മതനിയമങ്ങളില്‍ നിന്ന് സ്വതന്ത്രമായിരിക്കണം ശാസ്ത്രഗവേഷണം എന്ന് ഗലീലിയോ ആദ്യമായി എഴുതിയത് ഒരു കത്തിലാണ്. ദുരൂഹമായി അപ്രത്യക്ഷമായ ആ കത്ത് നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ 

Galileo Galile
സൗരയൂഥത്തെപ്പറ്റിയുള്ള തന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന ഗലീലിയോ. ചിത്രം കടപ്പാട്: DeAgostini/Getty Images.

 

ധുനിക ശാസ്ത്രവിപ്ലവത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ് ഗലീലിയോ ഗലീലി. നിരീക്ഷണം, പരീക്ഷണം, ഗണിതവത്ക്കരണം-ഇവയാണ് ശാസ്ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത പ്രതിഭ. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആധുനിക ഭൗതികശാസ്ത്രത്തിന് അടിത്തറയിട്ട സാക്ഷാല്‍ ഐസക് ന്യൂട്ടണ്‍ പോലും, ഗലീലിയോ സൃഷ്ടിച്ച അടിത്തറയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്.

'ശാസ്ത്രജ്ഞന്‍' (scientist) എന്ന പദം ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയാണെങ്കിലും, 'ആദ്യശാസ്ത്രജ്ഞന്‍' എന്ന് ഗലീലിയോയെ വിശേഷിപ്പിക്കാന്‍ ഇന്ന് ചരിത്രകാരന്മാര്‍ മടിക്കുന്നില്ല. നിലവിലുള്ള വസ്തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്തും തിരുത്തിയും മാത്രമേ ശാസ്ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെൡയിച്ചു. അതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ പക്ഷേ, വിശ്വാസവും (സഭയും), ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നടുത്തളത്തില്‍ ഗലീലിയോയെ പ്രതിഷ്ഠിച്ചു. 

ഈ പശ്ചാത്തലത്തില്‍, സഭയും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നാലു നൂറ്റാണ്ടുമുമ്പ് ഗലീലിയോ സ്വന്തം കൈപ്പടയിലെഴുതുകയും, ദുരൂഹമായി അപ്രത്യക്ഷമാവുകയും ചെയ്ത ഒരു കത്ത് വീണ്ടും കണ്ടെത്തുക എന്നത് തീര്‍ച്ചയായും പ്രധാനപ്പെട്ട സംഗതിയാണ്. സംഭവം സത്യമാണ്. കാണാതായ വസ്തുക്കള്‍ ഏറ്റവുമധികം തിരഞ്ഞ സ്ഥലത്തുനിന്ന് കണ്ടെത്തുന്നതുപോലെയാണ്, ഗലീലിയോ ഒപ്പുവെച്ച ഏഴുപേജുള്ള ആ കത്ത് കണ്ടെത്തിയത്! ഗണിതശാസ്ത്രജ്ഞന്‍ ബനഡെറ്റോ കാസ്റ്റല്ലിക്ക് 1613 ഡിസംബര്‍ 21 ന് ഗലീലിയോ അയച്ച കത്ത്, ലണ്ടനിലെ റോയല്‍ സൊസൈറ്റി ലൈബ്രറിയില്‍ നിന്നാണ് കണ്ടെത്തിയത്. കാറ്റലോഗില്‍ തെറ്റായി ചേര്‍ത്തിരുന്ന ആ രേഖ, ഇറ്റലിയില്‍ ബെര്‍ഗാമോ സര്‍വകലാശാലയിലെ ശാസ്ത്രചരിത്ര ഗവേഷകന്‍ സാല്‍വദോര്‍ റിച്ചിയാര്‍ഡോയുടെ ശ്രദ്ധയില്‍ യാദൃശ്ചികമായി പെടുകയായിരുന്നു! 

മതനിയമങ്ങളില്‍ നിന്ന് സ്വതന്ത്രമായിരിക്കണം ശാസ്ത്രഗവേഷണം എന്ന് ആദ്യമായി ഗലീലിയോ അഭിപ്രായപ്പെടുന്നത് ഈ കത്തിലാണ്. ജ്യോതിശാസ്ത്ര സംഭവങ്ങളെക്കുറിച്ച് ബൈബിളില്‍ പറയുന്ന ശുഷ്‌ക്കവിവരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കാന്‍ പാടില്ലെന്ന് ഗലീലിയോ വാദിക്കുന്നു. കാരണം, ബൈബിള്‍ എഴുതിയവര്‍ സാധാരണക്കാര്‍ക്ക് മനസിലാകാന്‍ പാകത്തില്‍ സംഭവങ്ങളെ ലളിതവത്ക്കരിച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കാനുള്ള യോഗ്യത മതാധികാരകേന്ദ്രങ്ങള്‍ക്കില്ലെന്നും ഗലീലിയോ കത്തില്‍ വാദിക്കുന്നു. 

