി തുറക്കുമെന്നാണ് എന്റെ അനുഭവം'-ഡോ.ഷോബി പറയുന്നു. യുക്തിഭദ്രമായി ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചാല്‍, പുറത്തുള്ള പ്രൊഫസര്‍മാര്‍ നമ്മളെ അങ്ങോട്ട് വിളിക്കും. ഇപ്പോള്‍ മുമ്പത്തെ മാതിരിയല്ല. ഈമെയില്‍, യൂട്യൂബ് ചാനലുകള്‍ ഒക്കെയുണ്ട്. അതൊക്കെ പുതിയ അവസരങ്ങള്‍ക്കുള്ള വഴിയൊരുക്കും-ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം ഇത് പറയുന്നത്. 

* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Content Hilights: Genetics, multsiystem disorders, cilia genes, ciliopathies, Shobi Veleri, Jefferey C. Hall, Howard Nash, George Witman, Peter Hegemann, Joel Rosenbaum