കത്തിലെ നിര്‍ണായകമായ നിരീക്ഷണം, 1543 ല്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് പോളിഷ് ജ്യോതിശാസ്ത്രജ്ഞന്‍ 'നിക്കോളാസ് കോപ്പര്‍നിക്കസ് അവതരിപ്പിച്ച സൂര്യകേന്ദ്രിത പ്രപഞ്ചമാതൃക യഥാര്‍ഥത്തില്‍ ബൈബിളിന് വിരുദ്ധമല്ല' എന്ന ഗലീലിയോയുടെ വിലയിരുത്തലാണ്. ഫ്‌ളോറന്‍സിലായിരുന്ന സമയത്ത് ഗലീലിയോ എഴുതിയതാണിത്. ഈ കണ്ടെത്തലോടെ വ്യക്തമാകുന്ന ഒരു സംഗതി, മതദ്രോഹവിചാരണക്കാരെ കബളിപ്പിക്കാന്‍ ഈ കത്ത് ഗലീലിയോ എഡിറ്റുചെയ്ത് മയപ്പെടുത്തി റോമിലേക്ക് അയച്ചിരുന്നു എന്നതാണ്. 

Lost Letter of Galileo
ഗലീലിയോയുടെ കത്തിന്റെ ഒരു ഭാഗം. ചിത്രം കടപ്പാട്: The Royal Society. 

 

റിച്ചിയാര്‍ഡോ, ബെര്‍ഗാമോയിലെ റിച്ചിയാര്‍ഡോയുടെ ഗൈഡ് ഫ്രാങ്കോ ഗ്വിയുഡൈസ്, കാലിയറി യൂണിവേഴ്‌സിറ്റിയിലെ മിഷെല്‍ കാമറോറ്റ എന്നിവര്‍ ചേര്‍ന്ന് റോയല്‍ സൊസൈറ്റിയുടെ 'നോട്ട്‌സ് ആന്‍ഡ് റിക്കോര്‍ഡ്' ജേര്‍ണലിലാണ് ഗലീലിയോയുടെ കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് 'നേച്ചര്‍' റിപ്പോര്‍ട്ടുചെയ്തു

ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിറവി 

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ടോളമി അവതരിപ്പിച്ച ഒരു പ്രപഞ്ചമാതൃകയുണ്ട്. അതുപ്രകാരം ഭൂമിയാണ് പ്രപഞ്ചകേന്ദ്രം. കത്തോലിക്കാസഭ അംഗീകരിച്ചിരുന്നത് ടോളമിയുടെ ആ പ്രപഞ്ചമാതൃകയാണ്. അതിന് വിരുദ്ധമായി കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചമാതൃക പ്രചരിപ്പിച്ചതിന്, ഡൊമിനിക്കന്‍ സന്ന്യാസിയും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഗിയോര്‍ദാനോ ബ്രൂണോയെ മതനിന്ദാക്കുറ്റം ആരോപിച്ച് 1600 ല്‍ സഭ ചുട്ടുകൊല്ലുകയുണ്ടായി. ഈ സംഭവം നടന്ന് വെറും ഒരു പതിറ്റാണ്ട് കഴിയുമ്പോഴാണ് ഗലീലിയോ തന്റെ വിപ്ലവകരമായ കണ്ടെത്തലുകളുമായി രംഗത്തെത്തുന്നത്. 

ഇറ്റലിയിലെ പിസ നഗരത്തില്‍ ഒരു സംഗീതജ്ഞന്റെ മകനായി 1564-ല്‍ ഗലീലിയോ ജനിച്ചു. മകന്‍ മെഡിസിന്‍ പഠിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും, ഗണിതവും ഫിസിക്‌സുമായിരുന്നു ഗലീലിയോയുടെ ഇഷ്ടവിഷയങ്ങള്‍. 25 വയസുള്ളപ്പോള്‍ പിസ സര്‍വകലാശാലയില്‍ ചെറിയ ശമ്പളത്തില്‍ ഗണിത പ്രൊഫസറായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഗലീലിയോ, 1591 ല്‍ പാദുവ പട്ടണത്തിലേക്കും, 1610 ല്‍ ഫ്‌ളോറന്‍സിലേക്കും താമസം മാറ്റി. അതിന് മുമ്പുതന്നെ പെന്‍ഡുലത്തിന്റെ ചലനസിദ്ധാന്തം പോലുള്ളവ കണ്ടെത്തിയിരുന്നെങ്കിലും, ഗലീലിയോയെ പ്രശസ്തനാക്കുന്നത് 1610 ല്‍ ടെലസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ വാനനിരീക്ഷണങ്ങളാണ്. 

ടെലസ്‌കോപ്പ് വികസിപ്പിച്ചത് ഗലീലിയോ അല്ല. അതുപയോഗിച്ച് പക്ഷേ, ജ്യോതിശാസ്ത്ര കണ്ടെത്തലുകള്‍ നടത്തുന്ന ആദ്യവ്യക്തി അദ്ദേഹമായിരുന്നു. ചന്ദ്രനിലെ പര്‍വ്വതങ്ങളും, ശുക്രന്റെ വൃദ്ധിക്ഷയങ്ങളും, വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളും, ശനിഗ്രഹത്തിന്റെ ബാഹ്യഘടനയും, സൂര്യനിലെ കറുത്ത പാടുകളും (സൂര്യകളങ്കങ്ങള്‍) ഗലീലിയോ നിരീക്ഷിച്ചു. ആകാശത്ത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയാത്ത അസംഖ്യം നക്ഷത്രങ്ങളുണ്ടെന്നും അദ്ദേഹം ആദ്യമായി കണ്ടെത്തി. ടെലസ്‌കോപ്പുപയോഗിച്ച് ഗലീലിയോ നടത്തിയ കണ്ടെത്തലുകളാണ് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് തുടക്കം കുറിച്ചത്. തന്റെ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 1610 ല്‍ 'നക്ഷത്രങ്ങളില്‍ നിന്നുള്ള സന്ദേശം' ('Sidereal Messenger')  എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ ഗലീലിയോ പ്രശസ്തനായി.

Nicolaus Copernicus
നിക്കോളാസ് കോപ്പര്‍നിക്കസ്.
ചിത്രം കടപ്പാട്: Wikimedia.

 ഭൂമിയെ സൂര്യനല്ല, സൂര്യനെ ഭൂമിയും മറ്റ് ഗ്രഹങ്ങളുമാണ് ചുറ്റുന്നതെന്ന കോപ്പര്‍നിക്കസിന്റെ നിഗമനത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഗലീലിയോയുടെ ജ്യോതിശാസ്ത്ര കണ്ടെത്തലുകള്‍. സ്വാഭാവികമായും ഗലീലിയോ സഭയുടെ നോട്ടപ്പുള്ളിയായി. ടോളമിയുടെയും കോപ്പര്‍നിക്കസിന്റെയും പ്രപഞ്ചമാതൃകകളെക്കുറിച്ചുള്ള സംവാദം എന്ന നിലയ്ക്ക് 1632 ല്‍ തന്റെ പ്രസിദ്ധമായ 'Dialogue Concerning the Two Chief World Systems' എന്ന ഗ്രന്ഥം ഗലീലിയോ പ്രസിദ്ധീകരിച്ചു. അതില്‍ കോപ്പര്‍നിക്കസിന്റെ സിദ്ധാന്തത്തിന് സാധുത നല്‍കാനാണ് ഗലീലിയോ ശ്രമിച്ചത്. 

റോമിലുള്ള ബന്ധങ്ങളും സ്വാധീനവും തനിക്ക് തുണയാകുമെന്ന് ഗലീലിയോ കരുതി. എന്നാല്‍, അതുണ്ടായില്ല. സൂര്യകേന്ദ്ര പ്രപഞ്ചമാതൃക അംഗീകരിക്കുക വഴി ആ ശാസ്ത്രജ്ഞന്‍ മതനിന്ദ നടത്തിയതായി സഭാധികാരികള്‍ ആരോപിച്ചു. മതദ്രോഹവിചാരണയ്ക്ക് വിധേയനാക്കി അദ്ദേഹത്തെ 69-ാം വയസ്സില്‍ വീട്ടുതടങ്കലിലാക്കി. ഗലീലിയോയുടെ പുസ്തകം സഭ നിരോധിച്ചു. 1633 മുതല്‍ മരിക്കുന്നതുവരെയുള്ള ഒന്‍പത് വര്‍ഷക്കാലം ഗലീലിയോ വീട്ടുതടങ്കലില്‍ കഴിഞ്ഞു. 

പെന്‍ഡുലസിദ്ധാന്തം ഉള്‍പ്പടെ, ചലനം, ത്വരണം, ജഢത്വം എന്നിവ സംബന്ധിച്ച് ബലതന്ത്രത്തില്‍ താന്‍ നടത്തിയ സുപ്രധാന കണ്ടെത്തലുകളെക്കുറിച്ച്  'Discourses Concerning Two New Sciences' എന്ന ഗ്രന്ഥം വീട്ടുതടങ്കലിലായിരിക്കുമ്പോള്‍ 1638 ലാണ് ഗലീലിയോ പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ആരാധകര്‍ ആ ഗ്രന്ഥം രഹസ്യമായി ഇറ്റലിക്ക് വെളിയിലെത്തിച്ച് പ്രസിദ്ധീകരിച്ചു. 

1642 ല്‍ ഗലീലിയോ വിടവാങ്ങി. ശാസ്ത്രചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പിന്തുടര്‍ച്ചയെന്ന വിധം, ഗലീലിയോ മരിച്ച വര്‍ഷം ഐസക് ന്യൂട്ടണ്‍ ജനിച്ചു! 

ഗലീലിയോയെ മതദ്രോഹവിചാരണ നടത്തി ശിക്ഷിച്ചതില്‍ കത്തോലിക്കസഭ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു. ഇക്കാര്യത്തില്‍ സഭയ്ക്ക് തെറ്റുപറ്റിയതായി, പതിമൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 1992 ഒക്ടോബര്‍ 31-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകത്തോട് ഏറ്റുപറഞ്ഞു. 

അത്ഭുതകരമായ കണ്ടെത്തല്‍ 

പുതുതായി കണ്ടുകിട്ടിയ കത്ത്, കോപ്പര്‍നിക്കസാണ് ശരിയെന്ന് തന്റെ ജ്യോതിശ്ശാസ്ത്ര നിരീക്ഷണം വഴി ബോധ്യം വന്ന സമയത്ത് ഗലീലിയോ എഴുതിയതാണ്. ഈ കത്തിന്റെ മയപ്പെടുത്തിയ വകഭേദം ഗലീലിയോ റോമിലേക്ക് അയച്ചുകൊടുത്തിരുന്നു എന്ന് സൂചിപ്പിച്ചല്ലോ. ഒരു സുഹൃത്ത് മുഖേന റോമിലേക്ക് അയച്ച ആ കോപ്പി ഇപ്പോള്‍ 'വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ്‌സി'ലാണുള്ളത്. 

കുറഞ്ഞത് 250 വര്‍ഷമെങ്കിലും റോയല്‍ സൊസൈറ്റിയുടെ പക്കലുണ്ടായിരുന്ന കത്താണ് ഇപ്പോള്‍ സാല്‍വടോര്‍ റിച്ചിയാര്‍ഡോ കണ്ടെത്തിയത്. എന്തുകൊണ്ട് ഗലീലിയോ ഗവേഷകര്‍ അത് ഇതുവരെ കണ്ടെത്തിയില്ല എന്നത് അത്ഭുതകരമാണ്. 

ബ്രിട്ടനിലെ ലൈബ്രറികളില്‍ സൂക്ഷിച്ചിട്ടുള്ള ഗലീലിയോയുടെ അച്ചടിച്ച രചനകളില്‍, വായനക്കാര്‍ കുറിച്ചിട്ട അഭിപ്രായങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരുമാസം ചെലവിടുകയായിരുന്നു റിച്ചിയാര്‍ഡോ. റോയല്‍ സൊസൈറ്റി ലൈബ്രറിയില്‍ ഒരു ദിവസം അദ്ദേഹം ചെലവിട്ടു. അവിടുത്തെ തിരച്ചില്‍ അവസാനിപ്പിച്ച ശേഷം ഓണ്‍ലൈന്‍ കാറ്റലോഗിലൂടെ വെറുതെ കണ്ണോടിക്കുകയായിരുന്നു. കാറ്റലോഗിലെ ഒരു എന്‍ട്രി വളരെ ശ്രദ്ധേയമായി തോന്നി-ഗലീലിയോ കാസ്റ്റല്ലിക്ക് എഴുതിയ ഒരു കത്ത്! കാറ്റലോഗില്‍ തിയതി വെച്ചിരിക്കുന്നത് 1613 ഒക്ടോബര്‍ 21. 

Lost Letter of Galileo
ഗലീലിയോയുടെ പുതിയതായി കണ്ടെത്തിയ കത്തിലെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍. കടപ്പാട്: The Royal Society.

 

റിച്ചിയാര്‍ഡോ അത് പരിശോധിച്ചപ്പോള്‍, പെട്ടന്ന് ആ ഗവേഷകന്റെ ഹൃദയമിടിപ്പ് കൂടി. ഗലീലിയോയുടെ സ്വന്തം കൈപ്പടയില്‍ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയുള്ളതായിരുന്നു കത്ത്. കത്തിന്റെ യഥാര്‍ഥ തിയതി 1613 ഡിസംബര്‍ 21. കത്തിന്റെ പ്രധാന്യം റിച്ചിയാര്‍ഡോയ്ക്ക് ആദ്യനോട്ടത്തില്‍ തന്നെ മസിലായി. അപ്പോള്‍ തന്നെ അധികൃതരുടെ അനുമതി വാങ്ങി അതിന്റെ കോപ്പിയെടുത്തു. 'വിചിത്രമായി തോന്നാം, നൂറ്റാണ്ടുകളായി ഈ എന്‍ട്രി ആരുടെ ശ്രദ്ധയിലും പെട്ടില്ല എന്നത്'-റിച്ചിയാര്‍ഡോയുടെ ഗൈഡ് ഗ്വിയുഡൈസ് പറയുന്നു. കാറ്റലോഗില്‍ തിയതി തെറ്റായി രേഖപ്പെടുത്തിയതാകാം ഗലീലിയോ വിദഗ്ധരുടെ കണ്ണില്‍ ഇത് പെടാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

1840 ലാണ് ഗലീലിയോയുടെ ഈ കത്ത് റോയല്‍ സൊസൈറ്റി കാറ്റലോഗില്‍ ഉള്‍പ്പെട്ടത്. ഇത്തരം ചരിത്രരേഖകള്‍ സാധാരണഗതിയില്‍ സൂക്ഷിക്കുക റോയല്‍ സൊസൈറ്റിയിലല്ല, ബ്രിട്ടീഷ് ലൈബ്രറിയിലാണ് എന്ന വസ്തുതയും, ഈ കത്ത് ഗവേഷകരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു കാരണമായിട്ടുണ്ടാകാം. എത്രകാലമായി ഈ രേഖ റോയല്‍ സൊസൈറ്റിയിലുണ്ട്, എങ്ങനെ ഇത് അവിടെയെത്തി-തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.

ഫ്‌ളോറന്‍സില്‍ ഗലീലിയോയുടെ വിദ്യാര്‍ഥികള്‍ സ്ഥാപിക്കുകയും കുറച്ചുകാലം മാത്രം നിലനില്‍ക്കുകയും ചെയ്ത ഒരു സ്ഥാപനമുണ്ടായിരുന്നു-'അക്കാദമി ഓഫ് എക്‌സ്‌പെരിമെന്റ്‌സ്' (Academy of Experiments). ആ സ്ഥാപനവും റോയല്‍ സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗലീലിയോയുടെ സുപ്രധാനമായ ഈ കത്ത് റോയല്‍ സൊസൈറ്റിയിലെത്തിയത് ഫ്‌ളോറന്‍സിലെ അക്കാദമി വഴിയാകാനാണ് സാധ്യതയെന്ന് കരുതുന്നു.

'സ്വതന്ത്രമായ ശാസ്ത്രഗവേഷണം സംബന്ധിച്ച ആദ്യത്തെ മതനിരപേക്ഷ പ്രഖ്യാപനമാണ് ഗലീലിയോയുടെ കത്തിലുള്ളത്'- ഗ്വിയുഡൈസ് പറയുന്നു. ശരിയാണ്, ഗലീലിയോയുടെ രംഗപ്രവേശത്തോടെയാണ് ആധുനികശാസ്ത്രം പിറന്നത്. മതനിരപേക്ഷതയാണ് അതിന്റെ എക്കാലത്തെയും മുഖമുദ്ര.  

അവലംബം -

* 'Discovery of Galileo's long-lost letter shows he edited his heretical ideas to fool the Inquisition'. By Alison Abbott. Nature.com, Sept. 21, 2018.
* 'ഗലീലിയോ-കാലവും കാഴ്ചയും'. ജോസഫ് ആന്റണി. കുറിഞ്ഞി ഓണ്‍ലൈന്‍ (ബ്ലോഗ്), ഡിസംബര്‍ 22, 2008. 

Content Highlights: Galileo Galile, Lost Letter of Galileo, Astronomy, Science History, Inquisition, Nicolaus Copernicus, Royal Society London